കന്നഡ നടിയായ റന്യ റാവു പ്രതിയായ സ്വർണക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ രണ്ടാം പ്രതിയായ തരുൺ രാജുവിന് ദുബായിൽ നിന്നും ഹൈദരാബാദിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് നൽകിയത് റന്യയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. തരുണിന്റെ അക്കൗണ്ടിലേക്ക് റന്യ പണം അയച്ചുകൊടുത്തതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു.
ദുബായിൽ വെച്ച് തരുൺ റന്യക്ക് സ്വർണം കൈമാറിയെന്നും കേസിൽ തരുണിന് വ്യക്തമായ പങ്കുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു. 2023നും 2025നുമിടയിൽ 52 ദുബായ് യാത്രകൾ റന്യ നടത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതിൽ 26 ഓളം യാത്രകളിൽ തരുൺ റന്യക്കൊപ്പമുണ്ടായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി തരുണിനിനെതിരെ അധികൃതർ ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ മാർച്ച് എട്ടിന് തരുൺ രാജ്യം വിടാൻ ശ്രമിച്ചിരുന്നുവെന്നും അന്വേഷണ സംഘം ആരോപിച്ചു. ആ ശ്രമം പരാജയപ്പെട്ടതോടെ തരുൺ ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്തതായും അധികൃതർ പറഞ്ഞു. അറസ്റ്റ് ചെയ്യാനുള്ള കാരണം ഉൾപ്പെടെ ആവശ്യമായ എല്ലാ രേഖകളും അന്വേഷണ സംഘം സമർപ്പിച്ചിട്ടുണ്ട്.
തരുണിന്റെ അറസ്റ്റിനെ കുറിച്ച് സഹോദരിയെ അറിയിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അമേരിക്കൻ പൗരത്വമുള്ളയാളാണ് തരുണെന്നും ഇത് കൂടുതൽ സംശയങ്ങളിലേക്ക് നയിക്കുന്നുവെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. താൻ ജനീവയിലേക്കാണ് പോയതെന്നായിരുന്നു തരുൺ അന്വേഷണ സംഘത്തിന് നൽകിയ മറുപടി. അങ്ങനെയാണെങ്കിൽ എന്തിനാണ് ആദ്യം ഹൈദരാബാദിലേക്ക് പോയതെന്നും അവിടെ നിന്നും ബെംഗളൂരുവിലേക്ക് പോയതെന്നും സംഘം തരുണിനോട് ചോദിച്ചു.
തരുണിന്റെ ദുബായിലെ ബിസിനസുകൾക്ക് കൂടുതൽ പരിശേധനകൾ ആവശ്യമാണെന്ന് അധികൃതർ പറയുന്നു. കള്ളക്കടത്ത് ശൃംഖലയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.
Content Summary: made 26 trips to Dubai with Ranya Rao, Tarun Raju has a clear role in the gold smuggling case
Ranya Rao Tarun Raju