June 18, 2025 |
Share on

മരിയ മോണ്ടിസോറി; ആത്മഹത്യ ചെയ്യുന്ന വിദ്യാര്‍ത്ഥി, കുട്ടികളെ ഭ്രാന്താക്കുന്ന നമ്മള്‍

അച്ചടക്കം ശീലിപ്പിക്കുന്ന ജയിലുകള്‍ തന്നെയായി വിദ്യാലയങ്ങള്‍ നിലനില്‍ക്കുന്നു

മരിയ മോണ്ടിസോറി കാലത്തിലേക്ക് മറഞ്ഞുപോയ മാസമാണിത്. ആരായിരുന്നു മോണ്ടിസോറി? മരിയ മോണ്ടിസോറി ഒരു ഡോക്ടറും, തത്വചിന്തകയും, വനിതാ വിമോചന പ്രവര്‍ത്തകയും ഒക്കെയായിരുന്നു. അന്നുവരെ നിലനിന്നിരുന്ന വിദ്യാഭ്യാസ രീതികളെ അവരെടുത്തു ശീര്‍ഷാസനത്തില്‍ നിറുത്തി. വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായ ബോധന ശാസ്ത്രം അവതരിപ്പിച്ചു. സ്ഫടികം സിനിമയിലെ ചാക്കോ മാഷിനെയും, ത്രീ ഇടിയറ്റ്‌സ് ലെ ”ലൈഫ് ഈസ് എ റേസ്” എന്നാക്രോശിക്കുന്ന വൈറസിനെയും നമ്മള്‍ കണ്ടിട്ടുണ്ട്. സിനിമയിലല്ലേ, സാരമില്ല. പക്ഷെ സത്യത്തില്‍ ഞെട്ടിച്ചത്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ശാരീരിക ശിക്ഷകള്‍ വേണമെന്ന് പറയുന്ന, അധ്യാപകര്‍ കൈയ്യിലൊരു ചെറുചൂരല്‍ കരുതട്ടെ എന്ന് പറയുന്ന ഹൈക്കോടതിയും, ചാനല്‍ ഫ്‌ലോറില്‍ വന്നിരുന്നു ചെറിയ അടി ഒക്കെയാകാം എന്ന് പറയുന്ന ജനാധിപത്യ വാദികളായ ചില മാഷുമ്മാരും ടീച്ചര്‍മാരുമാണ്. ആത്മരതിയുടെ ആഘോഷമായ മധുരച്ചൂരല്‍ എന്നൊരു പങ്തി പോലുമുണ്ട് മാതൃഭൂമി ആഴ്ചപതിപ്പില്‍! ഇക്കഴിഞ്ഞ ദിവസം, എസ്.എസ്.എല്‍.സി പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് ഒരു കുഞ്ഞ് ആത്മഹത്യ ചെയ്തിരുന്നു. ആരാണ് ഇതിന് കാരണക്കാര്‍? മേല്‍പ്പറഞ്ഞ ടീമുകളെല്ലാം ഏറിയും കുറഞ്ഞുമൊക്കെ ഇത്തരം ആത്മഹത്യകള്‍ക്ക് കാരണമാകുന്നുണ്ട്.

ഇന്നും നമ്മുടെ ക്ലാസ്സ് മുറികള്‍ ജനാധിപത്യത്തിന് വാതില്‍ തുറന്ന് കൊടുത്തിട്ടുണ്ടോ? ഇല്ല എന്ന് തന്നെയാണ് ഉത്തരം. അധികാരം നഗ്‌നമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇടങ്ങളാണ് ഇന്നും അവ. ഒരുതരം ഗോത്രനീതി പുലരുന്ന ഇടം എന്ന് പറയുമ്പോള്‍ നെറ്റി ചുളിക്കേണ്ട. ചോദ്യം ചെയ്യപ്പെടാത്ത അധികാരശക്തിയായി, അധ്യാപകന്‍ നില്‍ക്കുന്നു. ചോദ്യം ചെയ്യുന്നവന്‍/ ചെയ്യുന്നവള്‍ ഗോത്രത്തില്‍ നിന്നും പുറത്താകുന്നു, ഇവിടെ ക്ലാസ്സില്‍ നിന്നും പുറത്താകുന്നു. അധികാരത്തെ ചോദ്യം ചെയ്യുന്നതിനെ ചോദ്യം ചെയ്യാതിരിക്കാന്‍, ഉപാധികളേറെയുണ്ട് ഇന്റേര്‍ണല്‍ മാര്‍ക്ക് അതിലൊരെണ്ണം മാത്രം. പി എച് ഡി ചെയ്യുന്ന കുട്ടികള്‍ നേരിടേണ്ടി വരുന്ന അതിക്രമങ്ങളെക്കുറിച്ച് വിശദമായി പറഞ്ഞു തന്നത് അനുജത്തിയാണ്. റിസര്‍ച്ച് ഫെല്ലോസ് തയ്യാറാക്കിക്കൊടുക്കുന്ന പേപ്പറുകള്‍ സ്വന്തം പേരില്‍ ഇന്റര്‍നാഷണല്‍ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കുക എന്നതൊക്കെയാണ് പല ഗൈഡുകളുടേയും വിനോദം.

students

‘ജയിലുകളെയും മാനസിക സ്ഥാപനങ്ങളെയും പോലെ തന്നെ സ്‌കൂളുകളും സാമൂഹിക ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നു – ആളുകളെ നിര്‍വചിക്കുക, തരംതിരിക്കുക, നിയന്ത്രിക്കുക, എന്നിവ.’ മിഷേല്‍ ഫൂക്കോ പറയുന്നതാണ്.

എന്താണ് നമ്മുടെ സ്‌കൂളുകളില്‍ നടക്കുന്നത്. പഠനം, സോഷ്യലൈസേഷന്‍ എന്നിങ്ങനെയുള്ള ചുട്ടുവച്ചിരിക്കുന്ന മറുപടികള്‍ അല്ലാതെ ഒന്നാലോചിച്ച് നോക്കൂ. Every child is a born rebel എന്ന് പറയാറുണ്ട്. നമ്മുടെ വ്യവസ്ഥാപിതമായ മതിലുകള്‍ പൊളിക്കാതിരിക്കുവാന്‍ കുട്ടികളെ പരുവപ്പെടുത്തുന്ന, മെരുക്കിയെടുക്കുന്ന ഇടങ്ങളാണ് പലപ്പോളും നമ്മുടെ സ്‌കൂളുകള്‍. വ്യവസ്ഥ ആവശ്യപ്പെടുന്ന, അച്ചടക്കമുള്ള, അതായത് നിലവിലെ സംവിധാനങ്ങളെ പൊളിക്കാത്ത ഒരു വ്യക്തിയെ ഉണ്ടാക്കിയെടുക്കുകയാണ് വിദ്യാലയങ്ങള്‍, കലാലയങ്ങള്‍ ഒക്കെ ചെയ്യുന്നത്. ഇവിടങ്ങളിലെ കരിക്കുലവും, ബോധന രീതികളും, അലിഖിത നിയമങ്ങളും വഴിയാണ് ഇത് സാധ്യമാകുന്നത്. അധ്യാപകന്‍/വിദ്യാര്‍ത്ഥി എന്നിങ്ങനെ ഹയറാര്‍ക്കിയില്‍ അധിഷ്ഠിതമായ സംവിധാനങ്ങള്‍ വിദ്യാര്‍ത്ഥിയിലേക്ക് എത്തുന്നു. ഇത്രയും സ്‌കൂളുകള്‍ ഉണ്ടായിട്ടും ഇവിടെ ഒരു ഭഗത് സിംഗ്, അല്ലെങ്കിലൊരു ചെ ഗുവേര ഒക്കെ ഉണ്ടാകുന്നുണ്ട് എന്നതാണ് അത്ഭുതം. ഇങ്ങനെയുള്ള രീതികളെ മാറ്റിത്തീര്‍ക്കുന്ന ചെറിയ ഇടപെടല്‍ പോലും വലിയ എതിര്‍പ്പിന് കാരണമാകാറുണ്ട്. കേരളത്തില്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയും, പി ജെ ജോസഫ് വിദ്യാഭാസ മന്ത്രിയും ആയിരിക്കുമ്പോള്‍ ആരംഭിച്ച പദ്ധതിയായിരുന്നു ഡി പി ഇ പി. ലോകബാങ്ക് നിര്‍ദ്ദേശത്തില്‍ ഉള്ള പദ്ധതി ആയിരുന്നുവെങ്കിലും, ഒട്ടേറെ വിയോജിപ്പുകള്‍ നിലനില്‍ക്കുമ്പോളും അത് അന്നുവരെ നിലനിന്നിരുന്ന ചാക്കോ മാഷ് ടൈപ്പ് ആധിപത്യത്തെ ഒന്നുലച്ചു എന്നതും പുനര്‍നിര്‍വചിക്കാന്‍ ശ്രമിച്ചു എന്നതും യാഥാര്‍ഥ്യമാണ്. അതുകൊണ്ട് തന്നെ യഥാസ്ഥിതിക അധ്യാപക സമൂഹത്തില്‍ നിന്നും വ്യാപകമായ എതിര്‍പ്പിനും കാരണമായിരുന്നു. എങ്കിലും ഇടത് അധ്യാപക സംഘടനകള്‍ നവീകരണത്തെ പിന്തുണച്ചു. പിന്നീട് സര്‍വ്വശിക്ഷാ അഭിയാനും ഒടുവിലായി രാഷ്ട്രീയ മാധ്യമിക ശിക്ഷാ അഭിയാനും വന്നു. ഇപ്പോളും ഫൂക്കോ പറയുന്ന അവസ്ഥ മാറ്റമില്ലാതെ തുടരുന്നു. അച്ചം എന്നാല്‍ ഭയം എന്നൊരു അര്‍ത്ഥമുണ്ട്. ഭയത്തില്‍ നിന്നുണ്ടാകുന്ന അടക്കമായ അച്ചടക്കം ശീലിപ്പിക്കുന്ന, ജയിലുകള്‍ തന്നെയായി വിദ്യാലയങ്ങള്‍ നിലനില്‍ക്കുന്നു.

