UPDATES

മലയാള താര സംഘടനയുടെ കഥ: ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഫ്‌ളാഷ് ബാക്ക്

വിജയിച്ചിട്ടും താരസംഘടന തോല്‍പ്പിച്ച വിജയശ്രീ, പരിഷകള്‍ എന്ന് പരിഷത്തിനെ വിളിച്ച പിജെ ആന്റണി

Avatar

അമർനാഥ്‌

                       

പി. ജെ. ആന്റണിയെ കുറിച്ച് പറഞ്ഞു വേണം മലയാള സിനിമാ സംഘടന ചരിത്രം ആരംഭിക്കാന്‍. അര നൂറ്റാണ്ട് മുന്‍പ്, 1974 ല്‍ ഭരത് അവാര്‍ഡ് നേടിയ ആന്റണിയെ ആദരിക്കാന്‍ അന്നത്തെ ചലച്ചിത്രകലാകാരന്മാരുടെ ഏക സംഘടനയായ ചലച്ചിത്ര പരിഷത്ത് തീരുമിനിച്ചു. അംഗങ്ങള്‍ നേരിട്ട് വന്ന് ആന്റണിയോട് വിവരം പറഞ്ഞു. അന്ന് ഭരത് അവാര്‍ഡിന് സമ്മാന തുക ഉണ്ടായിരുന്നില്ല; ശില്‍പ്പവും സര്‍ട്ടിഫിക്കറ്റുമേയുള്ളൂ. അതിനാല്‍ 25,000 രൂപ നല്‍കി ആദരിക്കാനായിരുന്നു പരിഷത്തിന്റെ തീരുമാനം. അര നൂറ്റാണ്ട് മുന്‍പുള്ള ഇരുപത്തി അയ്യായിരം!. ആന്റണി പറഞ്ഞു, ”എനിക്ക് സൗജന്യമൊന്നും വേണ്ട. ഞാന്‍ അഭിനയിച്ച വകയില്‍ കിട്ടാനുള്ള കാശ് നിര്‍മാതാവിന്റെ പക്കല്‍ നിന്ന് വാങ്ങിച്ച് തന്നാല്‍ മതി”. വ്യക്തികളായ നിര്‍മാതാക്കള്‍ തരാനുള്ള കാശിന്റെ കാര്യത്തില്‍ പരിഷത്തിന് എന്ത് ചെയ്യാന്‍ പറ്റും എന്നായിരുന്നു ഭാരവാഹികളുടെ മറുപടി.

malayalam chalachitra parishad

‘ഒരു കലാകാരന് കിട്ടേണ്ട കാശ് വാങ്ങി കൊടുക്കാന്‍ കഴിയില്ലെങ്കില്‍, പിന്നെന്തിനാണീ പരിഷത്തും പരിഷകളുമൊക്കെ?’ ആന്റണി പൊട്ടിത്തെറിച്ചു. ഏറെ നിര്‍ബന്ധിച്ചിട്ടും ആദരം ഏറ്റുവാങ്ങാന്‍ ആന്റണി തയാറായില്ല. മലയാള ചലച്ചിത്ര സംഘടന വെറും കടലാസ് സംഘടനയാണെന്ന് തുറന്നടിച്ച ആദ്യത്തെ നടനായിരുന്നു പി.ജെ ആന്റണി. നാടകരംഗത്തെ നേരും നെറികേടും ധാരാളം കണ്ട ആന്റണി ഒരിക്കലും ഒരു സ്ഥാപനത്തോടോ പ്രത്യയ ശാസ്ത്രത്തോടോ പൂര്‍ണമായും സമരസപ്പെടാന്‍ കഴിയാത്ത കലാകാരനായിരുന്നു. നാടകത്തിലും സിനിമയിലും അഭിനയിക്കാനെത്തിയപ്പോഴും തന്റെ കലാപവാസന തുടര്‍ന്നു. അജ്ഞതയെ പൊറുപ്പിക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ അത് അഹങ്കാരമാക്കി പ്രദര്‍ശിച്ചവരെ ആന്റണി വെറുതെ വിട്ടിരുന്നില്ല.

p j antony
പി ജെ ആന്റണി

അതേ വര്‍ഷം തന്നെ വിജയശ്രീയെന്ന മലയാള താരസുന്ദരി സിനിമാരംഗത്തെ ഞെട്ടിച്ചു കൊണ്ട് ആത്മഹത്യ ചെയ്തു. ആ മരണത്തിന്റെ ദുരുഹതകള്‍ നീക്കാന്‍ സംഘടന അന്ന് ഒരു ശ്രമവും നടത്തിയില്ല. മദ്രാസില്‍ സ്വാധീനമുള്ള നിര്‍മാതാക്കളും സംവിധായകരും അനങ്ങിയില്ല. ലക്ഷക്കണക്കിന് ആരാധകരുണ്ടായിരുന്ന യുവാക്കളുടെ ഹരമായിരുന്ന തെന്നിന്ത്യയിലെ ‘മര്‍ലിന്‍ മണ്‍റോ’ എന്ന് സിനിമാ വാരികകള്‍ പേരിട്ട് വിളിച്ച നടി വിജയശ്രീയുടെ മൃതശശീരം മോര്‍ച്ചറിയില്‍ നിന്ന് ഒപ്പിട്ട് വാങ്ങാന്‍ സിനിമ സംഘടനയില്‍ നിന്ന് ഒരാള്‍ പോലും എത്തിയില്ല. ഒടുവില്‍ മലയാള സിനിമാ വാരികയുടെ മദ്രാസിലെ രണ്ട് ലേഖകരാണ് ഒപ്പിട്ട് കൊടുത്ത് മോര്‍ച്ചറിയില്‍ നിന്ന് ബോഡി എറ്റെടുത്ത് ബന്ധുക്കള്‍ക്ക് നല്‍കിയത്. വളരെ വാര്‍ത്താ പ്രാധാന്യം നേടിയതിനാല്‍ ആ മരണം അന്വേഷിച്ചത് തമിഴ്‌നാട് ക്രൈം ബ്രാഞ്ച് ആയിരുന്നു. പരിഷത്ത് അതില്‍ മുന്‍കൈ എടുത്ത് കാരണക്കാരെ വെളിച്ചത്ത് കൊണ്ടുവരാന്‍ ഒരു ശ്രമവും നടത്തിയില്ല. അതോടെ വിജയശ്രീ കേസ് സാധാരണ ആത്മഹത്യയായി അവസാനിച്ചു.

