മരിക്കാത്തൊരു പിടി ഗാനങ്ങള്‍ മലയാളിക്ക് തന്ന എല്‍പിആറിന്റെ ഓര്‍മ ദിനം
‘പറന്നു പറന്നു ചെല്ലാന്‍,
പറ്റാത്ത കാടുകളില്‍
കൂടൊന്നു കൂട്ടി ഞാന്‍
ഒരു പൂമരക്കൊമ്പില്‍ ‘
വയലാര്‍ രാമവര്‍മ എഴുതിയ ഈ ഗാനമാലപിച്ചത് എല്‍പിആര്‍ വര്‍മയാണ്, ഈണവും എല്‍പിആര്‍ തന്നെ. വയലാര്‍ എപ്പോഴോ എഴുതി കൊടുത്ത വരികള്‍ വര്‍മ ആദ്യമായി ചിട്ടപ്പെടുത്തി അദ്ദേഹം സംഗീത കച്ചേരി നടത്തുന്ന വേദികളില്‍ പാടിയത് വളരെ ജനപ്രീതി നേടി. പിന്നിട് പൊന്‍കുന്നം വര്‍ക്കിയുടെ ‘സ്വര്‍ഗം നാണിക്കുന്നു’ എന്ന നാടകത്തില്‍ ഇത് ചേര്‍ത്തതോടെ അനശ്വരമായ ഒരു നാടക ഗാനമായി മാറി.
ചങ്ങാനശേരിയിലെ ലക്ഷ്മിപുരം കൊട്ടാരത്തില്‍ ജനിച്ച പൂരം തിരുനാള്‍ രവിവര്‍മയാണ് എല്‍പിആര്‍ വര്‍മയെന്നറിയപ്പെടുന്ന മലയാള നാടക സിനിമാ സംഗീത സംവിധായകന്‍. ഇദ്ദേഹത്തിന്റെ സഹോദരനാണ്, ആകാശവാണിയില്‍ ‘മലയാള വാര്‍ത്തകള്‍ വായിച്ചിരുന്ന, പ്രശസ്തനായ പ്രതാപന്‍(ഡല്‍ഹിയില്‍ ഓള്‍ ഇന്ത്യാ റേഡിയോയില്‍ വാര്‍ത്ത വായിക്കുന്നവര്‍ കൂട്ടത്തോടെ തങ്ങളുടെ പേരിലെ വാല് മുറിച്ച് മാറ്റിയിരുന്നതിനാലാണ് പ്രതാപ വര്‍മ വെറും പ്രതാപനായത്).
സ്വാതി തിരുനാള്‍ സംഗീത അക്കാദമിയില്‍ നിന്ന് 20 വയസില്‍ എല്‍പിആര്‍ ഗാനഭൂഷണം പാസായി. സംഗീത കച്ചേരികള്‍ അവതരിപ്പിക്കാന്‍ ആരംഭിച്ചു. ഒരു കാലത്ത് കേരളത്തിലെ തെക്കും വടക്കുമുള്ള ഉത്സവ പറമ്പുകളിലെ ജനപ്രീതി നേടിയ ഐറ്റമായിരുന്നു എല്‍പിആറിന്റെ സംഗീത കച്ചേരി.
