June 03, 2026 |
Avatar
അമർനാഥ്‌
Share on

ഈണങ്ങള്‍ കൊണ്ട് ഗാനങ്ങളില്‍ ചായം ചാലിച്ച എം.ബി.എസ്

എം.ബി.എസിന്റെ ജന്മശതാബ്ദിയാണ് ഇന്ന്

ലളിതമായ ഈണങ്ങളിലൂടെ ഗാനങ്ങളൊരുക്കി മലയാളികളെ മധുരമായി പാടി വിളിച്ച സംഗീത സംവിധായകൻ എം.ബി. ശ്രീനിവാസൻ എന്ന എം. ബി. എസ്സിൻ്റെ ജന്മശതാബ്ദിയാണ് ഇന്ന്.

മലയാള ചലചിത്രങ്ങളിലെ പശ്ചാത്തല സംഗീതത്തിന് വൈകികാരികമായ സ്പർശം നൽകി പുതിയ ദിശ നൽകിയ വ്യക്തിയാണ് എം.ബി. ശ്രീനിവാസൻ . ഗാനങ്ങൾക്ക് ട്രാക്ക് പാടുന്ന രീതി ആദ്യമായി സ്റ്റുഡിയോകളിൽ അവതരിപ്പിച്ച സംഗീത സംവിധായകൻ. സിനിമാ സംഗീതരംഗത്ത് താരപ്പൊലിയെ തച്ചുടച്ച് ചലചിത്ര രംഗത്തെ കലാകാരന്മാരെ സംഘടിപ്പിച്ചയാൾ. ഇ. എം. എസും , രാജേശ്വര റാവുവും സഖാവ് എന്ന് വിളിച്ചാദരിച്ച സംഗീതജ്ഞൻ, ഇന്ത്യയിലെ കോറൽ മ്യൂസിക്ക് എന്ന ജനകീയ സംഘ ഗാനകൂട്ടായ്മയുടെ മുഖ്യശിൽപ്പി. ഗാനങ്ങൾക്കും അതിൻ്റെ ഈണങ്ങൾക്കും അവയുടെ സൃഷ്ടാക്കൾക്ക് ബൗദ്ധിക സ്വത്തവകാശമുണ്ടെന്ന് സ്ഥാപിച്ച സംഘാടകൻ.

ഗാനങ്ങള്‍ക്കും അതിന്റെ ഈണങ്ങള്‍ക്കും അവയുടെ സൃഷ്ടാക്കള്‍ക്ക് ബൗദ്ധിക സ്വത്തവകാശമുണ്ടെന്ന് സ്ഥാപിച്ച എം സംഘാടകന്‍. പാടുന്ന പന്തം എന്നാണ് എം.ബി. ശ്രീനിവാസനെ പി. ഭാസ്‌ക്കരന്‍ മാസ്റ്റര്‍ വിശേഷിപ്പിച്ചത്. ആറടിയോളം ഉയരത്തില്‍ നീണ്ട് മെലിഞ്ഞ ശരീരം. നീട്ടി വളര്‍ത്തിയ അലസമായ മുടിയുമായി റെക്കോഡിംഗ് സ്റ്റുഡിയോകളില്‍ പ്രതൃക്ഷപ്പെട്ടിരുന്ന അദ്ദേഹത്തെ എം.ബി.എസ് എന്ന് എല്ലാവരും വിളിച്ചാദരിച്ചു. ആന്ധ്രയില്‍ ജനിച്ച തമിഴ് ബ്രാഹ്‌മണനായിട്ടും മലയാള സിനിമയിലാണ് കൂടുതല്‍ പ്രവര്‍ത്തിച്ചതും പ്രശസ്തനായതും.

യേശുദാസിനെ സിനിമയില്‍ ആദ്യം പാടിച്ച സംഗീത സംവിധായകന്‍ മാത്രമല്ല എം.ബി.എസ്. 1965 ലെ ഇന്ത്യന്‍ സൈന്യത്തിന് യുദ്ധഫണ്ട് നല്‍കാന്‍ എം.ബി.എസ് മദ്രാസില്‍ സംഘടിപ്പിച്ച ഗാനമേളയില്‍ ‘ചൊട്ട മുതല്‍ ചുടലവരെ’ എന്ന ഗാനം ജയചന്ദ്രന്‍ മനോഹരമായി പാടിയത് കേട്ടാണ് ആദ്യ സിനിമയിലേക്ക് പാടാന്‍ നിര്‍മാതാക്കള്‍ ജയചന്ദ്രന്‍ എന്ന ഗായകനെ ക്ഷണിക്കുന്നത്. പിന്നീട് യേശുദാസും ജയചന്ദ്രനും എം.ബി.എസ് ഈണം നല്‍കിയ ഗാനം പാടി മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയതും മലയാള സിനിമാ സംഗീത ചരിത്രത്തിലുണ്ട്.

