January 18, 2025 |

ആള്‍ക്കൂട്ട ദുരന്തം ; ജീവന് പുല്ലുവിലയോ ? കണ്ണടച്ച് അധികാരികൾ

അപകടങ്ങളെ മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കാന്‍ രാജ്യത്തടക്കം കൃത്യമായ സംവിധാനങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും ആവശ്യമാണ്.

ഇന്ത്യയില്‍ ആള്‍ക്കൂട്ടദുരന്തങ്ങളുണ്ടാകുന്നത് ആദ്യമായിട്ടല്ല. തിരക്കിനെ തുടര്‍ന്നുണ്ടാകുന്ന അപ്രതീക്ഷിതമായ അപകടങ്ങളെ ചെറുക്കാന്‍ സംസ്ഥാനത്ത് കൃത്യമായ സംവിധാനങ്ങള്‍ നിലവിലില്ല. നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ എല്ലാ സന്ദര്‍ഭങ്ങളിലും സാധിക്കണം. ആഘോഷങ്ങളും പരിപാടികളും തീര്‍ത്ഥാടനവുമെല്ലാം വിവേകത്തോടെ സുരക്ഷയെ മുന്‍നിര്‍ത്തി നടപ്പിലാക്കണം. ഇതിന് ഭരണകൂടവും പൊലീസും സംയുക്തമായി പ്രവര്‍ത്തിക്കുകയും വേണം. ഓരോ അപകടങ്ങളുണ്ടാകുമ്പോഴും സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും ശാശ്വതപരിഹാരങ്ങളൊന്നുംനടപ്പിലാകുന്നില്ലെന്നാണ് ഓരോ അപകടങ്ങളും സൂചിപ്പിക്കുന്നത്.stampede

തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ കൃത്യമായ സുരക്ഷാനിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ കഴിയാത്തതിനാല്‍ ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം നിരവധി ദുരന്തങ്ങള്‍ സംഭവിച്ചു. ഒട്ടേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായി. അടുത്തിടെ ഏതെല്ലാം അപകടങ്ങളാണ് ഇന്ത്യയിലുണ്ടായതെന്ന് നോക്കാം.

കഴിഞ്ഞദിവസം തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശനത്തിന്റെ കൂപ്പണ്‍ വിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ആറ് പേര്‍ മരിച്ചിരുന്നു. ഇതില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. സേലം സ്വദേശിനിയായ മല്ലികയാണ് മരിച്ചവരില്‍ ഒരാള്‍. 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രിയോടെയാണ് തിരുപ്പതി ക്ഷേത്ര പരിസരത്ത് അപകടമുണ്ടായത്.

വൈകുണ്ഠ ഏകാദശിയായതിനാല്‍ തിരക്ക് കണക്കിലെടുത്ത് താഴെ തിരുപ്പതിയിലെ വിവിധയിടങ്ങളിലായി 90 കൗണ്ടറുകളാണ് സജ്ജമാക്കിയിരുന്നത്. ആയിരക്കണക്കിനാളുകള്‍ ഇന്നലെ രാത്രി തന്നെ ക്യൂവില്‍ കാത്തുനിന്നു. ഇത്തരത്തില്‍ കൂപ്പണ്‍ വിതരണ കൗണ്ടറിന് മുന്നിലെ ക്യൂവിലേക്ക് ആളുകളെ കടത്തിവിടുന്നതിനിടെയാണ് തിരക്ക് വര്‍ധിച്ചത്. ആളുകള്‍ ഇടിച്ചുകയറിയതോടെ തിക്കും തിരക്കുമുണ്ടായി. പൊലീസ് ഒരുക്കിയ നിയന്ത്രണങ്ങള്‍ കൊണ്ടൊന്നും തിരക്ക് നിയന്ത്രിക്കാനായില്ല. തിരക്കിനിടെ പലരും നിലത്ത് വീണു. അവര്‍ക്ക് മുകളിലൂടെ മറ്റ് ആളുകള്‍ പരിഭ്രാന്തരായി ഓടിയതോടെ അപകടത്തിന്റെ വ്യാപ്തി കൂടി.

അപകടത്തെ തുടര്‍ന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തിരുപ്പതി തിരുമല ദേവസ്ഥാനം അധികൃതരുമായി സംസാരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സ്ഥലത്തേക്ക് കൂടുതല്‍ പൊലീസുകാരെ എത്തിച്ചത്. പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കാനും നിര്‍ദേശം നല്‍കി. അപകടം നടന്ന ബുധനാഴ്ച രാത്രി ചന്ദ്രബാബു നായിഡു തിരക്ക് ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട് സുരക്ഷ ഒരുക്കാതിരുന്നത് എന്തുകൊണ്ടെന്ന് എസ്പിയോടും കളക്ടറോടും ചോദിച്ചു. അപകടത്തില്‍ മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രസിഡന്റുമായ വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി ഞെട്ടല്‍ രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു.

