തൊപ്പി എന്ന തമിഴ് സിനിമയുടെ ഓഡിയോ ലോഞ്ച്. ആങ്കര്‍ അതിഥികളെ ഓരോരുത്തരെയായി വേദിയിലേക്ക് ക്ഷണിക്കുന്നു. സിംഗംപുലിയുടെ ഊഴമെത്തി. ‘അടുത്തതായി സിംഗംപുലി’ അത്രമാത്രമായിരുന്നു ആങ്കറിന് പറയാനുണ്ടായിരുന്നത്. സൗമ്യമായ മുഖഭാവത്തോടെ അദ്ദേഹം വേദിയിലെത്തി. മുഖത്ത് പടര്‍ന്നു വീഴുന്ന സ്വതസിദ്ധമായ ചിരി മായ്ക്കാതെയും കീഴ്ച്ചുണ്ടിന്റെ കോണില്‍ നാക്ക് മുട്ടിച്ചും, കൂസലില്ലാത്തെ മുഖഭാവത്തോടെ ട്രേഡ് മാര്‍ക്ക് സംസാര ശൈലിയില്‍ സിംഗംപുലി തന്നെക്കുറിച്ച് ചെറുതായൊരു വിവരണം കൊടുത്തു. അദ്ദേഹത്തിന്റെ മൊഴിയില്‍ പറഞ്ഞാല്‍, ചിന്ന വിളംബരം.
അജിത്തിനെ വച്ച് റെഡ്, സൂര്യയെ നായകനാക്കി മായാവി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു, എംവിഎം നിര്‍മിച്ച പേരഴകന്‍, സൂപ്പര്‍ ഹിറ്റായ റെനിഗുണ്ട എന്നീ സിനിമകള്‍ക്ക് സംഭാഷണമെഴുതി, സുന്ദര്‍ സിക്കൊപ്പം 14 സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തു, അതില്‍ എട്ട് സിനിമകള്‍ക്ക് കഥയും സംഭാഷണവുമെഴുതി. പിതാമഹന്‍, നാന്‍ കടവുള്‍ എന്നീ ദേശീയ പുരസ്‌കാരം നേടിയ സിനിമകളുടെ കോ-ഡയറക്ടറായിരുന്നു…
ഇത് ഞാന്‍ പറഞ്ഞില്ലെങ്കില്‍ വേറെ ആരും പറയണമെന്നില്ല എന്നു പറഞ്ഞാണദ്ദേഹം അവസാനിപ്പിച്ചത്.
‘ മഹാരാജ’യുമായി ബന്ധപ്പെട്ട വേദിയില്‍ സംവിധായകന്‍ നിതിലന്‍ സ്വാമിനാഥന്‍ ഇക്കാര്യം ഓര്‍മിപ്പിക്കുന്നുണ്ട്. തനിക്ക് നല്‍കേണ്ടിയിരുന്ന ബഹുമാനം കിട്ടിയില്ലെന്നു മനസിലായിട്ടും ആ സാഹചര്യത്തെ സിംഗംപുലി നേരിട്ട രീതിയാണ് നിതിലന്‍ അഭിമാനത്തോടെ പങ്കുവയ്ക്കുന്നത്.
ടര്‍ബോയുമായി ബന്ധപ്പെട്ട് സയനോരയുമായുള്ള അഭിമുഖത്തിനിടയില്‍ മമ്മൂട്ടി പറയുന്നുണ്ട്, ഓരോ മനുഷ്യനും അവനവനോടുള്ള സ്‌നേഹം കഴിഞ്ഞിട്ടെ മറ്റെന്തിനോടുമുള്ളൂ എന്ന്. സെല്‍ഫ് റെസ്‌പെക്ട്, സെല്‍ഫ് ലൗ; അവനവനോടുള്ള ബഹുമാനവും സ്‌നേഹവും തന്നെയാണ് മനുഷ്യന് മറ്റെന്തിനെക്കാളും വേണ്ടത്. അവിടെ മുറിവ് പറ്റുമ്പോള്‍ അവന്‍/ അവള്‍ ഓരോ തരത്തില്‍ പ്രതികരിക്കും. ചിലര്‍ സിംഗംപുലിയെയും ആസിഫ് അലിയെയും പോലെ, മറ്റു ചിലര്‍ രമേശ് നാരായണനെ പോലെയും.
ഒരാളുടെ വാക്കാലോ പ്രവര്‍ത്തിയാലോ മറ്റൊരു വ്യക്തിയുടെ അഭിമാനത്തിന് ക്ഷതം സംഭവിക്കുന്നുവെന്ന അര്‍ത്ഥത്തിലാണ് അപമാനത്തെ വിവക്ഷിക്കുന്നത്. യഥാര്‍ത്ഥത്തില്‍ മറ്റൊരാളുടെ പ്രവത്തിയോ സംസാരമോ നമ്മുടെ അഭിമാനത്തിനു ക്ഷതം ഏല്‍പ്പിക്കുന്നുണ്ടോ? ലൈംഗികമായി ആക്രമിക്കപ്പെടുന്ന സ്ത്രീയുടെ മാനം നശിച്ചുപോയെന്നാണ് നാം പറയുന്നത്. മറ്റൊരാളുടെ ദുഷ്പ്രവര്‍ത്തി മൂലം ശാരീരികമായി ആക്രമിക്കപ്പെട്ട സ്ത്രീയുടെ മാനം/ അഭിമാനം നശിക്കപ്പെടുന്നതെങ്ങനെയാണ്? യഥാര്‍ത്ഥത്തില്‍ ആക്രമിയുടെ അഭിമാനമല്ലേ സമൂഹത്തിന് മുന്നില്‍ നഷ്ടപ്പെടുന്നത്. ശരീരത്തിനുണ്ടാക്കുന്ന ക്ഷതം ഒരാളുടെ വ്യക്തിത്വത്തെ ബാധിക്കേണ്ടതില്ല. സ്ത്രീയുടെ അഭിമാനം എന്നാല്‍ ശരീരമാണെന്നത് സമൂഹമുണ്ടാക്കിയിരിക്കുന്ന തെറ്റിദ്ധാരണയാണ്.
ഒരാള്‍ നിങ്ങളെ കുറച്ച് കാണുകയോ, അവഗണിക്കുകയോ ചെയ്താല്‍ താന്‍ അപമാനിക്കപ്പെട്ടു എന്നു കരുതുന്നിടത്താണ് പ്രശ്‌നം. അവിടെയാണ് ആസിഫ് അലിയും രമേശ് നാരായണനും വ്യത്യസ്തമായി അടയാളപ്പെടുന്നത്. ആസിഫ് ആ സാഹചര്യത്തെ കൈകാര്യം ചെയ്ത പക്വത, അദ്ദേഹത്തെക്കാള്‍ സീനിയറായ രമേശ് നാരായണന് പ്രകടിപ്പിക്കാനാകാതെ പോയി.
രമേശ് നാരായണന്‍ ആദരവിനും ബഹുമാനത്തിനും അര്‍ഹനായ കലാകാരനാണ്. ആരാണീ രമേശ് നാരായണന്‍? അയാള്‍ വൈറലാകാന്‍ വേണ്ടി കാണിച്ച ചീപ്പ് പരിപാടി, ആസിഫിനെ എല്ലാവര്‍ക്കും അറിയാം, രമേശ് നാരായണനെ ആര്‍ക്കറിയാം? തുടങ്ങിയ പലതരം പരിഹാസങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടു. രമേശ് നാരായണനെ അറിയില്ലെങ്കില്‍ അതിന്റെ കുറവ് അദ്ദേഹത്തിനല്ല. പരിഹസിക്കുന്നവരുടെ അജ്ഞതയാണ്. മമ്മൂട്ടി ഒരിക്കല്‍ പറഞ്ഞൊരു അനുഭവമുണ്ട്. അദ്ദേഹം കാറില്‍ വരുമ്പോള്‍, ഒരു വൃദ്ധനും അദ്ദേഹത്തിന്റെ ഗര്‍ഭിണിയായ മകളും വാഹനത്തിന് കൈകാണിച്ചു, അവര്‍ക്ക് ആശുപത്രിയില്‍ പോകണം. മമ്മൂട്ടി ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു. മടങ്ങാന്‍ നേരം വൃദ്ധന്‍ തന്റെ പോക്കറ്റിലുണ്ടായിരുന്ന അഞ്ച് രൂപ മമ്മൂട്ടിക്ക് നേരെ നീട്ടി. ആ മനുഷ്യന് അറിയില്ലായിരുന്നു അത് മമ്മൂട്ടിയാണെന്ന്. മമ്മൂട്ടി ഇക്കാര്യം പറയുന്നത്, ജീവിതത്തിലെ വലിയൊരു അനുഭവമായിട്ടാണ്. നിങ്ങള്‍ക്ക് അറിയുന്നവര്‍ മാത്രമല്ല മഹാന്മാര്‍. നിങ്ങള്‍ക്കറിയാവത്തരൊക്കെ ആരുമല്ലാത്തവരുമല്ല.