ഇത്രയും പ്രതിലോമകരമായ സംവിധാനത്തെ ഉടച്ചു വാര്‍ക്കാനുള്ള ശ്രമങ്ങള്‍ പലപ്പോളും ഉണ്ടായിട്ടുണ്ട്. അങ്ങനെയുള്ള ശ്രമങ്ങളായിരുന്നു മരിയ മോണ്ടിസോറിയും, പൗലോ ഫ്രയറും ചെയ്തത്. ഇറ്റലിയില്‍ ജനിച്ച മരിയ മോണ്ടിസോറി ഒരു ഡോക്ടറും അധ്യാപികയുമായിരുന്നു. എല്ലാ കുട്ടികളെയും വ്യക്തികളായി അംഗീകരിക്കുകയും അവരെ അങ്ങനെ പരിഗണിക്കുകയും ചെയ്യുന്നത് ഓരോ കുട്ടിയിലും മികച്ച പഠനവും പൂര്‍ത്തീകരണ ശേഷിയും നല്‍കുമെന്ന് മോണ്ടിസോറി വിശ്വസിച്ചു.

maria Montessori

”ഇരുപത് വയസ്സിലോ പത്ത് വയസ്സിലോ ആറ് വയസ്സിലോ അല്ല, ജനനസമയത്താണ് ആളുകള്‍ ആരംഭിക്കുന്നതെന്ന് ഓര്‍മ്മിക്കുക. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളില്‍, കുട്ടികളും യുവാക്കളും വലിയൊരു ജനസംഖ്യയാണെന്ന് മറക്കരുത്, അവകാശങ്ങളില്ലാത്ത ഒരു ജനസംഖ്യ എല്ലായിടത്തും സ്‌കൂള്‍ ബെഞ്ചുകളില്‍ ക്രൂശിക്കപ്പെടുന്നു, അത് – നമ്മള്‍ ജനാധിപത്യം, സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങള്‍ എന്നിവയെക്കുറിച്ച് സംസാരിക്കുന്നതെല്ലാം – ഒരു സ്‌കൂള്‍ ക്രമത്താല്‍, ബൗദ്ധിക നിയമങ്ങളാല്‍ അടിമകളാക്കപ്പെടുന്നു, അത് നമ്മള്‍ അതിന്മേല്‍ അടിച്ചേല്‍പ്പിക്കുന്നു. പഠിക്കേണ്ട നിയമങ്ങള്‍, അവ എങ്ങനെ പഠിക്കണം, ഏത് പ്രായത്തില്‍ എന്നിവ ഞങ്ങള്‍ നിര്‍വചിക്കുന്നു. അവകാശങ്ങളില്ലാത്ത ഒരേയൊരു ജനസംഖ്യയാണ് ശിശു ജനസംഖ്യ. അവഗണിക്കപ്പെട്ട പൗരനാണ് കുട്ടി. ഇതിനെക്കുറിച്ച് ചിന്തിക്കുക, ഈ ജനതയുടെ പ്രതികാരത്തെ ഭയപ്പെടുക. കാരണം നമ്മള്‍ ശ്വാസംമുട്ടിക്കുന്നത് അവന്റെ ആത്മാവിനെയാണ്. നമ്മള്‍ അടിച്ചമര്‍ത്തുന്നത് മനസ്സിന്റെ സജീവമായ ശക്തികളെയാണ്, വ്യക്തിയെ കൊല്ലാതെ നശിപ്പിക്കാന്‍ കഴിയാത്ത ശക്തികളെയാണ്, അക്രമത്തിലേക്കോ നാശത്തിലേക്കോ നയിക്കുന്ന, അല്ലെങ്കില്‍ രോഗത്തിന്റെ മേഖലയിലേക്ക് വഴുതിവീഴുന്ന ശക്തികളെയാണ്, ഡോ. സ്റ്റെര്‍ണ്‍ നന്നായി വ്യക്തമാക്കിയതുപോലെ.” കുട്ടികളുടെ ജനാധിപത്യ അവകാശങ്ങളെക്കുറിച്ച് മോണ്ടിസോറി 1950കളില്‍ പറഞ്ഞ കാര്യങ്ങളാണ് ഇവ. നമുക്കിപ്പോളും കുട്ടികളുടെ ജനാധിപത്യത്തേക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകുന്നുണ്ടോ എന്നതാണ് ചോദ്യം. ഇനി ശാരീരിക ശിക്ഷകള്‍ കുട്ടികളെ എങ്ങനെയൊക്കെയാണ് ബാധിക്കുക എന്ന് നോക്കാം.

ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള കമ്മിറ്റി ശാരീരികമായ ശിക്ഷയെ നിര്‍വചിക്കുന്നത്, ബലപ്രയോഗം ഉപയോഗിച്ച് വേദനയോ അസ്വസ്ഥതയോ ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ള ഏതൊരു ശിക്ഷയേയും ആണ്, എത്ര നിസ്സാരമാണെങ്കിലും.

”കുട്ടികളെ കൈകൊണ്ടോ ഉപകരണം കൊണ്ടോ അടിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ കുട്ടികളെ ചവിട്ടുക, എറിയുക, നുള്ളുക,, മുടി വലിക്കുക, കുട്ടികളെ അസ്വസ്ഥമായ സ്ഥാനങ്ങളില്‍ നിര്‍ത്തുക, കത്തിക്കുക, പൊള്ളിക്കുക എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ക്രൂരവും തരംതാഴ്ത്തുന്നതുമായ മറ്റ് ശാരീരികമല്ലാത്ത ശിക്ഷാ രീതികളും ഇതില്‍ ഉള്‍പ്പെടുന്നു. കുട്ടിയെ താഴ്ത്തിക്കെട്ടുന്ന, അപമാനിക്കുന്ന, ബലിയാടാക്കുന്ന, ഭീഷണിപ്പെടുത്തുന്ന, ഭയപ്പെടുത്തുന്ന അല്ലെങ്കില്‍ പരിഹസിക്കുന്ന ശിക്ഷകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ശാരീരിക ശിക്ഷയും മറ്റ് ക്രൂരമോ അപമാനകരമോ ആയ ശിക്ഷാരീതികളും പല സാഹചര്യങ്ങളിലും നടക്കുന്നു. വീട്ടിലും കുടുംബത്തിലും, സ്‌കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നീതിന്യായ വ്യവസ്ഥകളിലും – കോടതികളുടെ ശിക്ഷയായും ശിക്ഷാ സ്ഥാപനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും – ബാലവേലയുടെ സാഹചര്യങ്ങളിലും, സമൂഹത്തിലും ഇവ ഉള്‍പ്പെടുന്നു. ഒരു ഗവേഷണ സംഘം ശാരീരിക ശിക്ഷയെ ആരോഗ്യപരവും പെരുമാറ്റപരവുമായ നിരവധി പ്രതികൂല ഫലങ്ങളുമായി ബന്ധപ്പെടുത്തുന്നു, ഇതില്‍ മോശം മാനസികാരോഗ്യം, വൈജ്ഞാനിക വികസനം, വിദ്യാഭ്യാസ ഫലങ്ങള്‍, വര്‍ദ്ധിച്ചുവരുന്ന ആക്രമണം, സാമൂഹിക വിരുദ്ധ പെരുമാറ്റം എന്നിവ ഉള്‍പ്പെടുന്നു. ഇത് കുടുംബ ബന്ധങ്ങളെ തകര്‍ക്കും, കുട്ടികളെ നന്നായി പെരുമാറാന്‍ പഠിപ്പിക്കുന്നതിനുപകരം, സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള സ്വീകാര്യമായ മാര്‍ഗമാണ് അക്രമമെന്ന് ഇത് അവരെ പഠിപ്പിക്കുന്നു. കുട്ടിക്കാലത്ത് ശാരീരിക ശിക്ഷ ലഭിച്ച മുതിര്‍ന്നവര്‍, ഇരയായോ കുറ്റവാളിയായോ അടുത്ത പങ്കാളിയുടെ അക്രമം ഉള്‍പ്പെടെയുള്ള അക്രമത്തെ സ്വീകരിക്കാനോ അനുഭവിക്കാനോ സാധ്യത കൂടുതലാണെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു, കൂടാതെ മറ്റ് അക്രമപരവും കുറ്റകൃത്യപരവുമായ പെരുമാറ്റങ്ങളില്‍ ഏര്‍പ്പെടാനും സാധ്യതയുണ്ട്. അതുകൊണ്ട് എല്ലാത്തരം ശാരീരിക ശിക്ഷകളും അവസാനിപ്പിക്കുന്നത് കുട്ടികള്‍ക്കെതിരായ എല്ലാ അക്രമങ്ങളും അവസാനിപ്പിക്കുന്നതിന് മാത്രമല്ല, ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമൂഹത്തിലുടനീളമുള്ള അക്രമം കുറയ്ക്കുന്നതിനും പ്രധാനമാണ്.”

