കളിക്കളം അടക്കിവാണ ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളറായിരുന്നു മാൽകം മാർഷൽ. രണ്ട് പതിറ്റാണ്ട് കാലം വെസ്റ്റ് ഇൻഡീസ് ടീം മികച്ച വിജയം നേടിയത് പലപ്പോഴും മാർഷലിൻ്റെ ഒറ്റയാൾ ബൗളിംഗ് പ്രകടനം കൊണ്ടായിരുന്നു.
മാർഷൽ ഓർമ്മയായിട്ട് ഇന്ന് 25 വർഷം .
Malcolm Marshall was the best bowler. He was not huge, released the ball late, bowled sharp, was up there, bowled pretty quick. He just got wickets everywhere, on pitches where we never did.
-Jeff Thomson.
ലോക ക്രിക്കറ്റ് ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച്, ക്രീസിലെ ബാറ്റ്സ്മാൻമാരിൽ ഏറ്റവും തീവ്ര ‘ഭയം ജനിപ്പിച്ച ബൗളറായിരുന്നു വെസ്റ്റ് ഇൻഡീസിൻ്റെ മാൽക്കം മാർഷൽ, ബുദ്ധിയും വൈവിധ്യമാർന്ന കഴിവുകളും ക്രിക്കറ്റ് മൈതാനത്ത് ഉപയോഗിച്ച ഒരു ഓൾ റൗണ്ടർ ക്രിക്കറ്റർ ആയിരുന്നു മാർഷൽ’.
നാൽപ്പത് വർഷം മുൻപ് 1984 ജൂലൈയിൽ ഇംഗ്ലണ്ടിലെ വെസ്റ്റ് ഇൻഡീസിൻ്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ ഹെഡിംഗ്‌ലിയിൽ ആദ്യ ദിവസം, മൈതാനത്ത് വെച്ച് മാൽക്കം മാർഷലിൻ്റെ ഇടത് തള്ളവിരൽ ഒടിഞ്ഞു, മാർഷലിന് ഇനി പരമ്പര തന്നെ നഷ്ടമാവും എന്ന് എല്ലാവരും കരുതി. മാർഷലിൻ്റെ തീ പന്ത് നേരിടണ്ടല്ലോ ഇംഗ്ലണ്ട് ബാറ്റ്സ്മാർ ആശ്വസിച്ചു. .
ഒൻപതാമത്തെ ബാറ്റ്സ്മാൻ ജോയൽ ഗാർനർ റൺ ഔട്ടായി. പരിക്കേറ്റ താരം ബാറ്റ് ചെയ്യാൻ വരികയില്ല എന്ന് ഇംഗ്ലണ്ട് താരങ്ങൾ കരുതി പവലിയനിലേക്ക് നോക്കുമ്പോൾ. പെട്ടെന്ന്, മാൽക്കം മാർഷൽ ഡ്രെസ്സിംഗ് റൂം സ്റ്റെപ്പുകൾ ഇറങ്ങിവന്നു. ഇടത്തെ കൈപ്പത്തി ബാൻഡേജ് ചുറ്റിയാണ് ബാറ്റ് ചെയ്യാൻ വരവ്.
മാൽക്കം മാർഷൽ
ഹെഡിംഗ്‌ലിയിൽ എല്ലാ മുൻനിര ബാറ്റ്സ്മാൻമാരും റൺ നേടാൻ പരാജയപ്പെട്ടപ്പോൾ വെസ്റ്റീൻഡിസ് ബാറ്റിങ്ങിൻ്റെ
മിസ്റ്റർ ഡിപ്പൻഡബിൾ എന്നറിയപ്പെട്ടിരുന്ന ലാറി ഗോംസ് ഒറ്റക്ക് പൊരുതി നിൽക്കുകയായിരുന്നു.. എട്ടാമനായ ബാറ്റ്സ്മാൻ മൈക്കേൽ ഹോൾഡിംങ്ങിനോടൊപ്പം ചേർന്ന് സ്കോർ ഉയർത്തി. എങ്കിലും മുന്നൂറ് കടക്കാൻ റൺസ് ഇനിയും വേണം. ഗോംസ് ശതകത്തിന് അടുത്തെത്തി 96 not out. എപ്പോഴും തൻ്റെ ടീമിൻ്റെ തകർച്ചയിൽ രക്ഷക്കെത്തുന്ന ബാറ്റ്സ്മാനായ ലാറിംഗോംസ് മാർഷലിൻ്റെ പ്രിയപ്പെട്ട താരമായിരുന്നു . 1978 ൽ ഇന്ത്യൻ പര്യടനത്തിൽ മാർഷൽ ആദ്യ ടെസ്റ്റ് ക്രിക്കറ്റ് ബാഗ്ലൂരിൽ കളിച്ചപ്പോൾ ലാറി ഗോംസ് അന്ന് വെസ്റ്റ് ഇന്ത്യൻ മുൻനിര ബാറ്റ്സ്മാനായിരുന്നു.
ഒറ്റ കൈയ്യിൽ ബാറ്റ് ചെയ്ത മാർഷൽ ഒരറ്റത്ത് നിന്ന് സെഞ്ചറി പൂർത്തിയാക്കാൻ ഗോംസിനെ സഹായിച്ചു. പിന്നീട് മാർഷൽ ഫാസ്റ്റ് ബൗളറായ പോൾ അലോട്ടിനെ നേരിട്ടു.
പോൾ അലോട്ടിൻ്റെ ആദ്യ പന്ത് ഒറ്റ കൈ കൊണ്ട് നേരിട്ടപ്പോൾ മാർഷലിൻ്റെ ബാറ്റിൽ തൊടാതെ പോയി. രണ്ടാമത്തെ പന്ത് രണ്ടാം സ്ലിപ്പിൽ നിൽക്കുന്ന നിക്ക് കുക്കിൻ്റെ തലയ്ക്കു മുകളിലൂടെ ഒരു ബൗണ്ടറി. വെസ്റ്റ് ഇൻഡീസ് 300 റൺസ് കടന്നു. അടുത്ത പന്തും ബൗണ്ടറിയിലേക്ക് പായിച്ചെങ്കിലും സ്പ്ലിൽ ഇയാൻ ബോഥം പന്ത് കൈയ്യിലൊതുക്കി. മാർഷൽ 4 റൺസിന് പുറത്തായി. പക്ഷേ, ലാറി ഗോംസിനെ സെഞ്ചുറിയിലെത്തിക്കാൻ മാർഷലിന് കഴിഞ്ഞു, സ്ക്കോർ 300 കടത്താനും ചെറിയ ലീഡ് നേടാനും അയാളുടെ ഒറ്റകൈ പോരാട്ടത്തിന് കഴിഞ്ഞു.
302 ന് വിൻഡീസ് ഓൾ ഔട്ടായി . 12 മിനിറ്റിൽ 10 റൺസ് മാത്രം എടുത്ത ആ പത്താം വിക്കറ്റിലെ ഗോംസ് – മാർഷൽ കൂട്ട് കെട്ട് ടെസ്റ്റ് ക്രിക്കറ്റിൻ്റെ ചരിത്രത്തിൽ ഇന്നും അവിസ്മരണീയമാണ്.
ചരിത്രം തുടങ്ങുകയായിരുന്നു. വിരലുകളിലെ രണ്ട് മുറിവുകൾ പ്ലാസ്റ്റർ ചെയ്ത് മാർഷൽ പന്തെറിയാൻ ഒരുങ്ങി. പിന്നെ രണ്ടാം തവണ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മാർഷലിൻ്റെ മാരകരമായ ബൗളിംഗിൽ ഭസ്മമാവുകയായിരുന്നു.. ഇംഗ്ലണ്ടിന് സംഭവിച്ചത് കൂട്ട ദുരന്തമായിരുന്നു. കൈ പ്ലാസ്റ്റർ ഇട്ട് മാൽക്കം മാർഷൽ എറിയാനെത്തി. താഴത്തെ കൈ പിങ്ക് പ്ലാസ്റ്ററിൽ പൊതിഞ്ഞ്, ആദ്യം തൻ്റെ സാധാരണ വേഗതയിൽ ബൗൾ ചെയ്തു, വേദനയിലും, കളിക്കാനുള്ള അദമ്യമായ കഴിവിൻ്റെ സമർപ്പണമായിരുന്നു അത്. ഹെഡിംഗ്‌ലിയിൽ ബൗൺസറുകളുടെ ഒരു പരമ്പര തന്നെ ഉപയോഗിച്ച് ഇംഗ്ലണ്ടിനെ തകർത്തു.
ആ അശനി പാതത്തിൽ ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാർ ദഹിച്ചു. ആദ്യമെറിഞ്ഞ ബൗൺസറിനെ തടുക്കാൻ ഓപ്പണർ ക്രിസ് ബോർഡിൻ്റെ ബാറ്റ് വെച്ചപ്പോൾ അത് ഉയർന്നു ഏഡിൻ ബാപിസ്റ്റിൻ്റെ കയ്യിൽ ക്യാച്ചായി ഒതുങ്ങി. ഒരു മണിക്കൂറിന് ശേഷം പോൾ അലോട്ടിനെ തീപാറുന്ന പന്തിലൂടെ എൽ.ബി. ഡബ്ലിയുവിൽ പുറത്താക്കുമ്പോൾ മാൽക്കം മാർഷൽ തൻ്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിൽ എത്തിയിരുന്നു .മാർഷൽ 53 റൺസിന് 7 വിക്കറ്റ് തെറിപ്പിച്ചു.
65 ഓവറിൽ 159 ൽ ഇംഗ്ലണ്ട് തീർന്നു.
മാർഷലിൻ്റെ എക്കാലത്തേയും മികച്ച പ്രകടനമായിരുന്നു അത്. പിന്നീട് 131 റൺസേ വേണ്ടി വന്നുള്ളൂ വിൻഡീസിന് ജയിക്കാൻ ‘ അതവർ 2 വിക്കറ്റ് നഷ്ടത്തിൽ നേടുകയും ചെയ്തു. ഇംഗ്ലണ്ടിൽ മറ്റൊരു വിജയം. പരമ്പരയിൽ 3 -0 വെസ്റ്റ് ഇൻഡീസ് മുന്നിലെത്തി.
നേരത്തെ പറഞ്ഞ പോലെ, പരിക്കിൻ്റെ വേദനയിലും, പ്രകടമാക്കുന്ന അദമ്യമായ കഴിവിൻ്റെ സമർപ്പണമായിരുന്നു കളിയിൽ മാൽക്കം മാർഷലിൻ്റെത്.
