ദേവരാഗങ്ങളുടെ രാജശില്‍പ്പിയായിരുന്നു ദേവരാജന്‍ മാസ്റ്റര്‍. മനുഷ്യനും സമൂഹവും കാലവും പ്രകൃതിയും പ്രതിഫലിച്ച സൗന്ദര്യ കലയായിരുന്നു ദേവരാജന്‍ മാസ്റ്റുടെ സംഗീതം. ഒരിക്കലും മാഞ്ഞു പോകാതെ മാരി വില്ലിന്‍ തേന്‍ മലരായി അദ്ദേഹം ഈണം പകര്‍ന്ന ഗാനങ്ങള്‍ ഇന്നും മലയാളി മനസിലുണ്ട്. പ്രണയം, വിരഹം, ഭക്തി, ഹാസ്യം, വേദാന്തം, ദര്‍ശനം, ശാസ്ത്രം, വിപ്ലവം എന്നിങ്ങനെ ആധുനിക മനുഷ്യന്‍ നേരിടുന്ന എല്ലാ മണ്ഡലങ്ങളും ദേവരാജന്‍ മാസ്റ്ററുടെ ഗീതികളില്‍ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു. ദേവരാജന്‍ മാസ്റ്ററുടെ ചരമവാര്‍ഷികമാണ് ഇന്ന്.
ദേവരാജന്‍ മാസ്റ്റര്‍ ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ചു എന്ന് പറഞ്ഞാല്‍ പൂര്‍ണമായും ശരിയല്ല. മുഖം കാണിച്ചു എന്ന് പറയാം. ക്യാമറയിലേക്ക് നോക്കുന്ന ഒരൊറ്റ രംഗം. ഏറിയാല്‍ രണ്ട് സെക്കന്റ് മാത്രമുള്ള ഒരു ക്ലോസ്പ്പ്. സേതുമാധവന്റെ വിഖ്യാത ചിത്രമായ ‘ഒരു പെണ്ണിന്റെ കഥ’. സത്യനും ഷീലയും മത്സരിച്ച് അഭിനയിച്ച, വയലാര്‍ – ദേവരാജന്റെ, പി സുശീല പാടിയ ‘പൂന്തേനരുവീ പൊന്‍മുടി പുഴയുടെ അനുജത്തി’യെന്ന ഹിറ്റ് ഗാനമുള്ള പടത്തിലാണ് അത്. ഒരു നോട്ടം മാത്രം.ഡയലോഗ് ഒന്നും ഇല്ല. പക്ഷേ, സിനിമയില്‍ ഇല്ലാത്ത ഡയലോഗ് ദേവരാജന്‍ മാസ്റ്റര്‍ ശരിക്കും ക്യാമറയെ നോക്കി പറഞ്ഞു.
ആ കഥയാണിത്. സംഗീത സംവിധായകരായ എം. ബി ശ്രീനിവാസനും ദക്ഷിണാമൂര്‍ത്തിയും സിനിമകളില്‍ ഡയലോഗ് പറഞ്ഞ് അഭിനയിക്കുന്നതിന് എത്രയോ മുന്‍പാണ് ഇത്.
കെ. എസ്. സേതുമാധവന്‍ ഇന്ത്യയിലെ തന്നെ മുഖ്യാധാര സിനിമയിലെ മികച്ച സംവിധായകനായി നിറഞ്ഞു നില്‍ക്കുന്ന കാലമാണ്. 1971 ല്‍ പുറത്തുവന്ന അദ്ദേഹത്തിന്റെ പടമായ ‘ഒരു പെണ്ണിന്റെ കഥക്കു ടൈറ്റില്‍ അവതരിപ്പിക്കുന്നത് ഒരു പുതിയ രീതിയിലാണ്. നടന്‍ സത്യന്‍ പടത്തിന്റെ അണിയറ ശില്‍പ്പികളെ ക്യാമറക്ക് മുന്നിലൂടെ പരിചയപ്പെടുത്തുന്നു. പടത്തിന്റെ കഥ എഴുതിയ മോസസ് മുതല്‍ സംവിധായകന്‍ കെ. എസ്. സേതുമാധവന്‍ വരെയുള്ളവരെ വരെ സത്യന്‍ പരിചയപ്പെടുത്തുന്നു. എല്ലാവരോടും ഈ സംഭവം സേതുമാധവന്‍ നേരത്തെ പറഞ്ഞിരുന്നു . ഇതനുസരിച്ച് എല്ലാവരും ക്യാമറക്ക് മുന്നില്‍ വന്നു മുഖം കാണിച്ചു. പ്രശസ്തനായ മെല്ലി ഇറാനിയാണ് പടത്തിന്റെ ഛായഗ്രാഹകന്‍
സ്റ്റുഡിയോവില്‍ മറ്റൊരു സിനിമയുടെ പാട്ട് റിക്കോര്‍ഡ് ചെയ്തുകൊണ്ടിരിക്കെ ക്യാമറ ടീം ദേവരാജന്‍ മാസ്റ്ററുടെ മുന്നിലെത്തി. ദേവരാജന്‍ മാസ്റ്റര്‍ ചോദിച്ചു. ‘എന്താ?’
അവര്‍ കാര്യം പറഞ്ഞപ്പോള്‍ ദേവരാജന്‍ മാസ്റ്റര്‍ പറഞ്ഞു. ‘എന്റെ മുന്നില്‍ ക്യാമറയുമായി വരരുതെന്ന് പറഞ്ഞിട്ട് ‘ പിന്നെ എന്തോ പറഞ്ഞു. അതോടെ അവര്‍ സ്ഥലം വിട്ടു. പറഞ്ഞത് എന്താണെന്ന് കേട്ടയാള്‍ക്കും സേതുമാധവനും മാത്രമേ അറിയൂ. ഏതായാലും സംഭവം ചര്‍ച്ചയായി. ദേവരാജന്‍ മാസ്റ്റര്‍ ചെയ്തത് തെറ്റാണെന്ന് ചിലര്‍, ശരിയാണെന്ന് മറ്റു ചിലര്‍. സേതുമാധവന്‍ പറഞ്ഞു. ‘ക്യാമറയുമായി എന്റെ മുന്നില്‍ വരരുതെന്ന് ദേവരാജന്‍ മാസ്റ്റര്‍ നേരത്തെ എന്നോട് പറഞ്ഞിരുന്നതാണ്. അദ്ദേഹം പറഞ്ഞത് നമ്മള്‍ കേട്ടില്ല’ അത് കൊണ്ടല്ലേ ഇത് സംഭവിച്ചത്’. പിന്നിട് സേതുമാധവന്‍ ഫോണില്‍ വിളിച്ചു ദേവരാജന്‍ മാസ്റ്ററോട് ക്ഷമ പറഞ്ഞു.
ഇത്തരം സംഗീതേതര കാര്യങ്ങള്‍ ദേവരാജന്‍ മാസ്റ്ററുടെ ലോകത്തിലില്ല. തന്നെ പുകഴ്ത്തുന്നതോ വലുതാക്കുന്നതോ ഒന്നും. അല്ലെങ്കില്‍ ഇരുനൂറാമത്തെ ചിത്രമായ മഞ്ഞിലാസിന്റെ ‘ഗുരുവായൂര്‍ കേശവന്‍’ ആഘോഷമാക്കിയേനെ. 200 ചിത്രങ്ങള്‍ക്ക് ഈണം പകരുക നിസ്സാരമാണോ? ഇന്നാണ് ഒരാള്‍ ഈ നേട്ടത്തിനര്‍ഹമായതെങ്കില്‍ ആഘോഷം എന്താകുമെന്ന് നമുക്ക് ഊഹിക്കാം.
70 വര്‍ഷം മുന്‍പ് ആരംഭിച്ച സംഗീത സംവിധാനത്തില്‍ അവസാനം വരെ ദേവരാജന്‍ മാസ്റ്റര്‍ അങ്ങനെ തന്നെയായിരുന്നു. 1955 ല്‍ ‘കാലം മാറുന്നു ‘ എന്ന ചിത്രത്തിലൂടെ ഒ. എന്‍.വി. യുടെ
‘ആ മലര്‍ പൊയ്കയിലാടിക്കളിക്കുന്ന’ കോമളത്താമരപ്പൂവേ’ എന്ന വരികള്‍ സംഗീതം പകര്‍ന്നാണ് ആദ്യമായി ദേവരാജന്‍ മാസ്റ്റര്‍ ചലചിത്ര രംഗത്ത് എത്തുന്നത്. കാലം മാറിയെങ്കിലും ദേവരാജന്‍ മാസ്റ്ററും അദ്ദേഹത്തിന്റെ രീതികളും ഒരിക്കലും മാറിയില്ല.
‘പാട്ടുണ്ടാക്കാന്‍ പറഞ്ഞാല്‍ എടുത്തു ചാടി പുറപ്പെടുന്നവനല്ല ഞാന്‍. ആദ്യം തിരക്കഥ വായിക്കും, ഗാനസന്ദര്‍ഭങ്ങള്‍ പരിശോധിക്കും പാട്ടുകള്‍ക്ക് പ്രസക്തിയുണ്ടോ എന്ന് നോക്കും. എല്ലാം ഒത്തു വന്നാലെ കമ്പോസ് ചെയ്യൂ.’ അതാണ് മാസ്റ്ററുടെ നിലപാട്. കാലത്തെ ആര്‍ദ്രമാക്കിയ ഗാനങ്ങളൊരുക്കി ചലചിത്ര സംഗീതലോകത്ത് പരവൂര്‍ ജി. ദേവരാജന്‍ ദേവഗീതികളുടെ രാജശില്‍പ്പിയായത് ഈയൊരു നിഷ്ഠകൊണ്ടാണ്. അനശ്വരമായ എത്ര ഗാനങ്ങള്‍? എത്ര മുഹൂര്‍ത്തങ്ങള്‍? ഗാനാസ്വാദകര്‍ ഇപ്പോഴും കേള്‍ക്കുന്നു. പാടുന്നു.
ദേവരാജന്‍ മാസ്റ്ററുടെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്ന രീതി, റിഹേഴ്‌സല്‍, ഗായകര്‍ ഇവരൊക്കെ കൃത്യമായിരിക്കും. ദൈവം തമ്പുരാന്‍ പോലും അതില്‍ ഇടപെടാന്‍ സമ്മതിക്കില്ല. ഒരിക്കല്‍ കുഞ്ചാക്കോ മുതലാളി ഇടപെട്ടപ്പോള്‍ ആ സ്വാദ് അറിഞ്ഞതാണ്. ഉദായയുടെ ചിത്രം ‘ഉമ്മ’ (1960) യില്‍ ആദ്യം സംഗീതം നിശ്ചയിച്ചത് ദേവരാജന്‍ മാസ്റ്ററെയായിരുന്നു. ഉദയായില്‍ കുഞ്ചാക്കോയുടെ ഓഫീസില്‍ ചെന്ന് കാണുക- അവിടെ ഇരുന്ന് ട്യുണ്‍ ചെയ്യാം എന്ന് പറഞ്ഞ് വന്നയാളിനോട് ദേവരാജന്‍ മാസ്റ്ററുടെ ഒറ്റ മറുപടി: അങ്ങനെ ഓഫിസില്‍ വന്ന് ചെയ്യാന്‍ സാധ്യമല്ലെന്ന് മുതലാളിയോട് പറഞ്ഞേക്ക്.’ പിന്നെ ഉമ്മയില്‍ ട്യൂണിട്ടത് ബാബുരാജാണ്.
‘ഉള്ളത് ഞാനങ്ങു പറയും. ‘ കുഞ്ചാക്കോ പണ്ടേ പറഞ്ഞു ഒരെല്ല് എനിക്ക് കൂടുതലാണെന്ന്. സത്യം പറയുന്നത് ചിലര്‍ക്കിഷ്ടമല്ല. മുഖത്ത് നോക്കി പറയാനുള്ളത് പറയും. പണ്ടേ ഞാനങ്ങനെയാ’ അഹങ്കാരി, മുന്‍കോപി. ധിക്കാരി എന്ന് തനിക്ക് ചാര്‍ത്തി തന്ന വിശേഷണങ്ങളോട് മാസ്റ്റര്‍ പ്രതികരിച്ചത് ഇങ്ങനെ.
”എനിക്കിരിക്കേണ്ട ഇടമുണ്ട്. അവിടെയിരുന്നേ ഞാന്‍ പാട്ടു ചെയ്യൂ. ഒരിക്കലും സിനിമാ നിര്‍മ്മാതാവിന്റെ ഓഫീസ് മുറിയില്‍ പോയിരുന്ന് പാട്ട് ചെയ്യില്ല. അത് ധിക്കാരമാണെന്ന് പറഞ്ഞേക്കാം.’ധിക്കാരം എനിക്ക് നല്ലവണ്ണമുണ്ട്. ഒരിക്കല്‍ കെ.പി.എ.സിയുടെ മീറ്റിംഗില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാര്‍ണവര്‍ നേതാവ് ഡി.എസ്. ഗോപാല പിള്ള വന്നു. അദ്ദേഹം എന്നോട് ചോദിച്ചു. ഒരു പാട്ടുപാടാമോ ? അങ്ങനെ പറയുമ്പോഴൊന്നും പാടാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു.’
ആദ്യ ചിത്രമായ ‘കാലം മാറുന്നു’ എന്നതിന്റെ നിര്‍മാതാവായ കൈലാസ് നാരായണന്‍ തന്റെ ചിത്രത്തിന് ദേവരാജന്‍ മാസ്റ്ററെ സംഗീതമൊരുക്കാന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ തമ്മില്‍ നേരില്‍ കണ്ടിരുന്നില്ല. പാട്ടുകളുടെ ട്യൂണ്‍ ഇട്ട ശേഷമാണ് അവര്‍ തമ്മില്‍ നേരില്‍ കാണുന്നത് തന്നെ. ‘ നാടകങ്ങളില്‍ ഞാനും ഒ. എന്‍.വിയും ഒരുക്കിയ ഗാനങ്ങളുടെ ‘പ്രചാരം കണ്ടിട്ടാവാം ഞങ്ങളെ കൈലാസ് നാരായണന്‍ തന്റെ ചിത്രത്തിലേക്ക് വിളിച്ചത്’ .ആദ്യകാലങ്ങളെ ഓര്‍മ്മിച്ച ദേവരാജന്‍ മാസ്റ്റര്‍ ഒരിക്കല്‍ പറഞ്ഞു. നാടകരംഗത്തും ചലചിത്ര രംഗത്തും ദേവരാജന്‍ മാസ്റ്ററും ഒ.എന്‍.വിയും ഒന്നിച്ചാണ് രംഗത്ത് വന്നത്.
സംഗീതജ്ഞനായ പരവൂര്‍ കൊച്ചു ഗോവിന്ദനാശന്റെ മകനായ ദേവരാജന്‍ മാസ്റ്റര്‍ക്ക് സംഗീതം പൈതൃകമായി ലഭിച്ചതാണ്. ആ കാലത്ത് തന്നെ ചെറിയ സംഗീത കച്ചേരികള്‍ ദേവരാജന്‍ മാസ്റ്റര്‍ കൊല്ലത്ത് നടത്തിയിരുന്നു. കോളേജ് വിദ്യഭ്യാസത്തിന് ശേഷം കൊല്ലത്തെ എസ്.എന്‍. കോളേജിലെ സംഗീത തല്‍പ്പരരായ ചിലരുമായി അടുത്ത സുഹൃദ് ബന്ധം പുലര്‍ത്തിയിരുന്ന ദേവരാജന്‍ മാസ്റ്റര്‍ അക്കാലത്താണ് യുവകവിയായ ഒ എന്‍ വേലുക്കുറുപ്പിനെ പരിചയപ്പെടുന്നത്. പില്‍ക്കാലത്ത് ഒ. എന്‍.വി യെന്നറിയപ്പെട്ട ആ യുവകവി തന്റെ ഒരു കവിതാ സമാഹാരം ദേവരാജന്‍ മാസ്റ്റര്‍ക്ക് നല്‍കി. അതൊരു ധന്യ മുഹൂര്‍ത്തമായിരുന്നു.
ആ സമാഹാരത്തിലെ ഒരു കവിത വളരെ ശ്രദ്ധേയമായി തോന്നിയപ്പോള്‍ അതിന് ദേവരാജന്‍ മാസ്റ്റര്‍ ഈണം നല്‍കി. അതൊരു നിയോഗവും വിധിയുടെ നിശ്ചയവുമായിരുന്നു. 1951 ലാണത്. ജയില്‍ വിമുക്തനായ സഖാവ് എ.കെ.ജിക്ക് എസ്. എന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ നല്‍കിയ വിപുലമായ സ്വീകരണത്തില്‍ ദേവരാജന്‍ മാസ്റ്റര്‍ ആദ്യമായി താന്‍ ട്യൂണ്‍ ചെയ്ത ആ ഗാനം പാടീ’ അതാണ് ‘ പൊന്നരിവാളമ്പിളിയില്‍’ എന്ന പ്രശസ്തമായ ഗാനം. ആദ്യം കേട്ടപ്പോള്‍ത്തന്നെ അത് എല്ലാവരെയും ആകര്‍ഷിച്ച, എല്ലാവരും ഇഷ്ടപ്പെട്ട ഗാനമായി മനസില്‍ പതിഞ്ഞു. പിന്നിട് 1952 ല്‍ കെ. എ. പി. എ.സിയുടെ രണ്ടാമത്തെ നാടകമായ ‘ നിങ്ങളന്നെ കമ്യുണിസ്റ്റാക്കി’ യില്‍ കെ.എസ്. ജോര്‍ജും സുലോചനയും പാടിയതാടെ പിടിപ്പതിഞ്ഞ ഗാനമായി മാറി. അന്ന് വരെ നാടകങ്ങളില്‍ മറുഭാഷകളില്‍ നിന്ന് ട്യൂണ്‍ കടമെടുത്ത് പാട്ടുണ്ടാക്കുന്ന രീതി പൊന്നരിവാള്‍ എന്ന ഗാനത്തിന്റെ മൗലികതക്കും മലയാളിത്വത്തിനും വഴി മാറി. അങ്ങനെ പുതിയ ലളിതഗാനസംസ്‌കാരത്തിന് പരവൂര്‍ ജി ദേവരാജന്‍ മലയാളസംഗീതത്തില്‍ തുടക്കമിട്ടു.
നാടകവേദി അതോടെ ലളിത സംഗീതത്തെ വാരിപ്പുണര്‍ന്നു. പിന്നെയങ്ങോട്ട് നാടകവേദികളും ജനങ്ങളും വാരിപ്പുണര്‍ന്ന അനേകം ഗാനങ്ങളുടെ വരമായി. ‘മാരിവില്ലിന്‍ തേന്‍ മലരേ , വള്ളിക്കുടിലിനുള്ളിരിക്കും പുള്ളിക്കുയിലേ, തുഞ്ചന്‍ പറമ്പിലെ തത്തേ, ചില്ലി മുളം കാടുകളില്‍, ചെപ്പുകിലുക്കണ ചങ്ങാതി, ഏഴാം കടലിനക്കരെയുണ്ടൊരേഴിലംപാല, അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തുണ്ട്? ചക്കരപ്പന്തലില്‍, വെണ്ണിലാച്ചോലയിലെ, മധുരിക്കും ഓര്‍മ്മകളെ, അത്തിക്കായ്കള്‍ പഴുത്തല്ലോ, മനസില്‍ വിരിയും താമര മലരില്‍, ഇങ്ങനെയെത്ര അനശ്വര നാടക ഗാനങ്ങള്‍ – ദേവരാജന്‍ മാസ്റ്റര്‍ ഈ ഗാനങ്ങളൊരുക്കുന്ന കാലത്ത് ഈ പാട്ടുകളുടെ നാടകാവതരണത്തില്‍ ഭാഗഭൃക്കായിരുന്ന കെ.പി.എ.സിയുടെ സ്ഥാപക പ്രസിഡന്റായിരുന്ന അഡ്വക്കേറ്റ് ജനാര്‍ദ്ദനക്കുറുപ്പ് ഒരിക്കല്‍ പറഞ്ഞു. ‘സര്‍ഗധനരായ രചയിതാക്കളുടെ കവിതകളില്‍ സംഗീതം ഒളിഞ്ഞിരിക്കും. എന്നാല്‍ സംഗീതത്തില്‍ കവിത വിടര്‍ത്തുന്ന സംഗീതജ്ഞനാണ് ദേവരാജന്‍’.
1957 ല്‍ ഒന്നാം സ്വാതന്ത്ര്യ സമരം- ശിപായി ലഹളയുടെ നൂറാം വാര്‍ഷികം രാജ്യമെങ്ങും ആഘോഷിച്ചപ്പോള്‍ തിരുവനന്തപുരത്ത് പാളയത്തെ രക്തസാക്ഷികളെ അനുസ്മരിക്കാന്‍ വയലാര്‍ രാമവര്‍മ്മ എഴുതി ജി.ദേവരാജന്‍ സംഗീതം പകര്‍ന്ന സംഘഗാനമാണ് ഏറെ പ്രശസ്തമായ ‘ബലികുടീരങ്ങളെ ‘ എന്ന ഗാനം. വാര്‍ഷികത്തിന്റെ സ്മാരകമായ പാളയത്തെ രക്തസാക്ഷി മണ്ഡപം ഉല്‍ഘാടനം ചെയ്യാന്‍ എത്തിയത് ഇന്ത്യന്‍ പ്രസിഡന്റ് ഡോ. രാജേന്ദ്ര പ്രസാദ് ആയിരുന്നു. അതിന്റെ ചടങ്ങായി ഈ ഗാനം അവതരിപ്പിച്ചു. വി. ജെ. ടി. ഹാളില്‍ വെച്ച് 60 ഓളം ഗായകരാണ് ഈ ഗാനം ആലപിച്ചത്. കെ.എസ്. ജോര്‍ജ്, സി.ഒ. ആന്റൊ ,സുലോചന, എല്‍.പി.ആര്‍. വര്‍മ്മ, സുധര്‍മ്മ, ബിയാട്രീസ് തുടങ്ങിയ അന്നത്തെ പ്രശസ്ത നാടക പ്രവര്‍ത്തകരും അന്ന് ഈ ഗാനം പാടി. അന്ന് സിനിമാതാരങ്ങളായിട്ടില്ലാത്ത ജോസ് പ്രകാശും, കവിയൂര്‍ പൊന്നമ്മയും ഈ ഗാന സംഘത്തില്‍ പാടാനുണ്ടായിരുന്നു.
ഇതേ കുറിച്ച് ദേവരാജന്‍ മാസ്റ്ററുടെ വാക്കുകള്‍ ഇങ്ങനെ. ‘ബലികുടീരങ്ങളെ ഒരു വിപ്ലവഗാനമായല്ല രചിച്ചത്. ഗാനത്തിനവസാനമുള്ള ചെങ്കൊടിയെന്ന വാക്കിനു പകരം ‘ പൊന്‍കൊടി’ അല്ലെങ്കില്‍ തൃക്കൊടിയാക്കി മാറ്റിയാല്‍ സ്വാതന്ത്ര്യ സമരമുഖങ്ങളില്‍ മരിച്ചു വീണ എല്ലാ രക്തസാക്ഷികളുടെ അനുസ്മരണമാകും(ഗാനത്തില്‍ മലനാട്ടിലെ മണ്ണില്‍ നിന്നിതാ എന്നെഴുതിയിട്ടുണ്ടെങ്കിലും’).
ഇന്ത്യന്‍ പ്രസിഡന്റായ ഡോ. രാജേന്ദ്ര പ്രസാദിന്റെ സാന്നിധ്യമുള്ളതിനാല്‍ ചെങ്കൊടി എന്ന വാക്ക് മാറ്റണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു. ദേവരാജന്‍ മാസ്റ്റര്‍ അത് വിസമ്മതിച്ചു. ഒടുവില്‍ വയലാര്‍ അത് പൊന്‍കൊടി നേടീയെന്നാക്കി, കമ്മറ്റിക്കാരെ ക്കൊണ്ട് അംഗീകരിപ്പിച്ചു സമ്മതം വാങ്ങി. പക്ഷേ, ഗായകസംഘത്തോട് സ്റ്റേജില്‍’ ചെങ്കൊടി’ യെന്ന് തന്നെ പാടണമെന്ന് വയലാര്‍ നിര്‍ദേശം കൊടുത്തു. അങ്ങനെ 60 ഗായകരും ചെങ്കൊടിയെന്ന് തന്നെ പാടി. പിന്നീട് ‘ വിശറിക്ക് കാറ്റു വേണ്ട ‘ എന്ന കെ. പി. എ. സി. നാടകത്തില്‍ ഇത് ഉപയോഗിച്ചതോടെ ഏറെ പ്രശസ്തി നേടിയ ഗാനമായി. ഇത്രയേറെ തീവ്രതയോടെ അവതരിപ്പിച്ചിട്ടുള്ള ഒരു സംഘ ഗാനം മലയാളത്തില്‍ ഇല്ല.
1956 ല്‍ ജെ.ഡി. തോട്ടാന്റെ ‘കൂടപ്പിറപ്പ് ‘ എന്ന ചിത്രത്തിലാണ് സിനിമക്ക് വേണ്ടി യുവ കവി വയലാര്‍ രാമവര്‍മ്മ ആദ്യമായി ഗാനങ്ങളെഴുതുന്നത്. 1959 ല്‍ പുറത്തിറങ്ങിയ ‘ചതുരംഗം’ എന്ന പടത്തിലാണ് വയലാര്‍- ദേവരാജന്‍ ആദ്യമായി ഒന്നിക്കുന്നത്. ഈ കുട്ടുകെട്ടിന്റെ ആദ്യ ഗാനം ‘വാസന്ത രാവിന്റെ വാതില്‍ തുറന്നു വരും വാടാ മലര്‍ക്കിളിയേ’ വന്‍ ജനപ്രീതി നേടി. അക്ഷരാര്‍ത്ഥത്തില്‍ ഗാനവസന്തത്തിന്റെ വാതിലുകള്‍ തുറക്കുകയായിരുന്നു. നാടകത്തില്‍ ഒ. എന്‍. വിയുടെ വരികളാണ് ദേവരാജന്‍ മാസ്റ്റര്‍ ഈണത്തിലൂടെ മനോഹരമാക്കിയതെങ്കില്‍ സിനിമയില്‍ ആ സ്ഥാനം വയലാര്‍ രാമവര്‍മ്മക്കായിരുന്നു.
1962 ല്‍ പുറത്ത് വന്ന ഉദയായുടെ ‘ഭാര്യ’ യിലെ ഗാനങ്ങള്‍ സര്‍വ്വകാല ഹിറ്റായിരുന്നു. ആയിടെ നടന്ന സെന്‍സേഷനായ ഒരു കൊലക്കേസിന്റെ കഥ അടിസ്ഥാനമായി നിര്‍മിച്ച ഭാര്യക്ക് വന്‍ വിജയം നേടി കൊടുത്തതില്‍ വയലാര്‍ – ദേവരാജന്‍ ഗാനങ്ങള്‍ നല്ല പങ്കു വഹിച്ചു ‘പെരിയാറേ, പെരിയാറേ’, ഓമനക്കൈയ്യില്‍, കാണാന്‍ നല്ല കിനാവുകള്‍ കൊണ്ടൊരു, ലഹരി, ലഹരി, മനസമ്മതം തന്നാട്ടെ,, മുള്‍ക്കിരീടമിതെന്തിനു തന്നു, ദയാപരനായ കര്‍ത്താവേ’ എന്നീ ഗാനങ്ങള്‍ മലയാള ഗാനലോകത്തെ ഓളമായി മാറി.
ഭാര്യയിലൂടെ വയലാര്‍ – ദേവരാജന്‍ കൂട്ടുകെട്ട് മലയാള ചലചിത്ര ഗാന രംഗത്തെ തങ്ങളുടെ ജൈത്രയാത്ര ആരംഭിച്ചു. മറ്റൊരു സംഭവം കൂടി അതോടൊപ്പം നടന്നു. ‘പഞ്ചാര പാലു മിഠായി, ‘ ദയാപരനായ കര്‍ത്താവേ എന്നീ ഗാനങ്ങള്‍ ഒരു പുതിയ ഗായകനെ കൊണ്ട് പാടിച്ചു. അന്നത്തെ റൊമാന്റിക്ക് ഗായകനായ എ.എം.രാജയുള്ളതിനാല്‍ മറ്റാരും തന്റെ പടത്തില്‍ പാടുന്നതിന് ഒട്ടും താല്‍പ്പര്യമില്ലാത്ത ഉദയായുടെ കുഞ്ചാക്കോ മുതലാളിയെ ഏറെ പറഞ്ഞു സമ്മതിപ്പിച്ചാണ് ദേവരാജന്‍ മാസ്റ്റര്‍ ഈ രണ്ടു പാട്ടും ഗായകനെ കൊണ്ടി പാടിച്ചത്. അങ്ങനെ മലയാളികളുടെ സംഗീത ലോകത്തെ നിത്യവിസ്മയമായ കെ.ജെ. യേശുദാസ് എന്ന ഗായകന്‍ ഈ ഗാന ശില്‍പ്പികളുടെ ആദ്യ ഗാനം പാടി. വയലാര്‍ – ദേവരാജന്‍ – യേശുദാസ് ത്രയങ്ങളുടെ സംഗീത പ്രയാണം ഇവിടം മുതല്‍ ആരംഭിക്കുന്നു. ആ ടീമിന്റെ ഗാനങ്ങളുടെ ഒരു തെരഞ്ഞെടുപ്പ് അസാധ്യമാണ്. എല്ലാം അസുലഭമായ ഗാനമുത്തുകളാണ്.
യേശുദാസ് എന്ന ഗായകനെ ഏറ്റവും പാടിച്ച സംഗീത സംവിധായകന്‍ ദേവരാജന്‍ മാസ്റ്ററാണ് ആര്‍ക്കും ഭേദിക്കാനാവാത്ത റെക്കോഡ് ആരും മറി കടന്നില്ല. ‘ കെ.എസ്. ജോര്‍ജ്ജ് മുതല്‍ സുധീപ് കുമാര്‍ വരെയുള്ള 123 ഗായകരെ ദേവരാജന്‍ മാസ്റ്റര്‍ പാടിച്ചു.
ഒരിക്കല്‍ ദേവരാജന്‍ മാസ്റ്ററോട് ചോദിച്ചു.
ആരാണ് മികച്ച ഗായകന്‍ ?
‘സംശയമെന്ത്?’ യേശുദാസ് പിന്നെ പറഞ്ഞു. ‘ഒന്നാമന്‍ യേശുദാസ്. രണ്ടാമനും, മൂന്നാമനും അയാള്‍ തന്നെ. നാലാമന്‍ ജയചന്ദ്രന്‍, പിന്നെ പത്തു വരെ സ്ഥാനം യേശുദാസ് തന്നെ.’
ഗായിക?
‘പി.സുശീല. അവര്‍ പാടുമ്പോള്‍ പാട്ടിന്റെ ഭാവം താനെ വരും. മറ്റുളളവര്‍ക്ക് ഭാവം പിന്നെ ചേര്‍ക്കണം.’
അര നൂറ്റാണ്ട് മുന്‍പ് വീട്ടുമൃഗം എന്ന പടത്തില്‍ ഭാസ്‌കരന്‍ മാസ്റ്ററുടെ ‘മന്‍മഥസൗഥത്തില്‍’ എന്ന ഗാനം സോളോ ആയി യേശുദാസിനെക്കൊണ്ടും ജയചന്ദ്രനെ കൊണ്ടും ദേവരാജന്‍ മാസ്റ്റര്‍ പാടിച്ചു. യേശുദാസും ജയചന്ദ്രനും ഒരേ ഗാനം ആദ്യം പാടിയത് ദേവരാജന്‍ മാസ്റ്ററുടെ ഈണത്തിലാണ്.
തന്റെ സംഗീത സംവിധാനത്തില്‍ പാട്ടുപാടിയ എല്ലാ ഗായകരേയും മാസ്റ്റര്‍ വിലയിരുത്തിയിട്ടുണ്ട്.
എന്റെ കീഴില്‍ ആദ്യം പാടിയത് കെ.എസ്. ജോര്‍ജാണ്. ഏത് ഗാനവും ഏറ്റവും ഇന്‍വോള്‍വോടെ പാടിയ ഗായകന്‍. വിപ്ലവഗാനങ്ങളില്‍ ജോര്‍ജ് ഏറെ തിളങ്ങിയിരുന്നു. കെ. പി. എ. സി സുലോചന അവരുടെ കാലഘട്ടത്തില്‍ ഉള്ള കഴിവ് നന്നായി പ്രകടിപ്പിച്ചു. കമുകറ നല്ല ശബ്ദമുള്ള ഗായകന്‍. തറവാടിത്വമുള്ള വ്യക്തിത്വം’. ശാന്താ പി. നായര്‍ നല്ല ഗായിക. യേശുദാസ് മലയാളത്തിന് വേണ്ടി പിറന്ന ഏറ്റവും നല്ല ശബ്ദമുള്ള ഗായകന്‍. പി. ലീല മലയാളത്തിന്റെ ഗായിക. മാധുരി മലയാളം പഠിച്ച അന്യഭാഷാ ഗായിക. അക്ഷരസ്ഫുടതയും ഭാവവും അവരുടെ പ്രത്യേകതകളാണ്. ജയചന്ദ്രന്‍ പുരുഷ ശബ്ദമുള്ള നല്ല ഗായകന്‍. ഒട്ടേറെ അപൂര്‍വ്വതയുള്ള ഗായിക പി. സുശീല. റെക്കോഡിംഗിന് മുന്‍പ് ദേവരാജന്‍ മാസ്റ്ററുടെ ശബ്ദത്തിലുണ്ടാകുന്ന ചെറിയ വ്യതിയാനങ്ങള്‍ പോലും ഫൈനല്‍ ടേക്കില്‍ അതേ പടി അവതരിപ്പിക്കാന്‍ സുശീലക്ക് കഴിഞ്ഞിരുന്നു. തന്റെ ഈണങ്ങളോട് ഏറ്റവും നീതി പുലര്‍ത്തിയ ഗായിക പി.സുശീലയാന്നൊണ് മാസ്റ്ററുടെ അഭിപ്രായം.
‘യേശുദാസും ഇടയ്ക്കിടെ ജയചന്ദ്രനും ഒഴികെയുള്ള ഗായകരെ പ്രോത്സാഹിപ്പിക്കാതിരുന്നത്. സിനിമയില്‍ പാടുന്ന നടന്‍ നസീര്‍ ആയതുകൊണ്ടാണ്. പ്രേം നസീറിന്റെ ശബ്ദത്തിനും രൂപത്തിനും ഇണങ്ങുന്ന സ്വരം യേശുദാസിന് ഉണ്ടായിരുന്നതു കൊണ്ടാണ് എന്നൊക്കെ ആളുകള്‍ പറയാറുണ്ട്. പക്ഷേ, അല്ല. അഭിനയിക്കുന്നത് ആരെന്ന് എനിക്ക് പ്രശ്‌നമേ അല്ല. എന്റെ പാട്ട് അന്ന് ഏറ്റവും നന്നായി പാടാന്‍ പറ്റിയ ഗായകന്‍ യേശുദാസാണ്. ഏകദേശം 123 ഗായകരെ ഞാന്‍ പാടിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും നന്നായി വന്നത് യേശുദാസും ജയചന്ദ്രനുമാണ്.
ഗായകരുടെ ചിട്ടകളെ കുറിച്ച് വ്യക്തമായ ധാരണ മാസ്റ്റര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.
‘മദ്യപിച്ചാല്‍ ശബ്ദത്തെ ബാധിക്കുമോ? മാസ്റ്ററോട് ഒരിക്കല്‍ ചോദിച്ചു.
‘ശബ്ദത്തെ ബാധിക്കില്ല. പക്ഷേ, ആരോഗ്യത്തെ ബാധിക്കും. ആരോഗ്യം കുറയുമ്പോള്‍ ശബ്ദം തകരാറാകും. നന്നായി പാടാന്‍ കഴിയാതെയാകും. പിന്നെ അയാളെ ആരെങ്കിലും വിളിക്കുമോ?’ എന്നായിരുന്നു മാസ്റ്റര്‍ പറഞ്ഞത്.
‘ഒരു പാട്ടിന് ഈണമിട്ട് കഴിഞ്ഞാല്‍ ഞാന്‍ മണിക്കൂറുകളോളം മറ്റ് കാര്യങ്ങളില്‍ മുഴുകും . പിന്നിട് ആ ഈണം ഓര്‍ത്തെടുക്കാന്‍ ശ്രമിക്കും. ഓര്‍മ വന്നില്ലെങ്കില്‍ ആ ട്യൂണ്‍ ഞാന്‍ ഉപേക്ഷിക്കും. എന്റെ പാട്ട് എനിക്കു പോലും ഓര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റുള്ളവര്‍ എങ്ങനെ ഓര്‍ക്കാന്‍!’ ‘പൂന്തേനരുവി പൊന്മുടി പുഴയുടെ അനുജത്തി’ എന്ന ഗാനത്തിന് ഇട്ടത് നാലു ട്യൂണ്‍. അതില്‍ ഏറ്റവും മികച്ചതാണ് ഇന്ന് കേള്‍ക്കുന്നത്.
‘ആകാശങ്ങളിലിരിക്കും അനശ്വരനായ പിതാവേ’ നാടന്‍ പെണ്ണിലെ ഗാനം റെക്കോഡ് ചെയ്യുമ്പോള്‍ അതിന്റെ ഓര്‍ക്കസ്ട്രേഷന്‍ ചെയ്തത് ആര്‍.കെ. ശേഖറാണ്. എ.ആര്‍. റഹ്‌മാന്റെ പിതാവ്. താന്‍ കൊടുത്ത ഈണത്തില്‍ വന്ന മാറ്റം ശ്രദ്ധയില്‍ പെട്ട ദേവരാജന്‍ മാസ്റ്റര്‍ ശേഖറിനോട് വിശദീകരണം തേടിയപ്പോള്‍. ശേഖര്‍ പറഞ്ഞത് പാട്ട് മെച്ചപ്പെടാന്‍ താന്‍ ചിലത് ചേര്‍ത്തു എന്നാണ്. അപ്പോള്‍ തന്നെ ദേവരാജന്‍ മാസ്റ്റര്‍ ശേഖറെ സ്റ്റുഡിയോവിലെ റെക്കോഡിംഗില്‍ നിന്ന് ഒഴിവാക്കി. ‘നല്ലതായാലും മോശമായാലും അത് എന്റെ പേരിലിരിക്കട്ടെ!’ എന്നതായിരുന്നു നിലപാട്. അതാണ് ദേവരാജന്‍ മാസ്റ്റര്‍.
മലയാളത്തിലെ ചലചിത്ര ഗാനങ്ങളില്‍ ഏറ്റവും മികച്ച വള്ളപ്പാട്ട് ഒരുക്കിയത് ദേവരാജന്‍ മാസ്റ്ററാണ്. ഈ ഗാനത്തിന് വയലാറിന്റെ വരികള്‍ തന്റെ രീതിയില്‍ ചിട്ടപ്പെടുത്തിയപ്പോഴാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. 1967 ല്‍ പുറത്ത് വന്ന ശശികുമാര്‍ സംവിധാനം ചെയ്ത ‘ കാവാലം ചുണ്ടന്‍ ‘ എന്ന ചിത്രത്തില്‍ വള്ളംകളിയില്‍ വിജയാശ്രീലാളിതരായി വള്ളക്കാര്‍ വരുന്ന സന്ദര്‍ഭത്തില്‍ പാടുന്ന ഒരു പാട്ടിന്റെ ഈണമെന്നേ ശശികുമാര്‍ നിര്‍ദേശിച്ചുള്ളൂ. വയലാര്‍ എഴുതി ദേവരാജന്‍ ഈണമിട്ട ഗാനം കേള്‍ക്കാന്‍ പടത്തിന്റെ നിര്‍മ്മാതാവ് ജിയോ കുട്ടപ്പന്‍ എന്നറിയപ്പെടുന്ന കുട്ടനാട്ടുകാരനായ എം.ഒ. ജോണും അദ്ദേഹത്തിന്റെ പിതാവായ ജോര്‍ജും സ്റ്റുഡിയോവില്‍ ഉണ്ടായിരുന്നു. റിഹേഴ്‌സല്‍ കേട്ട ജോര്‍ജ് പറഞ്ഞു. ‘ഇത് കുട്ടനാട്ടിലെ വള്ളംകളിപ്പാട്ടല്ല’ ദേവരാജന്‍ മാസ്റ്റര്‍ കുട്ടനാട്ടിലെ വള്ളംകളിപ്പാട്ട് ഇതുവരെ കേട്ടിരുന്നില്ല. ഉടനെ ദേവരാജന്‍ മാസ്റ്റര്‍ ജോര്‍ജിനെ കമ്പോസിംഗ് മുറിയില്‍ വിളിച്ചിരുത്തി. വയലാര്‍ എഴുതിയ പാട്ടിന്റെ കവിത കയ്യില്‍ കൊടുത്തിട്ട് കുട്ടനാടന്‍ രീതിയില്‍ പാടാന്‍ പറഞ്ഞു. ജോര്‍ജ് കുട്ടനാടന്‍ രീതിയില്‍ നാല് വരി പാടി’കാലു കൊണ്ടു നിലത്ത് ചവുട്ടി താളം പിടിച്ച് പല്ലവി പാടിക്കഴിഞ്ഞ്’ ഓ തിത്തിത്താര തിത്തൈ തകതൈതോം’ എന്ന് സ്വന്തമായി ഒരു താളവും പാടി. ആ തനി കുട്ടനാടന്‍ കാരണവരുടെ ഈ ചൊല്‍ക്കാഴ്ച മകനായ എം.ഒ. ജോണടക്കം അവിടെയെല്ലാവരേയും അത്ഭുതപ്പെടുത്തുകയും , രസിപ്പിക്കുകയും ചെയ്തു. ‘
വയലാര്‍ തന്റെ കവിത ഈണത്തിന് ചേരും വിധത്തില്‍ മാറ്റിയെഴുതി. ഒരു മണിക്കുറിന് ശേഷം യേശുദാസും സംഘവും പുതിയ താളത്തിലുള്ള ഗാനം സ്റ്റുഡിയോവില്‍ പാടി.
‘കുട്ടനാടന്‍ പുഞ്ചയിലെ
തെയ് തെയ് തക തെയ് തെയ് തോം
കൊച്ചു പെണ്ണെ കുയിലാളേ
തിത്തിത്താതി തെയ് തെയ്
കൊട്ടുവേണം കുഴല്‍വേണം കുരവവേണം
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തിത്തൈ തകതെയ് ‘
ഒരു യഥാര്‍ത്ഥ കുട്ടനാടുകാരന്റെ വായ്ത്താരിയാല്‍ നിന്ന് കിട്ടിയ താളത്തില്‍ നിന്ന് ദേവരാജന്‍ മാസ്റ്റര്‍ കാലദേശങ്ങള്‍ കടന്ന് ഏതൊരു മലയാളിയും മൂളുന്ന ഒരു കുട്ടനാടന്‍ വള്ളപാട്ടാക്കി ആ ഗാനത്തെ മാറ്റി. വയലാര്‍ എഴുതിയ വരികളില്‍ ഇല്ലാത്ത, ജോര്‍ജ് പാടിയ ‘തിത്തൈ തിത്തൈ തകതെയ് ചേര്‍ന്നപ്പോള്‍ ‘ആ പാട്ടിന്റെ വരികളുടെ ആത്മാവായി മാറി.
പടത്തിന്റെ നിര്‍മ്മാതാവിനേയോ സംഗീത സംവിധായകനേയോ ട്യൂണുകള്‍ കേള്‍പ്പിക്കാറില്ലെന്ന ആരോപണം ദേവരാജന്‍ മാസ്റ്ററെക്കുറിച്ച് പറയാറുണ്ട്. സംഗീതവുമായി വലിയ ബന്ധമൊന്നുമില്ലാത്തവരെ അദ്ദേഹം ട്യൂണുകള്‍ കേള്‍പ്പിക്കാറില്ല എന്ന വസ്തുത വളച്ചൊടിച്ചതു മാത്രമായിരുന്നു അത്. ‘എന്നെ വിശ്വാസമുള്ളതു കൊണ്ടാണല്ലോ സംഗീതം എന്നെ ഏല്‍പ്പിച്ചത്. അത് മെച്ചപ്പെടുത്തേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. പാട്ടുകളൊക്കെ നമുക്ക് സ്റ്റുഡിയോവില്‍ കേള്‍ക്കാം’ ഇതായിരുന്നു ദേവരാജന്‍ മാസ്റ്ററുടെ നിലപാട്.
ഒരു പെണ്ണിന്റെ കഥയിലെ ഏറ്റവും പ്രശസ്തമായ ‘പുന്തേനരുവി’യെന്ന ഗാനത്തെ കുറിച്ച് സംവിധായകന്‍ സേതുമാധവന്‍ പറഞ്ഞു, ‘ഫോണിലൂടെ ദേവരാജന്‍ മാസ്റ്റര്‍ നാലു ട്യൂണുകള്‍ പാടി എന്നെ കേള്‍പ്പിച്ചു. ഫോണില്‍ വിരലിന്റെ നഖം തട്ടി താളം പിടിച്ചായിരുന്നു പാടിയത്’ എന്നിട്ട് ചോദിച്ചു.
ഏതാണ് ഇഷ്ടമായത്?
ഞാന്‍ പറഞ്ഞു, ദേവന് ഇഷ്ടമായത് എതോ, അത്.’ അന്ന് തിരഞ്ഞെടുത്ത ട്യൂണാണ് പുന്തേനരുവിയുടെ ഇപ്പോള്‍ കേള്‍ക്കുന്നത്. ആ പാട്ട് വലിയ ഹിറ്റായി’.