എന്നാല്‍ ഇവിടെ, നമ്മുടെ സമൂഹത്തില്‍ എന്താണ് നടക്കുന്നത്? അനുസരണ പഠിപ്പിക്കാനെന്ന പേരില്‍, ശാരീരിക ശിക്ഷകളും, പാസ്സീവ് അഗ്രെഷനും വീട്ടില്‍ നിന്നും, സ്‌കൂളില്‍ അധ്യാപകരില്‍ നിന്നും അനുഭവിക്കുന്ന കുട്ടി ഒന്നാമതായി കടുത്ത ട്രോമയിലൂടെ പോകേണ്ടി വരുന്നു, തല്‍ഫലമായി കുട്ടിയുടെ മാനസിക ആരോഗ്യം തന്നെ ബാധിക്കപ്പെടുന്നു. രണ്ടാമതായി ആളുകളെ അനുസരിപ്പിക്കാനുള്ള വഴി ശാരീരികവും മാനസികവുമായ അക്രമമാണെന്ന് കുട്ടി ചെറുപ്പത്തിലേ തെറ്റിദ്ധരിക്കപ്പെടുന്നു അല്ലെങ്കില്‍ തെറ്റായി മനസിലാക്കുന്നു. മോണ്ടിസോറി പറയുന്നത് പോലെ യാതൊരു ജനാധിപത്യ അവകാശങ്ങളും ഇല്ലാത്ത കുട്ടികളുടെ പ്രശ്‌നങ്ങള്‍ വേണ്ട രീതിയില്‍ അഡ്രസ്സ് ചെയ്യപ്പെടാതെ പോകുന്നു. ”നന്നാവാന്‍ വേണ്ടിയാണ് തല്ലുന്നത്’ എന്ന സമര്‍ത്ഥമായ കള്ളം കേട്ടു വളര്‍ന്നവരാണ് നമ്മള്‍. എന്നാല്‍ അതാണോ വാസ്തവം? അങ്ങിനെ കരുതി കുട്ടികളെ ശിക്ഷിക്കുന്ന ഒരു വിഭാഗം അധ്യാപകര്‍ ഉണ്ടായിരിക്കാം, എന്നാല്‍ അപ്പോളും അതുകൊണ്ട് പ്രയോജനമില്ലെന്നോര്‍ക്കുക. മനുഷ്യന് ഡിസ്‌പ്ലേസ്‌മെന്റ് എന്നൊരു ഡിഫെന്‍സ് മെക്കാനിസം ഉണ്ടെന്ന് സൈക്കോളജി പറയുന്നു. നെഗറ്റീവ് ചിന്തകളും, ഇമ്പള്‍സുകളും തന്നെക്കാള്‍ താരതമ്യേന ദുര്‍ബ്ബലനായ ഒരു വ്യക്തിയിലേക്ക് തിരിച്ചു വിടുന്നതിനെയാണ് ഇങ്ങനെ പറയുന്നത്. ഉദാഹരണമായി ബോസിന്റെ കയ്യില്‍ നിന്നും വഴക്ക് കിട്ടിയ വ്യക്തിക്ക്, ബോസിനോടുള്ള ദേഷ്യം അവിടെ പ്രകടിപ്പിക്കാന്‍ അവിടെയുള്ള അധികാരശ്രേണി തടസ്സമാകുന്നു, അപ്പോള്‍ അയാളാ ദേഷ്യം വീട്ടില്‍ തീര്‍ക്കുന്നു. നമ്മളീ അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നൊക്കെ പറയുന്ന പോലെയുള്ള ഒരു സംഗതി. ചുറ്റും നിന്നും ഒരുപാട് പ്രഷര്‍ കിട്ടുന്ന അവസ്ഥ ആളുകള്‍ക്കുണ്ട്, അത് വീട്ടില്‍ നിന്നാകാം, മേലുദ്യോഗസ്ഥരില്‍ നിന്നാകാം അങ്ങിനെ പലയിടത്തു നിന്നുമാകാം. ഇതൊക്കെ സമൂഹത്തില്‍ മറ്റെല്ലാവരും എന്ന പോലെ അധ്യാപകര്‍ക്കും ബാധകമാണ്. പക്ഷെ ഇവിടെ അധ്യാപകരുടെ കാര്യത്തില്‍ ഉള്ള ഒരു വ്യത്യാസം എന്നത് അവര്‍ക്ക് ഈ ദേഷ്യം ഒക്കെ തീര്‍ക്കാന്‍ ഏറ്റവും ദുര്‍ബ്ബലമായ, അവകാശങ്ങള്‍ ഹനിക്കപ്പെട്ട ഒരു വിഭാഗം തന്നെയുണ്ട്, അവരാണ് വിദ്യാര്‍ത്ഥികള്‍. ഇങ്ങനെയുള്ള ഒരു അതിക്രമം സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹമാണ് നമ്മുടേത്. മാതാപിതാക്കള്‍ക്കും ഇപ്രകാരം ദേഷ്യം തീര്‍ക്കാനുള്ള ഉപാധിയായി അവരുടെ കുട്ടികള്‍ മാറുന്നു. എന്നിട്ട് ചെയ്യുന്ന അതിക്രമത്തെ ഉദാത്തവല്‍ക്കരിക്കുകയും കൂടി ചെയ്യുമ്പോളാണ്, ഒന്നേ ഉള്ളെങ്കില്‍ ഉലക്കയ്ക്കടിച്ചു വളര്‍ത്തണം എന്നൊക്കെയുള്ള പഴഞ്ചൊല്ലുകള്‍ ഉണ്ടായിത്തീരുന്നത്.

