മരണത്തിലും വേറിട്ടുനിന്ന പത്രാധിപര്‍

അച്ചടിമഷി പുരളാത്ത ദിവസം തന്നെ പത്രകുലപതിയായ എംടി വിടവാങ്ങി

മലയാളം കണ്ട ഏറ്റവും വലിയ നവോത്ഥാന മൂല്യമുള്ള പത്രാധിപരായിരുന്നു എംടി വാസുദേവന്‍ നായര്‍. കേരളം കണ്ട മികച്ച എഴുത്തുകാരില്‍ പലരെയും സാഹിത്യമേഖലയിലേക്ക് കൈപിടിച്ച് കയറ്റിയ പത്രാധിപര്‍. മുന്നേ തയ്യാറാക്കി വച്ച അനുസ്മരണങ്ങളെയെല്ലാം നിഷ്പ്രഭമാക്കി അവധിയുടെ ആലസ്യത്തില്‍ പത്രങ്ങള്‍ അച്ചടിമഷി പുരളാത്ത ദിവസം തന്നെ പത്രകുലപതിയായ എംടി വിടവാങ്ങി. സ്വയം തീരുമാനിക്കുന്നതല്ലെങ്കിലും മരണത്തിലും എംടി എന്ന മഹാപ്രതിഭ എംടിയായി തന്നെ മടങ്ങുന്നു. M.T the journalist who remained unique even in death

എംടി അസുഖബാധിതനായി ആശുപത്രിയില്‍ കിടന്ന ദിവസം മുതല്‍ പത്ര, ദൃശ്യ മാധ്യമങ്ങളാല്‍ സദാ ഒപ്പം ചേര്‍ന്നു. വിടവാങ്ങല്‍ അവിചാരിതമല്ലെങ്കിലും പത്രങ്ങളുടെ അവധി ദിവസത്തെ വിടവാങ്ങല്‍ തീര്‍ത്തും അപ്രതീക്ഷിതമായി. ദിനപത്രങ്ങളെല്ലാം എംടിയുടെ അനുസ്മരണം കൊണ്ട് നിറയുന്നതിനായി പ്രത്യേക പതിപ്പുകള്‍ തന്നെ തയ്യാറാക്കിവച്ചിരുന്നു. എന്നാല്‍ അവ പുറത്തിറങ്ങാന്‍ കാത്തുനില്‍ക്കാതെ എംടി എന്ന പത്രാധിപര്‍ വിടവാങ്ങി. സംസ്‌കാരശേഷം  പുറത്തിറങ്ങുന്ന പത്രത്താളുകളിലേക്ക് മാത്രമായി സ്മരണാഞ്ജലികള്‍ ചുരുങ്ങി. ഇതോടെ തയ്യാറാക്കി വച്ച പേജുകള്‍ ഇ പേപ്പറുകളാക്കി സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയിരിക്കുകയാണ് പല പത്രസ്ഥാപനങ്ങളും.

എംടിയുടെ തിരക്കഥയില്‍ പിറന്ന ചിത്രമായിരുന്നു സുകൃതം. ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രമായ ജേണലിസ്റ്റ് രവിശങ്കര്‍ ബ്ലഡ് ക്യാന്‍സര്‍ രോഗബാധിതനായി മരണത്തോട് മല്ലടിക്കുന്നു. രവിശങ്കറിന്റെ മരണസമയം പ്രസിദ്ധീകരിക്കാനുള്ള അനുസ്മരണ കുറിപ്പും തയ്യാറായിരുന്നു. എന്നാല്‍ മരണത്തെ തോല്‍പിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്ന് ജോലിയില്‍ പ്രവേശിക്കുന്ന രവിശങ്കര്‍ ഓഫീസില്‍ എത്തുമ്പോള്‍ കാണുന്നത് മേശവലിപ്പിലെ സ്വന്തം ചരമക്കുറിപ്പാണ്. മാധ്യമമേഖലയില്‍ നേരത്തെ തയ്യാറാക്കി വയ്ക്കുന്ന മരണക്കുറിപ്പുകളെ കുറിച്ച് വ്യക്തമായ ധാരണയുള്ള ആള്‍കൂടിയായിട്ടാകും സ്വന്തം വിടവാങ്ങല്‍ പത്രമിറങ്ങാത്ത ദിസവം തന്നെ ആയത്.

മൂന്നര പതിറ്റാണ്ട് കാലം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി എംടി നിറഞ്ഞുനിന്നു. അക്കാലമത്രയും പുതിയ എഴുത്തുകാരെ കണ്ടെത്തുവാനും അവരുടെ ഇടം മലയാളമണ്ണില്‍ രൂപപ്പെടുത്താനുള്ള അവസരവുമാണ് എംടിയിലൂടെ നല്‍കപ്പെട്ടത്. എഴുത്തുകാരനായും പത്രാധിപരായും നിറഞ്ഞുനിന്ന കാലം. എംടിയെന്ന എഴുത്തുകാരനോളം തിളക്കം എംടിയിലെ പത്രാധിപര്‍ക്കുമുണ്ടായിരുന്നു. എംടി എന്ന രണ്ടക്ഷരം മലയാളിയുടെ സാംസ്‌കാരിക ചിഹ്നമായാണ് മാറിയത്.

ലിറ്റററി ജേണലിസം പ്രചാരം തുടങ്ങുന്നതിന് മുമ്പാണ് എന്‍വി കൃഷ്ണവാരിയരുടെ കീഴില്‍ സഹപത്രാധിപരായി എംടി കടന്നുവന്നത്. പിന്നീട് പത്രാധിപ സ്ഥാനത്തേക്ക് എത്തപ്പെട്ടു. സാഹിത്യമേഖലയിലുള്ളവരെ പത്രാധിപരായി നിയമിക്കാതിരുന്ന കാലത്തായിരുന്ന എംടി മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അമരക്കാരനായത്. മികവുറ്റ എഴുത്തുകാരെ കണ്ടെത്താന്‍ എംടി പോലെ ഒരു പത്രാധിപര്‍ക്കും കഴിഞ്ഞിട്ടുണ്ടാകില്ല. എംടി കണ്ടെത്തപ്പെട്ട എഴുത്തുകാരിലൂടെയായിരുന്നു കഴിഞ്ഞകാല മലയാള സാഹിത്യത്തിന്റെ സഞ്ചാരം.

എംടി യെ പോലെ മറ്റൊരു എഴുത്തുകാരനും മലയാള ഭാഷയോടും എഴുത്തുകാരോടും ഇത്രയധികം ഭാഷകൊണ്ട് സംസാരിച്ചിട്ടുണ്ടാകില്ല. പത്രാധിപരായപ്പോഴും മലയാള സാഹിത്യത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയായിരുന്നു എംടി. ഇടയ്ക്കിടെ കഥകളും നോവലും പ്രസിദ്ധീകരിച്ചതുകൊണ്ട് പിന്നീടെഴുതുന്നതെല്ലാം പ്രസിദ്ധീകരിക്കാനുള്ള അവകാശമായി ആരും കരുതേണ്ടെന്ന് ഓര്‍മിപ്പിക്കാനും എഴുത്തുകാരുടെ സൃഷ്ടികള്‍ തിരിച്ചയയ്ക്കുമ്പോള്‍ എംടി മറന്നില്ല.

എഴുത്തുകാരനില്‍ നിന്ന് എംടി പത്രാധിപരായതോടെ മലയാളികളുടെ വായനാശീലത്തിലും വലിയ മാറ്റങ്ങളാണ് കൈവന്നത്. മലയാളത്തിന് പുറമെ ബംഗാളി, തമിഴ്, കന്നട, മറാഠി, ഹിന്ദി, പഞ്ചാബി തുടങ്ങി വിവിധ ഭാഷകളിലെ മികവുറ്റ സാഹിത്യകൃതികള്‍ തനിമയും സൗന്ദര്യവും ഒട്ടും ചോരാതെ തന്നെ തര്‍ജ്ജിമ ചെയ്യിച്ച് ആഴ്ചപ്പതിപ്പിലൂടെ മലയാളികള്‍ക്ക് മുന്നിലേക്ക് എത്തിച്ചു. എംടിയുടെ പത്രാധിപകാലത്തെ ഈ മാറ്റം അന്യഭാഷാ കൃതികളുടെ ആസ്വാദനത്തിന് വഴിയൊരുക്കുക കൂടിയാണ് ചെയ്തത്. കാലം യവനികയിലേക്ക് മറയുമ്പോഴും എന്നും ഓര്‍മകളില്‍ തങ്ങുന്ന അക്ഷരവെളിച്ചമാണ് എംടി എന്ന അതുല്യ പ്രതിഭ.M.T the journalist who remained unique even in death

Content Summary: M.T the journalist who remained unique even in death

MT MT Vasudevan nair latest news kerala news kerala literature malayalam literature 

This post was last modified on December 26, 2024 4:12 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment