എമ്പുരാന്‍ ഇറങ്ങിയ ദിവസം തന്നെ കണ്ടു കൊണ്ടിരുന്നപ്പോള്‍ വെട്ടി മാറ്റാന്‍ പോകുന്ന അതിന്റെ രാഷ്ട്രീയമോ, പള്ളി തകര്‍ന്ന തീയില്‍ നിന്നും, പുകയില്‍ നിന്നും, കാട്ടിലെ മരക്കൊമ്പില്‍ നിന്നും പൊന്തി വരുന്ന സാത്താന്റെ L- കളും ഒന്നും അത്ര കാര്യമായി എടുത്തില്ല. മുരളി ഗോപിയുടെ തിരക്കഥ രീതിയെക്കുറിച്ചും മുന്‍ധാരണ ഉണ്ട്. സിനിമ എങ്ങിനെയുണ്ട്, പൃഥ്വിരാജ് – മോഹന്‍ലാല്‍ ടീം എല്ലാവിടെയും നടന്നു അവസാനത്തെ മണിക്കൂറിലും ചെയ്ത പ്രമോഷനിലെ വാഗ്ദാന നിമിഷങ്ങള്‍, ഹോളിവുഡ് സ്‌റ്റൈല്‍ എന്ന കീവേഡ്, ഇട്ടാവട്ടം മലയാള സിനിമ മാര്‍ക്കറ്റ് ധാരണയുള്ള നിര്‍മാതാക്കള്‍ക്കും ഇവരെക്കണ്ടു കാശിറക്കാനുള്ള നിര്‍ഭയത, ഒക്കെയാണ് മനസ്സില്‍ വന്നത്. ഇന്‍സ്റ്റയില്‍ കാണുന്ന ഒരു മേജര്‍ ചൂണ്ടിക്കാണിക്കുന്നത് കബുഗ സീനില്‍ വരുന്നവര്‍ തോക്കു പിടിക്കുന്ന വിധവും കണ്ണടയും, ചെറുതായി മാറിപോയിട്ടുണ്ട്, അതിലും ഒരു കൃത്യത പൃഥ്വിരാജില്‍ നിന്നും പ്രതീക്ഷിച്ചിരുന്നു എന്നാണ്. അതായതു, ഒരു നെഗറ്റീവ് കമന്റിലും സംവിധായകനെ പറ്റി പോസിറ്റീവിറ്റി ഒളിഞ്ഞിരിക്കുന്നു എന്നര്‍ത്ഥം. ഒരു പാന്‍ ഇന്ത്യ ആക്ടര്‍- ഡയറക്ടര്‍ എന്ന നിലയില്‍ സ്വയം തന്നെ മാര്‍ക്കറ്റ് ചെയ്തു ഉയര്‍ത്താനുള്ള കഴിവുണ്ട് പൃഥ്വിക്ക്. അത് അയാള്‍ക്കും, വളരെ ചെറിയ മാര്‍ക്കറ്റ് ഉള്ള മലയാള സിനിമക്കും ഗുണം ചെയ്തിട്ടുണ്ട് എന്ന സത്യം വിസ്മരിക്കാനാവില്ല. പറഞ്ഞു വന്നത് എമ്പുരാന്‍ കട്ടുകള്‍ക്ക് മുന്‍പും പിന്‍പും കൊണ്ട് വന്ന ചര്‍ച്ചകളെ കുറിച്ചാണ്. ഹെയിറ്റ് കാമ്പയ്നിങ്ങും പ്രകടമാണ്. സിനിമയുടെ സിനിമയുടെ ചായ്വ്, ചരിത്രപരമായി നിഷേധിക്കാനാവാത്ത കൂട്ടക്കൊല സീന്‍ അസഹിഷ്ണത, ഇപ്പോള്‍ ക്രിസ്തുമത വിശ്വാസികളെ അപമാനിച്ചു എന്നതും- കറുത്ത മാലാഖ എപ്പോള്‍ വരുന്നു എന്ന് മുരളി ഗോപി സ്റ്റീഫനെകൊണ്ട് പറയിപ്പിക്കുന്നതടക്കം ചില പ്രേക്ഷകര്‍ കാണുന്ന വിധം-അതിലെ മതവും രാഷ്ട്രീയവും, കേവലം ഒരു വാണിജ്യ സിനിമയേക്കാള്‍ എത്രയോ മേലെ പോകുന്നു എന്നത്, ഇതൊക്കെ ഇതിലും വ്യക്തമായി, തുറന്നെഴുതി കാണിച്ച പഴയ കള്‍ട്ട് സിനിമകളെയൊക്കെ നമ്മള്‍ എങ്ങിനെയാണ് കണ്ടതെന്നും, എടുത്തതെന്നും ഓര്‍മിപ്പിക്കുന്നു. ചുരുങ്ങി, ചുരുങ്ങി നമ്മള്‍ ഇല്ലാതായോ. അതിനിടയില്‍, അവനവന്‍ വിശ്വസിക്കുന്ന പാര്‍ട്ടിയെ പുകഴ്ത്താന്‍, അതിന്റെ വിശാലമനസ്‌കത പടര്‍ത്താന്‍ പാകത്തിലുള്ള ഇമോഷണല്‍ പോസ്റ്റുകള്‍ അടക്കം, അറിയപ്പെടുന്ന പലരുടെയും മതിലുകളില്‍ കാണുന്നത്, ഒരു ചെറു ചിരിയോടെയല്ലാതെ വായിക്കാന്‍ കഴിയില്ല. അനുകൂല രാഷ്ട്രീയ സാഹചര്യങ്ങള്‍ ആരും പാഴാക്കുന്നില്ല. ഇസമൊക്കെ ഒരു പി ആര്‍ സ്റ്റണ്ട് കൂടി ആണല്ലോ.