എല്ലാ സംഗീത ഉപകരണങ്ങളും അനായാസം കൈകാര്യം ചെയ്യാനറിയുന്നതിനാല്‍ നാടക രംഗത്ത് പാട്ട് ചിട്ടപ്പെടുത്താന്‍ തുടങ്ങി. പാട്ടുകള്‍ ഹിറ്റായതോടെ നാടക രംഗത്ത് എല്‍പിആര്‍ പ്രശസ്തനായി. പ്രേമ സര്‍വ്വസ്വമേ, പൂവനങ്ങള്‍ക്കറിയാമോ, തുടങ്ങിയ നാടക ഗാനങ്ങള്‍ കേരളത്തിലുടനീളമുള്ള നാടക ആസ്വാദകര്‍ എറ്റുപാടി. അക്കാലത്തെ മലയാള നാടക രംഗത്തെ സംഗീത ചക്രവര്‍ത്തി എന്നാണ് പ്രൊഫഷണല്‍ നാടകവേദിയിലെ പ്രമുഖനായ എഴുത്തുകാരന്‍ നെല്‍സന്‍ ഫെര്‍ണാണ്ടസ് തന്റെ ‘നാടകരാവുകള്‍’ എന്ന അനുഭവക്കുറിപ്പുകളില്‍ എല്‍പിആറിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
അങ്ങനെ മലയാള നാടക രംഗത്ത് കൊടി പറപ്പിച്ച് വാഴുമ്പോഴാണ് സിനിമയില്‍ പാടാന്‍ ആഗ്രഹം തോന്നുന്നത്. അന്ന് മലയാളത്തില്‍ നാലോ അഞ്ചോ പടമേ വന്നിട്ടുള്ളൂ. ‘ജീവിതനൗക’യുടെ വിജയ ഹാങ്ങോവറിലാണ്, മലയാളം ചലചിത്ര ലോകം. ദക്ഷിണാമൂര്‍ത്തി സ്വാമികള്‍ അന്ന് തിളങ്ങാന്‍ തുടങ്ങുന്ന സംഗീത സംവിധായകനും.
ആരോ എല്‍പിആറിനോട് പറഞ്ഞു, ദക്ഷിണാമൂര്‍ത്തി സ്വാമിയെ ചെന്ന് കാണുക. കൊട്ടാരത്തിലേക്ക് ക്ഷണിക്കുക, സല്‍ക്കരിക്കുക. കാര്യം പറയുക. എല്‍പിആര്‍ തന്റെ കാറില്‍ വൈക്കത്തേക്ക് വിട്ടു. അന്ന് ചങ്ങനാശേരിയില്‍ സ്വന്തമായി ഹെറാള്‍ഡ് കാറുണ്ടായിരുന്ന അപൂര്‍വ്വ ദേഹമായിരുന്നു, വര്‍മ. രാജ കുടുംബമല്ലേ?
സ്വാമി അന്ന് വൈക്കത്ത് താമസം. നാല് പതിറ്റാണ്ട് വൈക്കത്തപ്പനെ മുടങ്ങാതെ തൊഴുന്ന ഭക്തനാണ് ദക്ഷിണാമൂര്‍ത്തി സ്വാമികള്‍. എല്‍പി ആര്‍ സ്വാമിയെ കണ്ട് തൊഴുതു ക്ഷണിച്ചു. താമസിയാതെ ലക്ഷ്മിപുരം കൊട്ടാരത്തില്‍ പാര്‍ക്കാന്‍ വന്നു. സംഗീതം, സദ്യ, കേമം- നാലും കൂട്ടി മുറുക്കല്‍. വര്‍മയുടെ ആലാപനം കേമം. സ്വാമി സംപ്രീതനായി. വര്‍മ തന്റെ ആഗ്രഹം വെളിപ്പെടുത്തി: സിനിമയില്‍ പാടണം. സ്വാമി പറഞ്ഞു അത്രയേ ഉളളൂ, വര്‍മ മദിരാശിയില്‍ വരൂ…
എല്‍പിആര്‍ മദിരാശിയില്‍ ചെന്നു. ഒരു യുഗ്മഗാനം; കൂടെ പാടുന്നത് ഡോ. കവിയൂര്‍ രേവമ്മ, അക്കാലത്തെ സംഗീത വിദൂഷി. കേരള സര്‍വ്വകലാശാലയില്‍ നിന്ന് സംഗീതത്തില്‍ ആദ്യമായി ഡോക്ടറേറ്റ് കിട്ടിയ ഗായിക. പോരെ, പാട്ട് ഗംഭീരം.