M. B. S. and his wife

എം. ബി. എസ്സും ഭാര്യ ഷാഹിദയും

തമിഴരാണെങ്കിലും മലയാള ചലചിത്ര രംഗത്ത് തങ്ങളുടെ സര്‍ഗശേഷിയിലൂടെ സ്ഥാനമുറപ്പിച്ച് സംഭാവനകള്‍ നല്‍കിയ വിസ്മരിക്കാനാവാത്ത രണ്ട് പ്രശസ്തരായിരുന്നു കമല്‍ ഹാസനും എം.ബി. ശ്രീനിവാസനും. കെ.എസ്. സേതുമാധവന്റെ ‘കണ്ണും കരളും’ (1962) എന്ന സിനിമയില്‍ ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറിയ കമല്‍ഹാസന്റെ ഈ ആദ്യ ചിത്രത്തിന് ഈണം നല്‍കിയത് എം.ബി. ശ്രീനിവാസനായിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ മലയാള ചിത്രം.

1925 സെപ്റ്റംബര്‍ 19 ന് ആന്ധ്രയിലെ ചിറ്റൂരില്‍ ജനിച്ച മാനാമധുര ബാലകൃഷ്ണന്‍ ശ്രീനിവാസന്‍ അയ്യങ്കാര്‍ എന്ന എം.ബി.എസ് ഒരു സംഗീത വിദ്വാന്‍ ആകുമെന്നോ, തന്റെയല്ലാത്ത ഭാഷയില്‍ ചലച്ചിത്ര സംഗീത സംവിധായകനാവുമെന്നോ ഒരിക്കലും കരുതിയില്ല. അച്ഛന്‍ ബാലകൃഷ്ണന്‍ കൊയ്യമ്പത്തൂര്‍ കാര്‍ഷിക കോളേജില്‍ പ്രൊഫസറായിരുന്നു. അമ്മ വിശാലാക്ഷി ഒരു സംഗീത വിദുഷിയും വയലിനിസ്റ്റും. ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന് ആദ്യകാലങ്ങളില്‍ പാരമ്പര്യമായി സംഗീത പഠനം അനിവാര്യമായിരുന്നു. അതിനാല്‍ സംഗീതം ശാസ്ത്രീയമായി പഠിക്കാന്‍ എം.ബി.എസിന് സാധിച്ചു. ഉന്നത പഠനം മദ്രാസ് പ്രസിഡന്‍സി കോളേജിലായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്യ സമരക്കാലമായതിനാല്‍ ഭാരതീയര്‍ അക്കാലത്ത് ഗാനങ്ങളിലൂടെ ദേശസ്നേഹത്തിന്റെ ആവേശം വളര്‍ത്തിയെടുക്കുന്ന കാലമായിരുന്നു.

1937 ല്‍ രൂപീകരിച്ച മദ്രാസ് സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്‍ (MSO) ന്റെ സജീവ പ്രവര്‍ത്തകനായിരുന്നു എം.ബി.എസ്. ഗുണ്ടൂര്‍ ചുഴലിക്കാറ്റ്, ബിഹാറിലെ ഭൂകമ്പം, ബംഗാള്‍ക്ഷാമം എന്നീ ദുരന്തങ്ങളില്‍ അവിടത്തെ ജനങ്ങള്‍ക്ക് സഹായങ്ങള്‍ എത്തിച്ച സന്നദ്ധ സംഘടനയാണ് എം.എസ്.ഒ. ബ്രിട്ടീഷുകാര്‍ തടവിലിട്ട INA തടവുകാരെ മോചിപ്പിക്കാന്‍ രാജ്യത്ത് പ്രക്ഷോഭങ്ങള്‍ നടന്നപ്പോള്‍ എം.ബി.എസിന്റെ നേതൃത്വത്തില്‍ മദ്രാസില്‍ പ്രകടനം നടന്നു. ഇന്ത്യയിലെ ജനകീയ സാംസ്‌കാരിക മുന്നേറ്റങ്ങളില്‍ വലിയ പങ്കുവഹിച്ച പ്രസ്ഥാനമാണ് ഇപ്റ്റ -(Indian People’s Theatre Aossciation )1943 ല്‍ രൂപംകൊണ്ട ഇപ്റ്റ ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതോടെ പുരോഗമനാശയങ്ങള്‍ നാടകത്തിലും സിനിമയിലും പ്രതിഫലിച്ചു.