maria Montessori

എന്നും എല്ലാ സമൂഹത്തിലും, യാഥാസ്ഥിതികത്വം ഇതിനെയൊക്കെ സൈദ്ധാന്തവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. എതിര്‍ത്തൊരു ചോദ്യം പോലും വരാതിരിക്കാന്‍, catch them young എന്നത് പോലെ, ചെറുപ്പത്തിലേ മാതാ പിതാ ഗുരുര്‍ ദൈവം എന്നൊക്കെ പഠിപ്പിക്കുന്നു. ദൈവത്തെ ചോദ്യം ചെയ്യാന്‍ പാടില്ലല്ലോ. ഇതൊരാള്‍ തെറ്റിക്കുമ്പോള്‍ അയാളെ നമ്മള്‍ വിപ്ലവകാരി എന്ന് വിളിക്കുന്നു. അതിപ്പോ കണ്ണിനു പകരം കണ്ണ് എന്നതിനെ തിരുത്തി അവിടെ നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് പറഞ്ഞ ക്രിസ്തുവാകാം, സമ്പ്രദായങ്ങളെ ധിക്കരിച്ചു കടല്‍ കടന്നുപോയ ഗാന്ധിയുമാകാം. ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം ഈ ഭിത്തികള്‍ പൊളിക്കാതെ ഇരിക്കുന്നവര്‍ ഗുമസ്തന്‍മാരാവുകയും, (അതിപ്പോ ഐഎഎസ് വരെ ആകാം) ഭിത്തികള്‍ പൊളിക്കുന്നവന്‍ പുതിയ ലോകം സൃഷ്ടിക്കുകയും ചെയ്യുന്നു. ചിലപ്പോള്‍ അതിന് വേണ്ടി അയാള്‍ക്ക് തന്റെ ജീവന്‍ കൊടുക്കേണ്ടി വരുമ്പോള്‍ അയാളെ നമ്മള്‍ രക്തസാക്ഷി എന്ന് വിളിക്കുന്നു. അങ്ങനെ ഈ ഭിത്തികള്‍ പൊളിക്കുന്നവര്‍ നമ്മളോട് പറയുമ്പോളാണ്

”ആചാര്യാത് പാദമാദത്തേ
പാദം ശിഷ്യഃ സ്വമേധയാ
പാദം സബ്രഹ്‌മചാരിഭ്യഃ
പാദം കാലക്രമേണ തു”
(ഒരാള്‍ക്ക് ആചാര്യനില്‍ നിന്ന് (അധ്യാപകനില്‍ നിന്ന്) കാല്‍ഭാഗം അറിവ് ലഭിക്കുന്നു, കാല്‍ഭാഗം സ്വന്തം പഠനത്തിലൂടെയും ബുദ്ധിയിലൂടെയും, കാല്‍ഭാഗം സഹപാഠികളില്‍ നിന്നും, ബാക്കി കാല്‍ഭാഗം കാലം കഴിയുന്തോറും പക്വത പ്രാപിക്കുമ്പോള്‍ ലഭിക്കുന്നു.)
ഇങ്ങനെയും ഒരു ശ്ലോകമുണ്ടെന്നും, ഒരധ്യാപകന്‍ തലകുത്തി നിന്നാലും കാല്‍ഭാഗം അറിവേ അയാളില്‍ നിന്നും കിട്ടുകയുള്ളൂ എന്നും നമ്മള്‍ അറിയുന്നത്.