ചങ്ങനാശേരിയില്‍ വാര്‍ത്ത പടര്‍ന്നു. തമ്പുരാന്‍ നിനിമയില്‍ പാടുന്നു. കുടുംബ സമ്മതം എല്‍പിആര്‍ പടം കാണാന്‍ എത്തി. പടത്തിന്റെ- ടൈറ്റില്‍ കാര്‍ഡില്‍ പേരില്ല. പടത്തില്‍ താന്‍ പാടിയ യുഗ്മഗാനവും ഇല്ല. ഈ കൊലച്ചതിയില്‍ എല്‍പിആര്‍ തകര്‍ന്നു പോയി. സ്വാമി ഇച്ചതി ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല. പ്രതിഷേധിക്കാന്‍ അന്ന് അമ്മ സംഘടനയോ, മാക്ടയോ ഇല്ല. പ്രതിഷേധം പറയാന്‍, ലൈവ് ഇടാന്‍ സോഷ്യല്‍ മീഡിയ പോയിട്ട് സിനിമാ മാസിക പോലും ഇല്ലാത്ത ശിലായുഗമാണ്. എല്‍പിആര്‍ ദുഃഖം ഉള്ളിലൊതുക്കി.
കാലം പിന്നിട്ടു 1960 ല്‍ ജെ.ഡി. തോട്ടാന്‍ സംവിധാനം ചെയ്ത സ്ത്രീ ഹൃദയം എന്ന പടത്തിലൂടെ സിനിമയില്‍ എല്‍പിആര്‍ സംഗീത സംവിധായകനായി. 1967 ല്‍ ‘ഉള്ളതു മതി ‘ എന്ന പടത്തിലെ യേശുദാസ് പാടിയ ‘അജ്ഞാതസഖീ ആത്മസഖി’ എന്ന ഗാനം സൂപ്പര്‍ ഹിറ്റായി. കുടംബാസൂത്രണ പദ്ധതിയെ പിന്‍തുണക്കുന്ന ചലചിത്രമായതിനാല്‍ ദേശീയ തലത്തില്‍ ‘ഉള്ളത് മതി’ക്ക് ദേശീയ അംഗീകാരം കിട്ടി. കൂട്ടത്തില്‍ എല്‍പിആറിന് പടത്തിലെ സംഗീതത്തിന് ഒരു പുരസ്‌കാരം ലഭിച്ചു.
സ്ഥാനാര്‍ത്ഥി സാറമ്മയിലെ യേശുദാസും പി.ലീലയും പാടിയ ‘ അക്കരപ്പച്ചയിലെ’ മേയര്‍ നായരിലെ ജയചന്ദ്രന്‍ പാടിയ ‘വൈശാഖ പൗര്‍ണ്ണമി’ തുടങ്ങിയ ഗാനങ്ങള്‍ എല്‍പി.ആറിനെ സിനിമാ രംഗത്ത് പ്രശസ്തനാക്കി. ദേവരാജന്‍ മാസ്റ്ററും, ദക്ഷിണാമൂര്‍ത്തിയൊക്കെ സജീവമായിരുന്ന ആ കാലത്തും എല്‍പിആര്‍ ശ്രദ്ധിക്കപ്പെട്ടു. തൊട്ടാവാടി എന്ന ചിത്രത്തിലെ ജയചന്ദ്രന്‍ പാടിയ ‘ ഉപാസന’ എക്കാലത്തേയും ഹിറ്റായ ഗാനമായി(വയലാര്‍-എല്‍പിആര്‍- ജയചന്ദ്രന്‍; മൂന്നും ക്ഷ്ത്രിയര്‍. മലയാളത്തിലെ ആദ്യ സവര്‍ണ്ണ ഗാനമെന്ന് ഈയിടെ ആരോ ഈ ഗാനത്തിനെ വിശേഷിപ്പിച്ച് കണ്ടു പിടുത്തം നടത്തിയിട്ടുണ്ട്).
