മലയാള സിനിമയും ചലച്ചിത്ര ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ. ഇന്ത്യയിലാകെ ചിത്രത്തിന്റെ റിലീസ് ആഘോഷിക്കപ്പെട്ടിരുന്നു. എന്നാൽ റിലീസ് ശേഷം ഗുജറാത്ത് കലാപത്തെ പരാമർശിക്കുന്ന ചിത്രത്തിന്റെ ഇതിവൃത്തം ഇന്ത്യയിലെ വർഗീയ ശക്തികളെ ഒന്നടങ്കം അസ്വസ്ഥരാക്കിയിരിക്കയാണ്. ചിലർ ബോധപൂർവ്വം മറയ്ക്കാൻ ശ്രമിക്കുന്ന ചരിത്രം വീണ്ടും ചർച്ച ചെയ്യപ്പെടുന്നതാണ് ഈ അസഹിഷ്ണുതയ്ക്ക് കാരണം. തങ്ങളുടെ രാഷ്ട്രീയ നിലപാടിനെ പ്രീതിപ്പെടുത്തുന്നില്ല എന്ന കാരണത്താൽ വർഗീയ വാദികൾ ഇത്തരത്തിൽ ആക്രമിച്ച സിനിമകളുടെ കൂട്ടത്തിൽ ആദ്യത്തേത് കമൽ സംവിധാനം ചെയ്ത ആമി ആയിരുന്നു. ചിത്രീകരണത്തിന് മുമ്പ് വിവാദങ്ങളിൽ ഇടം പിടിച്ച ചിത്രമായിരുന്നു ആമി’ 2018ൽ പുറത്തിറങ്ങിയ ചിത്രത്തിലെ പ്രത്യേക ഭാഗത്തെ ചൊല്ലി സംവിധായന് നേരെയുള്ള ആക്രമണം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. എമ്പുരാൻ രാഷ്ട്രീയം പറയുന്ന ചിത്രമാണെങ്കിൽ ആമി രാഷ്ട്രീയപരമായ കാഴ്ച്ചപ്പാട് ഇല്ലാത്ത ചിത്രമായിരുന്നു. എന്നിട്ടും ആമിയെ ആക്രമിച്ച, ഇപ്പോൾ എമ്പുരാനെ ആക്രമിക്കുന്ന രാഷ്ട്രീയ അജണ്ടയെക്കുറിച്ച് അഴിമുഖത്തോട് പങ്കു വയ്ക്കുകയാണ് സംവിധായകൻ കമൽ
കമലിനെ കമാലുദ്ധീനാക്കിയ ആമി
ആമി ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പേ പ്രശ്നങ്ങൾ ആരംഭിച്ചിരുന്നു. ഞാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ ആയിരുന്ന സമയത്ത് ആയിരുന്നു ആമി എന്ന ചിത്രത്തിനായുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കുന്നത്. കമല സുരയ്യയായി ആദ്യം തീരുമാനിച്ചിരുന്നത് വിദ്യാ ബാലനെ ആയിരുന്നു. ചിത്രത്തിന്റെ സ്ക്രിപ്റ്റും വായിക്കുകയും ഫോട്ടോഷൂട്ട് നടത്തുകയും വരെ ചെയ്തിരുന്നത് ആണ്. ഷൂട്ടിംഗ് തുടങ്ങുന്നതിന് കുറച്ചു ദിവസം മാത്രം ബാക്കി നിൽക്കുമ്പോഴാണ് വിദ്യാ ബാലൻ വിളിച്ചിട്ട് ചിത്രത്തിൽ നിന്ന് മാറുന്നുവെന്ന് അറിയിക്കുന്നത്. ചിത്രത്തിന് വേണ്ടി ഒരുപാട് മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു, വിദ്യയുടെ ഈ തീരുമാനം തളർത്തിയത് കൊണ്ട് നേരിട്ട് കണ്ട് സംസാരിക്കാനായി ബോംബെയിലും ചെന്നിരുന്നു. എന്നാൽ വിദ്യ പിൻമാറുന്നുവെന്ന തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു. സ്ക്രിപ്പ്റ്റിൽ വിവാദപരമായ എന്തെങ്കിലുമുണ്ടെങ്കിൽ മാറ്റാമെന്ന് ഞാൻ വാക്കു കൊടുത്തു. പിന്നീട് കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു പിൻമാറ്റത്തിന് കാരണം സംഘപരിവാർ ഭീഷണി തന്നെ ആയിരുന്നിരിക്കണമെന്ന ഊഹത്തിലേക്ക് ഞങ്ങൾ എത്തിയത്. അവരിതുവരെ അത് കമ്മിറ്റ് ചെയ്തിട്ടില്ലാത്തത് കൊണ്ട് അത് തന്നെയാണ് കാരണമെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കില്ല.