വിശക്കുന്ന മനുഷ്യാ പുസ്തകമെടുക്കൂ അതൊരു പുത്തന്‍ ആയുധമാക്കൂ എന്ന് പറഞ്ഞത് ബ്രെഹ്ത് ആണ്. വിദ്യാഭ്യാസം വിമോചനത്തിനുള്ള മാര്‍ഗമായിത്തീരുന്നു എന്ന ആശയം. ഇതിനോട് ചേര്‍ന്ന് നില്‍ക്കുന്ന ചിന്തകളാണ് മര്‍ദ്ദിതരുടെ ബോധന ശാസ്ത്രത്തിലൂടെ ബ്രസീലിയന്‍ ചിന്തകനായ പൗലോ ഫ്രയറും മുന്നോട്ടുവച്ചത്. നിലനില്‍ക്കുന്ന വ്യവസ്ഥയ്ക്കനുസൃതമായി വ്യക്തികളെ രൂപപ്പെടുത്തുന്ന വിദ്യാഭ്യാസത്തെ പൗലോ ഫ്രയര്‍ എതിര്‍ത്തു. വിദ്യാഭ്യാസം വിമോചനത്തിനും സാമൂഹ്യ മാറ്റത്തിനും വേണ്ടിയാകണം എന്നതായിരുന്നു ഫ്രയറുടെ ആശയം. മത്സരബുദ്ധി വളര്‍ത്തിയെടുക്കുന്ന വിദ്യാഭ്യാസം മനുഷ്യനെ ആത്യന്തികമായി യുദ്ധത്തിലേക്കാണ് എത്തിക്കുക എന്ന് മോണ്ടിസോറിയും പറയുന്നു. ഇന്ന് യുദ്ധത്തിന് വേണ്ടി മുറവിളി കൂട്ടുന്ന മനുഷ്യര്‍ നമ്മുടെ തലതിരിഞ്ഞ വിദ്യാഭ്യാസത്തിന്റെ കൂടി ഉത്പന്നമാണ്.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2022 ലെ റിപ്പോര്‍ട്ട് അനുസരിച്ച്, 13,044 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. 10 വര്‍ഷത്തിനിടയില്‍ (2013-2022), വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ 64% വര്‍ദ്ധിച്ചു, 1,03,961 ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അധികാരത്താല്‍ നിയന്ത്രിതമായ സംവിധാനമായി വിദ്യാഭ്യാസം ഇന്നും തുടരുന്നു. ഇക്കഴിഞ്ഞ ദിവസം എസ്എസ്എല്‍സി പരീക്ഷഫലം വന്നതിനു ശേഷം ഹരിപ്പാട് ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തിരുന്നു. എല്ലാ വിധത്തിലുള്ള അധികാരവും വിദ്യാര്‍ത്ഥികളില്‍ പ്രയോഗിച്ച ശേഷവും അവരെ (പ്രായപൂര്‍ത്തി ആയവരെയും) ഇന്‍ഫന്റലൈസ് ചെയ്യുകയും, ജനാധിപത്യ അവകാശങ്ങള്‍ ഹനിക്കുകയും ചെയ്യുകയാണ് ഈ കാലത്തും. ഇതിലൂടെ മാനസികാരോഗ്യം തകര്‍ന്നാണ് പല വിദ്യാര്‍ഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പുറത്ത് വരുന്നത്. ’10 മുതല്‍ 19 വയസ്സ് വരെ പ്രായമുള്ള കുട്ടികളിലും, കൗമാരക്കാരിലും 7 ല്‍ ഒന്നില്‍ കൂടുതല്‍ ആള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മാനസികാരോഗ്യ അവസ്ഥകളില്‍ പകുതിയും കുട്ടിക്കാലത്താണ് ആരംഭിക്കുന്നത്, പക്ഷേ മിക്ക കേസുകളും കണ്ടെത്തപ്പെടാതെയും ചികിത്സിക്കപ്പെടാതെയും പോകുന്നു.” എന്ന് യൂണിസെഫ് പറയുന്നു.

എല്ലാ അധികാരങ്ങളും കുട്ടികളില്‍ പ്രയോഗിച്ചു, അവരെ other ആക്കി നിറുത്തിയതിനു ശേഷം, അവരുടെ മാനസികാരോഗ്യം തകര്‍ത്തതിന് ശേഷം, പുതിയ തലമുറയെ, ജന്‍ സീ യേയും, ജന്‍ ആല്‍ഫയേയും കുറ്റം പറയുകയാണ് പഴയ തലമുറ ചെയ്യുന്നത്. എന്നാണ് മാതാപിതാക്കളും അധ്യാപകരും ഉടമസ്ഥാവകാശം കാണിക്കാതെ കുട്ടികളോട് ഇടപെടുക എന്നതാണ്. ഖലീല്‍ ജിബ്രാന്‍ പറയുന്ന ഒരു കഥയുണ്ട്. അതിപ്രകാരമാണ്,

”ഒരു ഭ്രാന്താലയത്തിന്റെ പൂന്തോട്ടത്തിലാണ് ഞാന്‍ വിളറിയതും മനോഹരവും അത്ഭുതം നിറഞ്ഞതുമായ ഒരു യുവാവിനെ കണ്ടുമുട്ടിയത്. ഞാന്‍ അവന്റെ അരികില്‍ ബെഞ്ചില്‍ ഇരുന്നു, ഞാന്‍ ചോദിച്ചു, ‘നീ എന്തിനാണ് ഇവിടെ?’

