July 15, 2025 |

എങ്കളെ കൊന്റും എങ്കളെ തിന്റും മതിയാവാം കാണി സര്‍ക്കാരേ! ജനാധിപത്യ ഉത്സവം നടക്കുന്ന നിലമ്പൂരില്‍ നിന്നാണ് ഈ വിളി

ആദിവാസികളോടുള്ള വഞ്ചനയുടെ ചരിത്രം തുടരുന്നു

2023 മെയ് ഒമ്പതിന് ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തില്‍ ആദിവാസികള്‍ നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസിന് മുന്നില്‍ ആരംഭിച്ച പട്ടിണി സമരം 314 ദിവസങ്ങളാണ് നീണ്ടുനിന്നത്. ഒടുവില്‍ ബിന്ദു മരണാസന്നയാകുന്നുവെന്ന് കണ്ട് ആറ് മാസത്തിനുള്ളില്‍ കരാര്‍ പ്രകാരമുള്ള ഭൂമി നല്‍കാമെന്ന് 2024 മാര്‍ച്ച് 18ന് മലപ്പുറം ജില്ലാ കളക്ടര്‍ രേഖാമൂലം നല്‍കിയ ഉറപ്പിലാണ് ആദിവാസികള്‍ തങ്ങളുടെ ആദ്യ പട്ടിണിസമരം അവസാനിപ്പിച്ചത്. എന്നാല്‍ കരാര്‍ ഒപ്പിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ വാക്ക് പാലിക്കുന്നില്ലെന്ന് വന്നതോടെയാണ് അവര്‍ മെയ് 20ന് രണ്ടാംഘട്ട ഭൂസമരം ജില്ലാ ആസ്ഥാനത്ത് ആരംഭിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് മാമാങ്കത്തിനിടയ്ക്ക് എല്ലാവരും കണ്ണടയ്ക്കുന്നത് ഈ സമരത്തിന് നേരെയാണ്. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഈ സമരത്തെക്കുറിച്ച് യാതൊന്നും പ്രതികരിക്കാനില്ലെന്നാണ് കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും നിലപാട്. അതിന് അവര്‍ പെരുമാറ്റച്ചട്ടത്തിനെ കൂട്ടുപിടിക്കുകയും ചെയ്യുന്നു.

നിലമ്പൂര്‍ സമരം എന്തിന്?

കേരളത്തിലെ മൊത്തം ജനസംഖ്യയുടെ ഒരു ശതമാനത്തോളമാണ് ആദിവാസികള്‍. ഭൂരഹിതരുടെ എണ്ണം കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കിയെങ്കിലും സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങളാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ആദിവാസികള്‍ക്ക് അതുകൊണ്ട് യാതൊരു ഗുണവുമുണ്ടായില്ല. അതേസമയം, പ്രകൃതിവിഭവങ്ങളുടെയും പരമ്പരാഗത അറിവുകളുടെയും മേലുള്ള അവരുടെ ആചാരപരമായ അവകാശങ്ങള്‍ അവര്‍ക്ക് നിഷേധിക്കപ്പെട്ടു, ഇത് നിരവധി പതിറ്റാണ്ടുകളായി ഭൂമിക്കുവേണ്ടിയുള്ള നിരവധി പോരാട്ടങ്ങളിലേക്ക് നയിച്ചു.

nilambur tribal land strike

ഈ പോരാട്ടങ്ങളുടെയെല്ലാം ഫലമായി കുടിയിറക്കപ്പെട്ട ആദിവാസികള്‍ക്ക് ഭൂമിക്ക് അവകാശമുണ്ടെന്നും ഒരു ഏക്കര്‍ റവന്യൂ ഭൂമി വീതം അവര്‍ക്ക് പതിച്ചു കൊടുക്കണമെന്നും 2009ല്‍ സുപ്രീം കോടതി വിധിച്ചു. എന്നാല്‍ കോടതി വിധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കാതെ വന്നതോടെ ആദിവാസികള്‍ സമരം തുടങ്ങി. പിന്നീട് ഈ സമരങ്ങളുടെ തുടര്‍ച്ച കേരളത്തിന്റെ പല ഭാഗങ്ങളിലുമുണ്ടായി. 2018 മുതല്‍ നിലമ്പൂരിലെ ആദിവാസികള്‍ അതിനു വേണ്ടിയുള്ള നിരന്തര സമരത്തിലാണ്. മലപ്പുറം ജില്ലാ കളക്ടറുമായി 2018ല്‍ നടന്ന ചര്‍ച്ചയിലൂടെ 50 സെന്റ് എന്ന സമവായത്തിലേക്ക് അവര്‍ എത്തിച്ചേര്‍ന്നു. അധികാരികളുടെ വഞ്ചനയുടെ, വാഗ്ദാന ലംഘനത്തിന്റെ കഥയാണ് ആദിവാസികള്‍ക്ക് പക്ഷേ, ഇപ്പോഴും പറയാനുള്ളത്. നിലമ്പൂരിലെ ആദിവാസി വിഭാഗങ്ങളുടെ നഷ്ടപ്പെട്ടതും, അന്യാധീനപ്പെട്ടതുമായ ഭൂമി തിരിച്ചുനല്‍കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നിലമ്പൂരിലെ 18 ആദിവാസി ഉരൂകളില്‍ നിന്നുള്ള 200 ആദിവാസികുടുംബങ്ങളാണ് സമരം ആരംഭിച്ചത്. തുടര്‍ന്ന് ഓരോ കുടുംബത്തിനും, 50 സെന്റ് ഭൂമി ആറ് മാസത്തിനകം കണ്ടെത്തി നല്‍കാമെന്നും, 2024 ഡിസംബര്‍ 31ന് മുമ്പായി പട്ടയം വിതരണം ചെയ്യാമെന്നും ഉറപ്പ് നല്‍കിയാണ് 2024 മാര്‍ച്ച് മാസത്തില്‍ മലപ്പുറം ജില്ലാ കളക്ടര്‍ പ്രസ്തുത സമരം ഒത്തുതീര്‍പ്പാക്കിയത്.

ഓരോ കുടുംബത്തിനും 50 സെന്റ് ഭൂമി വീതം ആറ് മാസത്തിനകം നല്‍കണം, കണ്ണംകുണ്ടില്‍ പതിച്ചുകൊടുത്തതില്‍ ബാക്കിയുള്ള ഭൂമി, 50 സെന്റ് വീതം ആദ്യം സമരസമിതിയിലെ കുടുംബങ്ങള്‍ക്ക് പതിച്ചു നല്‍കുന്നതിന് പരിഗണിക്കേണ്ടതും സമരസമിതിയിലെ ശേഷിക്കുന്ന കുടുംബങ്ങള്‍ക്ക് 50 സെന്റ് വീതം നെല്ലിപ്പൊയിലില്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, സമരസമിതി അംഗങ്ങളായ 60 പേരുടെ അപേക്ഷകള്‍ നിലമ്പൂര്‍ ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ മുഖേന സ്വീകരിക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളുക, ഇതില്‍ അനര്‍ഹരായവരുടെ അപേക്ഷകള്‍ പരിശോധിച്ച് ഒഴിവാക്കണം, 50സെന്റ് വീതമുള്ള പ്ലോട്ടുകളായി തിരിക്കുന്നതിനുള്ള സര്‍വ്വേ നടപടികള്‍ വേഗത്തില്‍ ആക്കുക, സര്‍വ്വേ പ്രവര്‍ത്തനങ്ങളില്‍ സമരസമിതിയുടെ സാന്നിധ്യം അനുവദിക്കണം എന്നിവയാണ് 2024 മാര്‍ച്ചില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍.

Grow vasu

ഗ്രോ വാസുവിനൊപ്പം ബിന്ദു വൈലാശ്ശേരിയും ഭര്‍ത്താവും

മൂന്ന് മാസം പൂര്‍ത്തിയായപ്പോള്‍ വീണ്ടും മൂന്ന് മാസത്തെ സാവകാശം ആവശ്യപ്പെട്ട കളക്ടര്‍ 2024 ഡിസംബര്‍ അവസാനം കരാറില്‍ പറഞ്ഞ പ്രകാരം പട്ടയ വിതരണം നടത്താമെന്ന് എഴുതി ഒപ്പിട്ട് ഉറപ്പ് നല്‍കി. മൂന്ന് മാസത്തെ സമയമാവശ്യപ്പെട്ട് സമരമവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ച കളക്ടര്‍ ഒരു വര്‍ഷം കഴിഞ്ഞും മൗനം തുടരുന്നതിനാലാണ് അവര്‍ വീണ്ടും സമരത്തിന് നിര്‍ബന്ധിതരായത്. ആദിവാസികള്‍ക്ക് വിതരണം ചെയ്യാവുന്ന ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഉണ്ടായിട്ടും അപേക്ഷകള്‍ സ്വീകരിക്കുക മാത്രമാണ് ഇരുപത് വര്‍ഷമായി അധികൃതര്‍ ചെയ്തിട്ടുള്ളതെന്ന് ആദിവാസി ഭൂസമര സമിതി ആരോപിക്കുന്നു. കൂടാതെ നിലമ്പൂരില്‍ ഈ സമരം ആരംഭിച്ചതിന് ശേഷമാണ് 531 പേര്‍ക്ക് പട്ടയം കൊടുത്തതെന്നും പത്ത്, ഇരുപത്, നാല്‍പ്പത് എന്നിങ്ങനെ മാത്രമായി ഭൂമി വിതരണം ചെയ്തത് സമരത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ പരാജയപ്പെടുത്താനാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ആരംഭിച്ച സമരപ്പന്തലില്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധികളോ സ്ഥാനാര്‍ത്ഥികളോ നാളിതുവരെ എത്തിയിട്ടില്ലെന്നും അവര്‍ പറയുന്നു. നിലവില്‍ സമരത്തിലിരിക്കുന്ന അറുപതോളം കുടുംബങ്ങളില്‍ ഭൂരിഭാഗവും ചാലിയാര്‍ പഞ്ചായത്തില്‍ നിന്നുള്ളവരാണെന്ന് ആദിവാസി ഭൂസമര സമിതി അംഗം ഷനീര്‍ അഴിമുഖത്തോട് പറഞ്ഞു. ചുങ്കത്തറ, പാലേമാട്, എടക്കര, മൂത്തേടം, ചോക്കാട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവരും കളക്ടറേറ്റിന് മുന്നില്‍ ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. നെല്ലിപൊയില്‍, കണ്ണംകൊണ്ട്. അകംപാടം, ചാലിയാര്‍ ഭാഗങ്ങളിലാണ് ഇവര്‍ക്ക് വിതരണം ചെയ്യാന്‍ സാധിക്കുന്ന ഭൂമി ഉള്ളത്. എന്നാല്‍ ഈ പ്രദേശങ്ങള്‍ക്കെല്ലാം സമീപം പി.വി അന്‍വറിന്റെ കയ്യേറ്റ ഭൂമികളും ഉണ്ടെന്നും ഷനീര്‍ വ്യക്തമാക്കി.

തന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കളക്ടര്‍ നല്‍കിയ വാഗ്ദാനമാണ് പാലിക്കപ്പെടാതെ പോകുന്നതെന്നും അതിനാലാണ് താന്‍ ഈ സമരത്തില്‍ സജീവമായി പങ്കെടുക്കുന്നതെന്നും സമര സമിതി രക്ഷാധികാരി ഗ്രോ വാസു അറിയിച്ചു. നിലമ്പൂരിലെ ആദിവാസികള്‍ അവര്‍ക്കിടയില്‍ നിന്ന് തന്നെയുള്ള ബിന്ദു വൈലാശേരി എന്ന പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പട്ടിണി സമരം 270 ദിവസമായപ്പോഴാണ് താന്‍ അവര്‍ക്കൊപ്പം ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. ആ പെണ്‍കുട്ടിയുടെ ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാമെന്ന സാഹചര്യം വന്നപ്പോഴാണ് ഒത്തുതീര്‍പ്പ് കരാറിന് തയ്യാറായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ കരാറിലെ വാഗ്ദാനങ്ങളാണ് ഒരു വര്‍ഷമായിട്ടും പാലിക്കപ്പെടാതിരിക്കുന്നത്.

Bindhu vailassery

ബിന്ദു വൈലാശ്ശേരി

ഇത്രയും നാള്‍ കഷ്ടപ്പെട്ട് സമരം ചെയ്ത തങ്ങളെ സര്‍ക്കാര്‍ ചതിക്കുകയായിരുന്നെന്ന് ബിന്ദു വൈലാശ്ശേരി അഴിമുഖത്തോട് പ്രതികരിച്ചു. “ഒരു ഒപ്പുവയ്ക്കുക, പിന്നീട് അത് ലംഘിക്കുക എന്നതിനെ ചതിയെന്നല്ലാതെ എങ്ങനെയാണ് പറയേണ്ടത്. വെറുതെ ഒരു കരാര്‍ വച്ചതല്ലല്ലോ. പട്ടിണി സമരം ചെയ്ത് ജീവന്‍ അങ്ങോട്ടും ഇങ്ങോട്ടും ഇല്ലാത്ത സ്ഥിതി വന്നപ്പോഴാണ് സര്‍ക്കാര്‍ ഞങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. ശക്തമായ ഒരു കരാര്‍ രേഖാമൂലം തരികയും ചെയ്തു- അവര്‍ കൂട്ടിച്ചേര്‍ത്തു. കരാര്‍ പ്രകാരമുള്ള വാഗ്ദാനങ്ങള്‍ നിറവേറ്റാതെ തങ്ങള്‍ പിന്നോട്ടില്ലെന്നും” അവര്‍ വ്യക്തമാക്കി.

