മണ്ഡല പുനര്‍നിര്‍ണയം; ദക്ഷിണേന്ത്യയുടെ ആശങ്ക പരിഹരിക്കുമെന്ന് സര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയും അമിത് ഷായും നേരിട്ട് ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുമെന്നാണ് വിവരം

Delimitation

ലോക്സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണ്ണയവും വനിതാ സംവരണവും നടപ്പിലാക്കുന്നതിനുള്ള നിര്‍ണ്ണായക നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്. ഇതിന്റെ ഭാഗമായി, ഓരോ സംസ്ഥാനത്തിനുമുള്ള ലോക്സഭാ സീറ്റുകളുടെ എണ്ണം വ്യക്തമാക്കുന്ന പ്രത്യേക ‘ഷെഡ്യൂള്‍’ വ്യാഴാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. പുതിയ പരിഷ്‌കാരം വരുമ്പോഴും നിലവില്‍ ഓരോ സംസ്ഥാനത്തിനുമുള്ള സീറ്റ് വിഹിതത്തിന്റെ ശതമാനത്തില്‍ മാറ്റമുണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു.

സീറ്റുകളുടെ എണ്ണത്തിലെ വര്‍ദ്ധനവ്

ഭരണഘടനയുടെ 131-ാം ഭേദഗതി ബില്ലിലൂടെ ലോക്സഭയിലെ പരമാവധി അംഗസംഖ്യ നിലവിലുള്ള 550-ല്‍ നിന്ന് 850 ആയി ഉയര്‍ത്താനാണ് നീക്കം. ഇതില്‍ 815 സീറ്റുകള്‍ സംസ്ഥാനങ്ങള്‍ക്കും 35 സീറ്റുകള്‍ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായിരിക്കും. ഓരോ സംസ്ഥാനത്തെയും സീറ്റുകളുടെ എണ്ണത്തില്‍ ഏകദേശം 50 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഉദാഹരണത്തിന്, തമിഴ്നാടിന് നിലവില്‍ 39 സീറ്റുകളാണുള്ളത് (ആകെ സീറ്റുകളുടെ 7.2%). സഭയുടെ അംഗസംഖ്യ 850 ആയി വര്‍ദ്ധിക്കുമ്പോഴും തമിഴ്നാടിന്റെ വിഹിതം അതേ 7.2 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തും. ഇതോടെ തമിഴ്നാടിന് 57 അല്ലെങ്കില്‍ 58 സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കും

ജനസംഖ്യാ വര്‍ദ്ധനവ് അടിസ്ഥാനമാക്കി സീറ്റുകള്‍ പുനര്‍നിര്‍ണ്ണയിച്ചാല്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നും ഇത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സ്വാധീനം കുറയ്ക്കുമെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. എന്നാല്‍, സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നത് ജനസംഖ്യയുടെ മാത്രം അടിസ്ഥാനത്തിലല്ലെന്നും നിലവിലെ ‘ഫെഡറല്‍ ബാലന്‍സ്’ നിലനിര്‍ത്തിക്കൊണ്ട് ആനുപാതികമായ വിതരണമായിരിക്കും നടപ്പിലാക്കുകയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടുമെന്നും ഇതോടെ പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങളുടെ മുനയൊടിയുമെന്നും ബിജെപി കരുതുന്നു.

നിയമപരമായ നടപടികള്‍

വരുന്ന വ്യാഴാഴ്ച മുതല്‍ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ നീട്ടിനല്‍കിയ സമ്മേളനത്തില്‍ മൂന്ന് പ്രധാന ബില്ലുകള്‍ അവതരിപ്പിക്കും: ഭരണഘടനാ (131ാം ഭേദഗതി) ബില്‍ 2026, ഡിലിമിറ്റേഷന്‍ ബില്‍ 2026, കേന്ദ്രഭരണ പ്രദേശ നിയമ ഭേദഗതി ബില്‍ 2026. 2011-ലെ സെന്‍സസ് വിവരങ്ങള്‍ അടിസ്ഥാനമാക്കിയായിരിക്കും സംസ്ഥാനങ്ങള്‍ക്കുള്ളിലെ മണ്ഡല പുനര്‍നിര്‍ണ്ണയം നടക്കുക. നിലവില്‍ 2001-ലെ സെന്‍സസ് ആണ് ഇതിനായി ഉപയോഗിക്കുന്നത്. ആകെ സീറ്റുകളുടെ മൂന്നിലൊന്ന് വനിതകള്‍ക്കായി സംവരണം ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പാര്‍ലമെന്റിലെ വെല്ലുവിളി

ഭരണഘടനാ ഭേദഗതി പാസാക്കുന്നതിന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രത്യേക ഭൂരിപക്ഷം (ഹാജരായവരുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും സഭയുടെ ആകെ അംഗസംഖ്യയുടെ പകുതിയിലധികവും) ആവശ്യമാണ്. ലോകസഭയില്‍ ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് 293 സീറ്റുകളുണ്ട്. ഭേദഗതി പാസാക്കാന്‍ 360 വോട്ടുകള്‍ വരെ ആവശ്യമായി വരാം. രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് 145 അംഗങ്ങളുടെ പിന്തുണയുണ്ട്, എന്നാല്‍ അവിടെ 163 വോട്ടുകളാണ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് വേണ്ടത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും തന്നെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുമെന്നും, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ബിജെപി നേതൃത്വം അറിയിച്ചു. പ്രതിപക്ഷ കക്ഷികളുമായി സമവായമുണ്ടാക്കാനുള്ള ശ്രമങ്ങളും ഭരണപക്ഷം സജീവമാക്കിയിട്ടുണ്ട്. 1971-ന് ശേഷം ആദ്യമായാണ് രാജ്യത്ത് ലോക്സഭാ മണ്ഡലങ്ങളുടെ ഇത്തരമൊരു വിപുലമായ പുനര്‍നിര്‍ണ്ണയ പ്രക്രിയ നടക്കുന്നത്.

Content Summary: Lok Sabha Seats to Hit 850: Centre to Ensure Pro-Rata Share for All States in New Schedule

This post was last modified on April 16, 2026 11:48 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment