July 11, 2026 |

കൂട്ട ആത്മഹത്യകൾ : സമൂഹം പഴിക്കുന്നത് അമ്മമാരെ

കുട്ടികളെയും കൊണ്ട് ആത്മഹത്യ ചെയ്യുന്ന മാതാപിതാക്കൾ ചിന്തിക്കുന്ന രീതി തന്നെ വ്യത്യസ്തമായിരിക്കും

കേരളത്തിൽ കൂട്ട ആത്മഹത്യകൾ വർദ്ധിക്കുന്നതായാണ് നിലവിലെ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയത്തും കൊല്ലത്തുമായി നടന്ന കൂട്ട ആത്മഹത്യകൾ ഞെട്ടിക്കുന്നതും അസ്വസ്ഥതപ്പെടുത്തുന്നതുമായിരുന്നു. അടുത്തിടെ ഏറ്റുമാനൂരിൽ രണ്ട് കുട്ടികളെയും കൊണ്ട് അമ്മ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം ഏറെ ചർച്ചയായിരുന്നു. കുട്ടികളെയും കൊണ്ട് കുടുംബം ആത്മഹത്യ ചെയ്യുന്ന രീതി എന്തുകൊണ്ടാണ് നിരന്തരമായി ഉണ്ടാകുന്നതെന്നത് വളരെ ​ഗൗരവതരമായ വിഷയമാണ്.

കുട്ടികളെയും കൊണ്ട് ആത്മഹത്യ ചെയ്യുന്ന മാതാപിതാക്കൾ ചിന്തിക്കുന്ന രീതി മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണെന്നും പുറത്തുനിന്ന് നോക്കുന്നവർക്ക് കുടുംബത്തിലെ അം​ഗങ്ങളെ ഒപ്പം കൂട്ടി ആത്മഹത്യ ചെയ്യുന്നത് നീചമാണെന്ന് തോന്നുന്നത്, ആത്മഹത്യ ചെയ്യുന്നവരുടെ മാനസികാവസ്ഥ മനസിലാകാത്തിനാലാണെന്നും സൈക്കോളജിസ്റ്റ് അഞ്ജു മിനേഷ് അഴിമുഖത്തോട് പ്രതികരിച്ചു. വൈകാരിക പ്രശ്നങ്ങളാണ് കൂട്ട ആത്മഹത്യ പോലുള്ള ദുരന്തങ്ങളിലേക്ക് നയിക്കുകയെന്നും അഞ്ജു മിനേഷ് കൂട്ടിച്ചേർത്തു.

‘ആത്മഹത്യ എന്ന് പറയുന്നത് ആരും പെട്ടെന്നൊരു നിമിഷത്തിൽ എടുക്കുന്ന തീരുമാനമല്ല. വളരെയധികം ആലോചിച്ചിട്ടെടുക്കുന്ന ഒരു തീരുമാനമായിട്ടാണ് ആത്മഹത്യയിൽ നിന്നും രക്ഷപ്പെട്ടവരുടെ അനുഭവങ്ങൾ കേൾക്കുമ്പോൾ മനസിലാകുന്നത്. എങ്ങനെ എപ്പോൾ ഏത് രീതിയിൽ ആത്മഹത്യ ചെയ്യാം എന്ന് അവർ ഒരുപാട് തവണ ചിന്തിക്കുന്നു. പ്രതീക്ഷ എന്ന വാക്കിന് ഒരാളുടെ ജീവിതത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. അത് നഷ്ടപ്പെടുമ്പോഴാണ് ആത്മഹത്യയെക്കുറിച്ച് അവർ ചിന്തിക്കുന്നത്.

ഇപ്പോൾ നടക്കുന്ന കൂട്ട ആത്മഹത്യകൾ ശ്രദ്ധിച്ചാൽ മനസിലാകുന്ന ഒരു കാര്യം അമ്മമാർ കുട്ടികളെ ഒപ്പം കൂട്ടി ആത്മഹത്യ ചെയ്യുന്നു എന്ന പ്രവണതയാണ്. പലരും അമ്മയുടെ ആ പ്രവൃത്തിയെ വളരെ മോശമാണ് എന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ കമന്റുകളും ചെയ്യുന്നുണ്ട്. മാതാപിതാക്കൾ, പ്രത്യേകിച്ച് അമ്മമാർക്ക് പൊസസീവ്നെസ്,അതായത് തങ്ങളുടേതാണെന്ന ചിന്ത അച്ഛന്മാരെക്കാളും കൂടുതൽ ഉള്ളവരാണ്. അമ്മമാർക്ക് സമൂഹം അടിച്ചേൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങളും ഈയൊരു ചിന്തക്ക് കാരണമാകാം.

കുട്ടികളെയും കൊണ്ട് ആത്മഹത്യ ചെയ്യുന്ന മാതാപിതാക്കൾ ചിന്തിക്കുന്ന രീതി തന്നെ വ്യത്യസ്തമായിരിക്കും. തങ്ങൾ അനുഭവിച്ച മാനസിക സംഘർഷം തങ്ങളുടെ കുട്ടികൾക്ക് ഉണ്ടാകാൻ പാടില്ല എന്ന ചിന്തയാണ് അവരെക്കൊണ്ട് ഇതിന് പ്രേരിപ്പിക്കുന്നത്. ജീവിതം അവസാനിപ്പിക്കാം എന്ന തീരുമാനമെടുക്കുന്ന സമയത്ത്, ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവർക്ക് ഇങ്ങനെയൊരു അനുഭവം ഉണ്ടായേക്കാം എന്ന ഭയം കൊണ്ടാണ് അവർ ഒപ്പം കൂട്ടുന്നത്. താൻ ഇല്ലാതായി കഴിഞ്ഞാൽ കുട്ടികൾ തനിച്ചാകും എന്ന വിചാരം അവരെ വേട്ടയാടി കൊണ്ടിരിക്കും. അതിനായി അവർ കണ്ടെത്തുന്ന ഒരു വഴിയാണ് കൂട്ട ആത്മഹത്യ എന്നാണ് മനസിലാക്കാൻ കഴിയുന്നത്.

നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങൾ, നമുക്ക് ലഭിക്കുന്ന വിവരങ്ങൾ, അവയെ നാം വ്യാഖ്യാനിക്കുന്ന രീതി ഇവയും ഒരാളുടെ പ്രവൃത്തികളെ സ്വാധീനിക്കാറുണ്ട്. പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാനായി പലരും തിരഞ്ഞെടുക്കുന്ന അവസാനത്തെയും അതുപോലെ ഏറ്റവും എളുപ്പവുമുള്ള വഴിയാണ് മരണം. അതൊരു എളുപ്പ വഴിയാണെന്ന് സമൂഹം അവരെക്കൊണ്ട് തോന്നിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരുപക്ഷേ അവർ പൊരുതി നിന്ന് മടുത്തു കാണാം, അല്ലെങ്കിൽ പൊരുതാനുള്ള മനക്കട്ടി ഉണ്ടായിരിക്കില്ല.

ഇത്തരം സംഭവങ്ങളിൽ പലപ്പോഴും സാമ്പത്തിക പ്രശ്നം എന്നത് രണ്ടാമത്തെ കാര്യമാകാനാണ് സാധ്യത. വൈകാരിക പ്രശ്നങ്ങളാണ് കൂട്ട ആത്മഹത്യ പോലുള്ള ദുരന്തങ്ങളിലേക്ക് നയിക്കുക. പ്രത്യാശ നഷ്ടപ്പെടുമ്പോൾ എടുക്കുന്ന തീരുമാനമാണത്. ഒരിക്കലും അതിനെ പ്രോത്സാഹിപ്പിച്ച് പറയുകയല്ല. അവരെ കുറ്റം പറയുന്നവർ ചിന്തിക്കാത്ത ഒരു വശം കൂടി ഇതിന് പിന്നിലുണ്ട് എന്നതാണ് കാര്യം. പണ്ട് കാലങ്ങളിലും ഇത്തരം സംഭവങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അന്ന് സോഷ്യൽ മീഡിയയില്ല. മാധ്യമങ്ങൾ ഇതിന് പിന്നാലെ കാര്യമായി പോകാറുമില്ല. അത് കൊണ്ട് ജനങ്ങൾ അറിയുന്നില്ലായെന്ന് മാത്രം’, അഞ്ജു മിനേഷ് അഴിമുഖത്തോട് പറഞ്ഞു.

ഇത്തരം സംഭവങ്ങളിൽ കൂടുതലും അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പലപ്പോഴും കുടംബത്തിനുള്ളിലെ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിക്കുക എന്നാണ് പല കേസുകളിലും വ്യക്തമാകുന്നത്. സാമൂഹ്യ സാഹചര്യങ്ങളും ഇതിൽ വലിയൊരു പങ്ക് വഹിക്കുന്നുവെന്നതും വ്യക്തമാണ്.

Content Summary: Mass Suicides in kerala: Society Places Blame on Mothers

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×