4000 ത്തിലധികം ഭക്തരെത്താന്‍ സാധ്യതയുള്ള തിരുപ്പതിയിലെ വൈകുണ്ഠ ഏകാദശിയില്‍ 10ദിവസത്തെ പ്രത്യേക ദര്‍ശനത്തിനുള്ള കൂപ്പണ്‍ വിതരണത്തിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് ആറ് പേരുടെ ജീവന്‍ നഷ്ടമായത്.

ഇന്ത്യയില്‍ തിരക്ക് മൂലമുണ്ടായ ദുരന്തങ്ങള്‍

നടന്‍ അല്ലുഅര്‍ജുന്‍ നായകനായ പുഷ്പ 2 സിനിമയുടെ ആദ്യദിന പ്രദര്‍ശനത്തിനിടെ ഹൈദരാബാദ് നഗരത്തിലെ സന്ധ്യ തീയറ്ററില്‍ ഡിസംബര്‍ 4 ന് തിരക്കില്‍ പെട്ട് യുവതിയും മകനും മരിച്ച സംഭവം വലിയ വാര്‍ത്തയായിരുന്നു. സിനിമാപ്രദര്‍ശനത്തിനിടെ അല്ലു അര്‍ജുന്‍ തീയേറ്ററില്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ തിരക്കില്‍ പെട്ടാണ് ദുരന്തമുണ്ടായത്.തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കാത്തതിന് തിയേറ്റര്‍ ഉടമകള്‍, അല്ലു അര്‍ജുന്‍, നടന്റെ സുരക്ഷാ സംഘാംഗങ്ങള്‍ എന്നിവര്‍ക്കെതിരെ നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്.

Post Thumbnail
സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രധാനമന്ത്രി; മന്‍മോഹന്‍ സിങിന്റെ ജീവിതരേഖവായിക്കുക

കേരളത്തിലെ കൊച്ചിന്‍ ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ ഓഡിറ്റോറിയത്തില്‍ ധിഷ്ണ എന്ന പേരില്‍ സംഘടിപ്പിച്ച ടെക് ഫെസ്റ്റിന്റെ അവസാന ദിനത്തില്‍ വൈകീട്ട് ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ സംഗീത സന്ധ്യ ഉണ്ടായിരുന്നു. പടിക്കെട്ടുകളുള്ള ഓപ്പണ്‍ ഓഡിറ്റോറിയത്തിലായിരുന്നു ഗാനമേള. ഓഡിറ്റോറിയത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ പേരെത്തി തിരക്ക് വര്‍ധിച്ചു. നിലതെറ്റിയവര്‍ പടിക്കെട്ടുകളില്‍ താഴെവീഴുകയും അത് പിന്നാലെ മറ്റുള്ളവര്‍ വന്ന് വീഴുകയും ചെയ്തതോടെ മരണത്തിനും ഗുരുതരപരുക്കുകള്‍ക്കും കാരണമായി. സര്‍വകലാശാല അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയാണുണ്ടായത്. പരിപാടി നടക്കുമ്പോള്‍ ബാരിക്കേഡ് നല്‍കിയിരുന്നില്ല. ദുരന്തസാധ്യത മുന്‍കൂട്ടികണ്ടുള്ള നിയന്ത്രണങ്ങള്‍ അധ്യാപകരുടെ ഭാഗത്ത് നിന്നുണ്ടായില്ല.

കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന് അകത്ത് ബോംബ് വെച്ച് ഭീകരാക്രമണം നടത്തിയതിന് പുറകെ എല്ലാ ഓഡിറ്റോറിയങ്ങളും അപകടങ്ങള്‍ സംഭവിച്ചാല്‍ കൈക്കൊള്ളേണ്ട അടിയന്തര നടപടികളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ കൈമാറിയിരുന്നു. പക്ഷേ ഇവയൊന്നും കര്‍ശനമായി പാലിക്കപ്പെടുന്നില്ല.

ശബരിമലയില്‍ മകരജ്യോതി ദര്‍ശിച്ച് അയപ്പന്മാര്‍ മലയിറങ്ങുമ്പോള്‍ അപകടങ്ങളുണ്ടാകുന്നത് പതിവാണ്. 1999 ജനുവരി 14 ന് മകരജ്യോതി നാളില്‍ പമ്പ ബേസ് ക്യാമ്പിലുണ്ടായ ആള്‍ക്കൂട്ടത്തില്‍ പെട്ട് 53 പേരാണ് മരിച്ചത്. ഇതില്‍ ഭൂരിഭാഗവും കേരളത്തിന് പുറത്തുനിന്നെത്തിയ തീര്‍ത്ഥാടകരായിരുന്നു. 1952 ജനുവരി 14 ന് സന്നിധാനത്ത് വെടിമരുന്നിന് തീപിടിച്ച് 64 പേര്‍ മരിച്ചതാണ് ആദ്യസംഭവം. വെടിമരുന്ന് സൂക്ഷിച്ച ഷെഡ്ഡിന് ഉച്ചയ്ക്ക് 3.30 നാണ് അന്ന് തീപിടിച്ചത്.

