കോവിഡിന് ശേഷം ഹോളിവുഡിൽ നിന്നുണ്ടാകുന്ന വലിയ സിനിമകളെല്ലാം ഫ്രാഞ്ചെയ്‌സികളാണെന്നത് രഹസ്യമല്ല. കോടാനുകോടി മുടക്കി ടൈറ്റാനിക് പോലെയോ ബേർഡ്മാൻ പോലെയോ റെവനന്റ് പോലെയോ ഉള്ള സിനിമകൾ അധികമുണ്ടാകുന്നില്ല. ഓപൺഹെയ്മർ പോലെ അപൂർവ്വം സിനിമകളാണ് അപവാദമായുള്ളത്. മാർവെൽ യൂണിവേഴ്‌സ് തീയേറ്ററുകളിൽ നിന്ന് ഒ.റ്റി.റ്റി പ്ലാറ്റ് ഫോമുകളിലേക്കും വ്യാപിച്ചതോടെയാണ് ലോകത്ത് മുഴുവൻ അതിന്റെ പ്രാദേശിക സാധ്യതകളെ കുറിച്ചുള്ള ബോധ്യങ്ങൾ ഉണ്ടായത്. ബയോപിക്കുകൾ, ക്രൈം ത്രില്ലറുകൾ എന്നിങ്ങനെ കഴിഞ്ഞകാലങ്ങളിലുണ്ടായ തരംഗങ്ങൾക്ക് ശേഷം സൂപ്പർ ഹീറോകൾ സിനിമവാഴുന്ന കാലമാണിത്.
മിന്നൽ മുരളി എന്ന ഒറ്റപ്പടം കൊണ്ട് ടോവിനോയും ബേസിലും പാൻ ഇന്ത്യൻ താരങ്ങളായത് സൂപ്പർഹീറോ എന്ന മാജിക് ലോകത്തേത് ഭാഷയിലും ഒരേപോലെ വർക്കാകും എന്നുളളത് കൊണ്ട് കൂടിയാണ്. മലയാളത്തിനും മോളിവുഡിനും അത് സാധിക്കുമെന്ന് മിന്നൽ മുരളി തെളിയിച്ചു. അതിന്റെ തുടർച്ചയോ വളർച്ചയോ ആണ് ലോക: ചാപ്റ്റർ വൺ: ചന്ദ്ര എന്ന സിനിമയും ലോക എന്ന പുതിയ സുപ്പർ ഹീറോ യൂണിവേഴ്‌സും. നമ്മുടെ മിത്തുകളിൽ നിന്നും അമർചിത്രകഥകളിൽ നിന്നും നാടോടിപ്പാട്ടുകളിൽ നിന്നും ഐതിഹ്യമാലയിൽ നിന്നും യക്ഷികളും ചാത്തന്മാരും മറുതകളും ഇറങ്ങി അനീതിക്കെതിരെ പടവാളും പടക്കോപ്പുമായി പുതിയ ലോകത്തേയ്ക്ക് വരുന്നു.

നിറവും കാഴ്ചയും അഭിരുചികളും എല്ലാം പുതിയതാണ്. പുതിയ കാലമാണ്. നഗരമാണ്. സാധാരണ പോലെ ജീവിച്ച് പോകുന്ന മനുഷ്യരും അവരുടെ ജീവിതത്തിലെ പതിവ് സംഭവങ്ങളും. അതിനിടയിൽ ഒരാളായി ഒരു സൂപ്പർഹീറോയുണ്ട്. അനീതിക്ക് നേരെ കണ്ണടയ്ക്കാൻ പറ്റാത്ത, എന്നാൽ ഏതറ്റം വരെയും പോകാൻ മടിയില്ലാത്ത ഒരു സൂപ്പർ ഹീറോ. ലോകത്ത് നല്ല സൂപ്പർ പവർ ഉള്ളത് ഹീറോകൾക്ക് മാത്രമാണോ? അല്ല. ദുഷ്ടശക്തിയുള്ളവർ ചുറ്റുമുണ്ട്. അതുകൊണ്ട് തന്നെ സൂപ്പർ ഹീറോ കഥകളിൽ പുതുമ തിരയാൻ പോകരുത്. അത് നമുക്കറിയാവുന്ന നന്മതിന്മകളുടെ ഇടയിലുള്ള സഞ്ചാരമാണ്. പിന്നെയെന്താണ് ഇതിന്റെ വൈകാരികത? ഇതിന്റെ ആകെത്തുക? അത് വിഷ്വലുകളും കഥപറച്ചിലിന്റെ ഒഴുക്കും ആക്ഷൻ കോറിയോഗ്രാഫിയും സൗണ്ട് ഡിസൈനും ചേർന്നൊരു സംഭവമാണ്.