വെസ്റ്റിൻഡീസിലെ ബാർബഡോസുകാരൻ മാൽക്കം ഡെൻസിൽ മാർഷൽ ഒരു ഫാസ്റ്റ് ബൗളറുടെ സങ്കൽപത്തിന് തികച്ചും വിരുദ്ധമായ ആകാരമുള്ള , ഒരാളായിരുന്നു. താൻ വിൻഡീസ് ടീമിലെത്തുമ്പോൾ ഉണ്ടായിരുന്ന വിൻഡീസ് പേസ് ബാറ്ററികളിലെ ഏറ്റവും പ്രമുഖനായ ബിഗ് ബോർഡ് ജോയൽ ഗാർനറുടെ ആറടി പൊക്കമോ , മരണം മന്ത്രിക്കുന്നവൻ എന്ന വിളിപ്പേരിലുള്ള എല്ലാ ബാറ്റ്സ്മാരും ഭയപ്പെട്ട, മൈക്കേൽ ഹോംൾഡിൻ്റെ റണ്ണപ്പോ , ആൻഡി റോബർട്ട്സിൻ്റെ തടിമിടുക്കോ അഞ്ചടി എട്ട് ഇഞ്ചു മാത്രം ഉയരമുള്ള മാർഷലിന് ഉണ്ടായിരുന്നില്ല. ഈ പരിമിതികളൊക്കെ മറികടന്നാണ് അയാൾ ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളറായി മാറിയത്. അദ്ദേഹത്തിന് എല്ലാം ഉണ്ടായിരുന്നു – സ്റ്റാമിന, പേസ്, നിയന്ത്രണം, ചലനം, അതിശയകരമായ ബൗളിംഗ് ബുദ്ധി.
എഴുപതുകളുടെ മധ്യത്തിൽ ,ലോക ക്രിക്കറ്റിനെ പ്രതിസന്ധിയിലാക്കി ഓസ്ട്രലിയയിലെ കെറി പാർക്കർ തുടങ്ങിയ വേൾഡ് സീരിസ് ക്രിക്കറ്റ് വളരെ ജനപ്രീതി നേടി. കളർ യുണിഫോം, വെളുത്ത പന്ത്, പകലും രാത്രിയുമായി നടക്കുന്ന മത്സരങ്ങൾ, പോരാതെ കളിക്കാർക്ക് കനത്ത പ്രതിഫലം എന്നിവ എല്ലാ രാജ്യങ്ങളിലെയും മുൻനിര കളിക്കാരെ ‘കെറി പാർക്കർ സർക്കസ് ‘ എന്ന് വിളിക്കപ്പെട്ട ആ ക്രിക്കറ്റ് മേളയിലേക്ക് ആകർഷിക്കപ്പെട്ടു. ലോകത്തിലെ മികച്ച കളിക്കാർ ടീമുകളായി എറ്റുമുട്ടുക
അക്കാലത്ത് ലോകക്രിക്കറ്റിലെ മുടിചൂടാമന്നന്മാരായിരുന്നു ക്ലൈവ് ലോയ്ഡിൻ്റെ നേതൃത്വത്തിലുള്ള വെസ്റ്റ് ഇൻഡീസ് ആദ്യത്തെ ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യൻമാരിയതോടെ ടെസ്റ്റ് ക്രിക്കറ്റിലെയും എകദിനത്തിലേയും രാജാക്കന്മാരായി മാറി.
ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി മാറിയ വിവ് റിച്ചാർഡ്സ്, മികച്ച ഓപ്പണിങ്ങ് ബാറ്റ്സ്മാരായ ഗോർഡൻ ഗ്രീനിഡ്ജ്, ഡെസ്മണ്ട് ഹെയിൽസ്, ക്ലൈവ് ലോയിഡ്, ആൽവിൻ കാളീചരണൻ, ഫാസ്റ്റ് ബോളർമാരായ ആൻ്റി റോബർട്സ്, കോളിൻ ക്രോഫ്റ്റ്, ജോയൽ ഗാർനർ, മൈക്കേൽ ഹോൾഡിംഗ്, വെയിൻ ഡാനിയൽ തുടങ്ങിയവരൊക്കെ വെസ്റ്റ് ഇൻഡീസെന്ന കൊച്ചു കരീബിയൻ ദ്വീപുകളെ ലോകക്രിക്കറ്റിലെ അപരാജിതരാക്കി.
1978 ൽ വെസ്റ്റിസിസിൻ്റെ ഇന്ത്യൻ പര്യടനത്തിന് സമയമായപ്പോൾ ടീമിലെ പ്രമുഖരെല്ലാം പാർക്കർ സർക്കസിന് പോയതിനാൽ സ്വഭാവികമായും ടീമിലേക്ക് പുത്തൻ പ്രതിഭകളെ എടുക്കേണ്ടി വന്നു. പാർക്കർ സീരീസ് ഓഫർ നിരസിച്ച പ്രഗൽഭനായ ബാറ്റ്സ്മാൻ ആൽവിൻ കാളീച്ചരണനെ ക്യാപ്റ്റനാക്കി 6 ടെസ്റ്റ് പരമ്പര കളിക്കാനുള്ള വെസ്റ്റ് ഇൻഡീസ് ടീം പ്രഖ്യാപിച്ചപ്പോൾ 19 വയസ്സുള്ളപ്പോൾ ബാർബഡോസിനായി ഒരു ഫസ്റ്റ് ക്ലാസ് മത്സരം മാത്രം കളിച്ച മാൽക്കം മാർഷൽ തൻ്റെ ആദ്യത്തെ ടെസ്റ്റ് കളിക്കാൻ വെസ്റ്റ് ഇന്ത്യൻ ടീമിലെത്തി.
ക്യാപ്റ്റൻ കാളി ചരൺ കൂടാതെ ബാറ്റ്സ്മാൻമാരായ ലാറിഗോംസ്, ഫൗദ് ബക്കസ്സ് , ഫാസ്റ്റ് ബോളറായ സിൽവസ്റ്റർ ക്ലർക്ക്, വെർബൻ ഹോൾഡർ എന്നീ 4 കളിക്കാരെ ഇതിന് മുൻപ് ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിരുന്നുള്ളൂ. ബാക്കിയെല്ലാ കളിക്കാരും പുതുമുഖങ്ങളായിരുന്നു.
