എന്‍ ബിരേന്‍ സിംഗിന് പകരക്കാരനെ കണ്ടെത്തുന്നതില്‍ ബിജെപി പരാജയപ്പെട്ടതോടെ, മണിപ്പൂര്‍ ഇനി രാഷ്ട്രപതി ഭരണത്തില്‍. സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നാല് ദിവസത്തിന് ശേഷമാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നിയമസഭ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച അറിയിച്ചു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതോടെ, ഭരണഘടയുടെ ആര്‍ട്ടിക്കിള്‍ 356 പ്രകാരം ഇനി സംസ്ഥാനത്തിന്റെ നിയന്ത്രണം കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലായിരിക്കും. സംസ്ഥാന നിയമസഭ ഇതോടെ അസാധുവായി. 23 വര്‍ഷത്തിന് ശേഷം വീണ്ടും മണിപ്പൂര്‍ രാഷ്ട്രപതി ഭരണത്തിന് കീഴില്‍ വന്നിരിക്കുകയാണ്.
ഫെബ്രുവരി ഒമ്പതിനാണ് ബിരേന്‍ സിംഗ് രാജിവയ്ക്കുന്നത്. മണിപ്പൂര്‍ വംശീയ കലാപത്തില്‍ കത്തിയെരിയാന്‍ തുടങ്ങി 21 മാസങ്ങള്‍ പിന്നിടുമ്പോഴായിരുന്നു, സിംഗ് സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയനായി മുഖ്യമന്ത്രിക്കസേര ഒഴിയുന്നത്. 2023 മേയ് മുതല്‍ ആരംഭിച്ച കലാപത്തില്‍ 250 ലേറെ ജീവനാണ് ഇക്കാലത്തിനിടയില്‍ സംസ്ഥാനത്ത് പൊലിഞ്ഞതെന്നാണ് ഔദ്യോഗികമായി പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ഇതിനപ്പുറം വരുമെന്നാണ് വിവരം.
മണിപ്പൂര്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ബല്ലയുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതായി തീരുമാനം അറിയിക്കുന്നത്. ബജറ്റ് സമ്മേളനത്തിന്റെ ബാക്കി ചര്‍ച്ചകള്‍ക്കായി മാര്‍ച്ച് 10 വരെ പാര്‍ലമെന്റ് പിരിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് മണിപ്പൂരിന്റെ കാര്യത്തിലുള്ള പ്രഖ്യാപനം വരുന്നത്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിന് മുമ്പ്, കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനായി ഒരു സുരക്ഷാ പദ്ധതി തയ്യാറാക്കിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംസ്ഥാന പോലീസ് സേനയോടെ അതീവ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അക്രമമോ അശാന്തിയോ ഉണ്ടാക്കാന്‍ സാധ്യയുള്ള വ്യക്തികളെയും സംഘടനകളെയും പ്രത്യേകം നിരീക്ഷണത്തില്‍ വയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ബിരേന്‍ സിംഗിന്റെ പിന്‍ഗാമിയാകാന്‍ നടത്തിയ ബിജെപി നേതാവ് സംബിത് പത്രയുടെ ശ്രമങ്ങളും പരാജയപ്പെട്ടതിനു പിന്നാലെയാണ് സംസ്ഥാന ഭരണത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് മാറ്റിയത്. രാജ്യം കണ്ട ഏറ്റവും രൂക്ഷമായ കലാപങ്ങളില്‍ ഒന്ന് ശമിപ്പിക്കാന്‍ തീര്‍ത്തും പരാജയപ്പെട്ടൊരു സര്‍ക്കാരായാണ് സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്നു തന്നെ ബിരേന്‍ സിംഗ് വിമര്‍ശനം കേട്ടിരുന്നത്.
രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം വളരെ വൈകിയുദിച്ച ബുദ്ധിയായിപ്പോയെന്ന വിമര്‍ശനവും സംസ്ഥാനത്തുണ്ട്. കുക്കി വിഭാഗത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ പൗലിയന്‍ലാല്‍ ഹയോകിപ് പ്രതികരിച്ചത്, ഇത് വളരെ വൈകിപ്പോയി എന്നാണ്. 260 ഓളം മനുഷ്യ ജീവനുകള്‍ നഷ്ടമായി. 60,000 ത്തോളം മനുഷ്യര്‍ നിരാലംബരായി, 200 ഓളം ഗ്രാമങ്ങള്‍ കത്തിച്ചാമ്പലായി, ഏഴായിരത്തോളം വീടുകള്‍ ചുട്ടു നശിപ്പിച്ചു, തലമുറകളോളം നീണ്ടു നില്‍ക്കുന്ന ആഘാതമാണ് ഉണ്ടായിരിക്കുന്നത്. ഇത്രയും നടന്നശേഷം മാത്രമാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം വന്നതെന്നാണ് ബിജെപി എംഎല്‍എ തന്നെ കുറ്റപ്പെടുത്തുന്നത്. Manipur under president’s rule
Content Summary; Manipur under president’s rule.