ഇവിടെയാണ് സംവിധായകൻ അരുൺ ഡോമിനികിന് കൈയ്യടി കൊടുക്കേണ്ടത്. കേരളത്തിന്റെ ഭൂതകാലത്തിലെ ഇരുട്ടും ഗ്രാമവും സവർണതയും നിശബ്ദതയും വെള്ളത്തുണികളും മാത്രമുള്ള ഒരു ആലോചനയെ ഒരു അന്തരാഷ്ട്ര സമൂഹത്തിന്റെ കാഴ്ചയ്ക്കുതകുന്ന തരത്തിൽ സ്‌ക്രീനിലേയ്ക്ക് മാറ്റിയെഴുതുകയാണ് അയാൾ. ‘തരംഗം’ എന്ന എട്ട് വർഷങ്ങൾക്ക് മുമ്പുള്ള ചിത്രത്തിന് ശേഷം ഡൊമിനിക് അരുൺ മടങ്ങി വരുന്നത് ഒരു പദ്ധതിയുമായാണ്. അത് വലിയ ധൈര്യവും ക്ഷമയും ക്രാഫ്റ്റും ആത്മവിശ്വാസവും ഒത്തുചേരേണ്ട പദ്ധതിയാണ്. ഇതാ 2025-ലെ ഓണം വിന്നർ സ്ഥാനവുമായി ലോക, ആ പദ്ധതി വിജയിച്ചുവെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു.
ഒരു ഹൂഡിയും ചെവിയിൽ തിരുകിയ ഐപോഡ് ഇയർഫോണുമായി കല്യാണി നടന്ന് നീങ്ങുന്നതിൽ ഒരു നിഗൂഢതയുണ്ട്. ചന്ദ്രയെന്തിനാണ് ബാംഗ്ലൂരിൽ എത്തിയത്? എന്തായിരുന്നു മൂത്തോൻ അവൾക്ക് നൽകിയ ദൗത്യം? എന്താണപ്പോൾ ആ നഗരത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്? അപ്പുറത്ത് ജോലിയും കൂലിയുമില്ലാതെ വായ് നോക്കി നടക്കുന്ന സണ്ണിയും വേണുവും നൈജിലും ചന്ദ്രയുടെ ജീവിതത്തിലെങ്ങനെയാണ് ഇടപെടുന്നത്? അത് കഥ. അതിന് ചുവപ്പിലും ഓറഞ്ചിലും നീലയിലുമായി നഗരത്തിനെ മറ്റൊരു തരത്തിൽ സെറ്റ് ചെയ്തിട്ടുണ്ട്. അമാനുഷിക ശക്തികൾക്ക് ശക്തികൂട്ടാനായി രാത്രികളുടെ ഇരുളിലും വെളിച്ചത്തിനുമൊപ്പം ഈ നിറങ്ങൾ ഇടകലരുന്നുണ്ട്.