സേതുമാധവന്റെ ‘കണ്ണും കരളും’ (1962) എന്ന ചിത്രത്തിന്റെ സംഗീതം എം.ബി ശ്രീനിവാസനായിരുന്നു. മദാസില്‍ പ്രസിഡന്‍സി കോളേജില്‍ സേതുമാധവനും എം.ബി എസും സഹപാഠികളായിരുന്നു. ആ ബന്ധം ചലച്ചിത്ര രംഗത്തും തുടര്‍ന്നു. അപ്പോഴാണ് പുതിയ പടം ‘നിത്യകന്യക’ തുടങ്ങുന്നത്. വയലാര്‍ പറഞ്ഞു, ‘നമുക്ക് ദേവരാജനെ വിളിക്കണം.’ കുഴങ്ങിയ സേതുമാധവന്‍ എം.ബി.എസിനെ കണ്ട് കാര്യം പറയുന്നു. വിശാല ഹൃദയനായ എം. ബി.എസ് പറയുന്നു അവര്‍ ഒരു ടീമല്ലേ? നടക്കട്ടെ.
അങ്ങനെ ‘നിത്യകന്യക’ യില്‍ വയലാര്‍ ദേവരാജന്‍ ഒന്നിക്കുന്നു. യേശുദാസിന്റെ ഏറ്റവും ആദ്യത്തെ ഹിറ്റു ഗാനങ്ങളിലൊന്ന് നിത്യകനൃകയിലൂടെ പുറത്ത് വരുകയാണ്. ‘കണ്ണുനീര്‍ മുത്തുമായി’ എന്നത് മലയാള ഗാനരംഗത്ത് യേശുദാസ് എന്ന ഗായകനെ മലയാള ഗാന സാമ്രാജ്യത്തിലെ സിംഹാസത്തില്‍ ഇരുത്തിയ ഗാനമായിരുന്നു അത്.
പിന്നെ കാലത്തെ അതിജീവിച്ച കുറെ ഗാനങ്ങള്‍ സേതുമാധവന്റെ ചിത്രത്തിലൂടെ മണിമുത്തുകളായി. വയലാര്‍-ദേവരാജന്‍ കൂട്ട് കെട്ട് മലയാള ചലചിത്ര ഗാനങ്ങളുടെ സുവര്‍ണകാലമാക്കി അത് മാറ്റി. ‘കറുത്തപ്പെണ്ണേ കരിങ്കുഴലീ’ (അന്ന) മണവാട്ടി, (ദേവതാരു പൂത്തൂ) ഓമനക്കുട്ടന്‍ ( ഓമനക്കുട്ടന്‍ ) കാറ്റില്‍ ഇളം കാറ്റില്‍( ഓടയില്‍ നിന്ന്), ഏകാന്ത കാമുകാ നിന്‍ വഴിത്താരയില്‍ (ദാഹം), സ്വര്‍ണ്ണചാമരം വീശി(യക്ഷി), മാനസേശ്വരി മാപ്പു തരൂ (അടിമകള്‍) ഉജ്ജയിനിയിലെ ഗായികാ (കടല്‍പ്പാലം), സീതാദേവി സ്വയം വരം ( വാഴ്വേ മായം), പാരിജാതം തിരുമിഴിതുറന്നു( തോക്കുകള്‍ കഥ പറയുന്നു) , അനുപമേ അഴകേ( അരനാഴികനേരം) പള്ളിയറ മന വെള്ളിയറ മനയില്‍ ( തെറ്റ്) തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി (കൂട്ടു കുടംബം), പ്രേമഭിക്ഷുകി (പുനര്‍ജന്മം), പുഷ്യരാഗ മോതിരമിട്ടൊരു ( ഇങ്ക്വിലാബ് സിന്ദാബാദ്), സന്ധ്യ മയങ്ങും നേരം (മയിലാടും കുന്ന്), കാറ്റു വന്നു കള്ളനെപ്പോലെ (കരകാണാക്കടല്‍), ഇഷ്ടപ്രാണേശ്വരി (ചുക്ക്) തുടങ്ങിയ സേതുമാധവന്‍ ചിത്രങ്ങളിലെ വയലാര്‍ – ദേവരാജന്‍ ഗാനങ്ങള്‍ ആസ്വാദകര്‍ ഇന്നും ഏറ്റു പാടുന്നു.
പാട്ടിന്റെ കംമ്പോസിംഗിലും ആരെയും കൈകടത്താന്‍ ദേവരാജന്‍ മാസ്റ്റര്‍ സമ്മതിക്കില്ല.
1959 ല്‍ കെ.പി.എ.സി. നാടകരംഗത്ത് ജൈത്രയാത്ര ആരംഭിച്ച സമയം. ‘പുതിയ ആകാശം പുതിയ ഭൂമി’ നാടകത്തിന്റെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുകയാണ് ദേവരാജന്‍ മാസ്റ്റര്‍. ഒ.എന്‍. വിയുടെ വരികള്‍.
”ചാഞ്ചാടുണ്ണി ചെരിഞ്ഞാടുണ്ണി കുഴഞ്ഞാടുണ്ണി നിന്നാട്
പാലടയുണ്ട് പഴം നുറുക്കുണ്ട്. പാല്‍പ്പായസമുണ്ടു നീയാട്’
കെ. പി. എ.സി സുലോചനയാണ് പാടുന്നത്. ദേവരാജന്‍ മാസ്റ്റര്‍ സുലോചനയെ പാട്ട് പഠിപ്പിക്കുകയാണ്. സുലോചനയുടെ അച്ഛന്‍ പോലീസുകാരനാണ്. അയാള്‍ പോലീസു മുറയില്‍ അവിടെ പഠിപ്പിക്കുന്നത് നോക്കിയിരിപ്പുണ്ട്. ‘ചാഞ്ചാടുണ്ണീ, ചെരിഞ്ഞാടുണ്ണീ ‘ എന്ന് സുലോചന പാടുമ്പോള്‍ ഉണ്ണീയെന്നത് അവിടെ ശരിയാകുന്നില്ല. അപ്പോള്‍ പോലീസുകാരന്‍ പറഞ്ഞു ‘ മോളേ, ആ ഉണ്ണി കുറച്ചു കൂടി പൊങ്ങണം’ എന്നു പറഞ്ഞു. ഇത് കേട്ട പാടെ ദേവരാജന്‍ മാസ്റ്റര്‍ അങ്ങേരുടെ മുഖത്ത് നോക്കിയിട്ട് സുലോചനയോട് ചോദിച്ചു. ‘ ഇതാരാണ്? ‘ അച്ഛനാണ് ‘ സുലോചന പറഞ്ഞു. പോലീസുകാരനോട് ദേവരാജന്‍ മാസ്റ്റര്‍ ഉറച്ച സ്വരത്തില്‍ പറഞ്ഞു. ‘ ടുണ്ണിയൊക്കെ ഞങ്ങള്‍ പൊക്കിക്കോളാം അങ്ങ് പുറത്ത് പോയാട്ടെ’. ഇത്തരം സന്ദര്‍ഭങ്ങളില്‍ ദേവരാജന്‍ മാസ്റ്ററുടെ ‘പ്രതികരണം ഇതാണ്, കടക്ക് പുറത്ത്!
പലഘട്ടങ്ങളായി 50 ഓളം പേര്‍ ദേവരാജന്‍ മാസ്റ്റുടെ സഹായിയായി പ്രവര്‍ത്തിച്ചു. അതില്‍ പ്രമുഖന്‍ എം.കെ. അര്‍ജുനന്‍ തന്നെ. പിന്നെ ജോണ്‍സണ്‍. കെ. പി. എ സി യില്‍ നിന്ന് പുറത്ത് വന്ന് കേരള കാളിദാസ കലാകേന്ദ്രം ആരംഭിച്ചപ്പോള്‍ ‘ഡോക്ടര്‍ ‘ നാടകത്തിന് പുതിയൊരു ഹാര്‍മ്മോണിസ്റ്റ് വേണമെന്ന ആവശ്യപ്രകാരമാണ് നടന്‍ മണവാളന്‍ ജോസഫിന്റെ സഹോദരന്‍ തബലിസ്‌ററായ രാജപ്പന്‍ കൊച്ചിയില്‍ നിന്ന് എം.കെ. അര്‍ജ്ജുനനെ കൊല്ലത്ത് കാളിദാസ കലാകേന്ദ്രത്തില്‍ എത്തിച്ചത്. ‘ഹാര്‍മോണിസ്റ്റ് എത്തിയിട്ടുണ്ട്. ‘പേര് അര്‍ജ്ജുനന്‍’, രാജപ്പന്‍ പറഞ്ഞു. അര്‍ജ്ജുനനായാലും കൊള്ളാം ഭീമനായാലും കൊള്ളാം പണിക്ക് പറ്റിയില്ലെങ്കില്‍ പറഞ്ഞ് വിടും ‘ദേവരാജന്‍ മാസ്റ്റര്‍ പറഞ്ഞു. ഇത് കേട്ട് ഹാര്‍മോണിസ്റ്റ് ഞെട്ടി. പക്ഷേ, അര്‍ജ്ജുനനെ മാസ്റ്റര്‍ക്ക് നന്നേ ബോധിച്ചു.
60 ഓളം ഗാനരചയിതാക്കളുടെ വരികള്‍ക്ക് ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ടു. അതില്‍ ഏറ്റവും പ്രശസ്ത ഗാനങ്ങള്‍ വയലാറൊന്നിച്ച് ചെയ്തത് തന്നെ. ചതുരംഗം (1959) മുതല്‍ ചക്രവര്‍ത്തിനീ (1977) വരെ. 134 ചിത്രങ്ങളില്‍ അവരൊന്നിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പ് അണ്ണാമല സര്‍വകലാശാലയുടെ സംഗീത വിഭാഗം നടത്തിയ ഒരു പഠനത്തില്‍ ഇന്ത്യയിലെ ‘പ്രദേശിക ഭാഷകളിലെ സിനിമകളിലെ സംഗീതമേഖല – ഗാനരചന – സംഗീതം – ആലാപനം എന്നതിലെ മികച്ച കൂട്ടുകെട്ട് ആരാണ് എന്നതായിരുന്നു. ആ പഠനത്തില്‍ ഉരുത്തിരിഞ്ഞത് മലയാളത്തിലെ വയലാര്‍ – ദേവരാജന്‍ – യേശുദാസ് കൂടുകെട്ടിന്റെ ഗാനങ്ങളാണ് ഇന്ത്യന്‍ സിനിമയില്‍ തന്നെ എറ്റവും മികച്ചത് എന്നായിരുന്നു.
പി. ഭാസ്‌കരന്‍ 38 ചിത്രത്തില്‍ ദേവരാജന്‍ മാസ്റ്ററുമായി സഹകരിച്ചു. മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, നാദബ്രഹ്‌മത്തില്‍ സാഗരം, മല്ലികാ ബാണന്‍, എന്റെ സ്വപ്നത്തില്‍, സുന്ദര സ്വപ്നമേ നീയെനിക്കേകിയ, ഇളവന്നുര്‍ മഠത്തിലെ, അനഘസങ്കല്‍പ്പ ഗായികേ, കളഭത്തില്‍ മുങ്ങി വരും , മാര്‍ഗഴിയില്‍ മല്ലിക പൂത്താല്‍ എറെ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളായിരുന്നു. ‘കമ്യൂണിസ്റ്റ് സഹയാത്രികരായിട്ടും ഞങ്ങള്‍ രണ്ട് വഴിക്കാണ് സഞ്ചരിച്ചത്. എന്റെ ഗാനങ്ങള്‍ ജനപ്രിയമാക്കുന്നതില്‍ ദേവരാജന്‍ മാസ്റ്ററുടെ പങ്ക് വലുതാണ്. പാട്ടുകള്‍ക്ക് ഈണം നല്‍കുമ്പോഴൊക്കെ ഒരു ടീമായി ബാബുരാജിന്റെയോ കെ. രാഘവന്റെ കൂടെയോ ഒപ്പം ഇഴുകിചേര്‍ന്നതുപോലെ ദേവരാജനോടൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിട്ടില്ല’ ഭാസ്‌കരന്‍ മാസ്റ്റര്‍ ഒരിക്കല്‍ പറഞ്ഞു.
ഒ.എന്‍.വി യോടൊപ്പം 20 ചിത്രങ്ങള്‍. ശ്രീകുമാരന്‍ തമ്പിയുമായി 38 ചിത്രങ്ങള്‍, യൂസഫലി കേച്ചേരി (38) കൂടാതെ മാങ്കൊമ്പ് ഗോപാലകൃഷ്ണന്‍, ബിച്ചു തിരുമല തുടങ്ങിയര്‍ വെറെ. ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട ഒരു പാട്ടെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോയിട്ടില്ല.
മലയാറ്റൂര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത ‘ഒടുക്കം തുടക്കം’ (1982)മെന്ന ചിത്രത്തിന് സംഗീതം നല്‍കിയത് ദേവരാജന്‍ മാസ്റ്ററാണ്. പി. ഭാസ്‌കരന്റെ പാട്ടു കൂടാതെ ഒരു പാട്ടു കൂടി പടത്തില്‍ വേണമെന്ന് നിര്‍മ്മാതാവ് മഞ്ഞിലാസിന്റെ എം.ഒ. ജോസഫ് അവശ്യപ്പെട്ടു. ഒരു ഗാനം തയ്യാറായി. ട്യൂണിട്ടപ്പോള്‍ ദേവരാജന്‍ മാസ്റ്റര്‍ക്ക് ഇഷ്ടമായി. പക്ഷേ, ഒരു വയലാര്‍ ചുവയുണ്ട്. അത് മാസ്റ്റര്‍ രചയിതാവിനോട് പറഞ്ഞപ്പോള്‍. ഗാന രചയിതാവ് പറഞ്ഞു. എന്നാല്‍ പേര് വെയ്‌ക്കേണ്ട ‘ഫോണില്‍ കൂടെ പറഞ്ഞു കൊടുത്തു ദേവരാജന്‍ മാസ്റ്റര്‍ ഗാനം എഴുതിയെടുത്താണ് കമ്പോസിംഗ് ചെയ്തത്. ആ ഗാനം എഴുതിയത് സാക്ഷാല്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍ തന്നെ.
ഗാനം –
‘ആരോമലേ, അമലേ,
നിന്‍ പ്രിയതമന്‍ പാടും പാട്ടില്‍ കേള്‍ക്കാം
പ്രണയിനിക്കൊരു സന്ദേശം’
ഒടുവില്‍ ദേവരാജന്‍ മാസ്റ്റര്‍ ഗാനരചയിതാവിന് പുതിയ പേര് നല്‍കി. ദേവരാജനും രാമകൃഷ്ണനും ഒന്നായി ചേര്‍ത്തു. ശാനരചയിതാവ്: ദേവ കൃഷ്ണന്‍!
‘സിനിമാ ഗാനങ്ങളില്‍ എനിക്കാവശ്യം ഭാവമാണ്. ഉച്ചാരണം രണ്ടാമതേ വരൂ. അത് പറഞ്ഞു വരുത്താന്‍ സാധിക്കും. സുശീല മലയാളിയല്ലെങ്കില്‍ കുടി അവരുടെ ശബ്ദത്തിന് ഭാവമുണ്ട്. രാഗവും ഭാവവും കൃത്യമാകുമ്പോള്‍ പാട്ടുകൊണ്ട് പ്രേമമുണ്ടാക്കാം, ക്രോധവും ഉണ്ടാക്കാം. ഉദാഹരണത്തിന് ഭാര്യയിലെ ‘ മുള്‍ക്കിരീടമെന്തിനു തന്നു. എന്ന് പാടുമ്പോള്‍ അവരുടെ ദൈന്യത മുഴുവന്‍ അതിലുണ്ട്.’ ദേവരാജന്‍ മാസ്റ്റര്‍ പറയുന്നു
‘ഇന്നെനിക്ക് പൊട്ടുകുത്താം’ എന്ന മാധുരി പാടിയ (ഗുരുവായൂര്‍ കേശവന്‍) എന്ന ഗാനം ഹിന്ദുസ്ഥാനിയിലെ അപൂര്‍വ രാഗമായ മിയാമന്‍ഹാര്‍ ആണ്. എളുപ്പത്തില്‍ പ്രയോഗിക്കാന്‍ വിഷമമുള്ള രാഗമാണത്. മാധുരിയെ ഹിന്ദുസ്ഥാനി പഠിപ്പിച്ചിരുന്ന സാറിനെ ചെന്ന് കണ്ട് ഈ രാഗത്തെക്കുറിച്ച് ചോദിച്ച് മനസ്സിലാക്കി പഠിച്ചതിനു ശേഷമാണ് ഞാനാ പാട്ട് ചെയ്തത്. വേറെ താളത്തില്‍ എഴുതിയ ആ പാട്ട് ഞാന്‍ മാറ്റിയെടുത്തതാണ്. പാട്ട് എഴുതിയ ഭാസ്‌കരന്‍ മാഷോ പടത്തിന്റെ സംവിധായകന്‍ ഭരതനോ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല ആ പാട്ട് ഇങ്ങനെയാകുമെന്ന്.
മിയാന്‍ മന്‍ഹാര്‍ രാഗത്തിലെ കൃത്യമായ പ്രയോഗങ്ങളെല്ലാം ആ ഗാനത്തിലുണ്ട്. ‘ആ പാട്ട് ഇന്ന് നിലനില്‍ക്കുന്നതും അതു കൊണ്ടാണ്’. മാധുരി പാടിയ ഏറ്റവും പ്രശ്‌സ്തമായ ഗാനത്തെ കുറിച്ച് ദേവരാജന്‍ മാസ്റ്റര്‍ പറയുന്നു. ദേവരാജന്‍ മാസ്റ്റര്‍ ചെയ്ത ഗാനങ്ങളില്‍ ഏറ്റവും മികച്ച ചിത്രീകരണം കൊണ്ട് നീതി പുലര്‍ത്തിയ ഗാനമാണ് ‘ഇന്നെനിക്ക് പൊട്ടു കുത്താന്‍.
വയലാര്‍ രാമവര്‍മ്മ അവാര്‍ഡ് 1977 ല്‍ ആരംഭിച്ചപ്പോള്‍ അവാര്‍ഡ് ദാന ചടങ്ങില്‍ എല്ലാ വര്‍ഷവും വയലാറിന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ദേവരാജന്‍ മാസ്റ്റര്‍ ഗാനസന്ധ്യ നടത്തിയിരുന്നു. ആദ്യ വര്‍ഷം യേശുദാസും, പിന്നീട് ജയചന്ദ്രനും പാടിയ ആ ഗാനമേളകള്‍ തന്റെ രോഗാവസ്ഥയിലെത്തും വരെ മുടങ്ങാതെ നടത്തിയിരുന്നു. തന്റെ ഈണങ്ങള്‍ക്ക് അനശ്വരമായ വരികള്‍ നല്‍കിയ വയലാറിനുള്ള സ്‌നേഹോപഹാരമായിരുന്നു അത്.
തന്റെ ഗാനങ്ങള്‍ പാടുന്ന ഗായകന്‍ തന്റെ പാട്ടാണ് പാടുന്നതെന്ന് ആലാപനവും, ഭാവമൊക്കെ കര്‍ക്കശമായി നോക്കുന്ന സംഗീത സംവിധായകനാണ് ദേവരാജന്‍ മാസ്റ്റര്‍. അതിന് ഗാനമേളയായാല്‍ പോലും അണുവിട മാറ്റമില്ല. അത്തരമൊരു സന്ദര്‍ഭത്തിന് സാക്ഷിയായ സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. ഒരു ഗായകന്‍ ‘ദേവലോകരഥവുമായി’ റിഹേഴ്‌സലില്‍ ആലപിക്കുകയാണ്. പല്ലവിയും അനുപല്ലവിയും കഴിഞ്ഞ് ചരണത്തില്‍ എത്തിയപ്പോള്‍ ‘മാനോടും മലയരികില്‍’ എന്ന വരികള്‍ എത്തിയപ്പോള്‍ ഒരു പന്തികേട്. ദേവരാജന്‍ മാസ്റ്റര്‍ പറഞ്ഞു. പാട്ട് നിറുത്ത്. ‘ നീ പ്രമിച്ചിട്ടുണ്ടോടാ? ഗായകന് മറുപടിയില്ല. ഞാനും വയലാറും ദിവസങ്ങളെടുത്ത് ഉണ്ടാക്കിയ പാട്ടാണ്. ”േ്രപമിക്കുന്നവര്‍ക്ക് ഫീല്‍ ചെയ്യാനാണ് ഉണ്ടാക്കിയത്. പാടുമ്പോള്‍ മാനോടുന്ന വഴികള്‍ മനസില്‍ വരണം. നീ പാടുന്നത് കേട്ടാല്‍ മാനല്ല പോത്താണ് ഓടുന്നതെന്ന് തോന്നുമല്ലോ’ ഗായകന് കാര്യം പിടി കിട്ടി. പിന്നെ അത് പാടി ശരിയാക്കി. ദേവരാജന്‍ മാസ്റ്റുടെ കമന്റ് : ഇനിയെങ്കിലും ഒന്ന് പ്രേമിക്കാന്‍ നോക്ക്’
മലയാള ചലച്ചിത്ര സംഗീതത്തിന്റെ 50ാം വാര്‍ഷികം ദേവരാജന്‍ മാസ്റ്ററുടെ നേതത്വത്തില്‍ 1994 ഓഗസ്റ്റ് 20, 21, 22 എന്നീ തീയതികളില്‍ ഗംഭീരമായി തിരുവനന്ത പുരത്ത് വെച്ച് ആഘോഷിച്ചു. മലയാള ചലചിത്ര ഗാനവുമായി ബന്ധപ്പെട്ട ഗായകര്‍, ഗാനരചയിതാക്കള്‍ സംഗീത സംവിധായകര്‍ എന്നിവര്‍ ഒത്ത് ചേര്‍ന്ന് 100 ഗാനങ്ങള്‍ ആലപിച്ചു. 1940 – മുതല്‍ 1990 വരെയുള്ള 100 ഗാനങ്ങള്‍. ഇതില്‍ നിന്ന് സമാഹരിച്ച പണം കൊണ്ട് ചലച്ചിത്രഗാനമേഖലയില്‍ ഒരു ട്രസ്റ്റ് രൂപീകരിച്ച് ചലചിത്ര സംഗീത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കുക എന്ന മഹത്തായ ഒരു കാര്യം ദേവരാജന്‍ മാസ്റ്റര്‍ക്കുണ്ടായിരുന്നു. 18 ലക്ഷം രൂപക്ക് സംഗീത മേളയുടെ ഓഡിയോ വീഡിയോ അവകാശം കരാറായതുമായിരുന്നു. പക്ഷേ, പിന്നിട് നടന്ന ചില അന്തര്‍ നാടകങ്ങളുടെ ഫലമായി ആ കരാര്‍ റദാക്കി മറ്റൊരു കരാര്‍ കുറഞ്ഞ തുകക്ക് നല്‍കേണ്ടി വന്നു. ഒരു മഹത്തായ കാര്യത്തിന് ഒരുങ്ങിയ ആ ലക്ഷ്യം അതോടെ ഇല്ലാതായി. പരിപാടി വന്‍ വിജയമായി. ‘ഇന്ത്യ കണ്ട ഏറ്റവും വലിയ കുടുംബമഹാസമ്മേളനം എന്നാണ് സമാപന സമ്മേളനത്തില്‍ ‘സംഗീത ചക്രവര്‍ത്തിയായ മുഖ്യാതിഥി നൗഷാദ് അലി ഇതിനെ വിശേഷിപ്പിച്ചത്.
തന്റെ ലക്ഷ്യം നിറവേറ്റാതെ ദേവരാജന്‍ മാസ്റ്റര്‍ നിരാശയോടെ അതോടെ സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍വാങ്ങി.
അതേ വര്‍ഷം തന്നെ, കേരള സംസ്ഥാന അവാര്‍ഡ് നേടിയ ‘തേന്‍മാവിന്‍ കൊമ്പത്ത്’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ അനുകരണമാണെന്നും, മൗലികമല്ലാത്ത ആ ഗാനങ്ങള്‍ക്ക് സംഗീത സംവിധാനത്തിനുള്ള അവാര്‍ഡ് കൊടുത്തതില്‍ പ്രതിഷേധിച്ച് തനിക്ക് ലഭിച്ച സംസ്ഥാന അവാര്‍ഡും സംഗീത നാടക അക്കാദമി പുരസ്‌കാരവുമെല്ലാം സര്‍ക്കാരിന് തിരിച്ചേല്‍പ്പിച്ചു. അദ്ദേഹത്തിന്റെ ആരോപണം തെറ്റാണെന്ന് പറഞ്ഞ് ആരും രംഗത്ത് വന്നില്ല. അവാര്‍ഡ് ജൂറി ചെയര്‍മാന്‍ സംഗീത സംവിധായകനായ എല്‍.പി. ആര്‍. വര്‍മ്മയായിരുന്നു. മികച്ച സംഗീതജ്ഞനായ എല്‍.പി.ആര്‍. ആരോപണത്തിനെതിരെ പ്രതികരിച്ചത് തികച്ചും അപക്വമായിട്ടായിരുന്നു. ‘ദേവരാജന് കൊതിക്കെറുവാണ്’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
യേശുദാസിനും വയലാറിനും ആദ്യമായി ദേശീയ പുരസ്‌കാരം ലഭിച്ച ഗാനങ്ങളുടെ ഈണമിട്ട ദേവരാജന്‍ മാസ്റ്റര്‍ക്ക് അത് ലഭിക്കാതെ പോയി. മരണാന്തര ബഹുമതിയായെങ്കിലും ചലചിത്ര രംഗത്തെ ഏറ്റവും വലിയ പുരസ്‌കാരമായ ജെ.സി. ഡാനിയല്‍ അവാര്‍ഡ് ഇനിയും നല്‍കുനുള്ള സന്‍മനസ് ബന്ധപ്പെട്ടവര്‍ക്ക് ഉണ്ടായിട്ടില്ല.
ദേവരാജന്‍ മാസ്റ്ററുടെ ഗാനങ്ങളില്‍ നിന്ന് ഇഷ്ടഗാനങ്ങള്‍ തിരഞ്ഞെടുക്കുക സാധ്യമല്ല. ഒരു ഗാനം കേട്ടാല്‍ മധുരം. മറ്റൊരു ഗാനം കേള്‍ക്കുമ്പോള്‍ അതി മധുരം. വീണ്ടും കേട്ട ഗാനം കേള്‍ക്കുമ്പോള്‍ അതിലും മധുരം.
92 ല്‍ ദേവരാജന്‍ മാസ്റ്റര്‍ തിരുവനന്തപുരത്തെ ശ്രീചിത്രയില്‍ ഷുഗര്‍ കൂടി അഡ്മിറ്റായി ചികിത്സയില്‍ കഴിയുന്നു. മാസ്റ്ററെ കാണാന്‍ വയലാര്‍ രാമവര്‍മയുടെ ബന്ധുവും സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥനായ ശ്രീകൃഷ്ണദാസ് വന്നു.
‘ഷുഗറു കൂടുതലാണ്’ മാസ്റ്റര്‍ പറഞ്ഞു.
‘കൂടും കൂടും ഇനിയും കൂടും എങ്ങനെ കൂടാതിരിക്കും?’ കൃഷ്ണദാസ് പറഞ്ഞു.
അത് കേട്ട് ദേവരാജന്‍ മാസ്റ്റര്‍ പൊട്ടിത്തെറിച്ചു.
അപ്പോള്‍ കൃഷ്ണദാസ് പറഞ്ഞു.
‘മലയാളികള്‍ക്ക് മധുരമുള്ള ഗാനങ്ങള്‍ ഒരു പാട് കൊടുത്തതല്ലേ? കൊടുത്താല്‍ കൊല്ലത്തും കിട്ടും, പരവൂരും കിട്ടും!’
ഇത് കേട്ട് പരവൂര്‍ ജി. ദേവരാജന്‍ പൊട്ടിച്ചിരിച്ചു.
ദേവരാഗങ്ങളുടെ രാജശില്‍പ്പിയുടെ അപൂര്‍വ്വമായ ചിരി… പൊട്ടിച്ചിരി. Malayalam music composer G Devarajan death anniversary
Content Summary; Malayalam music composer G Devarajan death anniversary