ഏതായാലും വാര്‍ത്തകള്‍ പ്രകാരമുള്ള എമ്പുരാന്റെ 24 കട്ടുകള്‍ക്കു മുന്‍പ് ഈ സിനിമ കണ്ടതില്‍ സന്തോഷിക്കുന്നു. ഇനി കട്ടുകള്‍ എന്താണെന്നു അറിയാന്‍ സിനിമ വീണ്ടും കാണാന്‍ ഉദ്ദേശമില്ല. ആ സീന്‍ മൊത്തം പോയാല്‍, എമ്പുരാന്റെ കഥാഗതി എങ്ങിനെ തിരിക്കും എന്നോര്‍ത്ത് ആശങ്കയുണ്ട്. ഗോകുലം ഗോപാലന് ബിസിനസ് ചെയ്യേണ്ടതും, മോഹന്‍ലാലിന് ഒരു ആര്‍ട്ടിസ്റ്റ് ആയി തുടരേണ്ടതും ഈ രാജ്യത്തു തന്നെയാണല്ലോ. പ്രായോഗികമായി അവരെ കുറ്റം പറയാനാവില്ല. അവരുടെ ഷൂവില്‍ കയറി നിന്നാല്‍ നമ്മളാരും മറ്റൊന്ന് ചെയ്യുമെന്ന് കരുതുന്നും ഇല്ല. ഡിജിറ്റല്‍ യുഗമാണെന്നോര്‍ക്കാതെ സധൈര്യം സ്റ്റേറ്റ്‌മെന്റുകള്‍ ഇറക്കി പെട്ട് പോയ മേജര്‍ രവിയോട് സഹതാപം മാത്രം. ഖേദപ്രകടനം പോലെ എന്തെങ്കിലും ഒന്ന് എമ്പുരാന്‍ ശില്‍പികള്‍ ഇതിലും തരുമെന്ന് പ്രതീക്ഷിക്കുന്നു. ആത്യന്തികമായി ഞാന്‍ ഒരു നിഷ്പക്ഷ സിനിമാപ്രേമി മാത്രമാണല്ലോ.
വിവാദങ്ങള്‍ വിട്ടാല്‍, എമ്പുരാന്‍ ഇറങ്ങിയതിനു ശേഷം സ്റ്റീഫന്‍ നെടുമ്പള്ളിയോടുള്ള എല്ലാവരുടെയും ഒടുങ്ങാത്ത പ്രണയം പുറത്തു വന്നത് ശ്രദ്ധിച്ചിരുന്നു. ഇത്തിരി വളവും തിരിവും ഉള്ള കുടുംബ കഥകള്‍, മോഹന്‍ലാലിന്റെ മുണ്ടു മടക്കിക്കുത്തിയ ഹീറോയിസം, ആ തന്ത ഡയലോഗ്, അതിലെ വൈകാരികത – എന്തൊക്കെ പറഞ്ഞാലും നമ്മള്‍ക്ക് ചില നിത്യഹരിത സിനിമ, നായക സങ്കല്‍പ്പങ്ങള്‍ ഉണ്ടല്ലേ. അതിലും രസകരമായി തോന്നിയത് ഇതിന്റെ കഥ എങ്ങിനെ ആയിരിക്കും, ആവണമായിരുന്നു എന്നൊക്കെയുള്ള വിഡിയോകളും പോസ്റ്റുകളുമാണ്. സീ, നമുക്ക് നല്ല തിരക്കഥാകൃത്തുക്കള്‍ ആവശ്യമുണ്ട്. സിനിമ റിവ്യൂ ഗ്രൂപ്പുകള്‍ ഇതിനെ ഗൗരവത്തില്‍ കാണണം. ഈ ക്രിയേറ്റീവ് പുലികളുടെ ഐഡിയകള്‍ അവരുടെ സ്‌ക്രിപ്റ്റില്‍ തന്നെ പോസ്റ്റാനുള്ള ഒരു ടാബ് ഉണ്ടാക്കണം. തിരഞ്ഞെടുത്തവയ്ക്കു പരമ്പരാഗത രീതിയില്‍ ഒരു കപ്പോ, സോസറോ സമ്മാനങ്ങള്‍ കൊടുക്കണം. വിഷയദാരിദ്ര്യം അനുഭവിക്കുന്ന സംവിധായകര്‍ക്കും ഇവ സഹായകമാകും.