1978 ഡിസംബർ 15 ന് ബാഗ്ലൂരിൽ രണ്ടാമത്തെ ടെസ്റ്റിൽ മാൽക്കം മാർഷൽ തൻ്റെ വേഗതയാർന്ന ക്രിക്കറ്റ് ജീവിതം ആരംഭിച്ചു. അരങ്ങേറ്റത്തിൽ ഒമ്പതാമനായി ബാറ്റ് ചെയ്യാനെത്തിയ മാർഷൽ അധികനേരം ക്രീസിൽ നിന്നില്ല. ഭഗദ് ചന്ദ്രശേഖറുടെ സ്പിൻ ബോളിൽ ലെഗ് ബി ഫോറായി റൺസെടുക്കാതെ പൂജ്യത്തിന് ഡക്ക്ഔട്ടായി. ക്രിക്കറ്റിൽ ഒരു വാലറ്റക്കാരൻ ഔട്ടാകുന്നതിൽ അസ്വഭാവികതയൊന്നുമില്ല പക്ഷേ പൗവലിയനിലേക്ക് തിരിച്ച് നടക്കുന്ന 19 കാരൻ മാർഷൽ കണ്ണുനീരോടെയാണ് മടങ്ങിയത്. അമ്പയർ ഔട്ട് വിളിക്കാൻ കാരണം ഒരു ഫീൽഡറുടെ തുടർച്ചയായ അപ്പീലുകളായിരുന്നു. അത് ഇന്ത്യയുടെ പ്രധാന ബാറ്റ്സ്മാനായിരുന്ന ദിലീപ് വെങ്ങ്സർക്കാരായിരുന്നു മാർഷലിനെതിരെ തുടർച്ചയായി വെങ്ങ്സർക്കാർ അപ്പീലുകൾ ഉയർത്തിയതാണ് , സമ്മർദത്തിലായ അമ്പയർ തനിക്കെതിരെ തീരുമാനമെടുക്കാൻ കാരണമായെന്ന് മാർഷൽ വിശ്വസിച്ചു.
‘ എന്നെ അന്യായമായി പുറത്താക്കിയതിന് ഉത്തരവാദി അയാളാണ്. എനിക്ക് ഇഷ്ടപ്പെടാത്ത ഒരു ക്രിക്കറ്റ് കളിക്കാരൻ അയാളാണ്. എനിക്ക് എന്നും ശത്രുത തോന്നിയിട്ടുള്ള ഒരേയൊരാൾ’ പവലിയനിലേക്ക് മടങ്ങുമ്പോൾ ഞാൻ കരഞ്ഞു. അപമാനിക്കപ്പെട്ട ദിവസവും പരിഹാസങ്ങളും ഒരിക്കലും ഞാൻ മറന്നില്ല. ഞാൻ പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്തു.
നാല് വർഷത്തിന് ശേഷം എനിക്കത് ലഭിച്ചു.’ എൻ്റെ തൻ്റെ ആത്മകഥയായ ‘ Marshall Arts’ൽ മാൽക്കം മാർഷൽ എഴുതി. അതിലെ ഒരു അദ്ധ്യായത്തിൻ്റെ പേര് തന്നെ ‘Vengsarkar Vengeance ’ എന്നാണ്.
ഇന്ത്യ 1983 ൽ ലോകകപ്പ് നേടുന്നതിന് മുൻപ് വെസ്റ്റ് ഇൻഡീസിൽ 5 ടെസ്റ്റ് പരമ്പര കളിക്കാൻ പോയിരുന്നു. അവിടെ നടന്ന നാല് ടെസ്റ്റിലും സെഞ്ചറി നേടാൻ കഴിയാത്ത വെങ്ങ്സാർക്കാറിനെ മാർഷൽ മുന്നു തവണ ഇതിനകം പുറത്താക്കിയിരുന്നു. അയാളുടെ പ്രതികാരത്തിൻ്റെ കനലുകൾ കെട്ടിരുന്നില്ല.
അഞ്ചാം ടെസ്റ്റിൽ വെങ്ങ് സർക്കാർ ശരിക്കും നിലയുറപ്പിച്ചു. ഓപ്പണർമാരായ സുനിൽ ഗാവസ്കറും അശുമാൻ ഗെയ്ക്ക് വാദും പുറത്തായപ്പോൾ മൊഹീന്ദർ അമർനാഥിനോടൊപ്പം വെങ്ങ് സർക്കാർ ക്രീസിൽ നിന്നു. രണ്ടു പേരും ഭീതിയില്ലാത്ത സ്ട്രോക്ക് പ്ലെയേഴ്സ് ആയിരുന്നു. രണ്ടു ബാറ്റസ്മാൻമാരും ഉറച്ചു നിന്നു പൊരുതാൻ തുടങ്ങി.
മാർഷൽ പന്തെറിയാൻ എത്തിയപ്പോൾ ഒരു സംഭവമുണ്ടായി നോൺ സ്ടൈക്കറായി നിന്ന വെങ്ങ് സർക്കാർ അമ്പയറോട് തുടരെ തുടരെ എന്തോ പറയുന്നത് പന്തെറിയുന്ന മാർഷലിൻ്റെ ശ്രദ്ധയിൽ പെട്ടു. ശ്രദ്ധിച്ചപ്പോൾ മനസിലായി താൻ ക്രീസ് ലംഘിച്ചാണ് പന്തെറിയുന്നതെന്നും, തുടരെ നോബോൾ എറിയുകയാണെന്നയാൾ പറയുന്നത്. മാർഷലിന് അത് മനസിലായി. പെട്ടെന്ന് അയാളുടെ മനസ് പഴയ ബാഗ്ലൂർ സംഭവത്തിലേക്ക് പോയി. അതോടെ അസ്വസ്ഥനായ മാർഷലിൻ്റെ പക ആളിക്കത്തി. ‘ യുദ്ധം ആരംഭിക്കുകയായിരുന്നു. പിന്നീട് ഞാനയാളെ ബൗൺസറുകൾ കൊണ്ടു മൂടി ‘ മാർഷൽ ഇതേ കുറിച്ച് എഴുതി.