vijayashree
വിജയശ്രീ

സിനിമാ സംഘടനകളുടെ പരിമിതിയും ദൗര്‍ബല്യവും അന്നേ വെള്ള കടലാസ് പോലെ തെളിഞ്ഞതാണ്. വ്യക്തമായ നിയമങ്ങളോ, അത് നടപ്പിലാക്കാന്‍ ശക്തമായ ഒരു സംവിധാനമോ മലയാള സംഘടനയായ പരിഷത്തിന് ഇല്ലായിരുന്നു. ഒന്നാമതായി മദ്രാസിലാണ് അക്കാലത്ത് മലയാള സിനിമകളുടെ എല്ലാ പ്രവര്‍ത്തനവും നടക്കുന്നത്. സിനിമയുടേയോ അതിലെ കലാകാരന്മാരുടേയോ ഉന്മനത്തിന് വേണ്ടി എന്തെങ്കിലും സര്‍ക്കാര്‍ വഴി ചെയ്യാന്‍ ആരും ശ്രമിച്ചിരുന്നില്ല. എങ്കിലും അന്ന് മദ്രാസില്‍ മലയാള ചലചിത്ര രംഗത്ത് സജീവമായിരുന്ന പി. ഭാസ്‌കരന്‍, തോപ്പില്‍ ഭാസി എന്നിവരൊക്കെ കേരളത്തില്‍ സിനിമക്ക് വേണ്ടി സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യണം എന്ന് ആവശ്യപ്പെട്ടതിന്റെ ഫലമായി 1971 ല്‍ അന്നത്തെ മുഖ്യമന്ത്രിയായ സി. അച്യുത മേനോന്‍ പൊതുമേഖലയില്‍ സിനിമാ സ്റ്റുഡിയോയെ കുറിച്ച് പഠന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് വന്ന് പിന്നെയും നാല് വര്‍ഷം കഴിഞ്ഞാണ് കേരള ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ തിരുവനന്തപുരത്ത് സ്ഥാപിതമാകുന്നത്.

രാമു കാര്യാട്ടിന്റെ ‘ചെമ്മീന്‍’ സ്വര്‍ണപ്പതക്കം നേടിയ 60 കളുടെ പകുതിയിലും തെക്കേ ഇന്ത്യയിലെ സിനിമയുടെ സിരാകേന്ദ്രമായിരുന്ന മദ്രാസിലെ സിനിമാ നിര്‍മാണ രംഗത്ത്, അവിടെ നിര്‍മിക്കുന്ന തെലുങ്ക്, തമിഴ് പടങ്ങളെ അപേക്ഷിച്ച് മലയാള സിനിമ ശൈവത്തിലായിരുന്നു. കുറഞ്ഞ ബഡ്ജറ്റ്, ചെറിയ സംവിധാനങ്ങള്‍ തമിഴനും തെലുങ്കനും തങ്ങളുടെ പടത്തിന് ഒരുക്കുന്ന കൂറ്റന്‍ സെറ്റുകള്‍ ഉപയോഗിച്ച് കഴിഞ്ഞ് പൊളിക്കുന്നതിന് മുന്‍പ് മലയാള സിനിമയ്ക്കായ് കുറഞ്ഞ റേറ്റില്‍ നല്‍കുന്ന ഔദാര്യമായിരുന്ന അന്നത്തെ മലയാള സിനിമയിലെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളിലെ മണിമാളികകള്‍. രാത്രി രണ്ട് മണിക്ക് മുഖത്ത് ചായം തേച്ച് മലയാള നടി നടന്മാര്‍ വന്ന് അഭിനയിച്ചു. ആ കാലത്ത് സംവിധാനം പഠിക്കാന്‍ മദ്രാസിലെ സെറ്റുകളിലുണ്ടായിരുന്ന, ഇതേക്കുറിച്ച് നന്നായി അറിയാവുന്ന സത്യന്‍ അന്തിക്കാട് എഴുതിയിട്ടുണ്ട്; ‘ഒരുപാട് പേര്‍ ഉറക്കമൊഴിച്ചതിന്റെ ഉണര്‍ച്ചയായിരുന്നു അന്നത്തെ മലയാള സിനിമകള്‍’.

താരതമേന്യ, താരമൂല്യമില്ലാത്ത മലയാള നടന്മാര്‍ക്ക് കാള്‍ ഷീറ്റോ, ഷെഡ്യൂളോ അന്ന് ഇല്ല. പ്രൊഡക്ഷന്‍ ചുമതലക്കാരന്‍ വന്ന് ചോദിക്കുന്നു ‘അഞ്ഞുറു രൂപയുടെ സീന്‍ ഉണ്ട് അഭിനയിക്കുന്നോ’, അത് നൂറ്റമ്പത് രൂപയാകാം – നിവൃത്തി കേടുകൊണ്ട് സമ്മതിക്കുന്നു. അയാളുടെ കമ്മീഷന്‍ കഴിച്ചുള്ള തുകയാണ് നടന്റെ അല്ലെങ്കില്‍ നടിയുടെ പ്രതിഫലം. അന്നത്തെ മലയാളത്തിലെ സൂപ്പര്‍ താരവും ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നിത്യഹരിത നായകനായ പ്രേംനസീര്‍ അമ്പതിനായിരം രൂപയില്‍ താഴെ വാങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ സമകാലീനനായ തെലുങ്ക് സൂപ്പര്‍താരം എന്‍.ടി. രാമറാവു ഒരു ദിവസത്തിന് പ്രതിഫലം വാങ്ങിയത് ഒരു ലക്ഷം രൂപയായിരുന്നു. തമിഴില്‍ മറ്റൊരു സൂപ്പര്‍ താരമായ മക്കള്‍ തിലകം എം.ജി.ആര്‍ അഭിനയിച്ചത് തന്നെ സ്വന്തം നിര്‍മാണ കമ്പനിയുടെ പടങ്ങളിലും. അതായിരുന്നു മലയാള സിനിമയുടെ പരിതാപകരമായ അന്നത്തെ അവസ്ഥ. സ്വാഭാവികമായും സംഘടനയുടെ വലുപ്പവും സ്വാധീനവും എത്ര വരുമെന്ന് ഊഹിക്കാം. കേരളത്തില്‍ ഒരു ഉദയയോ ഒരു മെറിലാന്റോ, മഞ്ഞിലാസോ ഒഴിച്ചാല്‍ മലയാള നിര്‍മാണ രംഗത്ത് സ്ഥിരമായി സിനിമക്ക് കാശിറക്കാവുന്ന പ്രബലര്‍ ഇല്ലായിരുന്നു. പ്രസിഡന്റിന്റെ സ്വര്‍ണ്ണ മെഡല്‍ നേടിയ മെഗാഹിറ്റായ, കാശ് വാരിയ ‘ചെമ്മീന്‍’ നിര്‍മിച്ച കണ്‍മണി ഫിലിംസിന്റെ ബാബുസേട്ട് എന്ന കണ്‍മണി ബാബു അടുത്ത പടമായ ‘ഏഴു രാത്രികള്‍’ പരാജയപ്പെട്ടതോടെ സിനിമാ നിര്‍മ്മാണം അവസാനിപ്പിച്ചിരുന്നു.

മദ്രാസില്‍ നിലയുറപ്പിച്ചിരുന്ന മലയാള സിനിമാ വ്യവസായം അക്കാലത്ത് ജാതിയ-രാഷ്ട്രീയ ഇടപെടലുകളില്‍ നിന്ന് വിമുക്തമായിരുന്നു. ഇന്ന് മലയാളത്തില്‍ ആരോപിക്കപ്പെടുന്ന ഗ്രൂപ്പ് കളി അഭിനേതാക്കളുടെ ഇടയില്‍ ഒരളവുവരെ കുറവുമായിരുന്നു. ചലച്ചിത്ര നിര്‍മാണത്തിലെ രണ്ട് പ്രബലരായിരുന്നു ആലപ്പുഴയിലെ ഉദയായുടെ കുഞ്ചാക്കോയും തിരുവനന്തപുരത്തെ മെറിലാന്റ് സ്റ്റുഡിയോ ഉടമ സുബ്രഹ്‌മണ്യവും. വന്‍കിട നിര്‍മാതാക്കളായ ഇരുവരും ചേരിതിരിഞ്ഞ് മത്സരിച്ച് പടം ഇറക്കിക്കൊണ്ടിരുന്നു. ഇവരുടെ പടങ്ങളില്‍ അഭിനയിച്ച വിജയശ്രീ ആ വടംവലിയില്‍ ഇരയായി. അവരെ ജീവനൊടുക്കുന്നതിലേക്ക് നയിച്ച കാരണങ്ങളിലൊന്ന് ഈ രണ്ട് വമ്പന്മാരുടെ മത്സരമാണെന്ന ഒരു വാര്‍ത്ത അന്ന് പ്രചരിച്ചിരുന്നു.

T E Vasudevan, M O Joseph
ടി ഇ വാസുദേവന്‍, എം ഒ ജോസഫ്‌

ചലച്ചിത്ര പരിഷത്ത് സിനിമാ സംഘടനയാകട്ടെ ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ലാത്ത മട്ടില്‍ പ്രവര്‍ത്തിച്ചു. അന്നത്തെ വമ്പന്‍മാരായ ജയമാരുതിയുടെ ടി. ഇ വാസുദേവന്‍ മഞ്ഞിലാസ് നിര്‍മാണ കമ്പനിയുടമ എം.ഒ. ജോസഫ് എന്നിവരായിരുന്നു പരീക്ഷത്തിന്റെ സാരഥികള്‍. അതീവ സ്വാധീനമുള്ള മലയാള നിര്‍മാതാക്കളായിരുന്നു പരിഷിത്തിനെ നയിച്ചിരുന്നതെങ്കിലും വിജയശ്രീയുടെ മരണത്തില്‍ മലയാള ചലച്ചിത്ര സംഘടന നിഷ്‌ക്രിയരായിരുന്നു.

അക്കാലത്ത് പുറത്ത് വന്ന ഉദയായുടെ പൊന്നാപുരം കോട്ട എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ വിജയശ്രീയുടെ കുളി സീനിനെ ച്ചൊല്ലി ആ നടിയും ഉദയായും തമ്മില്‍ തെറ്റി. തന്റെ ഭാവിയെ ബാധിക്കുന്ന വളരെ സെക്‌സിയായ ആ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന വിജയശ്രീയുടെ അപേക്ഷ ഉദയാ കേട്ടില്ല. അതേ ചിത്രത്തിന്റെ നിരൂപണം വന്ന നാന വാരികയുമായും കുഞ്ചാക്കോ ഉടക്കി. കോടതിയില്‍ കേസുമായി. ഇതേ സമയത്ത് തന്നെ പ്രേം നസീര്‍ തന്നെ വിമര്‍ശിക്കുന്ന നാന വാരികയുമായി തെറ്റിപ്പിരിഞ്ഞു.

നാനയെ ബഹിഷ്‌ക്കരിക്കണമെന്ന പ്രമേയം സിനിമാ സംഘടനയായ പരിഷത്തിനെ കൊണ്ട് പാസാക്കാന്‍ സ്വാധീനമുപയോഗിച്ച് നസീറിന് കഴിഞ്ഞു. പുതിയതായി ആരംഭിച്ച നാനാ വാരികയുടെ പ്രചാരത്തിലും വളര്‍ച്ചയിലും അസൂയാലുവായ മലയാളത്തിലെ ആദ്യത്തെ സിനിമാ പ്രസിദ്ധീകരണങ്ങളിലൊന്നായ ‘സിനിമാ മാസിക’ എതിരാളിയായ നാനയെ തകര്‍ക്കാന്‍ നസീറിനെ പിന്താങ്ങി. ഇതൊക്കെ യോഗം വിളിച്ച് പരിഹരിക്കേണ്ട പ്രശ്‌നമാണെന്ന് ഒരു ഘട്ടത്തിലും ചലച്ചിത്ര പരിഷത്തിന്റെ ഭാരവാഹികള്‍ക്ക് തോന്നിയില്ല. സംഘടനയുടെ എക്‌സിക്യൂട്ടിവ് മെമ്പറായ പ്രേം നസീറിനെ കണ്ണടച്ച് പിന്തുണയ്ക്കുകയെന്ന ഹീനകൃത്യമാണ് അവര്‍ സ്വീകരിച്ചത്.

prem nazir with vijayashree
വിജയശ്രീ, പ്രേം നസീര്‍

വിജയശ്രീയെന്ന നടിക്കാകട്ടെ ഈ മൂന്ന് പവര്‍ ഗ്രൂപ്പിന്റെ വടം വലിയില്‍ പെട്ട് അഭിനയിക്കാനുള്ള അവസരങ്ങള്‍ നഷ്ടമായി. നാനയില്‍ പ്രേം നസീറിനെ നിശിതമായി വിമര്‍ശിച്ച് കൊണ്ട് വിജയശ്രീയുടെ ഒരു അഭിമുഖം ആ സമയത്ത് അച്ചടിച്ച് വന്നിരുന്നു. അതോടെ നാനയും പ്രേംനസീറും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അവര്‍ ഇരയായി. ഫോണിലുടെയും അല്ലാതെയും ഭീഷണികള്‍ അവരെ തേടിയെത്തി.

ഒടുവില്‍ മൂന്ന് പവര്‍ ഗ്രൂപ്പുകളും ഒത്ത് തീര്‍പ്പിലായപ്പോള്‍ സമര്‍ദ്ദത്തിലായ അവര്‍ ജീവനൊടുക്കി. തിരക്കേറിയ താരപദവിയിലേക്ക് ഉയരുകയായിരുന്ന ഇരുപത് വയസ് മാത്രം പ്രായമായ വിജയശ്രീയെന്ന
നടി അങ്ങനെ ദുരന്ത നായികയായി അവസാനിച്ചു. ഇത് ജനശ്രദ്ധയിലെത്തിക്കാന്‍ സമൂഹ്യമാധ്യമങ്ങള്‍ അന്ന് ഇല്ലായിരുന്നത് ഈ പവര്‍ ഹൗസുകളുടെ ഭാഗ്യം. അല്ലെങ്കില്‍ കൊടി കെട്ടിയ മലയാള താരവിഗ്രഹങ്ങള്‍ അന്നേ ഉടയാന്‍ തുടങ്ങിയേനെ. അന്വേഷണ ഏജന്‍സികളും, രാഷ്ട്രീയക്കാരും അന്നും ജീവനോടെ ഉണ്ടായിട്ടും വിജയശ്രീയുടെ മരണത്തിന് കാരണമായവര്‍ രക്ഷപ്പെട്ടു എന്നതാണ് ഇതിലെ ഓര്‍ക്കേണ്ട ദുഃഖസത്യം.

