കര്‍ണാടകയില്‍ പോലീസിന്റെ ആന്റി നക്‌സല്‍ സ്‌ക്വാഡും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. ഉഡുപ്പി ജില്ലയിലെ കാര്‍ക്കള താലൂക്കിലെ സീതാമ്പൈലു പ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍.
ആയുധധാരികളായ അഞ്ചോളം മാവോയിസ്റ്റുകള്‍ പലചരക്ക് സാധനങ്ങളും മറ്റും വാങ്ങാനായി എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു നക്‌സല്‍ വിരുദ്ധ സേന സ്ഥലത്തെത്തിയത്. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ വെടിവയ്പ്പ് നടക്കുകയായിരുന്നു. വിക്രം ഗൗഡയ്ക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് മാവോയിസ്റ്റ് നേതാക്കള്‍ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് ഇവര്‍ രണ്ടുമാസം മുമ്പാണ് ഉഡുപ്പി വനമേഖലയില്‍ എത്തിയതെന്നാണ് പോലീസ് പറയുന്നത്. രക്ഷപ്പെട്ടവര്‍ക്കായുള്ള തിരച്ചിലും പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
വിക്രം ഗൗഡ ഉള്‍പ്പെടെയുള്ള സംഘം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദക്ഷിണ കന്നഡ, ഉഡുപ്പി, ചിക്കമംഗളൂരു, കുടക് ജില്ലകളില്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്ന രഹസ്യവിവരങ്ങളെ തുടര്‍ന്നായിരുന്നു നക്‌സല്‍ വിരുദ്ധ സേന മേഖലയില്‍ തിരച്ചില്‍ നടപടികള്‍ ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.
2024 നവംബര്‍ 12ന് മാവോയിസ്റ്റ് സംഘം കടേഗുണ്ടി ഗ്രാമത്തിലെ ഒരു വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. വീട്ടില്‍ നിന്ന് മാവോയിസ്റ്റുകള്‍ ഉപേക്ഷിച്ചതെന്ന് കരുതുന്ന മൂന്ന് സിംഗിള്‍ ബാരല്‍ റൈഫിളുകളും മറ്റ് വെടിക്കോപ്പുകളും നക്‌സല്‍ വിരുദ്ധ സേന കണ്ടെത്തിയിരുന്നു. കോപ്പ താലൂക്കിലെ യാദഗുണ്ട ഗ്രാമത്തിലെ ഒരു വീട്ടിലും മാവോയിസ്റ്റുകള്‍ സന്ദര്‍ശനം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
2024 മാര്‍ച്ച് 17 നും ദക്ഷിണ കന്നഡ, കുടക് ജില്ലകളുടെ അതിര്‍ത്തിയില്‍ ആയുധധാരികളായ നാലുപേരെ കണ്ടെത്തിയെന്ന വാര്‍ത്തകളുമുണ്ടായിരുന്നു. കാട്ടിലേക്ക് പോകുന്നതിന് മുമ്പായി അരിയും മറ്റ് പലചരക്ക് സാധനങ്ങളും വാങ്ങുന്നതിനിടെ കടയുടമയോട് വനം വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് ഇവര്‍ സ്വയം പരിചയപ്പെടുത്തിയതായാണ് വിവരം. തുടര്‍ന്ന് മാര്‍ച്ച് 23,27 തീയതികളില്‍ മാവോയിസ്റ്റ് അംഗങ്ങളെന്ന് സംശയിക്കുന്നവരെ ഈ മേഖലയില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
2016 ല്‍ നിലമ്പൂരിലുണ്ടായ ഏറ്റുമുട്ടലില്‍ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് കമാന്‍ഡറാണ് കൊല്ലപ്പെട്ട വിക്രം ഗൗഡ. കേരളത്തിന്റെ പശ്ചിമഘട്ട മേഖലയില്‍ കേന്ദ്രീകരിച്ചാണ് കൊല്ലപ്പെട്ട വിക്രം ഗൗഡ പ്രവര്‍ത്തിച്ചിരുന്നത്. കബനീദളം കമാന്‍ഡര്‍ ആയിരുന്നു.
content summary; Maoist leader Vikram Gowda was killed in the encounter