പക്ഷേ, വെങ്ങ് സർക്കാർ അന്ന് ലോകത്തിലെ ഏറ്റവും മികച്ച പത്ത് ബാറ്റ്സ്മാന്മാരിലൊരാളായിരുന്നു. അദ്ദേഹം ധീരമായി ചെറുത്തു. റൺസ് 50 കടന്നു, പിന്നെ 70, മാർഷൽ തീപാറുന്ന വേഗതയിൽ പന്തെറിഞ്ഞു. സ്ക്കോർ 81 കടന്നപ്പോൾ മാർഷൽ എറിഞ്ഞ ഒരു ബൗൺസർ വെങ്ങ് സർക്കറിൻ്റെ ഹെൽമെറ്റിൽ വന്നിടിച്ചു. വെങ്ങ് സർക്കാർ അതിന് പ്രതികരിച്ചത് തുടർച്ചയായ 3 ബൗണ്ടറിയിലൂടെയായിരുന്നു. സ്ക്കോർ 94 ൽ എത്തി. സെഞ്ച്വറിക്ക് 6 റൺസ് മാത്രം. ഏത് ബാറ്റ്സ്മാനും അൽപ്പം അസ്വസ്ഥനാവുന്ന ഘട്ടമാണ്.
തൻ്റെ അവസരം അടുത്തെത്തിയെന്ന് മനസിലായ മാർഷൽ ഒരു ബൗൺസർ എറിഞ്ഞു. ഇതിനകം ക്ഷമനശിച്ച വെങ്ങ് സർക്കാർ പന്ത് ഹുക്ക് ചെയ്തു. പക്ഷേ, ലക്ഷ്യം തെറ്റി ലോങ്ങ് ലെഗ് ബൗണറിയിൽ വിൻസ്റ്റൺ ഡേവീസിൻ്റെ കയ്യിൽ ക്യാച്ച് ഒതുങ്ങി. സെഞ്ചറിക്ക് 6 റൺസ് കുറവിൽ 94 ൽ വെങ്ങ് സർക്കാർ പുറത്തായി, നിരാശയോടെ മടങ്ങി. ‘ ഒരു വിക്കറ്റ് വീണപ്പോഴും ഞാൻ ഇത്രമാത്രം സന്തോഷിച്ചിട്ടില്ല.’ മാർഷൽ എഴുതി.
21 വിക്കറ്റാണ് മാർഷൽ ആ പരമ്പരയിൽ നേടിയത്.
പിന്നീടും അയാൾ വെങ്ങ്സർക്കാറിനോട് പൊറുക്കാൻ തയ്യാറായിരുന്നില്ലെന്ന് 1983 ൽ ലോകകപ്പിൽ ഓവലിൽ ലീഗ് മത്സരത്തിൽ ഇന്ത്യയുമായി എറ്റു മുട്ടിയപ്പോൾ തെളിയിച്ചു. ആദ്യ മത്സരം ഇന്ത്യയോട് തോറ്റ ആഘാതത്തിലാണ് വെസ്റ്റ് ഇൻഡീസ് ഈ മത്സരം സൂക്ഷിച്ച് കളിച്ചത്. ആദ്യം ബാറ്റ് ചെയ്ത അവർ വിവ് റിച്ചാർഡ്സിൻ്റെ വെടിക്കെട്ട് ബാറ്റിങ്ങിൽ (119) 9 വിക്കറ്റിൽ 289 റൺസ് എടുത്തു. ഇന്ത്യൻ ബാറ്റിങ്ങ് ആരംഭിച്ചു. ഓപ്പണർമാരായ ശ്രീകാന്തിനെയും രവിശാസ്ത്രിയേയും ആൻഡി റോബർട്ടസ് പുറത്താക്കിയപ്പോൾ വീണ്ടും പഴയ കൂട്ടുകെട്ട് വീണ്ടും ക്രീസിൽ ഒന്നിച്ചു. മൊഹീന്ദർ അമർനാഥും ദിലീപ് വെങ്ങ്സർക്കാരും. ഉടനെ മാർഷൽ പന്തെറിയാനെത്തി. യുദ്ധം അനിവാര്യമായിരുന്നു.
68 റൺസ് ഇതുവരും കൂട്ടി ചേർത്ത് മുന്നേറി ഇന്ത്യൻ സ്കോർ 89ലെത്തിയപ്പോൾ 32 റൺസുമായി ബാറ്റ് ചെയ്യുകയായിരുന്ന വെങ്ങ് സർക്കാരിൻ്റെ താടിയിൽ മാർഷലിൻ്റെ ഒരു ബൗൺസർ ശക്തിയായി വന്നിടിച്ചു. വെങ്ങ്സർക്കാറിൻ്റെ താടിയെല്ല് തകർന്നു. പരിക്കേറ്റ് പുറത്ത് പോയ വെങ്ങ് സർക്കാറിന് പിന്നീട് ആ ലോകകപ്പിൽ ഒരു കളിയും കളിക്കാനായില്ല. 9 സ്റ്റിച്ചുകളോടെ ഡ്രസ്റ്റിങ്ങ് റൂമിൽ ഇരിക്കേണ്ടിവന്നു.