രമേശ് നാരായണനെ മനസിലാക്കാതെ പോയ സംഘാടകരാണ് ഈ കേസിലെ ഒന്നാം പ്രതി. എഴുതി കൊടുക്കുന്ന പേരുകളും വിശേഷണങ്ങളും ആവര്‍ത്തിക്കനാല്ലാതെ, എല്ലാ അവതാരകര്‍ക്കും വിവേചന ശേഷിയുമുണ്ടായിരിക്കുമെന്ന് തെറ്റിദ്ധരിക്കരുത്. മോഹന്‍ദാസിന് പകരം മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധിയെന്ന് തെറ്റി പറഞ്ഞതിന് ഇന്നും നമ്മുടെ പ്രധാനമന്ത്രി ട്രോളുകള്‍ നേരിടുന്നുണ്ട്. രാഷ്ട്രപിതാവിന്റെ പേര് തെറ്റിച്ചതിലൂടെ ഗാന്ധിയെ അപമാനിച്ചുവെന്നാണ് പരാതി. സ്വന്തം പേര് തെറ്റിപ്പറഞ്ഞാല്‍ മരിച്ചു പോയ ഗാന്ധിക്ക് അപമാനം തോന്നുന്നതുപോലെ, ജീവിച്ചിരിക്കുന്ന രമേശ് നാരായണനും തോന്നും, സ്വഭാവികം. ആസിഫ് അലിയില്‍ നിന്ന് ആദരവ് ഏറ്റു വാങ്ങേണ്ടി വന്നതിനെക്കാള്‍ താന്‍ അവഗണിക്കപ്പെട്ടു എന്ന തോന്നലാണ് രമേശ് നാരായാണനെ പൊള്ളിച്ചത്. ഇവിടെ സ്വാഭിമാനത്തിന് മാത്രമല്ല, അഹംബോധത്തിന് കൂടി മുറിവ് പറ്റി. തന്റെ വില കളയാതിരിക്കാനുള്ള പരിഭ്രാന്തിക്കിടയില്‍ ആസിഫ് അലിയെ അദ്ദേഹം അവഗണിച്ചു.
രാഷ്ട്രപതി സമ്മാനിച്ചിരുന്ന ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍, ഒരു ദിവസം മുതല്‍ കേന്ദ്രമന്ത്രി നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ യഥാര്‍ത്ഥ കലാകാരന്മാര്‍ ചെയ്തത് പുരസ്‌കാര സ്വീകരണം ബഹിഷ്‌കരിക്കുകയായിരുന്നു. ഇന്ത്യയുടെ പരമോന്നത നേതാവിന്റെ കൈയില്‍ നിന്നും സ്വീകരിക്കപ്പെടുന്നു എന്നിടത്തായിരുന്നു ദേശീയ ചലച്ചിത്ര പുരസ്‌കാരം ഒരു ചലച്ചിത്രകാരനെ സംബന്ധിച്ച് മഹത്വമുള്ളതാകുന്നത്. ആ രീതി പൊളിച്ചെഴുതിയാല്‍ കലാകാരന്മാരോട് ആദരവ് കുറയ്ക്കുന്നതിന് തുല്യമാണ്. ബഹിഷ്‌കരണം അവിടെ രാഷ്ട്രീയമായ പ്രതിഷേധമാണ്. സംഘപരിവാറുകാറുടെ വ്യാഖ്യാനം പോലെ സീരിയല്‍ നടിയായിരുന്ന കേന്ദ്രമന്ത്രിയില്‍ നിന്ന് അവാര്‍ഡ് വാങ്ങുന്നതിലല്ലായിരുന്നു വിയോജിപ്പ്.
തിരുകി കയറ്റി തന്ന ആദരവ് വേണ്ടായെന്ന് പറയാമായിരുന്നു രമേശ് നാരായണന്. അദ്ദേഹത്തെപ്പോലൊരാള്‍ക്ക് ആദരവ് ചോദിച്ചു വാങ്ങേണ്ടതില്ല. ഗാന്ധിക്ക് നൊബേല്‍ സമ്മാനം നല്‍കിയിട്ടില്ല, അതിനര്‍ത്ഥം ഗാന്ധി അതിനര്‍ഹനായിരുന്നില്ല എന്നല്ല. ഒരു പുരസ്‌കാരത്തിന് പെരുമയുണ്ടാകുന്നത് അതാര്‍ക്ക് കിട്ടുന്നൂവെന്നതിലൂടെയാണ്. ഡഡ്‌ലി നിക്കോള്‍സിന്റെ പേര് ചരിത്രത്തില്‍ വരുന്നത് ആദ്യമായി ഓസ്‌കര്‍ നിരാകരിച്ച കലാകാരന്‍ എന്നാണ്. സ്വാഭിമാനത്തെ സംരക്ഷിക്കാനുള്ള കലാകാരന്റെ വാശിയായിരുന്നു രമേശ് നാരായണന്‍ കാണിക്കേണ്ടിയിരുന്നത്. നിര്‍ഭാഗ്യവശാല്‍ തന്റെ ഗരിമ നഷ്ടപ്പെടാതിരിക്കാനുള്ള വെപ്രാളത്തിലായിരുന്നു അദ്ദദേഹം.
മുതിര്‍ന്നവരെ ബഹുമാനമില്ലാത്ത, ഉത്തരവാദിത്തമില്ലാത്ത ചെറുപ്പക്കാരന്‍ എന്ന ചീത്തപ്പേര് സിനിമാലോകത്ത് കുറെനാള്‍ പേറിയിരുന്നു ആസിഫ് അലി. വിളിച്ചാല്‍ ഫോണെടുക്കില്ലെന്നും, സീനിയറായിട്ടുള്ളവരോട് പെരുമാറാന്‍ അറിയില്ലെന്നുമൊക്കെ പലരും പരാതി പറഞ്ഞിട്ടുണ്ട്. മൊബൈല്‍ കൊണ്ടു നടക്കുന്നില്ലെന്നു കരുതി ആസിഫ് നല്ല നടനാകണമെന്നില്ല എന്ന ജഗതിയുടെ കമന്റൊക്കെ അക്കാലത്ത് വന്നതാണ്. തന്റെ സ്വഭാവത്തിലെ ‘ ചില പ്രശ്‌നങ്ങള്‍’ ആസിഫ് സ്വയം സമ്മതിച്ചിട്ടുമുണ്ട്. സിനിമാ ജീവിതത്തിനിടയില്‍, ഇതാദ്യമായിട്ടായിരിക്കണം ആസിഫ് ഇത്രമേല്‍ കൊണ്ടാപ്പെടുന്നത്. അയാള്‍ പ്രതിഭയുള്ളൊരു നടനാണ്. അതിന്റെ പേരില്‍ അയാള്‍ക്ക് കിട്ടാത്ത സ്വീകാര്യത, ഒരു പ്രത്യേക സാഹചര്യത്തിലെ പക്വമായ പെരുമാറ്റത്തിലൂടെ ഉണ്ടായിരിക്കുന്നു. ആസിഫിനുണ്ടായ മാറ്റം അദ്ദേഹം ഇപ്പോഴത്തെ വിഷയം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ച് നടത്തിയ സംസാരത്തിലും പ്രകടമാണ്.