എന്നാൽ ഇതിന് പിന്നിലെ കാരണം സംഘപരിവാർ ഭീഷണിയാണെന്ന് തോന്നാനുണ്ടായ സാഹചര്യം ഞാൻ വിശദീകരിക്കാം. വിദ്യയുടെ പിൻമാറ്റത്തിന് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഞാൻ ചലച്ചിത്ര അക്കാദമി ചെയർമാനായിരിക്കുമ്പോൾ ഫിലിം ഫെസ്റ്റിവലിന്റെ സമയത്ത് ഒരു പ്രശ്നമുണ്ടായി. സിനിമകളുടെ പ്രദർശനം ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം പ്ലേ ചെയ്യണമെന്നും ആ സമയത്ത് എഴുന്നേറ്റ് നിൽക്കണമെന്നുമുള്ള നിയമം നിലവിൽ വന്ന സമയമായിരുന്നു അത്. നിശാഗന്ധിയിൽ ചിത്രം പ്രദർശിപ്പിക്കുന്ന സമയത്ത് എഴുന്നേറ്റ് നിൽക്കാൻ കുറച്ചാളുകൾ തയ്യാറായിരുന്നില്ല. ഓപ്പൺ സ്പേസ് ആണ് അതു കൊണ്ട് ദേശീയഗാനത്തിന്റെ സമയത്ത് എഴുന്നേറ്റ് നിൽക്കേണ്ടുന്ന ആവശ്യം ഇല്ലെന്നായിരുന്നു അന്ന് അവിടെയുണ്ടായിരുന്ന ഡെലിഗേറ്റ്സിന്റെ വാദം. എന്നാൽ ഈ പ്രശ്നത്തെ തുടർന്ന് തിയേറ്ററിന് അകത്ത് കയറി പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെയർമാനെന്ന നിലയിൽ അറസ്റ്റ് ചെയ്തത് ശരിയായില്ല എന്ന എന്റെ നിലപാട് അവിടെ പ്രശ്നമായി. ആ സംഭവത്തെ തുടർന്ന് എന്റെ കൊടുങ്ങല്ലൂരുള്ള വീടിന് മുൻപിൽ ബിജെപി പ്രവർത്തകർ വന്ന് ധർണ്ണയിരിക്കുകയും പ്രതിഷേധ സൂചകമായി ദേശീയഗാനം ആലപിക്കുകയും എന്നെ രാജ്യദ്രോഹിയെന്ന് വിളിക്കുകയും ചെയ്തു. ആദ്യമായി ഞാൻ രാജ്യദ്രോഹിയാവുന്നത് അന്നാണ്. കമൽ എന്ന പേരിൽ അറിയപ്പെടുന്ന, ചലച്ചിത്രങ്ങൾ സംവിധാനം ചെയ്യുന്ന എന്റെ ഔദ്യോഗിക പേര് മാത്രമാണ് കമാലുദ്ധീൻ. കമലെന്ന് പേരിൽ അറിയപ്പെടുന്നത് എന്റെ മതേതരത്വപരമായ കാഴ്ച്ചപ്പാട് കൂടിയാണ്. സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുന്ന സമയത്ത് എന്റെ അമ്മാവനാണ് കമലെന്ന പേര് സ്വീകരിക്കാൻ എന്നോട് ആവശ്യപ്പെടുന്നത് കമലായിരുന്ന ഞാൻ ഈ പ്രശ്നത്തിന് ശേഷം കമാലുദ്ധീനായി മാറി. അന്ന് മുതൽ എന്നെ ബിജെപി നേതാക്കളെല്ലാം കമാലുദ്ധീൻ എന്നാണ് അഭിസംബോധന ചെയ്യുന്നത്.
