മലയാള മനോരമയുടെ ഒന്നാം പേജിലെ പരസ്യത്തിനെതിരെ വ്യാപക വിമര്‍ശനം. 19.05.2025 ലെ മനോരമ പത്രത്തിന്റെ ആദ്യ പേജില്‍ പ്രസിദ്ധീകരിച്ച ‘പത്രങ്ങള്‍ മാത്രമാണ് വിശ്വസനീയമെന്നും ഒറ്റ ക്ലിക്കില്‍ ലഭിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ചാനലുകളുമൊന്നും വിശ്വാസ യോഗ്യമല്ലെന്ന’ പരസ്യമാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്.
‘മുന്നില്‍ വന്നു മിന്നുന്നത് ഊഹാപോഹങ്ങളാവാം, കേട്ടുകേള്‍വികളാവാം.
എന്തായാലും സംഗതി ക്ലിക്കായാല്‍ മതി എന്നാണു നിലപാട്.
പത്രത്തിനുള്ള ക്ലിക്ക് വേറെയാണ്.
ഫോട്ടോ ജേണലിസ്റ്റുകള്‍ സത്യത്തിനുനേരെ തുരുതുരെ ക്ലിക്ക് ചെയ്യും.
ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ സംഭവസ്ഥലത്തു നേരിട്ടെത്തും. കിട്ടുന്ന വിവരങ്ങള്‍ വാര്‍ത്താമേശയില്‍ സൂക്ഷ്മമായി വിശകലനം ചെയ്യും; വിലയിരുത്തും.
ധാര്‍മികതയുടെ ഉരകല്ലിലും അവ പരിശോധിക്കപ്പെടും.
ഡിലീറ്റ് ബട്ടണ്‍ ഞെക്കിയാല്‍ മാറുന്നതല്ല അച്ചടിയുടെ മഷിക്കൂട്ട്.
അന്വേഷണങ്ങളും പരിശോധനകളും പഠനങ്ങളും നടത്തി ഒരു നീണ്ട ദിവസത്തിന്റെ പ്രയത്‌നമാണ് രാവിലെ വന്നു മുട്ടി വിളിക്കുന്നത്. ഉണരൂ, സത്യമറിയൂ. സത്യം രാവിലെ അറിയാം’ ഇതാണ് മനോരമ നല്‍കിയിരിക്കുന്ന പരസ്യം.
മനോരമ പത്രത്തിന്റെ പ്രസക്തിയെ ക്യാപയിന്‍ ചെയ്യുമ്പോള്‍ സ്വന്തം തട്ടകത്തിലെ തന്നെ മനോരമ ഓണ്‍ലൈനും മനോരമ ചാനലിനും കൂടിയുള്ള വിമര്‍ശനമാണ് ഈ പരസ്യം. മനോരമ ചാനലിലും ഓണ്‍ലൈനിലും വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന മുന്നറിയിപ്പ് കൂടിയാണെന്ന വിമര്‍ശനവും ശക്തമാണ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുവന്നിട്ടുണ്ട്.
‘മനോരമ പത്രത്തില്‍ വന്ന പരസ്യം മനോരമ ഓണ്‍ലൈനിനോ മനോരമ ചാനലിനോ ഉള്ള മുന്നറിയിപ്പ് അല്ല. പൊതുവെ മാധ്യമങ്ങള്‍ക്ക് ഇടിവ് തട്ടിയിട്ടുണ്ടെന്നും പ്രിന്റ് മീഡിയയ്ക്കാണ് കുറച്ചുകൂടി വിശ്വാസ്യത എന്നതെന്ന പൊതുധാരണ മനോരമ ഉറപ്പിച്ചതാണ് ഈ പരസ്യം കൊണ്ട് ഉദ്ദേശിക്കുന്നത്’ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെജെ ജേക്കബ് അഴിമുഖത്തോട് പറഞ്ഞു.
‘പൊതുവെ മാധ്യമങ്ങളെ കുറിച്ച് അസംതൃപ്തിയുണ്ട്. പ്രത്യേകിച്ച് ഇലക്‌ട്രോണിക്, ഓണ്‍ലൈന്‍ മാധ്യമങ്ങളെ കുറിച്ച്. ആ അതൃപ്തി മുതലെടുക്കാന്‍ മനോരമ ഒരു ശ്രമം നടത്തിയതിന്റെ ഭാഗമാണ് പത്രത്തില്‍ വന്നിരിക്കുന്ന പരസ്യം. ജനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്നതില്‍ മനോരമ പത്രത്തിന് പങ്കുണ്ടോ എന്ന് കൂടി അവര്‍ ഈ അവസരത്തില്‍ ആലോചിക്കേണ്ടതുണ്ട്. കേരളത്തിലെ മിഡിയകളില്‍ മനോരമ ഓണ്‍ലൈനും മനോരമ ചാനലും താരതമ്യേന ഭേദമാണ്. പക്ഷേ, പത്രത്തില്‍ ശുദ്ധഅസംബന്ധങ്ങളം പ്രസിദ്ധീകരിക്കാറുണ്ടെന്നും’ കെജെ ജേക്കബ് പറഞ്ഞു.
എന്നാല്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എംപി ബഷീറാകട്ടെ പരിഹാസ രൂപേണയാണ് മനോരമയുടെ പരസ്യത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
‘അനതിവിദൂര ഭാവിയില്‍ മനോരമ കുടുംബം മനോരമ ന്യൂസ് ചാനലിനെ തള്ളിപ്പറയും. മറ്റെന്താണ് ഈ പരസ്യവാചകങ്ങള്‍ കൊണ്ട് മനോരമ കമ്പനി ഉദ്ദേശിക്കുന്നത്? എന്നാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എംപി ബഷീര്‍ ചോദിക്കുന്നത്.
2003 ല്‍ ഇന്ത്യാവിഷന്‍ വന്നപ്പോള്‍ പുച്ഛിച്ച മനോരമക്ക് പുച്ഛം മാറി പരിഭ്രാന്തി പടരാന്‍ ഒരു വര്‍ഷമേ വേണ്ടിവന്നുള്ളൂവെന്നും മനോരമ പത്രമാണ് കേരളത്തിന്റെ ഒരേയൊരു ചാനലെന്ന് ദേശീയ മാധ്യമങ്ങളില്‍ വന്‍ പരസ്യങ്ങള്‍ നല്‍കിയിരുന്നുവെന്നും എംപി ബഷീര്‍ പറയുന്നു.
2004 ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്ത്യാവിഷന്‍ തൂക്കിയപ്പോള്‍ ധൃതിപ്പെട്ട് മനോരമ ചാനല്‍ തുടങ്ങി. 2006 ന്റെ രണ്ടാം പകുതിയില്‍ മനോരമ ചാനല്‍ വന്നപ്പോള്‍ ടുട്ടൂസ് ടവറിലെ ദാരിദ്ര്യം വിട്ട് പകുതി പേര്‍ അരൂരിലെത്തി. പ്രമോദ് രാമന്‍, ഷിബു ജോസഫ്, രാജീവ് ദേവരാജ്, ഷാനി പ്രഭാകര്‍, ജയമോഹന്‍… അങ്ങനെ പ്രൊഫഷണലുകളെ വലവീശി പിടിച്ചെങ്കിലും നടത്തിപ്പിന്റെ നേതൃത്വം സ്വന്തം തോട്ടക്കാര്‍ക്കായിരുന്നുവെന്നും അതാണ് അച്ചായന്റെ രീതിയെന്നും എംപി ബഷീര്‍ വിമര്‍ശിക്കുന്നു.
തോട്ടക്കാരും തൊമ്മിമാരും ചേര്‍ന്ന് രണ്ട് പതിറ്റാണ്ട് ചാനല്‍ നടത്തി. ഒന്നാം സ്ഥാനത്തില്‍ കുറഞ്ഞ ഒന്നുകൊണ്ടും തൃപ്തിപ്പെടാത്തവര്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്തിനായുള്ള പോരാട്ടത്തിലാണ്. ചാനല്‍ നടത്തി 19 വര്‍ഷം പിന്നിടുമ്പോഴാണ് മുതലാളിക്ക് തോന്നുന്നത് സത്യമറിയാന്‍ പിറ്റേന്ന് രാവിലെ വരെ കാത്തിരിക്കണമെന്ന്’ ബഷീര്‍ പരിഹസിക്കുന്നു.
ചാനലുകള്‍ തമ്മിലുള്ള കിടമത്സരം നടക്കുന്നതിനിടെയാണ് മനോരമ പത്രത്തിന്റെ പരസ്യം. ഒന്നാം സ്ഥാനത്തിനായി കഴിഞ്ഞ കുറേയായി ചാനലുകള്‍ പോരാടുമ്പോള്‍ വാര്‍ത്തയുടെ വിശ്വാസ്യതത പലപ്പോഴും നഷ്ടപ്പെട്ടിട്ടുണ്ട്. മനോരമയുടെ തന്നെ ചാനലിന് പോലും പലപ്പോഴും തെറ്റ് തിരുത്തേണ്ടി വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പത്രം മാത്രമാണ് ശരി എന്ന മനോരമയുടെ പരസ്യം മനോരമ ചാനലിനും മനോരമ ഓണ്‍ലൈനിനും കൂടിയുള്ള തിരുത്താണോ എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ വായനക്കാരും ചോദിക്കുന്നത്. Manorama newspaper advertisement becomes a topic of discussion on social media
Content Summary: Manorama newspaper advertisement becomes a topic of discussion on social media