അവന്‍ അത്ഭുതത്തോടെ എന്നെ നോക്കി, അവന്‍ പറഞ്ഞു, ‘ഇതൊരു അസംബന്ധ ചോദ്യമാണ്, പക്ഷേ ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കും. എന്റെ അച്ഛന്‍ എന്നെ അദ്ദേഹത്തെപ്പോലെയാക്കാന്‍ ശ്രമിച്ചു; എന്റെ അമ്മാവനും അങ്ങനെ തന്നെ ചെയ്തു. എനിക്ക് പിന്തുടരാന്‍ പറ്റിയ മാതൃകയായി എന്റെ അമ്മ തന്റെ കടല്‍യാത്രക്കാരനായ ഭര്‍ത്താവിന്റെ പ്രതിച്ഛായ എന്നില്‍ കാണുമായിരുന്നു. എന്റെ സഹോദരന്‍ ഞാന്‍ അദ്ദേഹത്തെപ്പോലെയാകണമെന്ന് ഒരു മികച്ച കായികതാരം ആകണമെന്ന് കരുതുന്നു,

‘തത്ത്വചിന്ത, സംഗീതം എന്നിവയിലെ എന്റെ അധ്യാപകരും, ദൃഢനിശ്ചയമുള്ളവരായിരുന്നു, അവര്‍ ഓരോരുത്തര്‍ക്കും ഒരു കണ്ണാടിയില്‍ സ്വന്തം മുഖത്തിന്റെ പ്രതിഫലനം പോലെയാണ് എന്നെ കണ്ടിരുന്നത്.

‘അതുകൊണ്ടാണ് ഞാന്‍ ഈ സ്ഥലത്തേക്ക് വന്നത്. ഇവിടെ കൂടുതല്‍ വിവേകമുള്ളതായി എനിക്ക് തോന്നുന്നു. കുറഞ്ഞപക്ഷം, എനിക്ക് ഞാനായി ഇരിക്കുവാന്‍ കഴിയും.’

പെട്ടെന്ന് അവന്‍ എന്റെ നേരെ തിരിഞ്ഞു പറഞ്ഞു, ‘പക്ഷേ പറയൂ, വിദ്യാഭ്യാസവും നല്ല ഉപദേശവും കൊണ്ടാണോ നിങ്ങളും ഇവിടെ എത്തിയത്?’

ഞാന്‍ മറുപടി പറഞ്ഞു, ‘ഇല്ല, ഞാന്‍ ഒരു സന്ദര്‍ശകനാണ്.’

അവന്‍ മറുപടി പറഞ്ഞു, ‘ഓ, മതിലിന് മറുവശത്തുള്ള ഭ്രാന്താലയത്തില്‍ താമസിക്കുന്നവരില്‍ ഒരാളാണ് നിങ്ങള്‍.’

റാഗിങിന് വിധേയരായ കുട്ടികള്‍, തങ്ങള്‍ നേരിട്ടത്തിലും പല മടങ്ങ് അക്രമം പിന്നീട് വരുന്ന ജൂനിയേഴ്സിനോട് കാണിക്കുന്ന ഒരു രീതിയുണ്ട്. അതുപോലെ ”അടി ചെയ്യും ഗുണം അണ്ണന്‍ തമ്പിയും ചെയ്യില്ല ‘ എന്ന തത്വത്തില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിന്റെ ഉത്പന്നങ്ങളാണ് ഇന്നത്തെ അധ്യാപകര്‍. അവര്‍ സ്വാഭാവികമായും അതേ തത്വം നടപ്പാക്കാന്‍ ശ്രമിക്കുന്നു.

school students

മുടി മുറിക്കാത്തതിനും മാര്‍ക്ക് കുറഞ്ഞതിനും, കണ്ണൂര്‍ കമ്പിലില്‍ മാപ്പിള ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകര്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഭവത് മാനവ് ജനുവരി എട്ടിനു ആത്മഹത്യ ചെയ്തതെന്ന് അമ്മ ആരോപണം ഉന്നയിച്ചിരുന്നു. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ അധ്യാപകര്‍ക്ക്, കുട്ടികളെ ശാരീരിക, മാനസിക ഉപദ്രവങ്ങള്‍ ഏല്‍പ്പിക്കാതെ പഠിപ്പിക്കാനുള്ള ബോധവല്‍ക്കരണവും, പരിശീലനവും നല്‍കണം. മാതാപിതാക്കളേയും, തങ്ങളുടെ ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള വസ്തുക്കളല്ല കുട്ടികള്‍ എന്നും അവരെ വ്യക്തികളായി കാണേണ്ടതുണ്ടെന്നും ബോധ്യപ്പെടുത്തേണ്ടതുണ്ട്. ചുരുങ്ങിയ പക്ഷം പുതുതലമുറ അധ്യാപകരെയും മാതാപിതാക്കളെയും പേടിച്ചു മരണത്തിലും ഭ്രാന്താശുപത്രിയിലും അഭയം തേടാതെ നോക്കേണ്ട ബാധ്യതയെങ്കിലും നമുക്കുണ്ട്. Maria montessori; what is happening in our schools? 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Content Summary: Maria montessori; what is happening in our schools?

അരുൺ എയ്ഞ്ചല

അരുൺ എയ്ഞ്ചല

മുന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ്, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌

More Posts

Leave a Reply

Your email address will not be published. Required fields are marked *

×