ഇപ്റ്റയുടെ സ്വാധീനത്തില്‍ അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ എം.ബി.എസ്സ് എന്ന സംഗീതജ്ഞനും ആക്റ്റിവിസ്റ്റും ജനിച്ചു. ഈ കാലത്ത് അഖിലേന്ത്യാ സമ്മേളനങ്ങളില്‍ പങ്കെടുക്കുമ്പോള്‍ വിവിധ ഭാഷകളിലെ ദേശഭക്തിഗാനങ്ങള്‍ എം.ബി എസ്സ് ശേഖരിച്ചു. ബംഗാളിലെ ഗാനങ്ങള്‍ അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു. ബംഗാളില്‍ നിന്ന് വരുന്ന പ്രവര്‍ത്തകരോട് സംസാരിച്ച് അദ്ദേഹം ബംഗാളി സംഗീതവുമായി അടുപ്പം സമ്പാദിച്ചു. ബംഗാളി പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം സുബ്രഹമണ്യ ഭാരതി കവിതകള്‍ പാടി കൊടുക്കുമായിരുന്നു. ‘കൂടുതല്‍ ഫലവത്തായി താന്‍ വിശ്വസിച്ച രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാനും പ്രവര്‍ത്തിക്കാനും സംഗീതം എന്ന മാധ്യമത്തെ അദ്ദേഹം സ്വീകരിച്ചു’ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവായിരുന്ന കെ.സി. ജോര്‍ജ്ജ് എം. ബി. എസിനെ വിലയിരുത്തിയത് ഇങ്ങനെയാണ്.

1952 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി എം.ബി.എസ്സിനെ ഡല്‍ഹിയക്ക് വിളിച്ചു. പാര്‍ട്ടിയുടെ പാര്‍ലമെന്റി കാര്യങ്ങളിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും കിസാന്‍ ഫ്രണ്ട് എന്നിവയില്‍ പ്രവര്‍ത്തിക്കാനായിരുന്നു അത്. ഇക്കാലത്താണ് എം.ബി.എസ് ഇപ്റ്റയില്‍ സജീവമായത്. ഇക്കാലത്താണ് ഇപ്റ്റയിലെ സജീവാംഗമായ ഷാഹിദ കിച്ചുലുവിനെ അദ്ദേഹം വിവാഹം കഴിക്കുന്നത്. പ്രശസ്ത സ്വാതന്ത്യസമര സേനാനിയും കാശ്മീരിയുമായ ഡോ. സെയ്ഫുദീന്‍ കിച്ചിലുവിന്റെ മകളായിരുന്നു ഷാഹിദ.

M. B. Sreenivasan, director N. Sankaran Nair, and singer Usha Uthup

ശിവതാണ്ഡവം എന്ന പടത്തിൻ്റെ റെക്കോഡിംഗിൽ എം. ബി . ശ്രീനിവാസൻ, സംവിധായകൻ എൻ. ശങ്കരൻ നായർ, ഗായിക ഉഷാ ഉതുപ്പ്

ഡല്‍ഹിയില്‍ എം.ബി.എസ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവായ എ.കെ.ജിയുടെ സെക്രട്ടറിയായി കുറച്ചു കാലം ജോലിനോക്കി. എം.ബി.എസിന്റെ ഇംഗ്ലിഷ് ഭാഷയിലുള്ള സ്വാധീനമറിയാവുന്ന എ.കെ.ജി യുടെ ആവശ്യപ്രകാരമായിരുന്നു അത്. അക്കാലത്ത് എ.കെ.ജിയുടെ കത്തിടപാടുകള്‍ നടത്തിയിരുന്നത് എം.ബി.എസായിരുന്നു. സുശീലാ ഗോപാലനുമായുള്ള എ.കെ.ജി യുടെ അക്കാലത്തെ ബന്ധത്തിന്റെ നിശബ്ദ സാക്ഷി കൂടിയാണ് എം.ബി.എസ്. സുശീല അയക്കുന്ന കത്തുകള്‍ മാത്രം താന്‍ കൈകാര്യം ചെയ്യേണ്ടെന്ന് എ. കെ. ജി അദ്ദേഹത്തിനോട് പറഞ്ഞിരുന്നു.

തമിഴ്‌നാട്ടില്‍ തിരിച്ചെത്തിയ എം.ബി.എസ് അക്കാലത്ത് മധുരയില്‍ നടന്ന അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിലെ യോഗത്തിന്റെ ഭാഗമായി എം.ബി.എസ് അവതരിപ്പിച്ച ടാഗോറിന്റെയും സുബ്രമണ്യ ഭാരതിയുടെയും ഗാനങ്ങള്‍ അവതരിപ്പിച്ചത് വളരെ ശ്രദ്ധനേടി. സംഗീതത്തെ ജനകീയമാക്കാനുള്ള എം.ബി.എസിന്റെ ആദ്യത്തെ ശ്രമങ്ങളിലൊന്നായിരുന്നു അത്.

‘അക്കാലത്ത് കുറെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഓഹരികള്‍ സമാഹരിച്ച് കുമരി ഫിലിംസ് എന്നൊരു ചലചിത്ര നിര്‍മാണക്കമ്പനി രൂപീകരിച്ചു. പുണ്യപുരാണ പടങ്ങളും രാജാപ്പാര്‍ട്ട് വേഷങ്ങളും അടിയിടി – കുത്ത് ശണ്ഠ വാള്‍ പയറ്റ് രംഗങ്ങള്‍ നിറച്ച് പുറത്ത് വരുന്ന തമിഴ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായി, സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന കലാമൂല്യവും സാമൂഹിക പ്രതിബന്ധതയുള്ള സിനിമ നിര്‍മിക്കാനായിരുന്നു ഇവരുടെ ശ്രമം.

1960 ല്‍ കുമരി ഫിലിംസ് നിര്‍മ്മിച്ച ‘പാതെ തെറിയത് പാര്‍’ എന്ന തമിഴ് ചിത്രത്തിലൂടെ എം.ബി. ശ്രീനിവാസന്‍ സിനിമാ സംഗീത സംവിധായകനായി. ഒരു കോട്ടണ്‍ മില്‍ തൊഴിലാളി കമ്പനിനിയില്‍ നിന്ന് രാജി വെച്ച് അതിന്റെ മുതലാളിമാരുടെ നടപടികളെ ചോദ്യം ചെയ്യുന്ന ഒരു യുവാവിന്റെ കഥയായിരുന്നു പ്രമേയം. അയാളുടെ ആദര്‍ശവും ”പ്രേമബന്ധമൊക്കെ ചേരുന്ന ഒരു സാധാരണ കഥ. ടി.കെ. ബാലചന്ദ്രനും, മുത്തുരാമനും, എല്‍. വിജയലക്ഷ്മി തുടങ്ങിയവരഭിനയിച്ച ഈ പടത്തില്‍ പാട്ടുകള്‍ എം.ബി.എസ് ചിട്ടപ്പെടുത്തി. പ്രശസ്തനായ ജയകാന്തന്‍ എഴുതിയ ‘തെന്നല്‍ ക്രീട് ഊഞ്ചലിലെ’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. പി.ബി. ശ്രീനിവാസും എസ്. ജാനകിയും ചേര്‍ന്ന് പാടിയ ഈ ഗാനത്തിന്റെ പേരിലാണ് ആ ചിത്രം ഏറെ അറിയപ്പെട്ടത്.

1956 ല്‍ മദ്രാസില്‍ താമസിക്കുന്ന പി. ഭാസ്‌ക്കരന്‍ എന്ന യുവകവിയില്‍ നിന്ന് ഒരു ബാലേട്രൂപ്പിന് വേണ്ടി ഗാനങ്ങള്‍ എഴുതി വാങ്ങാന്‍ എം.ബി.എസ് കവിയെ കാണാനെത്തി. 1942 കാലത്ത് അഖിലേന്ത്യാ വിദ്യാര്‍ത്ഥി ഫെഡറേഷന്റെ സമ്മേളനത്തില്‍ ഇരുവരും കണ്ടുമുട്ടിയിരുന്നു.

M.B. S. singing in the choir group

ക്വയർ ഗ്രൂപ്പിൽ എം.ബി. എസ്സ് പാട്ട് പഠിപ്പിക്കുന്നു

ഉയരും ഞാന്‍ നാടാകെ-
പ്പടരും ഞാനൊരു പുത്ത
നുയിര്‍ നാട്ടിനേകി കൊണ്ടുയരും വീണ്ടും ‘വയലാര്‍ ഗര്‍ജ്ജിക്കുന്നു’ എന്ന കവിതയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട കവിയായ പി.ഭാസ്‌ക്കരനും സംഗീതത്തിലൂടെ സാമൂഹികബോധത്തിന്റെ സന്ദേശം നല്‍കാന്‍ പ്രവര്‍ത്തിക്കുന്ന എം.ബി.എസും ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കലാകാരന്മാരായിരുന്നു. ആ സൗഹൃദം എം.ബി.എസിന്റെ മലയാള സിനിമാ രംഗത്തേക്ക് കടന്നു വരാനുള്ള വഴിയൊരുക്കി. 1962 ല്‍ ‘സ്വര്‍ഗരാജ്യം’ എന്ന ചിത്രത്തില്‍ പി.ഭാസ്‌കരനെഴുതിയ ഏഴ് ഗാനങ്ങള്‍ക്ക് എം.ബി.എസ് ഈണം നല്‍കി. ഹൃദ്യമായ ഗാനങ്ങള്‍ ആയിരുന്നെങ്കിലും അതേ വര്‍ഷം എം.ബി.എസ് ഈണം പകര്‍ന്ന മറ്റൊരു ചിത്രത്തിലെ ഗാനം ഒരുക്കിയ സംഭവമാണ് എം. ബി. എസ് അന്ന് സിനിമക്ക് ഈണം പകര്‍ന്നതിനേക്കാള്‍ പ്രശസ്തമായത്. അത് മലയാള സിനിമാ ചലചിത്ര രംഗത്തിന്റെ ഗതി തന്നെ മാറ്റിയ സംഭവമായി. യേശുദാസ് എന്ന ഗായകന്റെ വരവായിരുന്നു അത്.

കൊച്ചിയിലെ നാടകനടനും, ഗായകനുമൊക്കെയായ അഗസ്റ്റിന്‍ ജോസഫിനോടൊപ്പം അദ്ദേഹത്തിന്റെ മകനായ യുവഗായകന്‍ കെ.ജെ യേശുദാസ് തന്റെ സിനിമയിലെ ആദ്യ ഗാനം പാടാനെത്തി. എം.ബി.എസ് ആദ്യം ചില പാട്ടുകള്‍ പയ്യനെക്കൊണ്ട് ആദ്യം പാടിച്ചു. പ്രശസ്ത ഗായകന്‍ മുകേഷിന്റെ ഒരു ഹിന്ദി പാട്ട്, പിന്നെ ഒരു ശാസ്ത്രീയ ഗാനം. ഗായകന്റെ ആലാപനത്തില്‍ അവിടെയുണ്ടായിരുന്നവര്‍ ആ ശബ്ദമാധുരിയില്‍ ലയിച്ചിരുന്നു പോയി.
‘പാട്ട് പാടി കഴിഞ്ഞപ്പോള്‍ ആഹ്ലാദത്തോടെ ഗായകനെ എം.ബി.എസ് കെട്ടിപ്പിടിച്ചു എന്നിട്ട് അവിടെയുള്ള ചെറു സദസിനോട് പറഞ്ഞു
‘സൗണ്ട് എഞ്ചിനിയര്‍ ഒ.കെ. പറയുകയാണെങ്കില്‍ ദക്ഷിണേന്ത്യന്‍ സംഗീത ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ കണ്ടുപിടുത്തമാകും ഈ പയ്യന്റെ ശബ്ദം.’
1961 നവംബര്‍ 14 ന് മദ്രാസിലെ ഭരണി സ്റ്റുഡിയോവില്‍ യേശുദാസ് തന്റെ ആദ്യത്തെ സിനിമയിലെ ഗാനം പാടി. ശ്രീനാരായണ ഗുരുസ്വാമികളുടെ വരികള്‍.
‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ
സര്‍വരും സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്.’
ആ വരികള്‍ പാടിയത് ഒകെയായി ‘

ഭരണി സ്റ്റുഡിയോയിലെ അന്നത്തെ റെക്കോഡിംഗിനെ കുറിച്ച് യേശുദാസ് പിന്നീട് പറഞ്ഞു.
‘പാടിക്കഴിഞ്ഞപ്പോള്‍ എം.ബി.എസ് സൗണ്ട് എഞ്ചിനീയര്‍ കോടീശ്വര റാവുവിനോട് ചോദിച്ചു ‘ശബ്ദം എങ്ങനെ?’ ‘റാവുസാറിന്റെ ഉത്തരത്തിനായി ആകാംക്ഷയോടെ കാത്തു നില്‍ക്കുകയായിരുന്നു ഞാന്‍. അദ്ദേഹം മോശമെന്ന് വിധിയെഴുതിയാല്‍ നാട്ടിലേക്ക് തിരിച്ചു പോകുകയേ നിവൃത്തിയുള്ളൂ. തന്റെ സംഗീത ജീവിതത്തിന്റെ വിധി പറയുന്ന മഹാനിമിഷം.