2010 ല്‍, പ്രശസ്ത നടി കെ. പി. എ. സി. ലളിതയുടെ ആത്മകഥ ‘കഥ തുടരും ‘പുറത്ത് വന്നു. പത്രപ്രവര്‍ത്തകന്‍ ബാബു ഭരദ്വാജ് കേട്ടെഴുതിയ ആത്മകഥയിലെ ‘അറിയപ്പെടാത്ത അടൂര്‍ ഭാസി’ യെന്ന അദ്ധ്യായത്തില്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച, നിരന്തരം വേട്ടയാടിയ പ്രശസ്ത നടന്‍ അടൂര്‍ ഭാസിയെ കുറിച്ച് വിശദമായി പറയുന്നുണ്ട്. ‘ലക്ഷ്യം നേടാന്‍ കഴിയാതെ വന്നപ്പോള്‍ തന്റെ സിനിമാ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ അടൂര്‍ഭാസി ശ്രമിച്ചെന്ന് ലളിത വെട്ടിത്തുറന്ന് പറഞ്ഞിരിക്കുന്നു. സിനിമയിലെ നല്ല തമാശക്കാരനായ അടൂര്‍ ഭാസിയുടെ ഒട്ടും തമാശയല്ലാത്ത കാര്യങ്ങളാണ് അതില്‍ പറയുന്നത്. തന്നെ ദുരുദ്ദേശത്തോടെ സമീപിച്ച നടനെ എതിര്‍ക്കാനോ വിലക്കാനോ ഒരാളും അവരുടെ സഹായത്തിനെത്തിയില്ല. അതിലും വിചിത്രം ചലച്ചിത്രപരിഷത്തിന്റെ അന്നത്തെ പ്രസിഡന്റായ ചലചിത്ര നടന്‍ കെ. പി. ഉമ്മറിന് ലളിത, അടൂര്‍ ഭാസി അപമര്യാദയായി പെരുമാറിയെന്ന പരാതി കൊടുത്തപ്പോള്‍ ഉണ്ടായ സംഭവമാണ്. പരാതി വാങ്ങിയ കെ.പി ഉമ്മര്‍ ലളിതയോട് പറഞ്ഞു; ‘നിനക്ക് നാണമാവില്ലേ ഇങ്ങനെയൊക്കെ ഒരാളെ കുറിച്ച് ആക്ഷേപിച്ചെഴുതാന്‍? അങ്ങേരാര്? നീയാര് ? നിന്നെ അങ്ങേര്‍ക്ക് ഇവിടെ നിന്ന് പറത്താന്‍ കഴിയും’. അതാണ് ചലച്ചിത്ര സംഘടനയുടെ പ്രസിഡന്റിന്റെ നിലപാട്. സിനിമയില്‍ ഭൂരിഭാഗവും വില്ലന്‍ വേഷം ചെയ്ത നടനാണ് കെ.പി ഉമ്മര്‍. ലളിതയെപ്പോലെ നാടകരംഗത്ത് നിന്ന വന്ന നടനുമാണ്. എന്നിട്ടും ആ നടന്റെ വേഷപകര്‍ച്ച യഥാര്‍ത്ഥ ജീവിതത്തിലും വില്ലത്തരമായത് കണ്ട് ലളിത ഞെട്ടി. പതിനാറ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും 100 ഓളം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതുകയും ചെയ്ത തോപ്പില്‍ ഭാസിയായിരുന്നു മദ്രാസില്‍ കെ.പി.എ.സി ലളിതയുടെ രക്ഷിതാവ്. എന്നിട്ടും അവരുടെ അവസ്ഥ ഇതാണെങ്കില്‍ ബാക്കിയുള്ളവരുടെ കഥ എന്തായിരിക്കും? മലയാള സിനിമയിലെ സംഘടനയും നേതാക്കളും ദുരന്ത റീലുകളാണെന്നാണ് മദ്രാസിലെ അന്നത്തെ സംഘടനാ ചരിത്രം പറയുന്നത്.

kpac lalitha-k p ummar-adoor bhasi

1980 മെയ് 1, മലയാള ചലച്ചിത്ര രംഗം ഒരിക്കല്‍ കൂടി ഞെട്ടിയ ദിവസമായിരുന്നു. ഉര്‍വശി അവാര്‍ഡ് നേടിയ 18 വയസു മാത്രം പ്രായമുള്ള ശോഭ മദ്രാസിലെ വീട്ടില്‍ തൂങ്ങി മരിച്ചു. ഒരു മാസം മുന്‍പാണ് ഛായഗ്രാഹകനായ ബാലു മഹേന്ദ്ര അവരെ വിവാഹം ചെയ്തത്. ആ അസ്വാഭാവിക മരണവും ആത്മഹത്യയാക്കാനായി കളികള്‍ നടന്നു. നീലക്കുയിലില്‍ സത്യന്റെ ഭാര്യയായി അഭിനയിച്ച പ്രേമ എന്ന നടിയുടെ മകളാണ് ശോഭ. മൂടുപടത്തിലെ എസ്. ജാനകി പാടിയ പ്രശസ്തഗാനമായ ‘തളിരിട്ട കിനാക്കള്‍ തന്‍ താമര മാല വാങ്ങാന്‍’ എന്ന ഗാനം സിനിമയില്‍ പാടി അഭിനയിച്ച നടിയാണ് സുന്ദരിയായ പ്രേമ. എസ്. കെ. പൊറ്റെക്കാടിന്റെ ബന്ധുവായ അവരെ പൊറ്റെക്കാട് പി. ഭാസ്‌കരനെ പരിചയപ്പെടുത്തിയതോടെ നീലക്കുയിലില്‍ അഭിനയിക്കാന്‍ പ്രേമക്ക് സാധിച്ചു. നല്ല രൂപലാവണ്യമുള്ള അവര്‍ കുറച്ച് ചിത്രങ്ങളില്‍ അഭിനയിച്ച് ശ്രദ്ധേയയായിയെങ്കിലും പിന്നിട് വിവാഹിതയായി സിനിമാരംഗത്ത് നിന്ന് മാറി നിന്നു. ഏറെ താമസിയാതെ ഒരേയൊരു മകളായ ശോഭയെയും കൊണ്ട് പ്രേമ സിനിമാ രംഗത്ത് തിരിച്ചെത്തി. 1969 ല്‍ പി വേണു സംവിധാനം സംവിധാനം ചെയ്ത ‘ഉദ്യോഗസ്ഥ’ യിലാണ് ബാല താരമായി ശോഭ സിനിമയില്‍ അരങ്ങേറ്റം നടത്തുന്നത്. പ്രേമയും അതില്‍ അഭിനയിച്ചു.