2021 ൽ കബീർ ഖാൻ സംവിധാനം ചെയ്ത ‘ 83 ‘ എന്ന ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയം പറയുന്ന ചലചിത്രത്തിൽ വെങ്ങ് സർക്കാർ – മാർഷൽ യുദ്ധത്തിൽ വെങ്ങ് സർക്കാർ പരിക്കേറ്റ് വീഴുന്ന രംഗം ചിത്രീകരിച്ചിട്ടുണ്ട്.
1983 ലോകകപ്പ് ഓർമ്മകൾ മാർഷലിന് മാത്രമല്ല എല്ലാ വെസ്റ്റ് ഇൻഡീസുകാർക്കും തിക്താനുഭവമായിരുന്നു.
ഫൈനലിൽ ഹാടിക്ക് വിജയം ഉറപ്പിച്ച വെസ്റ്റ് ഇൻഡീസ് നായകൻ ലോയ്ഡിൻ്റെ സ്വപ്നങ്ങൾ തകർത്ത് ഇന്ത്യ കപിലിൻ്റെ നേതൃത്വത്തിൽ ഫൈനൽ ജയിച്ച് ലോകക്രിക്കറ്റ് ചരിത്രം തന്നെ തിരുത്തി ലോകകപ്പ് ഉയർത്തുന്നത് മാർഷലടക്കമുള്ള കരുത്തനായ വെസ്റ്റ് ഇന്ത്യൻ ടീം ലോഡ്സിൽ നോക്കി നിന്നു.
1983 ജൂൺ 25 ന് ലോഡ്സിലെ പ്രശ്സ്തമായ ഫൈനലിൽ വിൻഡീസ് കളിക്കാനെത്തിയത് പാക്കിസ്ഥാനെതിരെ സെമി ഫൈനലിലെ വൻ വിജയം നേടിയ മികച്ച ആത്മവിശ്വാസത്തിലായിരുന്നു.
കളി തുടങ്ങിയപ്പോൾ അൽഭുതങ്ങളൊന്നും സംഭവിച്ചില്ല. അപകടകാരിയായ ശ്രീകാന്തിനെ മാർഷൽ പുറത്താക്കി. പിന്നിട് മദൻ ലാലിനെയും. അവസാന ബാറ്റ്സ്മാനായ ഫാസ്റ്റ് ബൗളർ ബൽവീന്ദർ സന്ധുവിന് നേരെ ഒരു ബൗൺസർ എറിഞ്ഞ് അയാളുടെ ഹെൽമെറ്റിൽ കൊള്ളിക്കാനും മാർഷൽ മറന്നില്ല . ഭാഗ്യത്തിന് സന്ധു പരിക്കേൽക്കാതെ രക്ഷപെട്ടു.
മാർഷൽ 24 റൺസിന് 2 വിക്കറ്റ്. ലാറി ഗോംസിൻ്റെ ഓഫ് സ്പിൻ ബോൾ അടിച്ച കപിലിൻ്റെ നിർണ്ണായകമായ ക്യാച്ച് ബൗണ്ടറിക്ക് തൊട്ട് വെച്ച് പിടിച്ചത് മാർഷലായിരുന്നു. ഫൈനലിൽ വിൻഡീസ് ഏറ്റവും ഭയപ്പെട്ടിരുന്നത് ഇന്ത്ൻ ക്യാപ്റ്റൻ കപിൽ ദേവിനെയായിരുന്നു. വിഖ്യാതമായ സിംബാവെക്കെതിരെ യുള്ളെ 175 not out ഒരു പേടിസ്വപ്നമായി അവരുടെ മനസിൽ കടന്നു കൂടിയിരുന്നു.. അതിന്റെ പകുതി കപിൽ ആവർത്തിച്ചാൽ കാര്യം മാറും.
തന്റെ മൂന്നാം ലോകകപ്പ് കിരീടം കണ്ട ക്യാപ്റ്റൻ ക്ലൈവ് ലോയിഡ് കപിലിനെ തളയ്ക്കാൻ കണ്ട് വെച്ചത് ലാറി ഗോംസിനെയായിരുന്നു. അത് വിജയിക്കുകയും ചെയ്തു.
183 റൺസിൽ ഒതുങ്ങിയ ഇന്ത്യ ജയിക്കുമെന്നോ വിൻഡീസ് തകരുമെന്നോ ആരും കരുതിയില്ല. മാർഷൽ ഉല്ലാസവാനായിരുന്നു. ഫൈനൽ ജയിക്കുമെന്ന് ഉറപ്പിച്ചതിനാൽ ഒരു പുതിയ BMW കാറ് വരെ അയാൾ ബുക്ക് ചെയ്തിരുന്നു. പക്ഷേ, അന്ന് ഇന്ത്യയുടെ ദിവസമായിരുന്നു .ഫൈനലിൽ റിച്ചാർഡ്സിൻ്റെ വിഖ്യാതമായ കപിലിൻ്റെ ക്യാച്ച് – വിക്കറ്റ് വീണതോടെ 76ന് 6 എന്ന അപകടരമായ നിലയിലാണ് 8ാമനായി മാർഷൽ ക്രീസിൽ എത്തുന്നത്. സ്‌റ്റേഡിയത്തിലെ ഇന്ത്യക്കാരാ കാണികളുടെ ഇരമ്പുന്ന ആരവത്തിനിടയിൽ ബാറ്റുമായി ക്രീസിൽ നിന്നിരുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജെഫ് ഡുജോൺ പറഞ്ഞത് മാർഷൽ വ്യക്തമായി കേട്ടു ‘ Is going to be tough ’. എന്നിട്ടും വിഷമകരമായ അവസ്ഥയിലും എഴാം വിക്കറ്റിൽ 43 റൺസ് അവർ കൂട്ടി ചേർത്തു. എന്നാൽ മൊഹിന്ദർ അമർനാഥിൻ്റെ വേഗത കുറഞ്ഞ ഒരു പന്ത് ഡുജോൺൻ്റെ വലതു കുറ്റി തെറിച്ചതോടെ എല്ലാം കഴിഞ്ഞു. അവർ മൊഹിന്ദറിൻ്റെ ഒരു വൈഡായ പന്തിൽ ബാറ്റ് വെച്ച മാർഷലിൻ്റെ ക്യാച്ച് സ്ലിപ്പിൽ ഗവാസ്ക്കർ കയ്യിലൊതുക്കിയപ്പോൾ മാർഷൽ പുറത്തായി. മൈക്കേൽ ഹോൾഡിംഗിനെ എൽ.ബി.ഡബ്ല്യുവിൽ കൂടുക്കിയ മൊഹിന്ദർ ഇന്ത്യയുടെ ചരിത്ര വിജയം കുറിച്ചു.
