UPDATES

വയനാട്ടില്‍ ഉരുള്‍പൊട്ടല്‍: നിരവധി മരണം

കോപ്ടറുകള്‍ വയനാട്ടിലേക്ക് എത്തികൊണ്ടിരിക്കുകയാണ്

                       

വയനാട്ടില്‍ വന്‍ നാശം വിതച്ച് ഉരുള്‍ പൊട്ടല്‍. ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തിന് പിന്നാലെ രണ്ടാമതും ഉരുളുപൊട്ടിയതായാണ് വിവരം. ഇതോടെ രക്ഷാ പ്രവര്‍ത്തകരെ അടക്കം മേഖലയില്‍ നിന്ന് ഒഴിപ്പിക്കേണ്ടി വന്നു. വയനാട് മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലാണ് ആദ്യം ഉരുള്‍ പൊട്ടിയത്. 2019-ലെ പ്രളയകാലത്ത് നിരവധി പേര്‍ മരിച്ച പുത്തുമല ദുരന്തം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് ഇവിടം. 12ലധികം മരണങ്ങള്‍ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. അപകടത്തില്‍പ്പെട്ടവര്‍ ഒറ്റപ്പെട്ടു പോയ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചേരുന്നതേയുള്ളൂ. 500 ഓളം ആളുകളാണ് ഉരുള്‍പൊട്ടലില്‍ കുടുങ്ങിയതെന്നാണ് വിവരം. മരിച്ചവരില്‍ ഒരാള്‍ വിദേശിയാണെന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് മലപ്പുറം പോത്തുകല്ലില്‍ ചാലിയാറിലൂടെ നാല് മൃതദേഹങ്ങള്‍ ഒഴുകിയെത്തി.

ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പ്രധാന പാലം ഒലിച്ചുപോയതാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിന് കനത്ത തിരിച്ചടിയായിട്ടുള്ളതെന്ന് കല്‍പറ്റ എംഎല്‍എ ടി.സിദ്ദിഖ് വ്യക്തമാക്കി. ബദല്‍ പാലം നിര്‍മിക്കുന്ന കാര്യമാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. എങ്കില്‍ മാത്രമേ കുടുങ്ങി കിടക്കുന്നവരുടെ അരികിലേക്ക് എത്താന്‍ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ എന്‍ഡിആര്‍എഫ് സംഘത്തിന് പാലം ഇല്ലാത്തതിനാല്‍ മുന്നോട്ട് പോവാന്‍ സാധിക്കുന്നില്ല. ഹെലികോപ്റ്ററില്‍ ആളുകളെ ഒഴിപ്പിക്കാനും ക്രമീകരണം ഏര്‍പ്പെടുത്തുന്നുണ്ട്. കോപ്ടറുകള്‍ വയനാട്ടിലേക്ക് എത്തികൊണ്ടിരിക്കുകയാണ്.പ്രാദേശിക രക്ഷാപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ എന്‍ഡിആര്‍എഫിന്റെ ഇരുപതംഗ സംഘത്തെ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. അവര്‍ അവിടെനിന്ന് കുടുംബങ്ങളെ ഒഴിപ്പിച്ച് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

English Summary: Massive landslides hit Wayanad district; Several feared trapped

 

Share on

മറ്റുവാര്‍ത്തകള്‍