June 04, 2026 |

ലാഹോറിൽ മൂന്നിടത്ത് സ്ഫോടനം

സ്ഫോടനത്തിന്റെ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല

പാകിസ്ഥാനിലെ കിഴക്കൻ ന​ഗരമായ ലാഹോറിൽ മൂന്നിടത്തായി സ്ഫോടനം നടന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട്. വോൾട്ടൻ എയർഫീൽഡിന് സമീപം സ്ഫോടനമുണ്ടായതായാണ് റിപ്പോർട്ട്. ​ഗോപാൽ ​ന​ഗർ, നസീറബാദ് പ്രദേശത്താണ് സ്ഫോടനങ്ങൾ ഉണ്ടായതെന്ന് പാക് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആദ്യ സ്ഫോടനത്തിന് പിന്നാലെ സൈറൺ ശബ്ദം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് തുടർ സ്ഫോടനങ്ങളുണ്ടാവുന്നത്.

പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകളിൽ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. സ്ഫോടനത്തിന് പിന്നാലെ വലിയ തോതിൽ പുക ഉയരുന്നതിന്റെയും ജനങ്ങൾ വീടുകളിൽ നിന്ന് ഇറങ്ങി ഓടുന്നതിന്റെയും ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തു വിട്ടു. സ്ഫോടനത്തിൽ ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. വെടിവച്ചിട്ട ആറടി നീളമുള്ള ഡ്രോൺ പൊട്ടിത്തെറിച്ചതാവാനാണ് സാധ്യതയെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു.

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് ഇന്ന് ലാഹോറിൽ സ്ഫോടനമുണ്ടായതായി റിപ്പോ‍ർട്ട് വന്നത്. പിന്നാലെ കറാച്ചി, ലാഹോർ, സിയാൽകോട്ട് വിമാനത്താവളങ്ങളിൽ വിമാന സർവീസുകൾ താത്കാലികമായി അടച്ചു. ലാഹോറിൻ്റെ ആകാശത്ത് വ്യോമഗതാഗതവും റദ്ദാക്കിയിട്ടുണ്ട്. പാകിസ്ഥാൻ കൂടുതൽ സേനയെ ലാഹോറിലെത്തിച്ചു. ലാഹോറിനു അടുത്തുള്ള കേന്ദ്രങ്ങളിളെല്ലാം പാക് സേന സാന്നിധ്യം കൂട്ടിയെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഇന്നലെ രാത്രി പഞ്ചാബ് അതിർത്തിയിൽ പാക് വിമാനങ്ങളെത്തിയെങ്കിലും ഇന്ത്യൻ പോർ വിമാനങ്ങളും ഈ ഭാഗത്തേക്ക് വന്നതോടെ തിരികെ പോയെന്നും റിപ്പോർട്ടുകളുണ്ട്.

ഇന്ത്യ- പാക് സംഘര്‍ഷ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ കര നാവിക വ്യോമ സേനകള്‍ സജ്ജമാണ്. രാജ്യമെങ്ങും അതീവ ജാഗ്രതയിലാണ്. തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുളളത്. ഓപ്പറേഷന്‍ സിന്ദൂറിന് രണ്ടാം ഘട്ടമുണ്ടായേക്കുമെന്നാണ് സൂചന. പാക് പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് മുന്നറിയിപ്പ്. കൂടുതല്‍ ഭീകര ക്യാംപുകള്‍ ഇന്ത്യയുടെ നിരീക്ഷണത്തിലുണ്ട്. പാകിസ്താന്‍ പ്രകോപനം തുടര്‍ന്നാല്‍ ആ കേന്ദ്രങ്ങളിലേക്കാകും അടുത്ത ആക്രമണം. ഒരു യുദ്ധത്തിലേക്ക് പോകാനും മടിക്കില്ലെന്നാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഒടുവില്‍ വന്ന പ്രസ്താവന. തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.

content summary: Loud Explosion Heard in Lahore a Day After India’s Operation Sindoor

Leave a Reply

Your email address will not be published. Required fields are marked *

×