ലോസ് ഏഞ്ചല്‍സിനു ചുറ്റും കത്തിയാളുന്ന കാട്ടു തീക്ക് ആക്കം കൂട്ടുന്ന തരത്തില്‍ ഉഗ്രമായ കാറ്റ് ഈ ആഴ്ച വീണ്ടും ശക്തമായേക്കുമെന്നു കാലിഫോര്‍ണിയയില്‍ നിന്നുള്ള കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്. ശക്തമായ കാറ്റ് വീശിയാല്‍ ലോസ് ഏഞ്ചല്‍സിന് ചുറ്റും മൂന്നിടങ്ങളിലായി പടരുന്ന കാട്ടുതീ നിയന്ത്രണവിധേയമാക്കാന്‍ ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന അഗ്‌നിശമന സേനാംഗങ്ങള്‍ സര്‍വ്വും മറന്നു പ്രവര്‍ത്തിക്കുകയാണ്.
ഹ്രസ്വമായൊരു സമയത്തേക്കുണ്ടായിരുന്ന കാറ്റിന്റെ ശാന്ത ഭാവം മാറുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഞായറാഴ്ച്ച രാത്രി മുതല്‍ ബുധനാഴ്ച്ച വരെ വരണ്ട സാന്ത അന കാറ്റ്(ഇതിനെ ഡെവിള്‍ വിന്‍ഡ് എന്നും പറയാറുണ്ട്) ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്. അതേസമയം, കാറ്റിന്റെ ഭീഷണി കൂടുതല്‍ നാശം വിതയ്ക്കുന്നതിന് മുമ്പ് തന്നെ അഗ്നിശമന സേനാംഗങ്ങള്‍ ആശ്വാസ്യകരമായ ചില പുരോഗതികള്‍ കൈവരിച്ചിട്ടുണ്ട്.. തീ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണെങ്കിലും, അഗ്‌നിശമന സേനാംഗങ്ങള്‍ അവ നിയന്ത്രിക്കുന്നതില്‍ വിജയിക്കുന്നുണ്ട്. അവരുടെ പ്രയത്‌നങ്ങള്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ തടയുന്നുണ്ട്. നഗരത്തിന്റെ രണ്ട് അറ്റങ്ങളിലായാണ് തീ കത്തിക്കൊണ്ടിരിക്കുന്നത് (ഈറ്റണ്‍ ഫയര്‍ സോണ്‍, പാലിസേഡസ് ഫയര്‍ സോണ്‍). എതിര്‍ ഭാഗങ്ങളിലായുള്ള രണ്ട് മേഖലകളില്‍ തീപിടുത്തം ഉണ്ടായത് നഗരത്തിന്റെ വിവിധ ഭാഗങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ഇത് ഒരേസമയം അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. തീ നിയന്ത്രണവിധേയമാക്കുന്നതില്‍ പുരോഗതി കൈവരിക്കുന്നുണ്ടെങ്കില്‍ പോലും കാറ്റ് കൂടുതല്‍ ശക്തമായാല്‍, അതുണ്ടാക്കുന്ന വെല്ലുവിളി സ്ഥിതി കൂടുതല്‍ അപകടകരമാക്കും. എങ്കിലും അഗ്നിശമന സേനാംഗങ്ങള്‍ ഏതു വെല്ലുവിളിയും നേരിടാന്‍ തയ്യാറെടുത്തിട്ടുണ്ട്. പ്രാദേശിക സേനാ വിഭാഗങ്ങള്‍ക്കൊപ്പം മറ്റ് എട്ട് സംസ്ഥാനങ്ങളില്‍ നിന്നും, കൂടാതെ മെക്‌സിക്കോ, കാനഡ എന്നവിടങ്ങളില്‍ നിന്നുമുള്ള അഗ്നിശമന പ്രവര്‍ത്തകരും കാട്ടു തീ അണയ്ക്കാന്‍ എത്തിയിട്ടുണ്ട്.
കാട്ടുതീയില്‍ ഇതുവരെ 24 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ലോസ് ഏഞ്ചല്‍സിലെ കൗണ്ടി മെഡിക്കല്‍ എക്‌സാമിനര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 16 പേരെ കാണാതായിട്ടുണ്ടെന്നും ഔദ്യോഗിക വിവരമുണ്ട്. ഈറ്റണ്‍ ഫയര്‍ സോണില്‍ 16 പേരും പാലിസേഡസില്‍ എട്ട് പേരുമാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച പുറത്തു വിട്ട വിവരങ്ങള്‍ പ്രകാരം, തുടര്‍ച്ചയായി ആറാം ദിവസവും തീ പടര്‍ന്നു കൊണ്ടിരിക്കുകയാണ്. പാലിസോഡ്‌സില്‍ 23,600 ഏക്കറിലാണ് തീ പടര്‍ന്നത്. ഇവിടെ തീ 11 ശതമാനം നിയന്ത്രണവിധേയമാക്കിയെന്നാണ് വിവരം. ഈറ്റണ്‍ ഫയര്‍ സോണില്‍ 14,000 ഏക്കറിലാണ് തീ വ്യാപിച്ചത്. ഇവിടെ 15 ശതമാനം നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. കാലിഫോര്‍ണിയയിലെ സാന്‍ ഫെര്‍ണാണ്ടോ താഴ്‌വരയിലും തീ പടരുന്നുണ്ട്. ഇവിടെ ഫയര്‍ ടൊര്‍ണാഡോ കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്(തീവ്രമായ ചൂടും കാറ്റും കൂടിച്ചേരുമ്പോള്‍ രൂപപ്പെടുന്ന തീജ്വാലകളുടെ ഭ്രമണം ചെയ്യുന്ന നിരയാണ് ഫയര്‍ ടൊര്‍ണാഡോ). തീപിടുത്തത്തില്‍ ഇതുവരെ 12,000-ലധികം കെട്ടിടങ്ങള്‍ പൂര്‍ണമായി നശിച്ചു പോവുകയോ, കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. ഏതാണ്ട് ഒരു ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിക്കാന്‍ അധികാരികളെ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്. ഏതാണ്ട് 150 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടം ഇതുവരെ കണക്കാക്കിയിട്ടുണ്ട്. Los Angeles wildfires Santa Ana high winds expected death toll rises to 24
Content Summary; Los Angeles wildfires Santa Ana high winds expected death toll rises to 24