യാത്രക്കിടെ യുകെയിൽ വച്ച് ബൈക്ക് മോഷണം പോയി; ഇന്ത്യൻ യുവാവിന് സഹായഹസ്തവുമായി വിദേശികൾ

യോഗേഷ് സോഷ്യൽ മീഡിയയിലൂടെ തൻ്റെ ദുരിതം പങ്കുവെച്ചിരുന്നു

തന്റെ കെടിഎം ബൈക്കിൽ ഒറ്റയ്ക്ക് ലോകയാത്രയ്ക്ക് ഇറങ്ങിത്തിരിച്ച മുംബൈ സ്വദേശിയായ യോ​ഗേഷ് അലേക്കരിയുടെ ബൈക്ക് യുകെയിൽ മോഷണം പോയി. ഏകദേശം 24,140 കിലോമീറ്റർ യാത്ര പിന്നിട്ട ശേഷമാണ് യോ​ഗേഷിന് ഈ ദുരനുഭവം ഉണ്ടായത്.

ബൈക്ക് മോഷണം പോയതിനെ തുടർന്ന് മാനസികമായി തളർന്നുപോയ യോഗേഷ്, സോഷ്യൽ മീഡിയയിലൂടെ തൻ്റെ ദുരിതം പങ്കുവെച്ചിരുന്നു. അദ്ദേഹത്തിൻ്റെ വീഡിയോ വൈറലായതോടെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. ഈ സഹായം തന്നെ അത്ഭുതപ്പെടുത്തിയെന്നും, അത് തൻ്റെ കാഴ്ചപ്പാടുകൾ തന്നെ മാറ്റിയെന്നും യോഗേഷ് പിന്നീട് പ്രതികരിച്ചു.

നോട്ടിങ്ഹാമിലെ വോളട്ടൺ പാർക്കിൽ പാർക്ക് ചെയ്തിരിക്കുമ്പോഴാണ് ബൈക്ക് മോഷണം പോയതെന്ന് യോഗേഷ് അലേക്കരി പറഞ്ഞു. 33കാരനായ യോ​ഗേഷ് 17ൽ അധികം രാജ്യങ്ങൾ തന്റെ കെടിഎം 390 അഡ്വഞ്ചർ മോട്ടോർബൈക്കിൽ പിന്നിട്ടിരുന്നു. അദ്ദേഹത്തിന്റെ മിക്ക സാധനങ്ങളും ബൈക്കിലുണ്ടായിരുന്നു. മോഷണത്തിന് ശേഷം വസ്ത്രങ്ങളും പുതിയ മോട്ടോർസൈക്കിളുകളും ഉൾപ്പെടെ നിരവധി സഹായ വാഗ്ദാനങ്ങളാണ് ലോകത്തിന്റെ പല ഭാ​ഗത്ത് നിന്നായി ലഭിച്ചത്. നിരവധി പേർ അദ്ദേഹത്തിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. കൂടാതെ, ചില മോട്ടോർസൈക്കിൾ നിർമ്മാതാക്കളും മറ്റു ബൈക്ക് യാത്രികരും അദ്ദേഹത്തിന് പുതിയ ബൈക്കുകൾ നൽകാൻ തയ്യാറാണെന്ന് അറിയിച്ചു. ഈ പിന്തുണ തന്നെ വീണ്ടും യാത്ര തുടരാൻ പ്രേരിപ്പിച്ചുവെന്നും, മനുഷ്യത്വം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് മനസ്സിലാക്കിയെന്നും യോഗേഷ് പറഞ്ഞു.

ലോകയാത്രയുടെ ഭാ​ഗമായി യോഗേഷ് അലേക്കരി ഇറാൻ, നേപ്പാൾ, ചൈന, കസാഖിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലൂടെ കടന്നുപോയിരുന്നു. പിന്നീട് അദ്ദേഹം യൂറോപ്പിലേക്ക് പ്രവേശിക്കുകയും. ജർമ്മനി, ബെൽജിയം, നെതർലാൻഡ്സ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും കടന്നുപോയിരുന്നു. ഒരു മുഴുവൻ സമയ കണ്ടൻ്റ് ക്രിയേറ്ററായ യോഗേഷ് ഓക്സ്ഫോർഡിലേക്കുള്ള യാത്രാമധ്യേ ഓഗസ്റ്റ് 28ന് വോളട്ടൺ പാർക്കിൽ വാഹനം നിർത്തി. പ്രഭാതഭക്ഷണം കഴിച്ച് തിരിച്ചെത്തിയപ്പോൾ ബൈക്കും അതിലുണ്ടായിരുന്ന സാധനങ്ങളും നഷ്ടപ്പെട്ടതായി അദ്ദേഹം മനസ്സിലാക്കി. പാർക്കിലെത്തിയ ഒരു സന്ദർശകൻ പകർത്തിയ വീഡിയോ ദൃശ്യങ്ങളിൽ, രണ്ട് മൊപ്പഡ് സ്കൂട്ടറുകളുടെ അകമ്പടിയോടെ ബൈക്ക് ഓടിച്ചുപോകുന്നത് കാണാമായിരുന്നു. ഈ സംഭവം വാർത്തയായതിന് ശേഷം യോഗേഷിന് വലിയ പിന്തുണയാണ് ലഭിച്ചത്.

യോഗേഷ് അലേക്കരിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് മറുപടിയായി ‘ലോങ് വേ ടിവി’ അക്കൗണ്ട് ഒരു മോട്ടോർസൈക്കിൾ നൽകാമെന്ന് വാഗ്ദാനം ചെയ്തു. നോട്ടിങ്ഹാമിൽ വെച്ച് നിങ്ങളുടെ ബൈക്ക് മോഷണം പോയതിൽ അതിയായ ദുഃഖമുണ്ട്, ഞങ്ങൾ അവസാന സീരീസ് ചിത്രീകരിക്കാൻ ഉപയോഗിച്ച ഒരു കെടിഎം മോട്ടോർസൈക്കിൾ ഞങ്ങൾക്കുണ്ട്. നിങ്ങൾക്ക് സഹായകമാകുമെങ്കിൽ അത് ഞങ്ങൾ നൽകാമെന്ന് ലോങ് വേ ടിവി യോ​ഗേഷിനെ അറിയിച്ചു

പോലീസ് തന്റെ ബൈക്ക് കണ്ടെത്തുന്നതുവരെ കാത്തിരിക്കാനാണ് യോഗേഷിന്റെ തീരുമാനം. പുതിയ വാഹനം സ്വീകരിക്കുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബൈക്ക് മോഷണം സംബന്ധിച്ച് നോട്ടിങ്ഹാംഷെയർ പോലീസ് അന്വേഷണം തുടരുകയാണെന്ന് വക്താവ് അറിയിച്ചു. എന്നാൽ, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ബൈക്ക് കണ്ടെത്താനായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

content summary: Man offered new bikes after having his bike stolen during round the world trip

This post was last modified on September 6, 2025 12:01 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment