June 03, 2026 |
Share on

വെടിയേറ്റ് കൊല്ലപ്പെട്ട സഖാവ് കുഞ്ഞാലി, വെടിയുതിര്‍ത്ത കോണ്‍ഗ്രസ്, നിലപാടുകളുടെ പോരാളി എം സ്വരാജ്

കുഞ്ഞാലിയുടെ രാഷ്ട്രീയ പിന്‍ഗാമിയാകാന്‍ സ്വരാജിനോളം അര്‍ഹത മറ്റാര്‍ക്കും ഉണ്ടെന്ന് തോന്നുന്നില്ല

കേരളത്തില്‍ ഒരു എം എല്‍ എ വെടിയേറ്റ് കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞാല്‍, അത് ചെയ്തത് കമ്മ്യൂണിസ്റ്റ്കാരായിരിക്കും എന്ന് ആളുകളെക്കൊണ്ട് പറയിക്കാന്‍ തക്കവണ്ണം ഇടതുവിരുദ്ധത ഇപ്പോള്‍ ഇവിടെ മാധ്യമങ്ങള്‍ ഉണ്ടാക്കിവെച്ചിട്ടുണ്ട്. പക്ഷെ സത്യം അങ്ങനെയല്ല കേട്ടോ.

1969 ല്‍ വെടിയേറ്റു കൊല്ലപ്പെട്ടതൊരു കമ്മ്യൂണിസ്റ്റ്കാരനായിരുന്നു. പേര് സഖാവ് കുഞ്ഞാലി. വെടിയുതിര്‍ത്തത് കോണ്‍ഗ്രസ്സ്. ഒന്നാം പ്രതി ആര്യാടന്‍ മുഹമ്മദ്. കൊല്ലപ്പെട്ടത് ഏറനാടിന്റെ ചെഗുവേര! ഒരുപക്ഷെ അയാള്‍ മരണപ്പെട്ടില്ലായിരുന്നെങ്കില്‍ മലബാറിന്റെ രാഷ്ട്രീയചരിത്രം മറ്റൊന്നാകുമായിരുന്നു. നിലമ്പൂര്‍ മറ്റൊരു ഉപതെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ നിലമ്പൂരിന്റെ ആദ്യ എംഎല്‍എ സഖാവ് കുഞ്ഞാലിയെ ഓര്‍മിക്കാതെ തരമില്ല.

ആരായിരുന്നു സഖാവ് കുഞ്ഞാലി

1924 ല്‍ കൊണ്ടോട്ടിയിലാണ് കുഞ്ഞാലി ജനിച്ചത്. ചെറിയ പ്രായത്തില്‍ തന്നെ വാപ്പയെ നഷ്ടപെട്ട കുഞ്ഞാലി ബീഡിക്കമ്പനിയില്‍ പണിക്ക് പോയിത്തുടങ്ങി. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അനുഭവിച്ചറിഞ്ഞ ബാല്യം. നാസികളെ തോല്പിക്കാന്‍ സോവിയറ്റ് യൂണിയനൊപ്പം ബ്രിട്ടനും പൊരുതുന്ന കാലം. ലോകമെങ്ങുമുള്ള കമ്മ്യുണിസ്റ്റുകള്‍ നാസികള്‍ക്കെതിരെ നിലപാടെടുത്ത കാലത്ത് കുഞ്ഞാലി സൈനികനായിരുന്നു. സൈന്യത്തില്‍ നിന്ന് തിരികെ വന്ന കുഞ്ഞാലിയെന്ന മനുഷ്യന് കാലവും പ്രസ്ഥാനവും കരുതി വച്ചത് ഏറനാടിന്റെ ചുമതല. തോട്ടങ്ങളായിരുന്നു നിലമ്പൂരില്‍ അധികവും. തൊഴിലാളികളെ ചൂഷണം ചെയ്യുന്നതും സ്ത്രീകളെ ഉപദ്രവിക്കുന്നതും പതിവായിരുന്ന ഇടങ്ങളില്‍ കുഞ്ഞാലി എത്തിയതോടെ കാര്യങ്ങള്‍ മാറി. എ.ഐ.ടി.യു.സി ശക്തി പ്രാപിച്ചു.
തല്ലിയാല്‍ ഞങ്ങള്‍ തിരിച്ചു തല്ലും
നിന്റെ തണ്ടെല്ലൂരി പതാക നാട്ടും
എന്നതായിരുന്നു കുഞ്ഞാലിയുടെ നയം. വന്‍കിട ഭൂവുടമകളില്‍ നിന്ന് തരിശുഭൂമി കൃഷിക്കാര്‍ക്ക് വിട്ടു നല്‍കാന്‍ നടത്തിയ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തതിന് 15 പേര്‍ക്കൊപ്പം കുഞ്ഞാലിയും ജയിലില്‍ അടയ്ക്കപ്പെട്ടു. ജന്മിമാരുടെ കാവല്‍ക്കാരെ വകവെക്കാതെ അന്ന് സമര സഖാക്കള്‍ തരിശുഭൂമി കയ്യേറി. പിന്നീട് ഭൂസമരത്തിനു തുടര്‍ച്ചകളുണ്ടായി, 200ല്‍ പരം ഏക്കര്‍ ഭൂമി കോവിലകത്തു നിന്ന് എഴുതി കിട്ടിയിട്ടും അവകാശം സ്ഥാപിക്കാന്‍ കഴിയാത്ത ഒരാള്‍ രേഖ പാര്‍ട്ടിക്ക് കൈമാറി. അതിന്റെ ബലത്തില്‍ ഭൂരഹിത കര്‍ഷകരില്‍ നിന്ന് തെരഞ്ഞെടുത്ത സമരഭടന്മാര്‍ ഘട്ടംഘട്ടമായി ഭൂമി കയ്യേറി. 300 ഓളം കുടുംബങ്ങളെ മണ്ണിന്റെ ഉടമകളാക്കി മാറ്റി. 1964 ലെ പിളര്‍പ്പില്‍ സി പി ഐ എമ്മിനൊപ്പമായിരുന്നു കുഞ്ഞാലി. എന്നാല്‍ സി പി ഐ എമ്മുകാരെയെല്ലാം ചൈനീസ് ചാരന്മാരായി മുദ്ര കുത്തി സര്‍ക്കാര്‍ തടവിലിട്ടു. 1965 ല്‍ ജയിലില്‍ കിടന്നു മത്സരിച്ചാണ് കുഞ്ഞാലി ആദ്യമായി നിലമ്പൂര്‍ ചുവപ്പിച്ചെടുത്തത്. 1967ല്‍ നടന്ന തിരഞ്ഞെടുപ്പിലും കുഞ്ഞാലി വിജയിച്ചു. കുഞ്ഞാലിയുടെ ജനകീയ അടിത്തറ വളര്‍ന്നതോടൊപ്പം ശത്രുക്കളും ഏറി വന്നു. പല തവണ വധശ്രമങ്ങളുണ്ടായി.

”അമിത ധൈര്യം ദൗര്‍ബല്യമായിരുന്നു കുഞ്ഞാലിക്ക്. 20 പേര്‍ തല്ലാന്‍ നില്‍ക്കുന്നത് അറിഞ്ഞാല്‍ അവിടേയ്ക്കു രണ്ടു പേരേ ഉള്ളെങ്കിലും ധൈര്യമായി ചെല്ലും. ചിലപ്പോള്‍ തല്ലുകൊള്ളും, അല്ലെങ്കില്‍ കൈക്കരുത്തുകൊണ്ടു ജേതാവായി തിരികെ വരും. പലപ്പോഴും അതു ദോഷമാണെന്ന് അദ്ദേഹം മാത്രം മനസിലാക്കിയില്ല.” എന്ന് ഇമ്പിച്ചിബാവ ഓര്‍ക്കുന്നു.

1969 ജൂലായ് 26ന് ചുള്ളിയോട്ടെ ഒരു ചെറുകിട എസ്റ്റേറ്റില്‍ എ.ഐ.ടി.യു.സി-ഐ.എന്‍.ടി.യു.സി സംഘടനയിലെ തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിവരം നിലമ്പൂര്‍ പാര്‍ട്ടി ഓഫീസില്‍ എത്തി. കുഞ്ഞാലിയെ സംഘര്‍ഷ പ്രദേശങ്ങളിലേക്ക് അയക്കേണ്ടതില്ലെന്നായിരുന്നു പാര്‍ട്ടി തീരുമാനം. കുഞ്ഞാലിയിലെ വഴിക്കടവിലെ മറ്റൊരു പരിപാടിയിലേക്ക് അയച്ചു. ചുള്ളിയാട് മുഖാമുഖമായിരുന്നു, സിപിഎം കോണ്‍ഗ്രസ്സ് ഓഫീസുകള്‍. ഓഫീസുകളില്‍ ഇരു തൊഴിലാളി സംഘടനയിലേയും പ്രവര്‍ത്തകര്‍ സംഘടിച്ചു. കോണ്‍ഗ്രസ് ഓഫീസില്‍ ആര്യാടന്‍ മുഹമ്മദ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളുമുണ്ടായിരുന്നു. ഇതേ സമയം വഴിക്കടവിലെ പരിപാടി കഴിഞ്ഞു കുഞ്ഞാലി ചുള്ളിയാടെക്കെത്തി. പാര്‍ട്ടി ഓഫീസില്‍ നിന്നിറങ്ങി തന്റെ ജീപ്പിലേക്ക് നടക്കുന്നതിനിടെ സമീപത്തെ കോണ്‍ഗ്രസ് ഓഫീസില്‍ നിന്നും ആരോ കുഞ്ഞാലിയുടെ മുഖത്തേക്ക് ടോര്‍ച്ചടിച്ചു. ഇതില്‍ പ്രകോപിതനായ കുഞ്ഞാലി ആരെടാ എന്ന് അലറി.

മറുപടി വന്നതൊരു വെടിയുണ്ടയുടെ രൂപത്തിലായിരുന്നു. നെഞ്ചില്‍ വെടിയേറ്റ കുഞ്ഞാലിയെ
നിലമ്പൂര്‍ ആശുപത്രിയില്‍ നിന്ന് പ്രാഥമിക ചികിത്സ നല്‍കി മഞ്ചേരിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് കുഞ്ഞാലിയെ പരിശോധിച്ച ഡോക്ടര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകാന്‍ നിര്‍ദേശം നല്‍കി. ആര്യാടന്‍ മുഹമ്മദ് ഉഴ്‌പ്പെട്ട സംഘമാണ് നിറയൊഴിച്ചതെന്നു കുഞ്ഞാലി മൊഴി നല്‍കി. കോഴിക്കോട്ട് മെഡിക്കല്‍ കോളേജില്‍ എത്തിച്ച കുഞ്ഞാലിയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജൂലൈ 28 ന് സഖാവ് കുഞ്ഞാലി മരണത്തിനു കീഴടങ്ങി.

പിന്നീട് 1970 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം പി ഗംഗാധരന്‍ ആദ്യമായി വിജയിച്ചു. 1977ലാണ് ആദ്യമായി ആര്യാടന്‍ മുഹമ്മദ് മണ്ഡലത്തില്‍ വിജയിച്ചു. പിന്നീട് എതിര്‍ പാളയത്തില്‍ നിന്നെത്തിയ ടി കെ ഹംസ ഇടതുസ്വതന്ത്രനായി 1982ല്‍ മണ്ഡലം തിരിച്ചു പിടിച്ചു.
1987 മുതല്‍ അക്ഷരര്‍ത്ഥത്തില്‍ ആര്യാടന്‍ മുഹമ്മദിന്റെ തേരോട്ടമായിരുന്നു. 2016 ല്‍ സി പി ഐ എം സ്വതന്ത്രനായി പി വി അന്‍വര്‍ മണ്ഡലം തിരിച്ചു പിടിച്ചു. 2021 ലും ജയം അന്‍വറിനൊപ്പം. അന്‍വര്‍ ഒരു ചെറിയ മീന്‍ ആയിരുന്നില്ല എന്നതായിരുന്നു വാസ്തവം. മണ്ഡലത്തിലെ യു ഡി എഫ് തേരോട്ടത്തിന് കടിഞ്ഞാനിട്ടത്തിന്റെ നേട്ടം അന്‍വറിന്റെ പേരിലാണ്. ഇന്നും അന്‍വറിന് സ്വാധീനിക്കാന്‍ കഴിയുന്ന വോട്ടുകള്‍ മണ്ഡലത്തിലുണ്ടെന്നുള്ളതില്‍ തര്‍ക്കമില്ല.

വികസനത്തിന് വേണ്ടി ജനങ്ങള്‍ വോട്ട് ചെയ്യുമെന്നാണ് എല്‍ഡിഎഫ് പക്ഷം. നിലമ്പൂരില്‍ നൂറ് ശതമാനം വിജയ പ്രതീക്ഷയുണ്ടെന്നും വികസനങ്ങള്‍ എണ്ണിപ്പറഞ്ഞ് വോട്ട് തേടുമെന്നും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വി പി അനില്‍ പറയുന്നു. ”നിലമ്പൂരിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത വികസനമാണ് നടന്നത്. ഏതാണ്ട് 2000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നിലമ്പൂരില്‍ നടന്നു. ഏറ്റവും അവസാനം നിലമ്പൂര്‍ ബൈപ്പാസിന് വേണ്ടി പണം നീക്കി വച്ചു. പ്രകൃതി ദുരന്തത്തില്‍ അകപ്പെട്ട മുഴുവന്‍ ആളുകളെയും പുനരധിവസിപ്പിച്ചു. അതില്‍ തകര്‍ന്ന പാലങ്ങളുള്‍പ്പെടെ സമയ ബന്ധിതമായി പൂര്‍ത്തീകരിച്ചു. റോഡുകള്‍, പാലങ്ങള്‍, സര്‍ക്കാര്‍ ആശുപത്രി, വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ മുന്നേറ്റമുണ്ടായി.”സിപിഎം ജില്ലാ സെക്രട്ടറി പറയുന്നു.

കോണ്‍ഗ്രസ്സ് അഹിംസാകുപ്പായം എടുത്തണിയുന്ന കാലത്ത് സഖാവ് കുഞ്ഞാലിയുടെ കൊലപാതകം ഒരു ഉപതെരഞ്ഞെടുപ്പ് മൂലം ചര്‍ച്ചയക്കുന്നതിലൊരു കാവ്യനീതിയുണ്ട്. സഖാവ് കുഞ്ഞാലിയുടേത് ഒരൊറ്റപ്പെട്ട സംഭവമായിരുന്നില്ല. കേരളത്തില്‍, മലബാറില്‍ പ്രത്യേകിച്ചും അക്രമത്തിലൂടെയും കൊലപാതകത്തിലൂടെയുമാണ് കോണ്‍ഗ്രസ്സ് വളര്‍ന്നത്. 1973 -74; SFI ആദ്യമായി ബ്രണ്ണനില്‍ ചെയര്‍മാന്‍, UUC, ജനറല്‍ സെക്രട്ടറിയടക്കമുള്ള സീറ്റുകളില്‍ ജയിച്ചു. എ കെ. ബാലനായിരുന്നു, ചെയര്‍മാന്‍. ആദ്യമായി ബ്രണ്ണനില്‍ അടി പതറിയ KSU, ചെയര്‍മാനായിരുന്ന എ കെ ബാലനെ കോളേജ് വളപ്പിനുള്ളില്‍ വെച്ചു തന്നെ (സഹജമായ അഹിംസയോടെ) മാരകയുധങ്ങളുമായി ആക്രമിച്ചു. സുഹൃത്തിനെ (സഖാവെന്ന വാക്കിനര്‍ത്ഥം അതാണല്ലോ) രക്ഷിക്കാന്‍ മുന്നോട്ടു വന്ന സഖാവ് അഷറഫിന് കുത്തേറ്റു. KSU പ്രവര്‍ത്തകന്‍ കെ ടി ജോസഫാണ് കുത്തിയത്. മാര്‍ച്ച് അഞ്ചിനു അഷറഫ് വിട വാങ്ങി. സഖാത്വത്തിന് സ്വന്തം ജീവന്‍ കൊണ്ടുള്ള സത്യവാങ്മൂലം. സഖാവ് കുഞ്ഞാലി മരിച്ചതിനു പിറ്റേ വര്‍ഷം, 1970 ല്‍ തന്നെ മിച്ചഭൂമി സമരവുമായി ബന്ധപ്പെട്ട് ബുധനൂരിലെ സഖാവ് രവി, സഖാവ് കുഞ്ഞുകുഞ്ഞു, ആറാട്ടുപുഴയിലെ പാര്‍ടി ബ്രാഞ്ച് സെക്രട്ടറി സഖാവ് നീലകണ്ഠന്‍, ആറാട്ടുപുഴയിലെ തൊഴിലാളി സ. ഭാര്‍ഗവി എന്നിവരെ പോലീസ് വെടി വച്ചു കൊന്നു. ഒരു വര്‍ഷം കോണ്ഗ്രസ്സിന്റെ പോലീസ് നടത്തിയ നരനായാട്ടാണ്. ഇക്കഴിഞ്ഞ ദിവസവും ധീരജിനെ കുത്തിയ കത്തി അറബിക്കടലിലറിഞ്ഞിട്ടില്ല എന്ന് കോണ്‍ഗ്രസ്സ് മുദ്രാവാക്യം വിളിച്ചിരുന്നതോര്‍ക്കുക.

