June 04, 2026 |
Share on

കത്തിപ്പടർന്ന് ജനകീയ പ്രതിഷേധം; സൈനിക അട്ടിമറി ഭയന്ന് രാജ്യം വിട്ട് മഡഗാസ്‌കർ പ്രസിഡന്റ്

ജനങ്ങളെ അഭിസംബോധന ചെയ്യാൻ നിശ്ചയിച്ചിരുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് രാജ്യം വിട്ടത്

സൈനിക അട്ടിമറി ഭയന്ന് ഫ്രഞ്ച് സൈനിക വിമാനത്തിൽ രാജ്യം വിട്ട് മഡഗാസ്‌കർ പ്രസിഡന്റ് ആൻഡ്രി രാജോലിന. ജനങ്ങളെ അഭിസംബോധന ചെയ്യാൻ നിശ്ചയിച്ചിരുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് രാജോലിന രാജ്യം വിട്ടതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഫ്രഞ്ച് പൗരത്വം കൂടിയുള്ള രാജോലിനയെ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള ഒരു ഉടമ്പടി പ്രകാരം തലസ്ഥാനമായ അന്റനാനാരിവോയിൽ നിന്ന് വിമാനത്തിൽ കൊണ്ടുപോയതായി ഫ്രഞ്ച് സ്റ്റേറ്റ് റേഡിയോ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. ആൻഡ്രി രാജോലിന ദുബായിലേക്ക് പോയിരിക്കാമെന്നാണ് കരുതുന്നതെന്നും റിപ്പോർട്ടിൽ പറഞ്ഞു. സോഷ്യൽ മീഡിയയിൽ കാണിക്കുന്ന പ്രസിഡൻസിയുടെ പ്രസ്താവന പ്രകാരം, അന്ന് വൈകുന്നേരം 7 മണിക്ക് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യേണ്ടതായിരുന്നു.

ജെൻസി തലമുറയുടെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് ആൻഡ്രി രാജോലിന രാജ്യം വിട്ടതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. തെക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ ഒന്നാണ് മഡഗാസ്കർ. അവിടുത്തെ പ്രസിഡന്റായ ആൻഡ്രി രാജോലിന അടുത്തിടെ തൻ്റെ മന്ത്രിസഭയെ ഒന്നടങ്കം പിരിച്ചുവിട്ടിരുന്നു.

51 കാരനായ രാജോലിന 2009 മുതൽ 2014 വരെ ആദ്യമായി പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. അതിനുശേഷം 2023-ൽ അദ്ദേഹം വീണ്ടും അധികാരത്തിൽ തിരിച്ചെത്തി. അഴിമതിക്കും ദാരിദ്ര്യത്തിനും എതിരെ പ്രതിഷേധിക്കാൻ ജെൻസി മഡഗാസ്‌കർ എന്നറിയപ്പെടുന്ന ആയിരക്കണക്കിന് യുവ പ്രവർത്തകരോടൊപ്പം ചേർന്ന ഒരു പ്രധാന സൈനിക വിഭാഗത്തിന്റെ പിന്തുണ നഷ്ടമായതോടെ ഒറ്റപ്പെടുകയായിരുന്നു. ഈ പ്രസ്ഥാനം നേരത്തെ അദ്ദേഹവുമായി ചർച്ച നടത്താനുള്ള ക്ഷണം നിരസിക്കുകയും രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൂടാതെ, മഡഗാസ്കറിൽ ജലക്ഷാമം, വൈദ്യുതി ക്ഷാമം തുടങ്ങിയ കാരണങ്ങളാൽ ജനങ്ങൾ കടുത്ത അതൃപ്തിയിലായിരുന്നു. പ്രതിഷേധത്തിൽ പങ്കെടുത്ത രണ്ട് പ്രമുഖ രാഷ്ട്രീയ നേതാക്കൾ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.

ഇതിനെത്തുടർന്ന് കടുത്ത അതൃപ്തിയിലായിരുന്ന ജെൻസി തലമുറ പ്രതിഷേധം ശക്തമാക്കി. ഒരു ഘട്ടത്തിൽ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 22 പേർ കൊല്ലപ്പെട്ടു. ഈ സാഹചര്യത്തിൽ, യുവതലമുറയുടെ പ്രതിഷേധം ശക്തമായി നടക്കുന്നതിനിടെ, സൈന്യത്തെ ഉപയോഗിച്ച് ഭരണം അട്ടിമറിക്കാൻ ഗൂഢാലോചന നടക്കുന്നു എന്ന് പ്രസിഡന്റ് ആൻഡ്രി രാജോലിന ആരോപിച്ചു. ഇന്ന് രാത്രി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

സൈനിക അട്ടിമറി ഉണ്ടാകാനുള്ള സാഹചര്യം നിലനിൽക്കുന്നതായി റിപ്പോർട്ടുകൾ ഉയർന്നതിന് പിന്നാലെ, പ്രസിഡന്റ് ആൻഡ്രി രാജോലിന പെട്ടെന്ന് രാജ്യം വിട്ടു പലായനം ചെയ്തതായി പ്രതിപക്ഷ നേതാവ് സിഡേനി രാൻഡ്രിയാനസോളോനിയാക്കോ പ്രഖ്യാപിച്ചു.

പ്രസിഡന്റിന്റെ കൊട്ടാരത്തിലെ ജീവനക്കാരെ തങ്ങൾ വിളിച്ചുവെന്നും, പ്രസിഡന്റ് രാജ്യം വിട്ടതായി അവർ സ്ഥിരീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Summary: Madagascar president flees as military turn against him amid Gen Z-led protest

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×