June 26, 2026 |
Share on

ഇന്ത്യലേക്കുള്ള ക്രൂഡോയില്‍ കയറ്റുമതി; സൗദിയെ പിന്തള്ളി ഇറാന്‍ രണ്ടാമത്

സമീപ കാലത്ത് ഇറാന്‍ നല്‍കിവരുന്ന ഇളവുകളാണ് ഇന്ത്യയിലേക്കുള്ള ഇറക്കുമതി വര്‍ദ്ധിക്കാന്‍ കാരണം.

ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ സൗദിഅറേബ്യയെ പിന്തള്ളി ഇറാന്‍ രണ്ടാം സ്ഥാനത്ത്. ഇറാഖാണ് ഒന്നാമത്. ഏപ്രില്‍ മുതല്‍ ജൂണ് വരെയുള്ള കാലയളവില്‍ 5.67 മില്യണ്‍ ടണ്‍ ക്രൂഡ് ഓയിലാണ് ഇന്ത്യയിലെ പൊതുമേഖല എണ്ണ കമ്പനികള്‍ ഇറാനില്‍ നിന്നും ഇറക്കുമതി ചെയ്തതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ചൈനയാണ് ഇറാനില്‍ നിന്നും ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യം. സമീപ കാലത്ത് ഇറാന്‍ നല്‍കിവരുന്ന ഇളവുകളാണ് ഇന്ത്യയിലേക്കുള്ള ഇറക്കുമതി വര്‍ദ്ധിക്കാന്‍ കാരണം. മുന്‍ വര്‍ഷവുമായി താരമത്യം ചെയ്യുമ്പോള്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ 9.8 മില്യണ്‍ ടണ്‍ ആയിരുന്നു വാങ്ങിയത്.
എന്നാല്‍, ഈ സാമ്പത്തിക വര്‍ഷം മൂന്ന് മാസങ്ങള്‍ പിന്നിടുമ്പോള്‍ 19,978.45 കോടി രൂപ വിലയില്‍ 5.67 മില്യണ്‍ ടണ്‍ ക്രൂഡ് ഓയില്‍ പൊതു മേഖല സ്ഥാപനങ്ങള്‍ വാങ്ങി കഴിഞ്ഞു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ചെന്നൈ പെട്രോളിയം കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, മംഗലാപുരം റിഫൈനറി ആന്‍ഡ് പെട്രോക്കെമിക്കല്‍സ്, തുടങ്ങിയ കമ്പനികള്‍ ഉള്‍പ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടും. ലോക്‌സഭയിലാണ് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കണക്കുകള്‍ വിശദീകരിച്ചത്. സൗജന്യ ഷിപ്പിംഗും നീണ്ട ക്രെഡിറ്റ് കാലയളവും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇറാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു.
ഇറക്കുമതി ഇരട്ടിയാകാനുള്ള പ്രധാന കാരണം ഇതാണ്. 7.27 മില്യണ്‍ ടണ്‍ ക്രൂഡ് ഓയിലാണ് ആണ് ഇന്ത്യ ഇറാഖില്‍ നിന്ന് ഇറക്കുമതി ചെയ്തത്. 5.22 മില്യണ്‍ ടണ്‍ സൗദിയില്‍ നിന്നും ഇറക്കുമതി ചെയ്തു. ഇറാനുമായുള്ള ആണവകരാരില്‍ നിന്നു പിന്‍മാറി സാമ്പത്തിക ഉപരോധം പുനസ്ഥാപിച്ച അമേരിക്ക ഇന്ത്യയോടും ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കണമെന്നും നവംബറോടെ പൂര്‍ണമായും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യയിലെ എണ്ണ കമ്പനികളോട് ഇറാനില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടോയെന്നുള്ള ചോദ്യത്തിന് ധര്‍മേന്ദ്ര പ്രധാന്‍ ഉത്തരം നല്‍കിയില്ല. സാമ്പത്തികമടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് ഇന്ത്യയിലെ എണ്ണ കമ്പനികള്‍ ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ക്രൂഡ് ഇറക്കുമതി ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×