സഖാവ് കുഞ്ഞാലിയുടെ ചോര വീണ് ചുവന്ന മണ്ണിലേക്കാണ് നിലപാടുകളുടെ പോരാളിയായ സഖാവ് എം സ്വരാജ് മത്സരിക്കാനെത്തുന്നത്. നിലമ്പൂര്‍ പോത്തുകല്ല് പതാര്‍, സുമാനിവാസില്‍ പി എന്‍ മുരളീധരന്റെയും പി ആര്‍ സുമാംഗിയമ്മയുടേയും മകനാണ് നാല്‍പ്പത്തിയഞ്ചുകാരനായ സ്വരാജ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് വന്ന സ്വരാജ് 1999 ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനായി. എസ്എഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഡിവൈഎഫ്ഐ മുഖമാസിക യുവധാരയുടെ എഡിറ്റര്‍ പദവി, എന്നിവ വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റംഗവും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്ററുമാണ്. എന്തുകൊണ്ടും പാര്‍ട്ടിയുടെ ഉചിതമായ തീരുമാനം. സ്വന്തം അഭിപ്രായം കൊണ്ടും നിര്‍ഭയമായ ഇടപെടല്‍ കൊണ്ടും എന്നും ശ്രദ്ധേയനായിട്ടുള്ള, അതുകൊണ്ട് തന്നെ ഒരുപാട് ശത്രുക്കളെയും സൃഷ്ടിച്ചിട്ടുള്ള ആളാണ് എം സ്വരാജ്. ആരെയും ഭയക്കാതെ തന്റെ നിലപാടുകളുമായി മുന്നോട്ട് പോയ സഖാവ് കുഞ്ഞാലിയുടെ രാഷ്ട്രീയ പിന്‍ഗാമിയാകാന്‍ സ്വരാജിനോളം അര്‍ഹത മറ്റാര്‍ക്കും ഉണ്ടെന്ന് തോന്നുന്നില്ല. താന്‍ പറഞ്ഞ നിലപാടുകളില്‍ നിന്ന് തരിമ്പും പിന്നോട്ട് പോയിട്ടില്ല എന്നതാണ് അയാളുടെ സവിശേഷത. ഇന്നതൊരു ചെറിയ കാര്യമല്ല.

യുദ്ധത്തിനായി ആളുകള്‍ ആര്‍ത്തു വിളിച്ച സമയത്ത് അയാള്‍ പറഞ്ഞത് മുറ്റത്ത് ബോംബ് വീഴുന്നത് വരെ, സ്വന്തം കുഞ്ഞിനെ നഷ്ടമാകുന്നത് വരേ മാത്രമേ നിങ്ങള്‍ക്കീ യുദ്ധക്കൊതി ഉണ്ടാകൂ എന്നാണ്. ബാബറി മസ്ജിദ് വിധി വന്നപ്പോള്‍ വര്‍ത്തമാന കാല ഇന്ത്യയില്‍ നിങ്ങള്‍ മറ്റൊരു വിധി പ്രതീക്ഷിച്ചിരുന്നോ എന്നയാള്‍ ചോദിച്ചു. 2006 ല്‍ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റിനെതിരായി വ്യക്തിഹത്യപരമായ ചില ഗോസിപ്പുകള്‍ ഒരു പ്രമുഖ പത്രത്തില്‍ അച്ചടിച്ചുവന്നു. അയാള്‍ അതിനെ പിതൃശൂന്യ വാര്‍ത്തകള്‍ എന്ന് വിളിക്കാന്‍ ധൈര്യം കാണിച്ചു. ഇന്നത്തെ കാലമല്ല, അധികമാരും പത്രങ്ങളെ പിണക്കാന്‍ ധൈര്യപ്പെടാതിരുന്ന കാലത്താണെന്നോര്‍ക്കണം. എന്നാല്‍ സ്വരാജ് മാധ്യമപ്രവര്‍ത്തകരെ പിതൃശൂന്യര്‍ എന്ന് വിളിച്ചു, എന്ന തെറ്റായ പ്രചാരണമാണ് നടന്നത്. പലസ്തീനെതിരെ ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് യാതൊരു യുദ്ധനിയമങ്ങളും പാലിക്കാതെയുള്ള ആക്രമണം ഉണ്ടായപ്പോള്‍ അയാള്‍ നിസ്സംശയം പലസ്തീനൊപ്പം എന്ന് പറഞ്ഞു. ജയമോഹന്റെ നൂറ് സിംഹാസനങ്ങളിലെ നായാടിയെ രൂപകമാക്കി എടുത്ത് വച്ചയാള്‍ പലസ്തീനെ പ്രതിരോധിച്ചു, ഐക്യദാര്‍ഢ്യം പ്രഖാപിച്ചു. ഒരു വ്യക്തിയുടെ നിലപാടല്ല സ്വരാജവിടെ പ്രഖ്യാപിച്ചത്. മറിച്ചത് പലസ്തീനോടുള്ള ആഗോള കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടാണ്. അതിന്റെ പേരില്‍ അയാളെ വലതുപക്ഷം വളഞ്ഞിട്ടുക്രമിച്ചപ്പോളും അയാള്‍ തന്റെ നിലപാടില്‍ നിന്ന് അണുവിട വ്യതിചലിച്ചില്ല. എന്ത് കൊണ്ട് സ്വരാജ് എന്നതിന് സി പി ഐ എമ്മിന് ഉത്തരങ്ങളേറെയാണ്