വെസ്റ്റ് ഇൻഡീസിൻ്റെ അവസാന ബാറ്റ്സ്മാനായ ജോയൽ ഗാർനർ പവലിയനിലേക്ക് നടക്കുമ്പോൾ കപിലിൽദേവും കൂട്ടരും ലോഡ്സിൽ ഇന്ത്യൻ ക്രിക്കറ്റിൻ്റെ വസന്തം ആഘോഷിക്കുകയായിരുന്നു.
‘ ഞങ്ങളുടെ അപ്രമാദിത്വം അവസാനിച്ചു . ലോകം ഞങ്ങളെ നോക്കി ചിരിക്കുകയായിരുന്നു. ‘ലോകകപ്പിലെ അപ്രതീക്ഷിത പരാജയത്തെ കുറിച്ച് മാർഷൽ എഴുതി.
1983 ലെ ലോകകപ്പ് പരാജയത്തിന് ശേഷം ഇന്ത്യയിൽ പരുടനത്തിലെത്തിയ വെസ്റ്റ് ഇൻഡീസ് 6 ടെസ്റ്റും 5 എകദിനവും കളിച്ചു. പരമ്പരയിൽ ഒരു കളി പോലും ഇന്ത്യ ജയിച്ചില്ല. ആദ്യ ടെസ്റ്റിൽ കാൺപുരിൽ മാർഷൽ തൻ്റെ കരിയറിലെ ഏറ്റവും മികച്ച ഓൾ റൗണ്ട് പ്രകടനം പുറത്തെടുത്തു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 454 റൺനെടുത്തു. 8ാമനായി ബാറ്റ് ചെയ്യാൻ വന്ന മാർഷൽ ഗ്രീനിഡ്ജിനോടൊത്ത് 197 റൺസ് കൂട്ടി ചേർത്തു. സെഞ്ച്വറിക്ക് 8 റൺസ് അകലെ വെച്ച് മാർഷൽ 92 ൽ പുറത്തായി.
പിന്നെയാണ് മാർഷലിൻ്റെ സംഹാര താണ്ഡവം ആരംഭിച്ചത്. മാർഷലിൻ്റെ അശനിപാതത്തിൽ ഇന്ത്യയുടെ ആദ്യത്തെ 4 ബാറ്റ്സ് മാർ കത്തിച്ചാമ്പലായി ഗവാസ്കർ 0, ഗെയ്ക്ക് വാദ് 04. മൊഹീന്ദർ 0, വെങ്ങ് സർക്കാർ 14. ഈ നാല് പേരേയും മാർഷൽ ഞൊടിക്കുള്ളിൽ തിരിച്ചയച്ചു. ഒരു ഘട്ടത്തിൽ ഇന്ത്യ 29 -5 എന്ന നിലയിലായിരുന്നു. 207 ന് ഇന്ത്യ പുറത്തായി. ഇന്ത്യ ഫോളോൺ ചെയ്തപ്പോഴും ആദ്യം തന്നെ മാർഷൽ നാശം വിതച്ചു. ആദ്യത്തെ 4 പേരെ മാർഷൽ പുറത്താക്കി. ഇന്ത്യൻ ദനനീയ പരാജയം ഏറ്റു വാങ്ങി 164 പുറത്തായി. ഒരു ഇന്നിംഗ്സിനും 83 റൺസിനുമാണ് അന്ന് ഇന്ത്യ തോറ്റത്. 92 റൺസും 66 ന് 8 വിക്കറ്റും എടുത്ത മാർഷൽ ഓാൾ റൗണ്ട് പ്രകടനം നടത്തി മാൻ ഓഫ് ദി മാച്ചായി. പിന്നീട് എല്ലാ ടെസ്റ്റുകളിലും ഇത് ആവർത്തിച്ചു. ഇന്ത്യ 50 റൺ എടുക്കുമ്പോഴേക്കും 4-5 വിക്കറ്റ് പോയിരിക്കും. മാർഷൽ തൻ്റെ കരിയറിൻ്റെ ഏറ്റവും ഉയരത്തിലെത്തി. പരമ്പര 3-0 ന് വെസ്റ്റ് ഇൻഡീസ് കരസ്ഥമാക്കി.
33 വിക്കറ്റുകളാണ് മാർഷൽ ഈ പരമ്പരിയിൽ കൊയ്തത്. ഇതിൻ 9 പ്രാവശ്യം വെങ്ങ് സർക്കാരിനെ പുറത്താക്കിയെന്ന് ശ്രദ്ധേയമാണ്. പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടാണ് മാർഷൽ ഇന്ത്യ വിട്ടത്.
