യുഎസ്- ഇസ്രയേല്‍ സഖ്യം ഇറാനെതിരെ നടത്തുന്ന യുദ്ധം ഇന്ത്യയിലെ ജനങ്ങളുടെ ആഹാരം മാത്രമല്ല, മരുന്നും മുടക്കും. എല്‍.പി.ജി, പെട്രോകെമിക്കല്‍സ് എന്നിവയുടെ വിതരണത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് രാജ്യത്തെ ഔഷധ-മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ മേഖലയെയും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളവിടുന്നത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി പാചകവാതക വിതരണം മുന്‍ഗണനാടിസ്ഥാനത്തില്‍ ഉറപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം, പാരാസെറ്റാമോള്‍ പോലുള്ള സാധാരണ മരുന്നുകള്‍ മുതല്‍ സിറിഞ്ചുകള്‍, ഗ്ലൗസുകള്‍ തുടങ്ങിയ അത്യാവശ്യ മെഡിക്കല്‍ ഉപകരണങ്ങളുടെ വരെ ഉത്പാദനത്തെ ബാധിച്ചു തുടങ്ങിയിരിക്കുകയാണ്.
പ്രശ്‌നപരിഹാരത്തിനായി ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ അസോസിയേഷന്‍, ഇന്ത്യന്‍ ഡ്രഗ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ ഇതിനോടകം തന്നെ വാണിജ്യ, പെട്രോളിയം മന്ത്രാലയങ്ങളെയും ഔഷധ വകുപ്പിനെയും സമീപിച്ചിട്ടുണ്ട്. മരുന്ന് നിര്‍മ്മാണത്തിലെ ബോയിലറുകള്‍ പ്രവര്‍ത്തിപ്പിക്കാനും വന്ധ്യംകരണ പ്രക്രിയകള്‍ക്കും എല്‍.പി.ജി അത്യന്താപേക്ഷിതമാണെന്ന് വ്യവസായ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് കാലത്തെ മാതൃകയില്‍ ഔഷധ നിര്‍മ്മാണത്തെ അവശ്യ സേവനമായി പരിഗണിച്ച് ഇന്ധന വിതരണത്തില്‍ ഇളവുകള്‍ നല്‍കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. നിലവിലെ നിയന്ത്രണം തുടര്‍ന്നാല്‍ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വിപണിയില്‍ മരുന്നുകള്‍ക്ക് വലിയ ക്ഷാമമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ലഭ്യതക്കുറവ് പ്രതിസന്ധി ഇരട്ടിയാക്കുന്നുണ്ട്. മരുന്നുകളുടെ കോട്ടിംഗിന് ഉപയോഗിക്കുന്ന ഐസോപ്രൊപ്പൈല്‍ ആല്‍ക്കഹോള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ പ്രൊപ്പിലീന്‍ വിതരണം കുറച്ചതാണ് ഇതില്‍ പ്രധാനം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് അടക്കമുള്ള പ്രധാന വിതരണക്കാര്‍ വിതരണം വെട്ടിക്കുറച്ചതോടെ ഇരുന്നൂറോളം ഉത്പാദന യൂണിറ്റുകള്‍ പത്തു ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരുമെന്ന് സെന്റര്‍ ഫോര്‍ ഡൊമസ്റ്റിക് ഇക്കണോമി പോളിസി റിസര്‍ച്ച് വ്യക്തമാക്കുന്നു. സിംഗപ്പൂരില്‍ നിന്നുള്ള ഇറക്കുമതി തടസ്സപ്പെട്ടതും തിരിച്ചടിയായി.
മരുന്നുകള്‍ക്ക് പുറമെ, ബെന്‍സീന്‍, പ്രൊപ്പിലീന്‍ തുടങ്ങിയവയുടെ ക്ഷാമം ഗ്ലൗസുകള്‍, പി.പി.ഇ കിറ്റുകള്‍, സിറിഞ്ചുകള്‍ എന്നിവയുടെ നിര്‍മ്മാണത്തെയും നേരിട്ട് ബാധിച്ചിട്ടുണ്ട്. വന്‍കിട കമ്പനികള്‍ക്ക് വൈദ്യുതി ഉപയോഗിച്ച് ചില പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുമെങ്കിലും, ഗ്യാസിനെ പൂര്‍ണ്ണമായും ആശ്രയിക്കുന്ന ചെറുകിട-ഇടത്തരം മരുന്ന് നിര്‍മ്മാണ യൂണിറ്റുകള്‍ കടുത്ത ഭീഷണിയിലാണ്. ഈ സാഹചര്യത്തില്‍, വാണിജ്യ മന്ത്രാലയം വ്യവസായ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഔഷധ നിര്‍മ്മാണത്തിന് ആവശ്യമായ പ്രൊപ്പിലീന്‍ വിട്ടുനല്‍കുന്നത് ദേശീയതലത്തിലെ എല്‍.പി.ജി ഡിമാന്‍ഡിനെ കാര്യമായി ബാധിക്കില്ലെന്നും എന്നാല്‍ അത് അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുമെന്നുമാണ് ഈ മേഖലയിലെ വിദഗ്ധരുടെ പക്ഷം.
Content Summary: LPG supply crisis; hitting India’s pharma sector, shortage of essential medicines and medical supplies like paracetamol, syringes, and gloves
This post was last modified on March 15, 2026 8:58 am
Leave a Comment