മറുഭാഗത്താകട്ടെ, മണ്ഡലത്തിനെ അകം പുറം അറിയാവുന്നൊരാള്‍, ആര്യാടന്‍ ഷൗക്കത്ത്. ഇരു സ്ഥാനാര്‍ഥികളും ചിരകാലമായി നല്ല സൗഹൃദം വച്ചു പുലര്‍ത്തുന്നവരും. ഈ തിരഞ്ഞെടുപ്പ് ഒരിക്കലും തങ്ങളുടെ സൗഹൃദത്തെയൊന്നും ബാധിക്കില്ലെന്നും, ഇത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള ദ്വ ന്ദ യുദ്ധമല്ലെന്നും സ്വരാജ് പറയുമ്പോള്‍ പുതിയൊരു, രാഷ്ട്രീയ സംസ്‌കാരത്തിലേക്കാണ് അത് വിരല്‍ ചൂണ്ടുന്നത്. എതിരാളിയുടെ ബലഹീനതയല്ല, ഭരണത്തിന്റെ നേട്ടങ്ങളെടുത്തു കാട്ടിയാണ് തിരഞ്ഞെടുപ്പിനെ നേരിടുക എന്ന് സ്വരാജ് പറഞ്ഞിരിക്കുന്നു. രാഹുല്‍ മാന്‍കൂട്ടത്തിന്റേത് പോലുള്ള നിലവാരം കുറഞ്ഞ പ്രസ്താവനകളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയേണ്ടതുണ്ടെന്ന്‌നും തോന്നുന്നു.

നിലമ്പൂര്‍ ഒരോര്‍മപ്പെടുത്തല്‍ കൂടിയാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ഒരേയൊരു എം എല്‍ എ മാത്രമേ എതിരാളികളുടെ വെടിയേറ്റ് മരിച്ചിട്ടുള്ളു. മരിച്ചതൊരു കമ്മ്യൂണിസ്റ്റ് കാരനും, നിറയൊഴിച്ചതൊരു കോണ്‍ഗ്രസ്സ് കാരനും. മാധ്യമങ്ങള്‍ കോണ്‍ഗ്രസ്സ് ഒരു അഹിംസാ പാര്‍ട്ടിയാണെന്ന ഗീബല്‍സിയന്‍ അപദാനങ്ങള്‍ പാടുന്ന കാലത്ത് വെടിയേറ്റ് വീണ സഖാവ് കുഞ്ഞാലിയെ ഓര്‍മയിലേക്ക് കൊണ്ട് വരുന്ന ഒരു ഉപതിരഞ്ഞെടുപ്പ് നിര്‍വഹിക്കുന്നതൊരു രാഷ്ട്രീയ ധര്‍മ്മം കൂടിയാണ്. ജയപരാജയങ്ങള്‍ക്കപ്പുറം ഇത് മറവിക്കെതിരെയുള്ള പോരാട്ടമാണ്. ‘അഹിംസയുടെ വെണ്‍പ്രാവുകള്‍’ ശരീരത്തിലെ രക്തം കഴുകിക്കളഞ്ഞു, കൊലക്കത്തി മറച്ചു വച്ചു, വെള്ളയുടുപ്പിട്ട ചരിത്രം ഈ തിരഞ്ഞെടുപ്പ് കേരളത്തിന് മുന്നിലേക്ക് വയ്ക്കുന്നു. M Swaraj; ldf candidate of nilambur constituency 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Content Summary: M Swaraj; ldf candidate of nilambur constituency

അരുൺ എയ്ഞ്ചല

അരുൺ എയ്ഞ്ചല

മുന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ്, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌

More Posts

Leave a Reply

Your email address will not be published. Required fields are marked *

×