മലയാളത്തിന്റെ വെള്ളിത്തിരയിൽ ഏഴു കിരീടങ്ങൾ ചൂടി നിൽക്കുകയാണ് ഭാവങ്ങളുടെ മഹാമേരു. അക്ഷരങ്ങളുടെ ആഴവും യാത്രയുടെ പൊരുളും തേടി ഒടുക്കം ഭ്രമയുഗത്തിലെത്തിയ ആ ഭാവപ്പകർച്ച ഒരിക്കൽ കൂടി പുരസ്കാരത്തിന്റെ പൊൻതിളക്കത്തിലാണ്. വെള്ളിത്തിരയിൽ മമ്മൂട്ടി എന്ന പേര് കേൾക്കുമ്പോൾ, അവാർഡ് എന്നത് ഒരു പുതുമയല്ല. അത് പ്രതീക്ഷയാണ്, ഉറപ്പാണ്! മമ്മൂട്ടിയുടെ സംസ്ഥാന പുരസ്കാര നേട്ടങ്ങളെക്കുറിച്ച് ‘അഴിമുഖത്തോട്’ തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രന് പറയാനുണ്ടായിരുന്നതും അപ്രതീക്ഷിതമല്ലാത്ത ആ വിജയാഘോഷങ്ങളെകുറിച്ചായിരുന്നു…
‘മമ്മൂട്ടിയുടെ സംസ്ഥാന ചലച്ചിത്ര അവാർഡ് നേട്ടം ഒരിക്കലും ഞെട്ടിക്കുന്ന ഒന്നായിരുന്നില്ല. കാരണം, ഈ അവാർഡ് എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. ‘ഭ്രമയുഗം’ റിലീസായ സമയം മുതൽ അതിലെ അദ്ദേഹത്തിന്റെ പ്രകടനം ചർച്ചയായിരുന്നു. അദ്ദേഹത്തിന് മുൻപും സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുള്ളപ്പോഴെല്ലാം, പൊതുവെ ‘ഇമേജ് ബ്രേക്കിംഗ്’ എന്ന് വിശേഷിപ്പിക്കാവുന്ന കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. ഇപ്പോഴും, സോ കോൾഡ് കൊമേഴ്സ്യൽ സിനിമയിലെ നായകനടന്മാർ സാധാരണയായി കൈകാര്യം ചെയ്യാൻ മടിക്കുന്ന വേഷങ്ങൾ ഏറ്റെടുക്കാൻ അദ്ദേഹം സന്നദ്ധനാണ്.
ഇമേജില്ല, റിസ്ക് മാത്രം
ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ ശീലമല്ല. അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കത്തിൽ, വളരെ ചെറിയ പ്രായത്തിൽ പോലും, മൊട്ടയടിച്ച് അഭിനയിക്കുക, വികൃതമായ ഗെറ്റപ്പുകൾ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം ചെയ്തിരുന്നു. ഒരു നായകനടൻ മൊട്ടയടിക്കുക, ബുദ്ധി കുറഞ്ഞ കഥാപാത്രമായോ, അതീവ ക്രൂരനായ വില്ലനായോ അഭിനയിക്കുക തുടങ്ങിയവ പൊതുവെ നായകന്മാർ ഒഴിവാക്കിയിരുന്ന ഒരു കാലത്താണ് മമ്മൂട്ടി ‘ഇമേജ്’ എന്ന ചിന്തയെ പൂർണ്ണമായി മാറ്റിവെച്ച് അഭിനയത്തെ മാത്രം ലക്ഷ്യമാക്കി മുന്നോട്ട് പോയത്. തന്നെ പലതരത്തിൽ ആവിഷ്കരിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മുന്നിൽ വെച്ചാണ് അദ്ദേഹം അത്തരം വേഷങ്ങൾ സ്വീകരിച്ചത്.