1986 ൽ സർ ഡൊണാൾഡ് ബ്രാഡ്മാൻ എഴുതി. താൻ കണ്ട ഏറ്റവും മികച്ച മൂന്ന് ഫാസ്റ്റ് ബൗളർമാരിൽ ഒരാൾ മാൽക്കം മാർഷലായിരുന്നു. ഇംഗ്ലണ്ടിൻ്റെ ഹെരോൾഡ് ലാർവുഡും , ഓസ്ട്രലിയയുടെ ഫ്രാങ്ക് ടൈസനുമായിരുന്നു മറ്റ് രണ്ട് പേർ.
ഏതൊ ക്യാപ്റ്റൻ്റെയും സ്വപ്ന ബൗളറായിരുന്നു മാർഷൽ. ആ കൃതതയുള്ള വേഗതയാർന്ന ബൗളിങ്ങ് നേരിടാൻ ബാറ്റ്സ്മാന്മാർ വിഷമിച്ചു. 1984 ലെ ഓസ്ട്രലിയൻ പരമ്പരയിൽ അഡിലെയ്ഡിൽ നൂറ് ഡിഗ്രി കൊടും ചൂടിൽ നിർജ്ജീവമായ പിച്ചിൽ ലഞ്ചിനും ടീ ക്കും ഇടയിൽ മാർഷൽ ചെയ്ത അസാധ്യ ബോളിംഗ് സ്പെല്ലിനെ നേരിട്ട അലൻ ബോർഡർ ഒരിക്കൽ എഴുതി ‘ മറ്റ് ബോളർമാർ പിച്ചിൻ്റെ സ്വഭാവവുമായി പൊരുത്തപ്പെടാതെ കഷ്ടപ്പെട്ടപ്പോൾ മാർഷൽ തൻ്റെ ഏറ്റവും മികച്ച പ്രകടനത്തിൽ ഞങ്ങളെ തകർത്തു. രണ്ട് ഇന്നിംങ്ങ്സിലായി 5- 69,5 -38 , മൊത്തം പത്ത് വിക്കറ്റ് വീഴ്ത്തി.’
തൻ്റെ “മാർഷൽ ലോ “ നടപ്പിലാക്കിയ രണ്ട് അവസരങ്ങൾ ലോക ക്രിക്കറ്റിൽ എറെ പ്രശസ്തമായിരുന്നു. 1984ലെ ഇംഗ്ലണ്ട് പര്യടനത്തിൽഹെഡിങ്ലിയിൽ മൂന്നാമത്തെ ടെസ്റ്റിൽ തൻ്റെ ആദ്യത്തെ ടെസ്റ്റ് കളിക്കുന്ന ഇംഗ്ലണ്ടിൻ്റെ ഓപ്പണർ ആൻഡി ലോയ്ഡിനെതിരെ എറിഞ്ഞ മാർഷലിൻ്റെ ബൗൺസർ കണ്ണിൽ കൊണ്ട് മാരകമായി പരിക്കേറ്റു. കളിക്കളം വിട്ട ആൻഡി ലോയ്ഡിൻ്റെ ക്രിക്കറ്റ് ജീവിതം അതോടെ അവസാനിച്ചു. പിന്നിടൊരിക്കലും അയാൾ ടെസ്റ്റ് ക്രിക്കറ്റ് കളിച്ചില്ല. ഒരു ബൗളറും പുറത്താക്കാതെ വിരമിച്ച ഏക ഓപ്പണർ എന്ന റെക്കോഡ് ലഭിച്ച ആൻഡി ലോയിഡിൻ്റെ കാഴ്ചശക്തി ഏറെ നാൾ കഴിഞ്ഞാണ് സാധാരണ നിലയിലായത്.
1986 ൽ ജമൈക്കയിലെ എകദിനത്തിൽ മാർഷലിൻ്റെ ചൂടേറിയ ബാൺസർ മൈക്കൽ ഗാറ്റിങ്ങിൻ്റെ മൂക്ക് തകർത്തു. പന്തിൽ മുക്കിൻ്റെ മാംസം ഒട്ടിയിരിക്കുന്ന കണ്ട് താൻ ഞെട്ടിപ്പോയി എന്നാണ് മാർഷൽ അതേ കുറിച്ച് പറഞ്ഞത്.
ഏറ്റവും പ്രശസ്തമായ സ്പോർട്ട്സ് ചാനൽ ESPN ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത Hall of Fame -Legends of Cricket ൽ ഏറ്റവും മികച്ച കളിക്കാരുടെ ടീം പ്രഖ്യാപിച്ചപ്പോൾ മികച്ച ഫാസ്റ്റ് ബൗളറുടെ സ്ഥാനത്ത് നിസ്സംശയം തിരഞ്ഞെടുത്തത് മാൽക്കം മാർഷലിനെയായിരുന്നു.
ആ മികച്ച ടീം ഇതാണ്
1. ഡോൺ ബ്രാഡ്മാൻ 2. ഡ്യ ബ്ലി യു ഗ്രേസ് 3.1999 നവംബർ 4. ഗാരി സോബേഴ്സ് 5. ഷെയിൻ വോൺ 6. ഇംറാൻ ഖാൻ 7. ജാക്ക് ഹോബ്സ് 8. മാൽക്കം മാർഷൽ 9. സച്ചിൻ തെണ്ടുൽക്കർ 10. സിഡ്നി ബാൺസ് 11. ആദം ഗിൽക്രിസ്റ്റ് 12. ഗ്രഹാം പൊള്ളോക്ക് ‘.
1999 നവംബറിൽ അർബുദം ബാധിച്ച് 41ാം വയസിൽ വന്ന് , അകാലത്തിൽ മരണമടയുമ്പോൾ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച പരിപൂർണ്ണ ഫാസ്റ്റ് ബൗളർ എന്ന് ചരിത്രം മാർഷലിനെ ‘രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു.
content summary; malcom marshall was the best fast bowler in the world who dominated the field.