ഇനി വേണ്ടത് രമേശ് നാരായണനെതിരായ വെറുപ്പിന്റെ പ്രചാരണം അവസാനിപ്പിക്കലാണ്. ദേശീയ പുരസ്‌കാരം നിരാകരിച്ചപ്പോള്‍ സംഘപരിവാര്‍ ഫഹദ് ഫാസിലിന് ചാര്‍ത്തി കൊടുത്തത് രാജ്യദ്രോഹി പട്ടമായിരുന്നു. പാകിസ്താന് വേണ്ടി രാജ്യത്തെ അപമാനിക്കാന്‍ പണം വാങ്ങിയെന്നു വരെ പ്രചാരണമുണ്ടായിരുന്നു. അയാളെപ്പോലെ മറ്റ് ചലച്ചിത്ര പ്രവര്‍ത്തകരും അവാര്‍ഡ് ബഹിഷ്‌കരിച്ചെങ്കിലും ഫഹദ് ഫാസില്‍ എന്ന പേരാണ് സംഘപരിവാറിന് പ്രശ്‌നമായത്. അതേ നിലവാരത്തിലാണ് രമേശ് നാരായണനെതിരേയും ആക്രോശങ്ങള്‍ നടക്കുന്നത്. മതവും രാഷ്ട്രീയവും ജാതിയും നോക്കി ഒരു കലാകാരനെ വിധിക്കാന്‍ നിങ്ങളാരാണ്?
മലയാളിയോടാണ്, ആസിഫ് അപമാനിക്കപ്പെട്ടപ്പോള്‍ നിങ്ങള്‍ ഒപ്പം നിന്നുവെങ്കില്‍, അത് ഒരു സിനിമ താരത്തിന്റെ പ്രിവിലേജ് അയാള്‍ക്കുള്ളതുകൊണ്ടാണ്. രമേശ് നാരായണനെ തോല്‍പ്പിച്ചു എന്നു ഭാവം പിടിക്കുകയുമരുത്. മറ്റൊരാള്‍ക്കെതിരേ കൈ ചൂണ്ടാന്‍ കിട്ടുന്ന അവസരത്തിനു വേണ്ടിയാണ് നിങ്ങള്‍ വേറൊരാള്‍ക്കൊപ്പം നില്‍ക്കുന്നത്. എന്തുകൊണ്ട് ജോയിക്കൊപ്പം നിന്നില്ല? അരയിലൊരു പ്ലാസ്റ്റിക് കയറിന്റെ ബലം പോലും കൂടാതെ മാലിന്യക്കൂമ്പാരത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിപ്പോകാന്‍ ആ മനുഷ്യന്‍ നിര്‍ബന്ധിതനായെങ്കില്‍ അതയാള്‍ അത്രയും ഗതികെട്ടവനായതുകൊണ്ടാണ്. ഒരു സിനിമ നടനുണ്ടായതിനെക്കാള്‍ വലിയ അപമാനമായിരിക്കില്ലേ, ആ അഴുക്കിലേക്ക് ഇറങ്ങാന്‍ ആരോ പറയുമ്പോള്‍ ജോയിക്ക് തോന്നിക്കാണുക? അവിടെ അയാള്‍ അപമാനത്തെക്കാള്‍ പട്ടിണിയും വിശപ്പും വലുതായി കണ്ടു കാണണം. ആസിഫിനും രമേശ് നാരായണനും വേണ്ടി നടന്ന വാദപ്രതിവാദങ്ങള്‍ക്കായി ചെലവഴിച്ച സമയത്തിന്റെ നൂറിലൊരംശം ഒരു ജോയിക്ക് വേണ്ടിയുണ്ടായില്ല? നമുക്കിടയില്‍ നിന്നാണ് ആ മനുഷ്യന്‍ മരണത്തിലേക്ക് മുങ്ങിപ്പോയത്. പക്ഷേ, എത്ര പെട്ടെന്ന് നമ്മള്‍ ജോയിയെ മറന്നു. അല്ലെങ്കിലും ഉപരിപ്ലവമായ ആവേശമല്ലേ നമ്മള്‍ കാണിക്കാറുള്ളൂ! Malayalis double stands over asif ali ramesh narayanan controversy and joy’s death
Content Summary; Malayalis double stands over asif ali ramesh narayanan controversy and joy’s death