കേരളത്തിലെ കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന തിരുവാർപ്പ് പഞ്ചായത്തിലെ വളരെ ചെറിയ ഒരു ഗ്രാമമാണ് മലരിക്കൽ. എല്ലാ വർഷവും മലരിക്കലിലെ ആമ്പൽപ്പാടം കാണാൻ വിദേശികളും സ്വദേശികളുമായി നിരവധി വിനോദസഞ്ചാരികളാണ് എത്തിച്ചേരുന്നത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ആമ്പൽ പൂക്കളുടെ വിരുന്ന് കാണാനെത്തിയ ആളുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതായി കണക്കുകൾ പറയുന്നു. മത്സ്യബന്ധനം, കൃഷി, വിനോദ സഞ്ചാരം എന്നിവയാണ് മലരിക്കലിന്റെ പ്രധാന സാമ്പത്തിക സ്രോതസ്. പിങ്ക് നിറത്തിൽ പരന്നു കിടക്കുന്ന ആമ്പൽപ്പാടം കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണ്. മലരിക്കലിന് പുറമെ സമീപത്തെ മറ്റു പാടങ്ങൡും ആമ്പലുകൾ നിറഞ്ഞിട്ടുണ്ട്. Malarikkal water lilly festival
മലരിക്കൽ കേരളത്തിലെ ആളുകൾക്കിടയിൽ പോലും അറിയപ്പെട്ടു തുടങ്ങിയത് ആമ്പൽപ്പാടത്തിന്റെ പശ്ചാത്തലത്തിലാണ്. ആമ്പൽപ്പാടത്തിലെത്തി കയ്യിൽ പൂവ് പിടിച്ച ചിത്രമെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവക്കുന്നതാണ് പുതിയ ട്രെൻഡ്.
തിരുവാർപ്പ് പഞ്ചായത്തിലെ 1800 ഏക്കറുള്ള ജെ ബ്ലോക്ക് ഒൻപതിനായിരം, 950 ഏക്കറുള്ള തിരുവായിക്കരി പാടശേഖരത്താണ് ആമ്പലുകൾ വിരിയുന്നത്. 2 മാസത്തോളം നീണ്ടു നിൽക്കുന്ന ഈ കാഴ്ച്ച സഞ്ചാരികളെ ആകർഷിക്കുന്നതാണ്. കായലോ പുഴയോ അല്ലാത്തതിനാൽ ആഴക്കൂടുതൽ മൂലമുള്ള അപകടങ്ങളെയും പേടിക്കേണ്ടതില്ല.Malarikkal water lilly festival
മലരിക്കലിലെ നാട്ടുകാരുടെയും, ഭരണാധികാരികളുടെയും ദീർഘവീക്ഷണത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഫലമാണ് ഇപ്പോൾ അവിടെയുണ്ടാകുന്ന ജനത്തിരക്കിന്റെ പ്രധാന കാരണം. ജനങ്ങളുടെ കൂട്ടായ്മയിലൂടെ ചെറിയ പ്രദേശങ്ങളിൽ പോലും അത്ഭുതകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നതിന് ഉത്തമ ഉദാഹരണമാണിത്. മലരിക്കലെ ആമ്പൽപ്പാടം സന്ദർശിക്കാനെത്തിയ മന്ത്രി എം ബി രാജേഷ് അവിടുത്തെ കാഴ്ച്ചകളിൽ ഏറെ സന്തോഷവാനാണ്. കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിൽ ഇത്രയും മനോഹരമായ ഒരു വിനോദസഞ്ചാര കേന്ദ്രം നിലനിർത്തിയതിന് പ്രദേശവാസികളെ മന്ത്രി പ്രശംസിച്ചു.
സാധാരണ കൃഷിക്ക് ദോഷം വരുത്തുന്ന ഒരു ചെടിയാണ് ആമ്പലിന്റേത്, കർഷകർ ഏത് വിധേനയും ഇത് നശിപ്പിച്ച് കളയാനുള്ള ശ്രമങ്ങളാണ് നടത്താറുള്ളത്. എന്നാൽ മലരിക്കലെ കർഷകർ കൃഷിയെ ബാധിക്കാത്ത രീതിയിൽ പ്രാദേശിക ടൂറിസത്തിന്റെ വളർച്ചക്ക് വഴി തെളിച്ചു. ആമ്പൽപ്പാടം ടൂറിസ്റ്റുകളുടെ കാഴ്ച്ചക്ക് കുളിർമയേകിയപ്പോൾ പ്രദേശവാസികൾക്ക് അതൊരു വരുമാന മാർഗമായി മാറി. ടൂർ ഗൈഡുകളായും, വള്ളക്കാരായുമൊക്കെ നിരവധി ആളുകൾക്കാണ് തൊഴിലവസരങ്ങൾ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസം കൊണ്ട് ഒരു കോടി രൂപയുടെ വരുമാനമാണ് വിനോദ സഞ്ചാരത്തിൽ നിന്ന് മാത്രം മലരിക്കൽ സമ്പാദിച്ചത്. പ്രദേശവാസികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ടൂറിസം സൊസൈറ്റി പുറത്ത് വിട്ട കണക്കാണിത്.
പൂ വിൽപ്പന, പാർക്കിങ് ഫീസ്, വള്ളത്തിൽ യാത്ര ചെയ്യാനുള്ള ഫീസ് എന്നിവയാണ് പ്രധാന വരുമാന മാർഗങ്ങൾ. ഈ പണമെല്ലാം പ്രദേശവാസികളുടെ കൈകളിലേക്ക് നേരിട്ട് എത്തുന്നു എന്നതും ആകർഷണീയമായ കാര്യമാണ്. ഓഗസ്റ്റ് മാസം മുതൽ ഒക്ടോബറിന്റെ പകുതി വരെയൊക്കെയാണ് ആമ്പൽ വസന്തത്തിന്റെ പ്രതാപകാലം. ഇത്തവണ തിരുവായിക്കരി പാടത്താണ് ഏറ്റവും കൂടുതൽ പൂവുകൾ ഉള്ളത്.
ഒക്ടോബർ 15 വരെ അവിടെ വള്ളത്തിൽ യാത്ര ചെയ്തുകൊണ്ട് ആമ്പൽപ്പാടം സന്ദർശിക്കാനാകും. 120 വള്ളങ്ങൾ ഈ വർഷം മലരിക്കൽ ടൂറിസം സൊസൈറ്റിയിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒരു മണിക്കൂറിന് ഒരാൾക്ക് 100 രൂപ എന്ന നിരക്കിലാണ് പഞ്ചായത്ത് വള്ളയാത്രക്കുള്ള ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനു പുറമേ കൂടുതൽ ദൂരം പോകണമെങ്കിൽ 1000 രൂപ നിരക്കിൽ വള്ളം വാടകക്ക് എടുക്കാൻ സാധിക്കും.
എല്ലാ വർഷവും കൊയ്ത്ത് കഴിഞ്ഞ് പാടത്ത് വെള്ളം കയറ്റുമ്പോഴാണ് ആമ്പൽ കിളിർത്തുടങ്ങുന്നത്. വർഷത്തിൽ ഒരിക്കൽ മാത്രമാണ് പൂ വിരിയുന്നത്. ഒക്ടോബർ പകുതി മുതൽ മാർച്ച് വരെ നെൽകൃഷിയായിരിക്കും. രാവിലെ 6 മുതൽ 10 വരെയാണു മലരിക്കലിൽ ആളുകൾ എത്തുന്നത്. പത്തുമണിക്ക് ശേഷം പൂക്കൾ വാടും.
Content summary; Malarikkal water lilly festival