കാലം 1973. എല്‍പിആര്‍ മദ്രാസില്‍ ഒരു സ്റ്റുഡിയോയില്‍ എത്തുന്നു. അപ്പോഴാണ് ഒരു സംഭവം അവിടെ നടക്കുന്നത്. തലേന്നാള്‍ അവിടെ ഒരു പാട്ട് റെക്കോഡ് ചെയ്തിരുന്നു. ലിസ ബേബി സംവിധാനം ചെയ്ത,’ സപ്തസ്വരങ്ങളി’ലെ, ‘സ്വാതിതിരുനാളിന്‍ കാമിനി എന്ന പ്രശസ്തമായ ഗാനം. വരികള്‍ ശ്രീകുമാരന്‍ തമ്പി, സംഗീതം ദക്ഷിണാമൂര്‍ത്തി. സകലരും പോയിക്കഴിഞ്ഞപ്പോഴാണ് ഒരബദ്ധം മനസിലായത്. പാടിയ ജയചന്ദ്രന്‍, ആ പാട്ടിലെ രണ്ട് വരി പാടാന്‍ വിട്ടു പോയി. അത് വീണ്ടും റെക്കോഡ് ചെയ്യണം. അക്കാലത്ത് സ്റ്റുഡിയോ ബുക്കിംഗിന് പൊന്നും വില. ഒരാളുടെ സമയം കഴിഞ്ഞാല്‍ ഒരു മിനിറ്റ് പോലും അധികം കിട്ടില്ല. ഇവിടെ, ഇപ്പോഴത്തെ കാള്‍ഷീറ്റ് വര്‍മയ്ക്കാണ്. അദ്ദേഹം വിചാരിക്കണം. അതറിഞ്ഞ ദക്ഷിണാമൂര്‍ത്തി സ്വാമി വിയര്‍ത്തു. പഴയ കാര്യം മനസില്‍ ഉണ്ടല്ലോ. അടിച്ചവന്‍ മറക്കും, അടി കൊണ്ടവന്‍ മറക്കില്ല. എന്ത് ചെയ്യും? സ്വാമി മനം നൊന്ത് വൈക്കത്തപ്പനെ വിളിച്ചു.
സംഭവം അറിഞ്ഞ എല്‍പിആര്‍ സ്വാമിയെ കണ്ടു: ‘സ്വാമി, ഞാന്‍ തന്നെ ഇത് റെക്കോര്‍ഡ് ചെയ്യാം. പണ്ട്, സ്വാമി എന്നെ തഴഞ്ഞതു കൊണ്ടല്ലേ ഞാന്‍ സംഗീത സംവിധായകനായത്! എന്റെ വഴി തെളിയിച്ചത്, സ്വാമിയല്ലേ?
അങ്ങനെ ജയചന്ദ്രന്‍ എത്തി, വീണ്ടും പാടി. എല്‍പിഅറിന്റെ മേല്‍നോട്ടത്തില്‍ റെക്കോഡിംഗ് നടന്നു. ശുഭം. സ്വാമിയെ വൈക്കത്തപ്പന്‍ കാത്തു.
1975 ഒക്ടോബര്‍ 27 നാണ് വയലാര്‍ രാമവര്‍മ അന്തരിക്കുന്നത്. കേരള ജനതയെ കണ്ണീരിലാഴ്ത്തിയ ഒരു മരണമായിരുന്നു അത്. വയലാര്‍ രാമവര്‍മ പങ്കെടുത്ത അവസാനത്തെ പൊതു ചടങ്ങ് ചങ്ങനാശ്ശേരിയിലായിരുന്നു. ആ യോഗത്തില്‍ വയലാറിന്റെ അഭ്യര്‍ത്ഥന മാനിച്ച് വേദിയില്‍ എല്‍പിആര്‍ ഒരു ഗാനമാലപിച്ചു.’ സന്ധ്യാ വന്ദനം’ എന്ന് വയലാര്‍ എഴുതി എല്‍പിആര്‍ ഈണമിട്ട വയലാറിന്റെ അവസാന ഗാനങ്ങളിലൊന്ന്.
വയലാര്‍ സദസിനോട് പറഞ്ഞു; ഇപ്പോള്‍ എല്‍പിആര്‍ ഞാന്‍ പുതിയതായ് എഴുതിയ ഒരു ഗാനം പാടും’ ഗായകന്‍ കൂടിയായ എല്‍പിആര്‍ തന്റെ ഘനഗംഭീരമായ സ്വരത്തില്‍ ആ ഗാനം ആലപിച്ചു.
സന്ധ്യാ വന്ദനം വന്ദനം
ദുഃഖ സംഗീത പ്രിയകളാം സ്വപ്നങ്ങളെ
സന്ധ്യാ വന്ദനം വന്ദനം…
‘എന്റെ ചുടു യൗവനത്തില്‍
പുണര്‍ന്നു നിന്നപ്പോഴെന്തൊരു
സൗന്ദര്യമായിരുന്നു,
നിങ്ങള്‍ക്കെന്തൊരാവേശമായിരുന്നു
കാലം ദഹിപ്പിച്ച വര്‍ണാശ്രമങ്ങള്‍തന്‍
കാറ്റൂതി കെടുത്താത്ത ചിതയില്‍
തകര്‍ന്നു വീണു, നിങ്ങള്‍ തകര്‍ന്നു വീണു
ഉദകം നിങ്ങള്‍ക്കന്ത്യോദകം…’
വര്‍മ്മ ഗംഭീരമായി ആലപിച്ചു. നാല് നാള്‍ കഴിഞ്ഞാല്‍ വയലാറിന് അന്ത്യോദകം അര്‍പ്പിക്കണ്ടി വരുമെന്ന് പാടിയ എല്‍പിആറിനോ, ഗാനം കേട്ട് തരിച്ചിരുന്ന സദസ്സോ അപ്പോള്‍ അറിഞ്ഞില്ല…
എല്‍പിആറിന്റെ പാട്ട് തീര്‍ന്ന് സംസാരിക്കാനെത്തിയ വയലാര്‍ ഇങ്ങനെ സംസാരിച്ചു;
‘ഇപ്പോള്‍ എല്‍പിആര്‍ ഇവിടെ പാടിയ പാട്ട് കേട്ടപ്പോള്‍ എനിക്ക് യാതൊരു ആദരവും ഇല്ലാത്ത ഒരു ഗാനരചയിതാവിനെ ഓര്‍ത്തു പോയി.
സ്വാതി തിരുനാള്‍ രാമവര്‍മ. അദ്ദേഹം അമരകോശം നിവര്‍ത്തി വെച്ച് അതിലെ പദങ്ങള്‍ എടുത്താണ് ഗാനങ്ങള്‍ രചിച്ചത്. തുടര്‍ന്ന് വയലാര്‍ സ്വാതി തിരുനാളിനെ നിശിതമായി വിമര്‍ശിച്ചു കൊണ്ട് പ്രസംഗിച്ചു.
അക്കാലത്ത് സ്വാതി തിരുനാളിന് മൂളിപ്പാട്ട് പോലും അറിയില്ല എന്ന് ആരോപിച്ച് കേരളത്തില്‍ ഒരു കൂട്ടം ആളുകള്‍ രംഗത്തെത്തിയിരുന്നു. തമിഴ്‌നാട്ടില്‍ സ്വാതി തിരുനാളിനെതിരേ നടന്ന ആക്രമണത്തിന്റെ കേരളത്തിലെ പ്രസ്ഥാനത്തിലെ പ്രമുഖനായിരുന്നു വയലാര്‍.
1994 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മറ്റി അംഗമായിരുന്നു എല്‍പിആര്‍ തേന്‍മാവിന്‍ കൊമ്പത്ത് എന്ന സിനിമയിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയ ബേണി ഇഗ്‌നേഷ്യസിന് മികച്ച സംഗീത സംവിധാനത്തിന് സംസ്ഥാന അവാര്‍ഡ് നല്‍കിയതില്‍ പ്രതിഷേധിച്ച് ദേവരാജന്‍ മാസ്റ്റര്‍ തനിക്ക് ലഭിച്ച സംസ്ഥാന അവാര്‍ഡുകള്‍ തിരികെ നല്‍കി. അതിലെ പാട്ടുകള്‍ കോപ്പിയടിയാണെന്ന് ദേവരാജന്‍ മാസ്റ്റര്‍ തെളിവു സഹിതം ആരോപിച്ചു. അതായിരുന്നു മാസ്റ്ററുടെ പ്രതിഷേധത്തിന് കാരണം. ദേവരാജന് കൊതിക്കെറുവാണ് എന്നാണ് എല്‍പിആര്‍ അന്ന് പ്രതികരിച്ചത്. lpr varma malayalam cinema music director remembrance day
Content Summary; lpr varma malayalam cinema music director remembrance day