മധ്യപ്രദേശ് മുഖ്യമന്ത്രിയെ നാണം കെടുത്തി ‘ ഡീസല്‍ വിവാദം’ . മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ വാഹനവ്യൂഹത്തിലെ 19 വാഹനങ്ങളാണ് വ്യാഴാഴ്ച്ച രാത്രി ബ്രേക് ഡൗണ്‍ ആയത്. കാരണം, വാഹനങ്ങളില്‍ നിറച്ചിരുന്നത് വെള്ളം നിറച്ച ഡീസല്‍ ആയിരുന്നു!
വാഹനങ്ങള്‍ വ്യാഴാഴ്ച്ച രാത്രി ഇന്‍ഡോര്‍-മോവ് റോഡിലെ ദോസിഗാവ് ഗ്രാമത്തിനടുത്തുള്ള ഒരു പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറച്ചിരുന്നു. ഇതിനുശേഷമാണ് വണ്ടികള്‍ നിന്നു പോയത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഡീസലില്‍ വെള്ളം കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്. പ്രസ്തുത പമ്പില്‍ നിന്നും ഏകദേശം 5,995 ലിറ്റര്‍ പെട്രോളും 10,675 ലിറ്റര്‍ ഡീസലും അടച്ചിരുന്നു. സംഭവത്തിനു പിന്നാലെ പമ്പ് അടച്ചു പൂട്ടി.
ഇന്ധനം അടിച്ച ശേഷം ചില വാഹനങ്ങള്‍ പമ്പില്‍ നിന്നും പുറപ്പെട്ടുവെങ്കിലും കുറച്ച് ദൂരം ഓടി ഹൈവേയില്‍ ചെന്ന് നിന്നു പോയി. മറ്റു വാഹനങ്ങളാകട്ടെ പമ്പില്‍ നിന്നും എടുക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായി. വാഹനങ്ങള്‍ തള്ളി മാറ്റുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഒരു പ്രാദേശിക വ്യവസായ നൈപുണ്യ വികസന കോണ്‍ക്ലേവില്‍ പങ്കെടുത്തു കൊണ്ട് മുഖ്യമന്ത്രി മോഹന്‍ യാദവ് രത്ലാമിലാണ്. വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ ഭാഗമാകേണ്ടിയിരുന്ന 19 വാഹനങ്ങള്‍ക്കായിരുന്നു പെട്രോള്‍ പമ്പില്‍ നിന്നും പണി കിട്ടിയത്.
എന്നാല്‍ പെട്രോള്‍ പമ്പുകാര്‍ മനപൂര്‍വം ചെയ്തതായിരിക്കില്ല എന്ന നിലപാടാണ് ജില്ല ഭരണകൂടത്തിന്. ജില്ലയില്‍ കനത്ത മഴയാണ്. പെട്രോള്‍ പമ്പിലെ ഡിസല്‍ ടാങ്കിലേക്ക് മഴവെള്ളം ഒഴുകി കലര്‍ന്നതാകാം കാരണമെന്നാണ് അവര്‍ ഊഹിക്കുന്നത്.
വാഹനങ്ങള്‍ നിന്നുപോയതിന് പിന്നാലെ തന്നെ സ്ഥലത്തെത്തിയ ഭക്ഷ്യ-സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിയതില്‍ നിന്നാണ് പമ്പില്‍ നിന്നും അടിച്ച ഡീസലില്‍ ജലാംശം സ്ഥിരീകരിച്ചത്.
എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. എത്രത്തോളം വെള്ളം കലര്‍ന്നിരുന്നുവെന്ന കാര്യം ഇപ്പോള്‍ കൃത്യമായി പറയാന്‍ സാധിക്കില്ല. പമ്പിലെ സ്റ്റോക് പരിശോധിച്ചു വരികയാണ്. രത്‌ലം ജില്ല കളക്ടര്‍ ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ വിശദവിവരങ്ങള്‍ ഉണ്ടാകും എന്നാണ് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ആനന്ദ് ഗോലെ മാധ്യമങ്ങളോട് പറഞ്ഞത്.
ഇന്‍ഡോറില്‍ നിന്നും മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോവുകയായിരുന്നു തങ്ങള്‍ എന്നാണ് വാഹനവ്യൂഹങ്ങളില്‍ ഒന്നിന്റെ ഡ്രൈവറായ ശുഭം പര്‍മാര്‍ പ്രാദേശിക മാധ്യമങ്ങളോട് പറയുന്നത്. അതിനിടയിലാണ് ഇന്ധനം നിറയ്ക്കാനായി പമ്പില്‍ കയറിയത്. ആദ്യം ഇന്ധനം നിറച്ച ചില വാഹനങ്ങള്‍ ഓടിച്ചു പോയെങ്കിലും അവ ഹൈവേയില്‍ ചെന്നു നിന്നു പോയി. ബാക്കി വാഹനങ്ങളൊന്നും തന്നെ പമ്പില്‍ വച്ച് തന്നെ സ്റ്റാര്‍ട്ട് ആകുന്നില്ലായിരുന്നുവെന്നും പര്‍മാര്‍ പറയുന്നു. തുടര്‍ന്ന് ഓയില്‍ ടാങ്കില്‍ പരിശോധിച്ചപ്പോഴാണ് ഡീസലില്‍ വെള്ളം കലര്‍ന്നിട്ടുണ്ടെന്ന് മനസിലാകുന്നതും വിവരം മറ്റ് ഉദ്യോഗസ്ഥരെ അറിയിക്കുന്നതെന്നും ഡ്രൈവര്‍ പറയുന്നു. Madhya Pradesh CM’s 19 convoy vehicles broke down due to diesel mixed with water, Petrol pump sealed
Content Summary; Madhya Pradesh CM’s 19 convoy vehicles broke down due to diesel mixed with water, Petrol pump sealed
Leave a Comment