‘ഭ്രമയുഗ’ത്തിലെ കഥാപാത്രം പോലും എല്ലാ അഭിനേതാക്കളും ഏറ്റെടുക്കാൻ സാധ്യതയില്ലാത്ത ഒന്നാണ്. കാരണം അതിൽ ഒരു വില്ലൻ സ്വാഭാവമുണ്ട്, മാത്രമല്ല അത് ഒരു മുഴുവൻ വില്ലൻ കഥാപാത്രവുമാണ്. എന്നാൽ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അത് ഒരു വിഷയമല്ല. ചെയ്തുകൊണ്ടിരിക്കുന്നതിൽ നിന്ന് പുതുതായി എന്തെങ്കിലും ചെയ്യാനുണ്ടോ അദ്ദേഹത്തെ അത് ഭ്രമിപ്പിക്കുന്നുണ്ടോ ഇല്ലയോ എന്നുള്ള നിരന്തരമായ അന്വേഷണം അദ്ദേഹം തുടരുന്നതുകൊണ്ടാണ്, മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സംസ്ഥാന അവാർഡ് കിട്ടിയിട്ടുള്ള നടനായി അദ്ദേഹം ഇന്നും നിലകൊള്ളുന്നത്.

പുതിയ താരങ്ങൾക്ക് പാതയൊരുക്കിയ മമ്മൂട്ടി
മമ്മൂട്ടിക്ക് മാത്രമല്ല അദ്ദേഹത്തിന്റെ ഈ പരീക്ഷണാത്മക സമീപനം ഗുണം ചെയ്തത്. മറ്റ് അഭിനേതാക്കൾക്ക്, പ്രത്യേകിച്ചും കരിയറിന്റെ തുടക്കത്തിലുള്ളവർക്ക്, സാധാരണമായി ഏറ്റെടുക്കാൻ മടിക്കുന്ന റോളുകൾ ചെയ്യാനുള്ള ധൈര്യം ലഭിച്ചത് അദ്ദേഹത്തിൽ നിന്നാണ്. “മമ്മൂക്ക ഇത് ചെയ്തിട്ടുണ്ടല്ലോ, അപ്പോൾ നമുക്കും ഒന്ന് ശ്രമിച്ചുനോക്കാം,” എന്നൊരു ചിന്ത പുതിയ നടന്മാർക്കിടയിൽ ഉണ്ടാക്കി.
നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളോ, ‘കാതൽ’ പോലുള്ള ശക്തമായ പരീക്ഷണ സ്വഭാവമുള്ള വേഷങ്ങളോ ഏറ്റെടുക്കാൻ അവർ സന്നദ്ധരാകാൻ ഇത് കാരണമായി. ‘കാതൽ’ പോലുള്ള ഒരു ചിത്രം വരുമ്പോൾ, യുവ അഭിനേതാക്കൾ പോലും ചെയ്യാൻ മടിച്ചേക്കാം.
എന്നാൽ, ഇതിനു മുൻപ് തന്നെ ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥയിലുള്ള ‘മുംബൈ പോലീസ്’ പോലുള്ള ചിത്രങ്ങളിൽ പൃഥ്വിരാജ് സുകുമാരൻ സമാനമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചത് നമ്മൾ കണ്ടതാണ്. അത്തരത്തിലുള്ള നടന്മാരെല്ലാം എപ്പോഴും എടുത്തുപറയുന്ന ഒരു പേര് മമ്മൂട്ടിയുടേതാണ്. പതിറ്റാണ്ടുകൾക്ക് മുൻപ് അത്തരത്തിലുള്ള വേഷം അദ്ദേഹത്തിന് ചെയ്യാമെങ്കിൽ, “നമുക്കും എന്തെങ്കിലുമൊക്കെ ശ്രമിച്ചു നോക്കണ്ടേ” എന്നൊരു മനോഭാവം പുതിയ കാലത്തെ നടന്മാരിൽ പോലും ഉണ്ടാക്കുന്നുണ്ട്.

മമ്മൂട്ടിയുടെ ഈ യാത്ര ‘പാത്ത് ബ്രേക്കിംഗ്’ ആയിരുന്നു. ഒരാൾ നടന്ന വഴിയിൽ കൂടി നടക്കാൻ എളുപ്പമാണ്. എന്നാൽ, കാടുവെട്ടി പതം വരുത്തി ഒരു വഴി ഉണ്ടാക്കി അതിലൂടെ ആദ്യം കടന്നുപോകുന്ന ഒരാളുടെ റിസ്ക് അത് അയാളുടെ മാത്രം റിസ്ക് ആണ്. ഇമേജിനെക്കുറിച്ചോ സാമ്പത്തിക വിജയത്തെക്കുറിച്ചോ ചിന്തിക്കാതെ, അഭിനയത്തെ മാത്രം മുന്നിൽ നിർത്തി മമ്മൂട്ടി നടത്തിയ ആ സാഹസിക യാത്രയാണ് ഇന്ന് മലയാള സിനിമയിലെ യുവതാരങ്ങൾക്കു പോലും പരീക്ഷണങ്ങൾ ഏറ്റെടുക്കാൻ ധൈര്യം നൽകുന്ന പാതയായി മാറിയത്.