M.B.S. with M.T

എം. ബി.എസ്സ് എം ടി യോടൊപ്പം

പത്ത് നിമിഷത്തെ നിശബ്ദതക്ക് ശേഷം റാവു സാര്‍ പറഞ്ഞു ‘ഒരു പത്തു വര്‍ഷം കഴിഞ്ഞ് പറയാം’
എം.ബി.എസ് ചിരിച്ചു. അന്ന് റാവു സാര്‍ പറഞ്ഞതിന്റെ പൊരുള്‍ ഇത്ര മാത്രം ‘ഇനിയുള്ള പത്തു വര്‍ഷം ഒരു കുഴപ്പമില്ലാതെ ഈ രംഗത്ത് പിടിച്ചു നില്‍ക്കാന്‍ ദാസിനാകുമെന്നാണ് സൂചന’.

‘മലയാള ഗാനങ്ങളുടെ വസന്ത കാലം വരുന്നേയുണ്ടായിരുന്നുള്ളൂ. 60 കളുടെ മധ്യവും 70 കളും. വയലാര്‍ -ദേവരാജന്‍. പി. ഭാസ്‌കരന്‍ – ബാബു രാജ്, ശ്രീകുമാരന്‍ തമ്പി ദക്ഷിണാ മൂര്‍ത്തി, ഒ. എന്‍.വി ദേവരാജന്‍ – യുസഫലി – ദേവരാജന്‍, കൂടാതെ എം.കെ. അര്‍ജ്ജുനന്‍, പുകഴേന്തി, എ.ടി ഉമ്മര്‍, കണ്ണൂര്‍ രാജന്‍, പി. ജെ. ജോയ് തുടങ്ങിയ പ്രതിഭകളുടെ മികച്ച ഗാനങ്ങള്‍ മലയാളത്തില്‍ ആസ്വാദകരെ ആനന്ദത്തിലാറാടിച്ചു. ചലചിത്ര ഗാനരചനക്ക് ആദ്യമായി ദേശീയ പുരസ്‌കാരം തെന്നിന്ത്യയിലേക്ക് വന്നത് വയലാര്‍ എഴുതിയ മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു. എന്ന ഗാനത്തിലൂടെയാണ്. ‘പത്മ തീര്‍ത്ഥമേ ഉണരു’ എന്ന ഗാനം പാടി യേശുദാസിന് ആലാപനത്തിന് ദേശീയ പുരസ്‌കാരവും കിട്ടി. അക്കാലത്ത് തെന്നിന്ത്യയിലെ ഏറ്റവും മികച്ച, പ്രതിഭകള്‍ കൊണ്ട് സമ്പന്നമായ ചലചിത്ര ഗാനശാഖ മലയാളത്തിന്റെതായിരുന്നു.

ഈയൊരു കാലയളവില്‍ തമിഴനായ എം.ബി.എസിന്റെ സാന്നിധ്യം മലയാളത്തില്‍ കുറവായിരുന്നുവെങ്കിലും ഇന്നും പലരും ഉദ്ധരിച്ച് മൂളുന്ന പ്രസിദ്ധമായ ഒരു ഗാനം അദേഹം അന്ന് ഒരുക്കിയിരുന്നു. 1968 ല്‍ പുറത്തിറങ്ങിയ ‘കടല്‍’ എന്ന ചിത്രത്തിലെ ‘ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും
കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും’ ശ്രീകുമാരന്‍ തമ്പി എഴുതിയ എസ്. ജാനകി പാടിയ പ്രശസ്ത ഗാനം.
സേതു മാധവന്‍ സംവിധാനം ചെയ്ത എം.ടി. എഴുതിയ ‘കന്യാകുമാരി’ യിലെ (1975) യേശുദാസും ജാനകിയും ചേര്‍ന്ന് പാടിയ വയലാര്‍ എഴുതിയ ‘ചന്ദ്രപ്പളുങ്ക് മണി മാല’ എന്നതും അക്കാലത്ത് ശ്രദ്ധിക്കപ്പെട്ട ഗാനമായി.

നേരത്തെ പറഞ്ഞ സംഗീത കൂട്ടുകെട്ടുകള്‍ നിറഞ്ഞ മലയാള ചിത്രഗാനരംഗത്ത് എം.ബി.എസ് വല്ലപ്പോഴും വന്നുപോയി. സമാന്തര സിനിമക്കാരുമായുള്ള ബന്ധവും അദ്ദേഹത്തിന്റെ സംഘടനാ പ്രവര്‍ത്തനങ്ങളും കാരണമാകാം വന്‍കിട ബാനറുകള്‍ അദ്ദേഹത്തെ പരിഗണിച്ചില്ല എങ്കിലും, വന്നപ്പോഴെക്കെ ഒരു മികച്ചത് നല്‍കിയിരുന്നു.

‘നിര്‍മ്മാല്യം’ ത്തിന്‍െ (1973) സംഗീതവുമായി ബന്ധപ്പെട്ടാണ് എം.ടി. വാസുദേവന്‍ നായര്‍ എം.ബി.എസുമായി ആദ്യം കണ്ടുമുട്ടുന്നത്. പശ്ചാത്തല സംഗീതം ഒരു കോലാഹലമായി മലയാള സിനിമയില്‍ ഉപയോഗിച്ചിരുന്ന കാലത്ത് അതിന്റെ വ്യത്യസ്തമായ വൈകികാരിക സാധ്യത കണ്ടെത്തിയ സംഗീത സംവിധായകനാണ് എം.ബി.എസ് എന്ന് എം.ടി മനസിലാക്കിയിരുന്നു. . സുദൃഡമായ, ഊഷ്മളമായ ഒരു സുഹൃദ് ബന്ധത്തിന്റെ ആരംഭമായിരുന്നു അത്. നിര്‍മാല്യത്തില്‍ ഇടശ്ശേരിയുടെ കവിതകള്‍ ഗാനമാക്കാന്‍ ഈണമിട്ടത് കെ. രാഘവനായിരുന്നു. നിര്‍മാല്യത്തിന്റെ പശ്ചാത്തല സംഗീതം ചെയ്യാനായി വന്ന എം.ബി.എസ് പടത്തില്‍ കെ. രാഘവന്‍ മാസ്റ്റര്‍ ഉപയാഗിച്ച നാടന്‍ പാട്ടുകള്‍ ചോദിച്ച് വാങ്ങി ശ്രദ്ധിച്ച് കേട്ടു. എന്നിട്ട് എം.ടിയോട് പറഞ്ഞു. ” ഇത് ചെയ്യാന്‍ രാഘവന്‍ മാസ്റ്റര്‍ക്കേ പറ്റൂ.
(വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ കാര്യം ചെമ്മീന്‍ സിനിമക്ക് സംഗീതം ചെയ്യാന്‍ വന്ന സലിന്‍ ചൗധരി പറഞ്ഞിരുന്നു അതാണ് രാഘവന്‍ മാസ്റ്ററുടെ പ്രതിഭ) . നിര്‍മ്മാല്യത്തിന് രാഘവന്‍ മാസ്റ്റര്‍ക്കും എം.ബി.എസിനും സംസ്ഥാന വ്യത്യസ്ത അവാര്‍ഡ് ലഭിച്ചു.

എം.ടി. എഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത വളര്‍ത്തുമൃഗങ്ങള്‍(1981) എന്ന സിനിമക്ക് ഗാനങ്ങള്‍ എഴുതേണ്ട യൂസഫലി കേച്ചേരിക്ക് അസുഖം ബാധിച്ച് അസൗകര്യം വന്നപ്പോള്‍ എന്‍.ബി.എസിന് വിദേശത്ത് പോകാന്‍ തിടുക്കമുള്ളതിനാല്‍ പാട്ടുകള്‍ ഉടനെ കിട്ടിയേ തീരു. ഒടുവില്‍ എം.ബി.എസിന്റ നിര്‍ബന്ധത്തിന് വഴങ്ങി എം.ടി തന്നെ 4 ഗാനങ്ങള്‍ എഴുതി. എം.ബി.എസ് ഈണമിട്ട അതിലെ യേശുദാസ് പാടിയ ‘ കാക്കാലന്‍ കളിയച്ഛന്‍ കണ്ണു തുറന്നു.’, ജാനകി പാടിയ ‘ ഒരു മുറിക്കണ്ണാടിയില്‍ ഒളിഞ്ഞു നോക്കി. എന്നിവ ശ്രദ്ധിക്കപ്പെട്ട പാട്ടുകളായിരുന്നു.