ഒരിക്കൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്ന സമയത്ത് എനിക്ക് ശേഷം സംസാരിച്ച ബിജെപി നേതാവ് എന്നെ കമാലുദ്ധീനെന്ന് അഭിസംബോധന ചെയ്ത് സംസാരിച്ചു. അതിന് മറുപടിയായി ആ വേദിയിൽ തന്നെ കമാലുദ്ധീൻ എന്നൊരു സംവിധായകൻ മലയാള സിനിമയിൽ ഇല്ലെന്നും സാറത് തിരുത്തണമെന്നും ഞാൻ ആവശ്യപ്പെട്ടു. രാജ്യദ്രോഹിയായും ഭീകരവാദിയായുമൊക്കെ എന്നെ ചിത്രീകരിച്ച് പാകിസ്ഥാനിലേക്ക് പോകണമെന്ന് ആവശ്യപ്പെടുന്ന പ്രവണത ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. ആമി പ്രദർശിപ്പിക്കാതിരിക്കാതിരിക്കാൻ സംഘപരിവാർ പ്രവർത്തകൻ കേസ് നൽകിയിരുന്നു കേസ് തള്ളി പോവുകയും ചിത്രം പ്രദർശിപ്പിക്കുകയും ചെയ്തു. ചിത്രം കണ്ടതിന് ശേഷം നിങ്ങളെ ചീത്ത വിളിക്കാനിരുന്ന ഞങ്ങളെ നിരാശരാക്കി നിങ്ങൾ ഈ സാഹചര്യം ബുദ്ധിപരമായി കൈകാര്യം ചെയ്തുവെന്ന് അറിയപ്പെടുന്ന ഒരു ബിജെപി പ്രവർത്തകൻ എന്നോട് പറഞ്ഞു. ഞാൻ നിങ്ങളെ ബോധ്യപ്പെടുത്താനല്ല സിനിമയെടുക്കുന്നതെന്ന് ഞാൻ അന്ന് അയാളോട് വ്യക്തമാക്കിയിരുന്നു.
എതിർപ്പിന്റെ കാരണം അസഹിഷ്ണുത
സംഘപരിവാറിന്റെ പ്രശ്നം അസഹിഷ്ണുത തന്നെയാണ്. ഏത് മാധ്യമത്തിലൂടെ ആയാലും സത്യം വിളിച്ചു പറയുമ്പോൾ ആർക്കും സഹിക്കില്ല. പല വേദികളിലും ഇത്തരത്തിൽ സത്യം വിളിച്ചു പറഞ്ഞതു കൊണ്ടാണ് എനിക്ക് നേരെ ആദ്യമായി ആക്രമണം ഉണ്ടാവുന്നത്. ഗുജറാത്തിൽ എന്ത് സംഭവിച്ചുവെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ് അതിനെതിരെയുള്ള പ്രതിഷേധം ഏത് കോണിൽ നിന്ന് എപ്പോൾ വന്നാലും അതിനെ എതിർക്കുകയെന്ന് എക്കാലത്തെയും അജണ്ടയാണ്. പാൻ ഇന്ത്യൻ ചിത്രമെന്ന തരത്തിൽ എംമ്പുരാൻ ചർച്ച ചെയ്യപ്പെടുമ്പോൾ, സമാനമായി ചിന്തിക്കുന്ന എന്നെ പോലൊരാളെ സന്തോഷിപ്പിക്കുന്നത് മറ്റൊരു കാര്യമാണ്. 22 വർഷം മുമ്പ് നടന്ന ഒരു കലാപത്തെ ഒരു തലമുറ ഏറ്റെടുക്കുന്നു ചർച്ച ചെയ്യുന്നു. തമസ്കരിക്കാൻ ശ്രമിക്കുന്ന ചാരം മൂടി കിടക്കുന്ന ഒരു സത്യം പുറത്തു വരികയാണ്. അന്ന് ജനിച്ചിട്ടാത്ത കുട്ടികൾ വരെ അതെന്താണെന്ന് തിരിച്ചറിയാൻ ശ്രമിക്കുന്നു അതിന് ഈ വിവാദം സഹായകമായതിൽ എനിക്ക് സന്തോഷമുണ്ട്. ഒരു സിനിമ
രംഗത്തിന് പുറമേ ഓരോ ഇന്ത്യയ്ക്കാരും ഓർത്തിരിക്കേണ്ടതാണ് ഇവയെല്ലാമെന്ന് ഇന്നത്തെ തലമുറയെ മനസിലാക്കാൻ പൃഥ്വിരാജിനും മോഹൽലാലിനും സാധിച്ചു.
സാമൂഹിക ലക്ഷ്യം നിശബ്ദമാക്കപ്പെടുന്നു
ഒരു സിനിമയുടെ സാമൂഹിക ഉദ്ദേശം മാറ്റുന്ന തരത്തിലുള്ള പ്രവർത്തികളാണ് കുറേ കാലമായി സംഘപരിവാർ ചെയ്യുന്നത്. പ്രൊപ്പഗണ്ട സിനിമകൾ അവർ നിർമ്മിക്കും എന്നാൽ സത്യം പറയുന്ന നമ്മുടെ സിനിമകളെ അവർ നിശബ്ദമാക്കും. ബിബിസി ഡോക്യുമെന്ററി ഇവിടെ പ്രദർശനാനുമതി നൽകിയില്ലല്ലോ, ആനന്ദ് പട്വർദ്ധന്റെ ഡോക്യുമെന്ററിയ്ക്ക് നേരെ എത്രമാത്രം ആക്രമണം ഉണ്ടായി അതൊരു കച്ചവട ചിത്രം അല്ലാത്തത് കൊണ്ടാണ് ഇവിടെ ചർച്ച ചെയ്യപ്പെടാതെ പോയത്. ചലച്ചിത്ര മേളയിൽ അത് നിരോധിച്ചു. അതിൽ നിന്നെല്ലം ഒരുപാട് മാറ്റം സംഭവിച്ചു. ആവിഷ്കാര സ്വാതന്ത്ര്യ ലംഘനത്തിനെതിരെ കോടതിയിൽ പോയാലും നീതി കിട്ടുമോയെന്ന് സംശയമാണ്. അതു കൊണ്ടാണ് എമ്പുരാന്റെ കാര്യത്തിൽ സ്വമേധയ ചിത്രത്തിലെ ഭാഗങ്ങൾ കട്ട് ചെയ്യാമെന്ന തീരുമാനത്തിലേക്ക് ഇവരെത്തുന്നത്.
ഖേദം പ്രകടിപ്പിച്ചത് സാമൂഹിക ഘടന നിലനിർത്താൻ
ഒരു കലാസൃഷ്ടിയെ ആര് ഏത് രീതിയിൽ ദ്രോഹിക്കാൻ ശ്രമിച്ചാലും അത് അതിജീവിക്കുക തന്നെ ചെയ്യും. അനാവശ്യമായി ഇത്തരം രാഷ്ട്രീയം പ്രചരിപ്പിക്കുന്നവർക്ക് സ്പേസ് കൊടുക്കണ്ടെന്ന് കരുതിയാണ് പലരും നിശബ്ദരായിരിക്കുന്നതും പ്രതികരിക്കാത്തതും. ഞാൻ പൃഥ്വിരാജിനും മുരളി ഗോപിയ്ക്കും ഒപ്പമാണ്. ലാലിനെ നമുക്ക് എത്ര കൊല്ലങ്ങളായി അറിയുന്നതാണ്. ഒരു തരത്തിലുള്ള വർഗീയ ചായ്വുള്ള മനുഷ്യനല്ല മോഹൻലാൽ. ഖേദം പ്രകടിപ്പിക്കുന്നു എന്ന അദ്ദേഹത്തിന്റെ പരാമർശം നമ്മളെ പോലുള്ള ആളുകളെ വേദനിപ്പിക്കുന്നുണ്ട്. നാളെ ഒരു കലാപമുണ്ടായാൽ അത് മോഹൻലാൽ കാരണമോ പൃഥ്വിരാജ് കാരണമോ ആവരുതെന്ന് നിർബന്ധമുള്ളത് കൊണ്ടാണ് മോഹൻലാൽ ഖേദം പ്രകടിപ്പിച്ചത്. ആരെയും ഭയപ്പെട്ടിട്ടാണെന്ന് എനിക്ക് തോന്നുന്നില്ല. കാണേണ്ടവരൊക്കെ ചിത്രം കണ്ടു കഴിഞ്ഞു, കാണാത്തവർ അറിഞ്ഞും കഴിഞ്ഞു. ഇനി കട്ട് ചെയ്തിട്ട് എന്ത് കാര്യം. മോഹൻലാലിന്റെ ഒരു സുഹൃത്ത് അദ്ദേഹം ഈ ചിത്രം കണ്ടിട്ടില്ലെന്ന് പറയുന്നത് കേട്ടിരുന്നു, അയാളുടെ ഈ പ്രസ്താവന മോഹൻലാൽ കള്ളം പറഞ്ഞത് പോലായില്ലെ. മല്ലിക സുകുമാരനും ഇതിൽ ബുദ്ധിമുട്ടുണ്ടായതായി പ്രതികരിച്ചിരുന്നു. ഇത്തരം കാര്യങ്ങൾ നിർഭാഗ്യകരമായി പോയി എന്നത് സത്യമാണ്.
content summary: Malayalam movie director Kamal responded on Empuran movie controversy