മമ്മൂട്ടി എന്ന നടന് വ്യക്തിപരമായി ഒരു സംസ്ഥാന അവാർഡ് ലഭിക്കുമ്പോൾ, അതിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ സിനിമാ വ്യവസായം മൊത്തമാണ്. ഒരു കാലത്ത് മറ്റ് ഇൻഡസ്ട്രികളിലുള്ളവർ മലയാള സിനിമ കണ്ടു പഠിക്കണമെന്ന് പറഞ്ഞിരുന്ന അവസ്ഥയിലേക്ക് നമ്മൾ വീണ്ടും എത്തിയിരിക്കുന്നു. പണ്ടുകാലത്ത് ‘പരുത്തിവീരൻ’ പോലുള്ള ചിത്രങ്ങൾ ഇറങ്ങുന്ന സമയത്ത് പോലും തമിഴിലെ ന്യൂ വേവ് സംവിധായകർ, “ഞങ്ങളൊക്കെ സിനിമ സ്വപ്നം കണ്ടു തുടങ്ങിയത് മലയാള സിനിമ കണ്ടിട്ടാണ്. പക്ഷേ ഇപ്പോഴത്തെ മലയാള സിനിമ ഞങ്ങൾക്ക് അത്ര വലിയ സ്വപ്നങ്ങളൊന്നും നൽകുന്നില്ല” എന്ന് നിരാശയോടെ പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു.
‘ബോളിവുഡ് മടുക്കുമ്പോൾ മലയാളം ഭ്രമിപ്പിക്കുന്നു‘
എന്നാൽ ഇന്ന് ആ സ്ഥിതി മാറി. തമിഴിൽ മാത്രമല്ല, ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നുള്ള സിനിമാ പ്രവർത്തകരും മലയാള സിനിമയെ വളരെ ശ്രദ്ധയോടെ വീക്ഷിക്കുന്നു. ലോക സിനിമകൾ മുഴുവൻ കാണുന്ന സംവിധായകനാണ് അനുരാഗ് കശ്യപ്. അദ്ദേഹത്തെപ്പോലുള്ളവർ “ബോളിവുഡ് എന്നെ മടുപ്പിക്കുകയും മലയാള സിനിമ എന്നെ ഭ്രമിപ്പിക്കുകയും ചെയ്യുന്നു” എന്ന് പറയുന്നത്, നമ്മുടെ സിനിമയുടെ നിലവാരത്തെയാണ് സൂചിപ്പിക്കുന്നത്. അത്തരം പ്രമുഖരിൽ നിന്ന് ഇത്തരമൊരു കമന്റ് ഉണ്ടാകുന്നത്, മലയാള സിനിമയുടെ സൗന്ദര്യശാസ്ത്രത്തിലും, പരിചരണ ക്രമത്തിലും, സ്വഭാവത്തിലും അടിമുടി മാറ്റങ്ങൾ വന്നതുകൊണ്ടാണ്.

അത്തരം മാറ്റങ്ങൾക്കെല്ലാം ഒരു വലിയ ശക്തിയായി നിലകൊണ്ടു എന്നതിലാണ് മമ്മൂട്ടി എന്ന നടൻ്റെ പ്രസക്തി നിലനിൽക്കുന്നത്. അദ്ദേഹത്തിന് വ്യക്തിപരമായി ലഭിക്കുന്ന സംസ്ഥാന അവാർഡിനൊപ്പം തന്നെ, മലയാള സിനിമാ മേഖല മുഴുവനും ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾക്കിടയിൽ നിന്ന് ലഭിക്കുന്ന നല്ല അഭിപ്രായത്തിനു പിന്നിലും അദ്ദേഹം ഒരു പ്രേരകശക്തിയായിട്ടുണ്ട്. അതിൽ ഒരു വ്യാപകമായ പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ട് എന്നുള്ളതാണ് ഒരു സിനിമാപ്രേക്ഷകൻ എന്ന നിലയിൽ സന്തോഷം നൽകുന്ന കാര്യവും.
content summary: Mammootty’s Kerala State Film Award victory is not merely a personal achievement
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.