എമ്പുരാനില്‍ ഇഷ്ടപെട്ടത് അതിന്റെ മേക്കിങ്ങില്‍ പൃഥ്വിരാജ് എന്ന സംവിധായകനും, അതിന്റെ ക്രൂവും കൊണ്ടുവരാന്‍ ശ്രമിച്ച വലിയ സ്വപ്നങ്ങളുടെ പ്രതിഫലനമാണ്. കെജിഎഫും, ആര്‍ആര്‍ആര്‍ ഉം, പുഷ്പയും നമ്മള്‍ കണ്ടു വിജയിപ്പിക്കും. ഏറ്റവും അധികം അല്ലു അര്‍ജുന്‍ ഫാന്‍സ് കേരളത്തില്‍! പക്ഷെ, ഇവിടുത്തെ ചെറുപ്പക്കാരായ സിനിമ സംവിധായകര്‍ ഒരിക്കലും കളം വിട്ടിറങ്ങാറില്ല. ക്രൈം ഫയലുകള്‍ ആണെങ്കില്‍, പാറ്റേണ്‍ തിരിച്ചും മറിച്ചും മിനിമം ഒരു അഞ്ചു കൊല്ലം അതോടിക്കും. മറ്റൊരു പുതിയ ട്രെന്‍ഡില്‍, പഴയ സിനിമകളിലെ സീനുകള്‍ പുതുക്കപ്പെടുന്നു. പാന്‍ ഇന്ത്യ റിവ്യൂവേഴ്‌സ് മലയാള സിനിമയെ വാനോളം പുകഴ്ത്തുന്നത് ഇവിടുത്തെ കണ്ടന്റ് നോക്കി മാത്രമല്ല, എത്രയും ചെറിയ ബഡ്ജറ്റില്‍, സ്വാഭാവികമായ സിനിമകള്‍, ഇവിടുത്തെ സൂപ്പര്‍സ്റ്റാറുകള്‍ പോലും അതിനും അഭിനയത്തിനും കൊടുക്കുന്ന പ്രാധാന്യം ഇതൊക്കെ കണക്കിലെടുത്താണ്. പക്ഷെ പലപ്പോഴും, പഴയ ഒരു ഇമേജ് അതെ പോലെ ആവര്‍ത്തിക്കുന്ന തത്തകളായി അവര്‍ മാറിയിട്ടുണ്ട്. അഭിനയശേഷിയുള്ള നമ്മുടെ ചില താരങ്ങള്‍ കൈപിടിച്ചുയര്‍ത്തുന്ന സാധാരണ സിനിമകള്‍ക്കും അമിതമൈലേജ് കിട്ടുന്നുണ്ട്. മലയാള സിനിമയുടെ ഒരേ ട്രാക്കില്‍ പോകുന്ന സ്വഭാവം സ്റ്റഡി ആയിരിക്കാം. പക്ഷെ ഭാവിയിലേക്ക് ഒരു ട്രെന്‍ഡും അത് സെറ്റ് ചെയ്യുന്നില്ല. അധികം റിസ്‌ക് ഫാക്റ്ററും ഇല്ല. ഔട്ട് ഓഫ് ദി ബോക്‌സ് എന്ന് പറയാന്‍ ചുരുക്കം സിനിമകള്‍ ആണ് ഈയിടെ നമുക്കുള്ളത്. അത് കൊണ്ട് നമുക്ക് ഇടക്കൊക്കെ ഒരു എമ്പുരാന്‍ ആവശ്യമുണ്ട്, പല തലത്തിലും. ടൊവിനോ പറഞ്ഞ പോലെ ‘അതിപ്പോ ചെയ്യാന്‍ ഒരു രാജുവേട്ടനല്ലേ നമുക്കുള്ളൂ’. ഈ ട്രാക്കിലും പിന്‍ഗാമികള്‍ വരട്ടെ. ലോജിസ്റ്റിക്‌സ് നോക്കിയാല്‍ പോലും നല്ല അദ്ധ്വാനവും, കഷ്ടപ്പാടും, ബഡ്ജറ്റും, സെറ്റ് ക്രിയേറ്റിവിറ്റിയും ഒക്കെ ആവശ്യമുള്ള ഇത്തരം സിനിമകള്‍, ഈസി, റിപീറ്റ് ഫോര്‍മാറ്റുകളുടെ കൊക്കൂണുകളില്‍ പമ്മിയിരിക്കുന്ന നമ്മുടെ യുവസംവിധായകര്‍ എക്‌സ്‌പ്ലോര്‍ ചെയ്യണ്ട ഒരു കാറ്റഗറി കൂടിയാണ്.
