April 20, 2025 |
Share on

സബ് സ്റ്റേഷനിലെ തീപിടുത്തം; ഹീത്രു വിമാനത്താവളം അടച്ചു

വെള്ളിയാഴ്ച്ച അര്‍ദ്ധരാത്രി വരെയാണ് വിമാനത്താവളം അടച്ചിരിക്കുന്നത്

ലണ്ടനിലെ ഹീത്രൂ വിമാനത്താവളം വെള്ളിയാഴ്ച്ച അര്‍ദ്ധരാത്രിവരെ അടച്ചു. വിമാനത്താവളത്തിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന ഇലക്ട്രിക്കല്‍ സബ്സ്റ്റേഷനില്‍ ഉണ്ടായ തീപിടുത്തത്തെ തുടര്‍ന്നാണ് അടച്ചത്. ഇതുമൂലം വലിയ തോതിലുള്ള വൈദ്യുതി തടസം നേരിടുകയാണ്. ആയിരക്കണക്കിന് വീടുകളിലേക്കുള്ള വൈദ്യുതിബന്ധം നിലച്ചിട്ടുണ്ട്.

യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് എത്തുന്നത് ഒഴിവാക്കണമെന്ന് ഹീത്രൂ വിമാനത്താവള അധികൃതര്‍ വെബ്്‌സൈറ്റില്‍ പങ്കുവച്ച വിവരത്തിലൂടെ അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനായി മാര്‍ച്ച് 21 അര്‍ദ്ധരാത്രിവരെ(23.59 പിഎം) വിമാനത്താവളം അടച്ചിടുമെന്നാണ് വെബ്‌സൈറ്റില്‍ പറയുന്നത്.

പടിഞ്ഞാറന്‍ ലണ്ടനിലെ പട്ടണമായ ഹെയ്‌സിലുള്ള നെസ്‌ലസ് അവന്യൂവിലുള്ള ഇലക്ട്രിക്കല്‍ സബ്‌സ്റ്റേഷനിലാണ് തീപിടുത്തം ഉണ്ടായത്. വിമാനത്താവളത്തിന് അടുത്താണ് ഈ പ്രദേശം. ഒരു ട്രാന്‍സ്‌ഫോര്‍മര്‍ കത്തിനശിച്ചു. 10 ഫയര്‍ എഞ്ചിനുകളും 70 ഓളം ഫയര്‍മാന്‍മാരും സ്ഥലത്തുണ്ടെന്നാണ് ലണ്ടന്‍ അഗ്‌നിശമന സേന അറിയിക്കുന്നത്. 16,000-ത്തിലധികം വീടുകളിലാണ് ഇതുമൂലം വൈദ്യുതി തടസ്സപ്പെട്ടത്. നൂറ്റമ്പതിലധികം താമസക്കാരെ പരിസര പ്രദേശങ്ങളില്‍ നിന്നും അധികൃതര്‍ ഒഴിപ്പിച്ചിട്ടുണ്ട്. സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി 200 മീറ്റര്‍ ചുറ്റളവില്‍ സുരക്ഷ വലയം തീര്‍ത്തിരിക്കുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ഉദ്യോഗസ്ഥര്‍ അശ്രാന്തപരിശ്രമം നടത്തിവരികയാണ്. വീടുകളിലേക്കും കച്ചവടസ്ഥാപനങ്ങളിലേക്കുമുള്ള വൈദ്യുതി തടസപ്പെട്ടിട്ടുണ്ട്. അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണാന്‍ ശ്രമിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

സ്‌കോട്ടിഷ് ആന്‍ഡ് സതേണ്‍ ഇലക്ട്രിസിറ്റി നെറ്റ്വര്‍ക്ക് എക്സില്‍ പങ്കുവച്ച ഒരു പോസ്റ്റില്‍ പറയുന്നത്, പ്രദേശത്ത് വലിയ തോതിലുള്ള വൈദ്യുതി തടസ്സം ഉണ്ടായിട്ടുണ്ടെന്നും 16,300-ലധികം വീടുകളെ ഇത് ബാധിച്ചിട്ടുണ്ടെന്നുമാണ്. London’s Heathrow airport closed after fire cuts power

Content Summary; London’s Heathrow airport closed after fire cuts power

Leave a Reply

Your email address will not be published. Required fields are marked *

×