കോഴിക്കോട് സംഗീത നിശക്കിടെ ബാരിക്കേഡ് തകര്‍ത്ത് ആളുകള്‍ ഇരച്ചെത്തിയ സംഭവത്തില്‍ 70 പേര്‍ക്ക് പരിക്കേറ്റിരുന്നു.

ഡല്‍ഹിയിലെ ഹത്രാസ് ജില്ലയിലെ ഗ്രാമത്തില്‍ തിക്കിലും തിരക്കിലും പെട്ട് 25,000 ആളുകള്‍ തടിച്ചുകൂടിയതായി പൊലീസ് രേഖയില്‍ പറയുന്നു. 2005 ജനുവരിയില്‍ മഹാരാഷ്ട്രയില്‍ വായ് പട്ടണത്തില്‍ മന്ധര്‍ദേവി ക്ഷേത്രത്തിലുണ്ടായ തിരക്കില്‍ പെട്ട് 265 ലധികം ഭക്തര്‍ മരിക്കുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്ഷേത്രത്തിലേക്കുള്ള വഴി മോശമായതും തെന്നിപ്പോകുന്നതുമായതിനാല്‍ തിരക്കുണ്ടായതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2008 ഓഗസ്റ്റില്‍ ഹിമാചല്‍പ്രദേശിലെ മലമുകളിലെ നൈനാ ദേവി ക്ഷേത്രത്തില്‍ മണ്ണിടിച്ചിലുണ്ടായി എന്ന അഭ്യൂഹത്തെ തുടര്‍ന്ന് ആള്‍ക്കൂട്ടത്തില്‍ പെട്ട് 145 ഓളം പേര്‍ മരണമടഞ്ഞിരുന്നു.

2008 സെപ്റ്റംബറില്‍ രാജസ്ഥാനിലെ വടക്കന്‍ മരുഭൂമിയിലെ ചാമുണ്ഡഗര്‍ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തീര്‍ത്ഥാടകരെത്തിയപ്പോഴുണ്ടായ തിരക്കില്‍ 250 പേരുടെ ജീവന്‍ നഷ്ടമായി.

2013 ല്‍ ഉത്തര്‍പ്രദേശില്‍ രണ്ട് മാസത്തിനിടെ 100 ദശലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ഒത്തുചേരുന്ന കുംഭമേളയില്‍ കൂടുതല്‍ പേരെത്തിയതിനെ തുടര്‍ന്നുണ്ടായ തിരക്കില്‍ പെട്ട് 36 തീര്‍ത്ഥാടകര്‍ മരിച്ചിരുന്നു. മരിച്ചവരില്‍ 27 പേര്‍ സ്ത്രീകളാണ്.കുംഭമേളയ്ക്കിടെയുണ്ടാകുന്ന ആള്‍ക്കൂട്ട ദുരന്തം വര്‍ഷങ്ങളായി പതിവായിക്കൊണ്ടിരിക്കുകയാണ്.

നവംബര്‍ 2013 ല്‍ നവരാത്രി ആഘോഷിക്കാന്‍ 1,50,00ത്തിലധികം ആളുകള്‍ ഒത്തുകൂടിയതിനെ തുടര്‍ന്ന് മധ്യപ്രദേശിലെ രത്തന്‍ഗഡ് ക്ഷേത്രത്തിലുണ്ടായ അഭൂതമായ തിരക്കില്‍ പെട്ട് 115 പേര്‍ മരിക്കുകയും 100ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Post Thumbnail
എന്താണ് നീറ്റ് വിവാദം; അറിയേണ്ടതെല്ലാംവായിക്കുക

2022 ജനുവരി ജമ്മു കാശ്മീരിലെ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലെ ആള്‍ക്കൂട്ടത്തില്‍ പെട്ട് 12 പേര്‍ മരിക്കുകയും കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമില്‍ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവന്‍ ഡോ. മുരളി തുമ്മാരുകുടി കുസാറ്റ് ദുരന്തത്തിന് ശേഷം എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെയാണ്. ‘ആളുകള്‍ തടിച്ചുകൂടുന്ന മേളകളിലും സമ്മേളനങ്ങളിലും വേണ്ടത്ര ക്രൗഡ് മാനേജ്‌മെന്റ് നടത്തുക, മുന്‍കൂര്‍ ഇവാക്വേഷന്‍ പ്ലാന്‍ ചെയ്യുക എന്നതൊന്നും കേരളത്തില്‍ പതിവില്ല.’ അപകടങ്ങളെ മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കാന്‍ രാജ്യത്തടക്കം കൃത്യമായ സംവിധാനങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും ആവശ്യമാണ്.stampede

content summary; Major stampedes that have occurred in India over the years

×