കത്തിയാളുന്ന ഒരു കെട്ടിടത്തിനുള്ളിൽ നിന്ന് ഒരു ലാൻഡ്‌ലൈൻ ടെലിഫോൺ കറക്കുന്ന ചന്ദ്രയുടെ ആദ്യ ഷോട്ട് മുതൽ സിനിമ ന്യൂജെന്നിന് സിനിമ സെറ്റാണ്. വീഡിയോ ഗെയിമിന്റെ ഉള്ളിൽ നിന്നെന്നപോലെ ചന്ദ്ര പുറത്തേയ്ക്ക് വരുന്നു. കഥകളുടെ നരേറ്റീവിൽ ഒരു ഫ്രാഞ്ചെയ്‌സി സിനിമയ്ക്ക് വേണ്ട കഥാപാത്രങ്ങളും അവരുടെ തുടർച്ചകളുമുണ്ട്. ഓരോരോ കാലത്തും മൂത്തോനെന്ന വലിയ പെരുമാളിന് സൂപ്പർഹീറോകളെ കോർഡിനേറ്റ് ചെയ്യുന്ന ഒരാൾ. പല ഉത്തരവാദിത്തങ്ങളുള്ള നിർവ്വഹിക്കുന്ന ഒരു സംഘം. അവർ അവിടെ ദീർഘകാലമായ ഉത്തരവാദിത്തങ്ങൾക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നവരാണ് എന്ന് പ്രേക്ഷർക്കറിയാം. ഇനിയും തുടർച്ചകളിൽ അവരെ കാണേണ്ടതാണ്. അത്തരത്തിൽ ‘ലോകാ’ തന്റെ ഴോണറിനോട് പരമാവധി നീതി പുലർത്തിക്കൊണ്ടാണ് മുന്നോട്ട് പോകുന്നത്.
ചോരയും വയലൻസും ധാരാളമുള്ളപ്പോഴും അത് പ്രേക്ഷകരിൽ ഭൂരിപക്ഷമുള്ള പ്രീ ടീൻ ക്രൗഡിനെ കൂടി ആകർഷിക്കുന്ന തരത്തിൽ ഭീതിതമാകാതെയാണ് കൈകാര്യം ചെയ്യുന്നത്. ചിലപ്പോൾ കഥ അനിമേഷൻ ഗ്രാഫിക്‌സിലേയ്ക്കും അതിൽ നിന്ന് സാധാരണ ചിത്രീകരണങ്ങളിലേയ്ക്കും പോകും. ആ ആനിമേഷനാകട്ടെ അമർചിത്രകഥകളിലെ വരകളുടെ നൊസ്റ്റാൾജ്യ നൽകുന്നതുമാണ്. അത്തരത്തിൽ രാജാവിന്റേയും മന്ത്രിമാരുടേയും സൈനികരുടേയും ക്രൂരതകളും മനുഷ്യരുടെ നിസഹായതയും വനദേവതകളുടെ ശക്തിയും രക്ഷകസാന്നിധ്യത്തെ കുറിച്ചുള്ള പ്രതീക്ഷയും ഒരു കാലത്തിനപ്പുറത്ത് നിന്ന് സുഖമായി സഞ്ചരിച്ച് ഈ ലോകത്തെത്തും. അവിടെയും കാണാം നമുക്ക് വില്ലൻ രാജാവിന്റെ രൂപത്തിലുള്ള വില്ലന്മാരെ. അസഹായരായ മനുഷ്യർക്ക് നേരെ കൊലക്കത്തി വീശുന്ന, രാജസൈന്യത്തെ. ഇവരിൽ നിന്നാണ് ലോകം സുരക്ഷിതമായിരിക്കേണ്ടത്.
കല്യാണിയുടെ അസാധ്യമായ സ്‌ക്രീൻ പ്രസൻസ് ആണ് ലോക: ചാപ്റ്റർ വണ്ണിന്റെ ഹൈലൈറ്റ്. സൂപ്പർ ഹീറോ സിനിമയുടെ സകലസാധ്യതകളും ഉൾക്കൊണ്ട് കൊണ്ട് ആക്ഷനിലും ഇമോഷനിലും ഡ്രാമയിലും തികഞ്ഞ സ്വഭാവികതയോടെ കല്യാണി ഇതിലെ ചന്ദ്രയും കള്ളിയങ്കാട്ട് നീലിയുമായി നിലനിൽക്കുന്നു. മാനുഷിക വൈകാരിതകൾക്കും അതിമാനുഷികതയുടെ ഉത്തരവാദിത്തങ്ങൾക്കും ഇടയിലൂടെയുള്ള അശാന്തമായ സഞ്ചാരമാണ് സൂപ്പർ ഹീറോകളുടെ സ്ഥിരം ട്രേറ്റ്. അതിന്റെ ആഴമുൾക്കൊണ്ടാണ് കല്യാണിയുടെ ക്യാരക്ടർ മീറ്റർ സിനിമയിലുടനീളം നിലനിൽക്കുന്നത്. നസ്ലിലും ചന്തുസലിംകുമാറും അരുൺകുര്യനും അതിഗംഭീകരമാണ്. നസ്ലിൻ ഇത്തരം കാരക്ടറുകൾക്ക് ഉഗ്രൻ ഫിറ്റാണ്. ഉഴപ്പും മണ്ടത്തരവും കോഴിത്തരവും ആത്മാർത്ഥ പ്രേമവും സങ്കടവും ചമ്മലുമെല്ലാം ഭദ്രമാണ് അവിടെ. വലിയ ഭാരങ്ങളൊന്നുമില്ലാത്ത സണ്ണി ഗംഭീരം. പക്ഷേ ഷോ സ്റ്റീലർ എന്ന് പറയാവുന്ന തരത്തിൽ റ്റൈമിങ്ങും റിയാക്ഷനും കൊണ്ട് തകർത്തിട്ടുള്ളത് ചന്തുവാണ്. തീയേറ്ററിൽ ചിരിയോളമുയർത്തുന്ന ഡയലോഗ് ഡെലിവറികളും റിയാക്ഷനുകളുമായിരുന്നു ചന്തുവതരിപ്പിക്കുന്ന വേണുമെന്ന കാരക്ടറിന്റേത്. അന്നബെൻ മുതൽ സൗബിൻ വരെ നീളുന്ന അസാധ്യമായ കാസ്റ്റിങ് ഉണ്ടിതിൽ. പലതും അടുത്ത ലക്കങ്ങളിലേയ്ക്കുള്ള വകയിരുത്തലുകളാണ്. രണ്ട് ഉഗ്രൻ കാമിയോ പെർഫോമൻസുകൾ വേറെയുമുണ്ട്.
ഇതിൽ ഡ്രാമറ്റർജി എന്ന മലയാള സിനിമയിൽ സുപരിചതമല്ലാത്ത ഒരു ക്രെഡിറ്റ് കാർഡ് കാണാം. അഡീഷണൽ റൈറ്റിങ് ആൻഡ് ഡ്രാമറ്റർജി. സ്‌ക്രിപ്റ്റിലെ ഡ്രാമ ഫിക്‌സ് ചെയ്യുക എന്നതാണ് ഇതിന്റെ ഉത്തരവാദിത്തം. ഒരു സൂപ്പർഹീറോ പടത്തിനെ നിർണ്ണയിക്കുന്നത് അതാണ്. ഈ നിമിഷം പവർ പുറത്ത് കാണിക്കാം. കാമിയോ ഹീറോയോ വില്ലനോ തങ്ങളെ ഫലപ്രദമായി അവതരിപ്പിക്കന്നതെങ്ങനെ എന്ന് നിശ്ചയിക്കുക, അതിനുള്ള രംഗസംവിധാനം സ്‌ക്രിപ്റ്റിൽ ഉൾപ്പെടുത്തുക, അതിനാവശ്യമുള്ള ഡ്രാമ ഫിക്‌സ് ചെയ്യുക. അത് പ്രത്യേകമായ ഒരു ദൗത്യമായി കണ്ട് ചെയ്യുമ്പോഴാണ് ഒരു പ്രാദേശികസിനിമ അതിന്റെ അതിരുകളെ ലംഘിച്ച് ലോകത്തോട് സംസാരിച്ച് തുടങ്ങുന്നത്. ‘ലോക’യിൽ ആ റോൾ നിർവ്വഹിക്കുന്നത് അഭിനേത്രി കൂടിയായ ശാന്തി ബാലചന്ദ്രനാണ്. ഒരു പക്ഷേ രചയിതാവും സംവിധായകനുമായ ഡൊമിനിക് കഴിഞ്ഞാൽ സിനിമയിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്ന ആളാണ് ശാന്തി ബാലചന്ദ്രൻ.

