July 16, 2026 |
Share on

ആദ്യഘട്ട പോളിങ് പുരോഗമിക്കുന്നു; വോട്ട് ചെയ്തവര്‍ 50 ലക്ഷം പിന്നിട്ടു

വോട്ടെണ്ണല്‍ 13 ന്

സംസ്ഥാനത്തെ ഏഴ് ജില്ലകളിലേക്കുള്ള തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇതുവരെ 39.35 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.

ഏറ്റവും കുറവ് പോളിങ് തിരുവനന്തപുരത്താണ് (36.97%), ഏറ്റവും കൂടുതല്‍ ആലപ്പുഴയിലും (42.25%). കൊല്ലം 40.66%, പത്തനംതിട്ട 39.37%, കോട്ടയം 40.31%, ഇടുക്കി 38.43%, എറണാകുളം 42.19% എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിങ് ശതമാനം.

വോട്ടെടുപ്പ് തുടങ്ങി ഉച്ചയോട് അടുത്തതോടെ രാഷ്ട്രീയ നേതാക്കളും ചലച്ചിത്ര താരങ്ങളും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി. ശുചിമുറിയില്‍ വീണ് കാലിന് പൊട്ടലേറ്റ മുന്‍ മന്ത്രി ജി സുധാകരന്‍ വാക്കറിന്റെ സഹായത്തോടെയാണ് വോട്ട് ചെയ്യാന്‍ എത്തിയത്. പറവൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലായിരുന്നു സുധാകരന്‍ വോട്ട് ചെയ്യാനെത്തിയത്.

വിഎസ് അച്യുതാനന്ദന്റെ ഭാര്യ വസുമതിയും മകന്‍ അരുണ്‍കുമാറും പുന്നപ്ര വടക്ക് താലോലം ബഡ്‌സ് സ്‌കൂളില്‍ വോട്ട് ചെയ്തു. മന്ത്രി പി പ്രസാദ് നൂറനാട് സിബിഎം സ്‌കൂളിലും മന്ത്രി വിഎന്‍ വാസവന്‍ പാമ്പാടി എംജിഎം സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി. മന്ത്രി വി ശിവന്‍കുട്ടിയും ഭാര്യ പാര്‍വതിയും തിരുവനന്തപുരം നഗരസഭയിലെ ഫോര്‍ട്ട് വാര്‍ഡില്‍ വോട്ട് ചെയ്തു. മന്ത്രി പി രാജീവും കുടുംബവും കളമശേരി സെന്റ് പോള്‍സ് കോളേജില്‍ വോട്ട് ചെയ്തു.

എംഎല്‍എ യു പ്രതിഭ തകഴി കാര്‍മല്‍ സ്‌കൂളിലും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ആലപ്പുഴ നഗരസഭയ്ക്ക് കീഴിലെ ബൂത്തിലും വോട്ട് ചെയ്തു. രമേശ് ചെന്നിത്തല കുടുംബസമേതം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ പട്ടം സെന്റ് മേരീസ് എച്ച്എസ്എസിലും വോട്ട് ചെയ്തു. നടന്‍ വിജയരാഘവന്‍ കോട്ടയം സിഎംഎസ് സ്‌കൂളില്‍ വോട്ട് ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ജവഹര്‍ നഗറിലെ സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

ആദ്യഘട്ട വോട്ടെടുപ്പില്‍ സംസ്ഥാനത്ത് ആകെ 480 പ്രശ്‌നബാധിത ബൂത്തുകളാണ് ഉള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 186 പ്രശ്‌നബാധിത ബൂത്തുകളാണ് തിരുവനന്തപുരത്തുള്ളത്.

36,630 സ്ഥാനാര്‍ത്ഥികളും 1.32 കോടി വോട്ടര്‍മാരുമാണ് ഒന്നാംഘട്ടത്തിലുള്ളത്. 15,432 പോളിങ് സ്‌റ്റേഷനുകളാണ് ഒന്നാംഘട്ട വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. 17,046 പുരുഷന്മാരും, 19,573 സ്ത്രീകളും, ഒരാൾ ട്രാൻസ്ജെൻഡറുമാണ്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടിങ്. പ്രശ്നബാധിത ബൂത്തുകളിലക്കം ശക്തമായ പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.

രണ്ടാംഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11 ന് നടക്കും. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലാണ് രണ്ടാംഘട്ടം. ഡിസംബര്‍ 13 ശനിയാഴ്ചയാണ് വോട്ടെണ്ണല്‍.

ഗ്രാമപ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് മൂന്ന് വോട്ടുകളാണ് ഉള്ളത്. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഉള്ളവര്‍ക്ക് ഒരു വോട്ടുമാണ്.

Content Summary: Local Body Election; first phase polling is progressing

Leave a Reply

Your email address will not be published. Required fields are marked *

×