prema
പ്രേമ

പിന്നീട് 1976 ല്‍ പുറത്ത് വന്ന ജി. എന്‍. പണിക്കര്‍ സംവിധാനം ചെയ്ത ഏകാകിനിയില്‍ പതിനാല് വയസു മാത്രം പ്രായമായ ശോഭ നായികയായി അഭിനയിച്ചു. രവി മേനോനായിരുന്നു നായകന്‍. കലാപരമായി മികച്ച ചിത്രമായ എകാകിനിക്ക് ആ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചു. തുടര്‍ന്ന് ഉള്‍ക്കടല്‍, ശാലിനി എന്റെ കൂട്ടൂകാരി, പാദസരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശോഭ മലയാളത്തിലെ നായിക നടിയായി മുന്‍ നിരയില്‍ സ്ഥാനം നേടി.

ശ്രീലങ്കന്‍ പൗരനായ ബാലു മഹേന്ദ്ര പൂനെ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ നിന്ന് ഛായഗ്രഹണം പഠിച്ചിറങ്ങിയ, ഇന്ത്യയിലെ തന്നെ മികച്ച ക്യാമറാമാനായിരുന്നു. രാമു കാര്യാട്ടിന്റെ ‘നെല്ല്’ എന്ന ചിത്രത്തിലെ ഛായഗ്രഹണം ബാലു മഹേന്ദ്രയെ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഏറ്റവും മികച്ച ഛായഗ്രാഹകന്മാരിലൊരാളാക്കി. ശോഭ അഭിനയിച്ച ഒരു തമിഴ് പടത്തിന്റെ ക്യാമറാമാനായിരുന്ന ബാലു മഹേന്ദ്ര തന്റെ മകളുടെ പ്രായം മാത്രമുള്ള ശോഭയുമായി അടുപ്പം സ്ഥാപിച്ചു. ആദ്യ ഘട്ടത്തില്‍ അങ്കിള്‍ എന്നായിരുന്നു ബാലു മഹേന്ദ്രയെ ശോഭ വിളിച്ചിരുന്നത്. പിന്നീട് ആ ബന്ധം മറ്റൊരു തലത്തിലേക്ക് വളര്‍ന്നു. 1980 ജനുവരിയില്‍ ശോഭ അയാളെ വിവാഹം ചെയ്തു. ബാലു മഹേന്ദ്രയുടെ ശ്രീലങ്കക്കാരിയായ ഭാര്യയും രണ്ട് കുട്ടികളും മദ്രാസില്‍ അയാളോടൊത്ത് താമസിക്കുമ്പോഴായിരുന്നു സിനിമാ രംഗത്ത് കോളിളക്കമുണ്ടാക്കിയ ഈ വിവാഹം. ശോഭയുടെ മാതാപിതാക്കള്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തപ്പോള്‍ ശോഭ വീട് വിട്ട് ഇറങ്ങിയാണ് ബാലു മഹേന്ദ്രയുമായി വിവാഹം നടത്തിയത്. അവര്‍ കെ.കെ. നഗറില്‍ വാടകവീട്ടില്‍ താമസവുമാരംഭിച്ചു. അതേ സമയത്ത് തന്നെയാണ്, തമിഴ് ചിത്രമായ ‘പശി’ യിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ തലത്തിലെ ഉര്‍വശി അവാര്‍ഡ് ശോഭയെ തേടിയെത്തുന്നത്. 1980 ഏപ്രില്‍ 26 ന് ഡല്‍ഹിയില്‍ വെച്ച് പ്രസിഡന്റിന്റെ കയ്യില്‍ നിന്ന് ഉര്‍വശി അവാര്‍ഡ് വാങ്ങി തിരികെ മദ്രാസി ലെത്തിയ ശോഭ, നാല് ദിവസത്തിന് ശേഷം വീട്ടിലെ കിടപ്പുമുറിയിലെ സീലിങ്ങ് ഫാനില്‍ സാരിയില്‍ കെട്ടി തൂങ്ങി മരിച്ചു. 18 വയസ്സായിരുന്നു അപ്പോള്‍ ശോഭയുടെ പ്രായം. പ്രേമമല്ല മറിച്ച് ഇത്രയും ചെറുപ്രായത്തിലെ ഉയര്‍ച്ച നേടിയ തന്റെ സിനിമാ മാര്‍ക്കറ്റ് സ്വന്തം വളര്‍ച്ചക്ക് ചവിട്ടുപടിയാക്കാനാണ് ബാലു മഹേന്ദ്ര തന്നെ ഉപയോഗിച്ചത് എന്ന് ശോഭ തിരിച്ചറിഞ്ഞു. ആ നടുക്കം അവരെ ജീവനൊടുക്കുന്നതിലേക്ക് നയിച്ചു. ശോഭയുടെ അപ്പോഴത്തെ അവസ്ഥ നന്നായി മനസിലാക്കിയിരുന്ന അന്നത്തെ മദ്രാസിലെ സിനിമാ ലോകത്തെ ദൂരിഭാഗം പേരും അതൊരു ആത്മഹത്യയല്ലെന്ന് വിശ്വസിച്ചു.

balu mahendra with shobha
ബാലു മഹേന്ദ്ര, ശോഭ

മദ്രാസിലെ അശോക് നഗറിലെ വീട്ടിലേക്കു മൃതശരീരം കൊണ്ടു വന്നപ്പോള്‍ പോലീസ് സംരക്ഷണത്തില്‍ ബാലു മഹേന്ദ്ര എത്തിയപ്പോള്‍ അവിടെ തടിച്ച് കൂടിയ പതിനായിരക്കണക്ക് ജനങ്ങള്‍ അക്രമാസക്തരായി ഇളകി. അയാളെ വെറുതെ വിടരുതെന്ന് വിളിച്ചു പറഞ്ഞു. എന്നാല്‍ കനത്ത പോലീസ് കാവല്‍ ഉണ്ടായതിനാല്‍ ഒന്നും സംഭവിച്ചില്ല.
മലയാളത്തിലെ ഒരു ഉന്നത ചലചിത്ര നിര്‍മാതാവിന്റെ നേതൃത്വത്തില്‍ ഒരു സംഘം ബാലു മഹേന്ദ്രയെ രക്ഷിക്കാന്‍ അപ്പോഴേക്കും പദ്ധതിയുമായി മുന്നിട്ടിറങ്ങിക്കഴിഞ്ഞിരുന്നു. ഇതൊരു ആത്മഹത്യയാക്കി തീര്‍ക്കാനായിരുന്നു അവരുടെ പ്ലാന്‍. അതനുസരിച്ച് വാര്‍ത്തകള്‍ എഴുതി പത്രമാഫീസില്‍ എത്തിച്ചു. സ്വാധീനവും പണവും ഒന്നിച്ചപ്പോള്‍ ദുരുഹമായ ആ മരണം ഒരു സാധാരണ ആത്മഹത്യ വാര്‍ത്തയായി മാറി. ഉര്‍വശി അവാര്‍ഡ് നേടിയ ഒരു മലയാളി നടി പിടഞ്ഞു മരിച്ചിട്ടും മലയാളത്തിലെ സിനിമാ സംഘടനയായ ചലചിത്ര പരിഷത്ത് യാതൊരു നടപടിയുമെടുക്കാതെ കയ്യും കെട്ടി നോക്കി നിന്നു.

ഹിന്ദു ആചാരമനുസരിച്ച് മാതാപിതാക്കള്‍ ജീവിച്ചിരിക്കെ മക്കളെ ദഹിപ്പിക്കില്ല. പകരം മറവു ചെയ്യും. ശോഭയുടെ മൃതശരീരം ശ്മാശനത്തില്‍ എത്തിയപ്പോഴെക്കും ആ ഗൂഢ സംഘം ചിത ഒരുക്കിയിരുന്നു. ആ ചിതയില്‍ ഉര്‍വശി ശോഭയെ അഗ്നിനാളങ്ങള്‍ വിഴുങ്ങിയതോടെ ആ ദുരന്ത നായികയുടെ കഥ അവസാനിച്ചു. പോലീസ് പേരിന് ഒരന്വേഷണം നടത്തി കേസ് അവസാനിപ്പിച്ചു. 1983 ല്‍ കെ.ജി.ജോര്‍ജ് സംവിധാനം ചെയ്ത ‘ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്’ എന്ന മലയാള ചിത്രത്തിന്റെ വിഷയം ശോഭയുടെ ദുരന്തകഥയാണ്. കെ.ജി. ജോര്‍ജിന്റെ ഏറ്റവും മികച്ച ചിത്രമായി കണക്കാക്കുന്ന ഈ പടത്തില്‍ അന്ന് മലയാള സിനിമാരംഗത്ത് നിലനിന്നിരുന്ന എല്ലാ ഹീനമായ വശങ്ങളും വെട്ടിത്തുറന്ന് കാണിച്ചിരിക്കുന്നു. സിനിമയിലെ ചൂഷണവും പീഡനവും ചതിയും കൂട്ടികൊടുപ്പുമൊക്കെ പച്ചയായി വിളിച്ച് പറഞ്ഞ മലയാളത്തിലെ ആദ്യത്തെ ചലചിത്രമായിരുന്നു അത്.
ശോഭ മരിച്ച് രണ്ടു വര്‍ഷത്തിന് ശേഷം പ്രശസ്ത പത്രപ്രവര്‍ത്തക അനിതാ പ്രതാപ് ശോഭയുടെ വീട്ടിലെത്തി അമ്മയായ പ്രേമയെ അഭിമുഖം ചെയ്തു. മരിച്ചു പോയ മകളുടെ വേട്ടയാടുന്ന ഓര്‍മകളുമായി ഒരു മായാലോകത്ത് തകര്‍ന്നു കഴിയുന്ന ആ അമ്മയുടെ അപ്പോഴത്തെ അവസ്ഥ കണ്ടു അനിതാ പ്രതാപ് അമ്പരന്നു. ശോഭയുടെ വലിയ ഒരു ഛായാചിത്രം മാലയിട്ട് പൂജിക്കുന്ന പ്രേമ ആ ചിത്രത്തിനോട് സംസാരിക്കുന്നു. അതിന് മുന്‍പില്‍ ചോറും കറികളും വിളമ്പുന്നു. ഇതിനെല്ലാം സാക്ഷിയായ ഭര്‍ത്താവ് ഒരക്ഷരം മിണ്ടാതെ പ്രതിമ പോലെ ഇരിക്കുന്നു. അകാലത്തില്‍ ദുരന്തര മരണത്തിനിരയായ മകളുടെ വിധിയില്‍ താളം തെറ്റിയ ഒരു കുടംബത്തെയാണ് അനിതാ പ്രതാപ് ഞെട്ടലോടെ കണ്ടത്. ‘ഒന്നുകില്‍ പ്രേമക്ക് മുഴു ഭ്രാന്ത്, അല്ലെങ്കില്‍ അവര്‍ ഒന്നാന്തരമൊരു അഭിനേത്രി’; അനിത പ്രതാപ് പിന്നീട് ആ അഭിമുഖത്തെ കുറിച്ച് എഴുതി.