സമരത്തിന്റെ വെല്ലുവിളികള്‍

അധികൃതരുടെ അവഗണനയ്ക്കൊപ്പം കടുത്ത വെല്ലുവിളികളാണ് സമരക്കാര്‍ നേരിടുന്നത്. പ്രായമുള്ള സ്ത്രീകള്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ രാത്രി തങ്ങിയാണ് സമരത്തില്‍ പങ്കെടുക്കുന്നത്. മലപ്പുറം ഗ്രാമത്തിന്റെ സ്വഭാവം നഷ്ടപ്പെടുകയും എന്നാല്‍ പൂര്‍ണ്ണമായും നഗരമായിത്തീരുകയും ചെയ്തിട്ടില്ലാത്ത ഒരു ചെറുപട്ടണമാണ്. അതുകൊണ്ട് തന്നെ അത്രവലിയ അനുഭാവമൊന്നും പ്രദേശത്തെ ജനങ്ങള്‍ക്ക് സമരക്കാരോട് ഇല്ല. പ്രത്യേകിച്ചും ഇവരുടെ വസ്ത്രധാരണ രീതിയും മറ്റും കാണുമ്പോള്‍ പൊതുസമൂഹത്തിന് ഒരുതരം അവജ്ഞയാണെന്ന് ഷനീര്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇവിടെ ശുചീകരണത്തിനും മറ്റുമുള്ള യാതൊരു സൗകര്യവുമില്ല. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡും വൈകിട്ട് അഞ്ച് മണി വരെ സിവില്‍ സ്റ്റേഷനും ഒക്കെയാണ് ആശ്രയിക്കുന്നത്. ഒരുപാട് ദൂരം നടന്ന് വേണം അതിനായി എത്തിച്ചേരാന്‍.

അതോടൊപ്പം മഴയും കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്ന് ഷനീര്‍ പറഞ്ഞു. ശക്തമായ മഴ കാരണം അടിവസ്ത്രമുള്‍പ്പെടെയുള്ളവ ഉണങ്ങിക്കിട്ടാനുള്ള ബുദ്ധിമുട്ടുണ്ട്. സമരക്കാര്‍ക്കുള്ള ഭക്ഷണം ഇവിടെ തന്നെ പാചകം ചെയ്യുകയാണ് ചെയ്യുന്നത്. ആദ്യകാലങ്ങളില്‍ പട്ടിണി തന്നെയായിരുന്നു. അരിയും മറ്റും പലയിടങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നതുകൊണ്ട് ആ അവസ്ഥയ്ക്ക് ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എങ്കില്‍ പോലും മഴ മൂലം വിറക് ലഭ്യമല്ലാത്തതിനാല്‍ അടുപ്പ് കത്തിക്കല്‍ വളരെ ബുദ്ധിമുട്ടാണ്. കുടിവെള്ളത്തിനും ഗുരുതരമായ ക്ഷാമമുണ്ട്. മഴവെള്ളം ശേഖരിച്ച് വച്ചാണ് കുടിവെള്ളമായി ഉപയോഗിക്കുന്നത്. അത്രമേല്‍ നിശ്ചയദാര്‍ഢ്യമുള്ളതിനാല്‍ മാത്രമാണ് ഈ സമരം ഇങ്ങനെ മുന്നോട്ട് പോകുന്നത്. രാത്രികാലങ്ങളില്‍ ശക്തമായി പെയ്യുന്ന മഴയും സമരത്തിന് വെല്ലുവിളിയാണ്. കാറ്റടിച്ച് മഴവെള്ളം സമരപ്പന്തലിലേക്ക് തന്നെയാണ് പതിക്കുന്നത്.- ഷനീര്‍ അഴിമുഖത്തോട് കൂട്ടിച്ചേര്‍ത്തു.

tribal strike

ആദിവാസികള്‍ക്ക് വിതരണം ചെയ്യാവുന്ന ആയിരക്കണക്കിന് ഭൂമിയുണ്ടായിട്ടും അവരോടുള്ള വഞ്ചനയുടെ ചരിത്രം തുടരുകയാണ്. മാറിമാറിവരുന്ന മുന്നണികളും സര്‍ക്കാരുകളും നിഷ്‌കളങ്കരായ, കാടിന്റെ മക്കളായ ആദിവാസികളെ പറഞ്ഞു പറ്റിച്ചുകൊണ്ടേയിരിക്കുന്നു. കാടിന്റെ മക്കള്‍ക്കവകാശപ്പെട്ട ഭൂമി അവര്‍ക്കു കൊടുക്കാതിരിക്കുമ്പോള്‍ തന്നെ ഭൂമാഫിയകളുടെയും റിയല്‍ എസ്റ്റേറ്റുകാരുടെയും കയ്യേറ്റങ്ങള്‍ക്ക് നേരെ കണ്ണടക്കുകയുമാണ് അധികാരികള്‍ ചെയ്യുന്നതെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തുന്നു. Nilambur tribal land issue; the history of deception continues

Content Summary: Nilambur tribal land issue; the history of deception continues

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനാണ് അരുണ്‍ ടി വിജയന്‍.

More Posts

Follow Me:Add me on Facebook

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×