കെ ജി ജോര്‍ജിന്റെ പഞ്ചവടിപ്പാലത്തിലെ ടാര്‍ഗെറ്റ്ഡ് ആക്ഷേപഹാസ്യം കണ്ടവര്‍ മറക്കാന്‍ വഴിയില്ല. എന്തിന്, സത്യന്‍ അന്തിക്കാടിന്റെ ജനപ്രിയ സിനിമയായ സന്ദേശത്തില്‍ എത്രയോ രസകരമായ കുത്തലുകള്‍ ഉണ്ട്. കേന്ദ്രത്തോട് കളിച്ചാല്‍ അതുക്കും മേലെ. അല്ലേ. എന്തായാലും ജാതകപ്രകാരം മല്ലിക സുകുമാരനും കുടുംബവും, ഇന്ത്യയിലിപ്പോള്‍ കൂടുതല്‍ അറിയപ്പെടുന്നു. സുപ്രിയ ഒരു പടി കേറി-അര്‍ബന്‍ നക്‌സല്‍. ചിത്രത്തിലെ യഥാര്‍ത്ഥ വിപ്ലവകാരിയായ ഗോവര്‍ദ്ധന്‍ തഴയപ്പെട്ടിരിക്കുന്നു. ഒത്തുതീര്‍പ്പുകളുടെ വെട്ടലുകള്‍ മറ്റൊരു മാര്‍ക്കറ്റിംഗ് തന്ത്രമായി വിലയിരുത്തുന്നവരുമുണ്ട്. കൃത്യമായി വിവരം കിട്ടിയിട്ടൊന്നുമല്ല. അങ്ങനെയങ്ങു പറഞ്ഞു പറഞ്ഞു…തെറ്റും ശരിയും ആപേക്ഷികമാണല്ലോ. ഞാന്‍ എല്ലാ പൃഥ്വിരാജ് സിനിമകളുടെയും ഫാന്‍ അല്ല. ലൂസിഫറിനെ പറ്റി ഒരു ‘ഹോളോ പ്രോഡക്റ്റ്’ എന്ന് മുന്‍പ് എഴുതിയിട്ടുണ്ട്. അപ്പോഴും അതിന്റെ മാസ്സ് അപ്പീലിനെ തള്ളി പറഞ്ഞിട്ടില്ല. കാരണം. വിശകലനങ്ങളില്‍ നമുക്കു വേണ്ടത്, ഒരു ബാലന്‍സ്ഡ് അപ്രോച്ച് ആണ് എന്ന് വിശ്വസിക്കുന്നു. മലയാള സിനിമയെ മേലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്ന പൃഥ്വിരാജ് പ്രൊജെക്ടുകളെ, അയാളുടെ സിനിമ സ്വപ്നങ്ങളെ, അതിന്റെ പിന്നിലെ അദ്ധ്വാനത്തെ ഒക്കെ അവഗണിച്ചു പുച്ഛം മാത്രം വിതറുന്നതു പേര് കേട്ട ‘മലയാളി ഡാ’ നേച്ചര്‍ ആണ്. അത് കൊണ്ടൊന്നും ഇവിടെ ആരും രക്ഷപെട്ടിട്ടില്ല. ഉര്‍വശി ശാപം പഴഞ്ചൊല്ലു പ്രകാരം ഇതൊക്കെ മറ്റൊരു തരത്തില്‍ പൃഥ്വിരാജിനെ കൂടുതല്‍ വളര്‍ത്താനാണ് സാധ്യത. Malayalam cinema needs an ‘Empuraan’-like movie and a Prithviraj-like filmmaker
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
Content Summary; Malayalam cinema needs an ‘Empuraan’-like movie and a Prithviraj-like filmmaker
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.