anita prathap
അനിത പ്രതാപ്‌

ബോധത്തിന്റെയും ഭ്രമത്തിന്റെയും അതിര്‍വരമ്പില്‍ നിന്ന അവര്‍ തന്റെ മകള്‍ നഷ്ടപ്പെട്ട ദുരന്തകഥ അനിതയോട് പറഞ്ഞു. അന്നത്തെ പ്രശസ്ത ഇംഗ്ലീഷ് വാരികയായ ‘സണ്‍ഡേ’ യില്‍ അടിച്ച് വന്ന അഭിമുഖം തെന്നിന്ത്യന്‍ സിനിമാ രംഗത്ത് ഏറെ ശ്രദ്ധാവിഷയമായി. ഒരു രൂപ വിലയുള്ള സണ്‍ഡേ പത്ത് രൂപക്കാണ് അന്ന് വിറ്റ് പോയത്. അത് തന്നെ കരിഞ്ചന്തയില്‍. അത് തന്നെ കിട്ടാനില്ലായിരുന്നു.

ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക് സിനിമ റിലീസായപ്പോള്‍ പ്രേമ മാനസിക നില നെറ്റി മദ്രാസിലെ തെരുവുകളില്‍ അലഞ്ഞു നടക്കുകയായിരുന്നു. 1984 ഓഗസ്റ്റില്‍ അവര്‍ താമസിച്ച വാടക വീട്ടില്‍ തൂങ്ങി മരിച്ചു. ഭര്‍ത്താവ് കെ.പി.പി മോനോനും മുഖ്യമന്ത്രി എം.ജി.ആറിനുമായി ഒരു വരി കുറിപ്പ് എഴുതി വെച്ചിരുന്നു- ‘തൂങ്ങി മരിക്കുകയാണ് ഈ മരണത്തില്‍ ആര്‍ക്കും പങ്കില്ല’. ജീവിച്ചിരിക്കുമ്പോള്‍ തന്റെ മകളുടെ മരണത്തിന് കാരണത്തെക്കുറിച്ച് ഏറെ ചോദ്യം ചോദിച്ചു ഉത്തരം കിട്ടാത്തതിനാലാകാം തന്റെ മരണം ആര്‍ക്കും അശാന്തി സൃഷ്ടിക്കരുതെന്ന് കരുതി അവര്‍ ഇങ്ങനെ കുറിച്ചത്. ദൈവത്തിലും വിധിയിലുമൊക്കെ വിശ്വാസം നഷ്ടപ്പെട്ട അവരുടെ മൃതശരീരം എ.വി.എം സ്റ്റുഡിയോവിന്റെ പിന്നിലെ പാവപ്പെട്ടവരുടെ ശ്മശാനത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ അനുഗമിച്ചത് നാലഞ്ച് പരിചയക്കാര്‍ മാത്രം. സിനിമാക്കാരാരും തന്നെ ആ കൂട്ടത്തില്‍ ഇല്ലായിരുന്നു. പ്രേമയെന്ന നടിയുടെ അവസാന റീല്‍ തീരുമ്പോള്‍ ഭര്‍ത്താവ് കെ.പി.പി. മേനോന്‍ ഒരു വീട്ടില്‍ ശൂന്യതയിലേക്ക് നോക്കി വികാരമില്ലാതെ നിശ്ചലനായി ഇരിക്കുകയായിരുന്നു. മലയാള ചലച്ചിത്ര പരിഷത്ത് എന്ന സംഘടന അപ്പോഴും ഇതൊന്നുമറിയാതെ താരങ്ങളെ അനുമോദിച്ചും സ്വീകരണം സംഘടിപ്പിച്ചും മദ്രാസില്‍ കര്‍മനിരതരായിരുന്നു.  chalachitra parishad, first malayalam movie artist’ s organization vijayashree shoba unnatural death, a flashback 

Content Summary; malayala Chalachitra parishad, first malayalam movie artist’ s organization vijayashree shobha unnatural death, a flashback

Share on

മറ്റുവാര്‍ത്തകള്‍