നിമിഷ് രവി (സിനിമാറ്റോഗ്രാഫർ), ചമൻ ചാക്കോ (എഡിറ്റർ), ഡോൺ (സൗണ്ട് ഡിസൈൻ), ജയ്ക് ബിജോയ് (മ്യൂസിക്), യാനിക് ബെൻ (ആക്ഷൻ കോറിയോഗ്രഫി), മെൽവി (കോസ്റ്റ്യൃംസ്), ബംഗ്ലൻ (പ്രൊഡക്ഷൻ ഡിസൈൻ) എന്നിങ്ങനെയുള്ള ടെക്‌നിക്കൽ, എയ്‌തെറ്റിക്കൽ സപ്പോർട്ട് റ്റീം ഈ സിനിമയ്ക്ക് നൽകുന്ന ബലം ചെറുതല്ല. ഭാവിസൂചനകളായി ഒരു കൂട്ടം കാമിയോ താരങ്ങൾ മിന്നിമറയുന്നത് കാണാം. മറ്റെല്ലാ സുപ്പർഹീറോ ഫ്രാഞ്ചെയ്‌സികളേയും പോലെ അടുത്ത ചാപ്റ്ററിന്റെ സൂചന കൂടി എൻഡ് ക്രെഡിറ്റിന് ശേഷം നൽകിയാണ് സിനിമ തീരുന്നത്. എൻഡ്‌ക്രെഡിറ്റിന്റെ മ്യൂസിക് ആരംഭിക്കുമ്പോൾ തന്നെ എഴുന്നേറ്റ് പലപ്പോഴും ആ മ്യൂസിക് ബിറ്റോ പാട്ടോ കേൾക്കാനോ പോലും നിൽക്കാതെ തീയേറ്ററുകൾക്ക് പുറത്ത് കടക്കുന്ന മലയാളികളുടെ കാലം അവസാനിച്ചു. ലോകസിനിമകൾ പരിചതരായ പ്രേക്ഷകരിൽ സിംഹഭാഗവും ക്രെഡിറ്റ് കാർഡ് റോൾ ചെയ്ത് തീരുന്നത് വരെ ക്ഷമയോടെ കാത്തിരുന്ന് അടുത്ത ചാപ്റ്ററിന്റെ സൂചനകണ്ട് കൈയ്യടിച്ച് തൃപ്തിയോടെ തീയേറ്റർ വിടുന്നത് കാണുമ്പോഴാണ് മലയാള സിനിമ ഭാഷാതിർത്തികൾ കടന്ന് ലോകത്തേയ്ക്ക് സഞ്ചരിക്കുന്നത് നമ്മൾ കാണുന്നത്. അത് ആഹ്ലാദകരമായ ഒന്നാണ്.
മലയാള സിനിമ ലീപ് ജമ്പ് ചെയ്യുകയാണ്. നമുക്കസാധ്യമായ ഴോണറുകളില്ല. സർഗ്ഗാത്മതയും ലാവണ്യയുക്തികളും മതിയാവോളമുള്ള പുതുതലമുറ മലയാള സിനിമയെ പഴയ ചട്ടവട്ടങ്ങൾക്കിടയിൽ നിന്ന് കൂടുതൽ കൂടുതൽ മുന്നോട്ട് നയിക്കുകയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നീളുന്ന ആ പ്രക്രിയയുടെ പുതിയ ചാപ്റ്ററാണ്. ലോക: ചാപ്റ്റർ വൺ: ചന്ദ്ര. ആകാംക്ഷയോടെ ഒരു സിനിമ പ്രേമി അടുത്ത ചാപ്റ്ററിനായി കാത്തിരിക്കുന്നു. Lokah movie; molewood and its superheroes are leap-jumping into the future
Content Summary: Lokah movie; molewood and its superheroes are leap-jumping into the future
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.