1978 എം.ടി. സംവിധാനം ചെയ്ത ‘ബന്ധനം’ത്തിലാണ് ജയചന്ദ്രനെ എം.ബി. ശ്രീനിവാസന്‍ ആദ്യമായി ഒരു ഗാനം പാടാന്‍ വിളിക്കുന്നത്. ഓ.എന്‍. വി യായിരുന്നു ഗാനരചന ചിത്രത്തില്‍ 3 പാട്ട് അതില്‍ ഒരു ഗാനം പുരുഷ-സ്ത്രീ ശബ്ദത്തില്‍ ആവര്‍ത്തിക്കുന്നതാണ്. ‘രാഗം ശ്രീരാഗം’ എന്ന ശുദ്ധ കര്‍ണ്ണാടക ക്ലാസിക്കല്‍ ഗാനം. ജയചന്ദ്രന്‍ തന്നെ അത് പാടണമെന്ന് എം.ടിക്ക് നിര്‍ബന്ധമായിരുന്നു. സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാത്ത ജയചന്ദ്രന്‍ ആ ഗാനത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു. നാലു രാഗങ്ങള്‍, വരുന്ന ഒരു രാഗമാലികയായിരുന്നു ഈ ഗാനം. പിന്‍ മാറാന്‍ ശ്രമിച്ച ജയചന്ദ്രന് ധൈര്യം കൊടുത്തത് ഉറ്റ മിത്രമായ സംഗീത സംവിധായകള്‍ കേശവന്‍ നമ്പൂതിരിയാണ് . ഇദ്ദേഹമാണ് ജയചന്ദ്രന്റെ ഏറ്റവും പ്രശസ്തമായ ഭക്തിഗാന സമാഹാരമായ ‘പുഷ്പാജ്ഞലി’ക്ക് ഈണം പകര്‍ന്നത്. ഓള്‍ ഇന്ത്യാ റേഡിയോവില്‍ സംഗീത വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന കേശവന്‍ നമ്പൂതിരി ജയചന്ദ്രനോട് പറഞ്ഞു ‘ നല്ലൊരവസരം ലഭിച്ചിട്ട് അത് നഷ്ടപ്പെടുത്തരുത്.

Discuss ONV and MBS

ഉൾക്കടൽ – ചിത്രത്തിൻ്റെ ഗാനങ്ങൾ – ചർച്ച ഓ. എൻ. വി., എം.ബി.എസ്സ്

തന്റെ ആത്മകഥയില്‍ ജയചന്ദ്രന്‍ ആ സന്ദര്‍ഭം ഓര്‍ക്കുന്നു.
‘ ഇത്ര നല്ലൊരരവസരം ലഭിച്ചിട്ട് ഭീരുവിനേപ്പോലെ ഒളിച്ചോടാനുള്ള എന്റെ തീരുമാനത്തെ അയാള്‍ എതിര്‍ത്തു. എന്നെ സ്വാധീനിക്കാന്‍ കഴിയുന്ന അപൂര്‍വ്വം വ്യക്തികളെ എന്റെ ജീവിതത്തിലുണ്ടായിട്ടുള്ളൂ. അയാള്‍ എന്നെ മാറ്റിയെടുത്തു. എനിക്ക് വേണ്ട ഊര്‍ജ്ജം നല്‍കി. എന്നെ പിടിച്ചു കൊണ്ടു പോയി എം. ബി. എസിന്റെ മുന്നിലിരുത്തി. അദ്ദേഹം പറഞ്ഞു ആ പാട് ഞാന്‍ നന്നായി പാടിയാല്‍ അവാര്‍ഡ് ലഭിക്കുമെന്ന്. അത്തരം ആഗ്രഹങ്ങളൊന്നും ഒരു കാലത്തും എനിക്കുണ്ടായിരുന്നില്ല. ഏതായാലും പഠിച്ച് നോക്കാന്‍ തീരുമാനിച്ചു.’
ഒരാഴ്ച കൊണ്ട് അത് ജയചന്ദ്രന്‍ പഠിച്ചു. എം.ബി.എസിന്റെ അസിസ്റ്റന്റ് നരസിംഹന്‍ പാട്ട് പറഞ്ഞു കൊടുത്തു സഹായിച്ചു. ‘ എന്റെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. ഏത് പാട്ടും പോലെ ഒരു പാട്ടു മാത്രമാണെന്ന് എനിക്ക് തോന്നി തുടങ്ങി’ ജയചന്ദ്രന്‍ എഴുതി.

നാല് രാഗങ്ങള്‍ സംഗമിക്കുന്ന രാഗം ശ്രീരാഗത്തില്‍ ഓരോ രാഗവും മാറുന്നത് ഓര്‍ക്കസ്ട്രയിലൂടെയാണ്. ഗായകന്‍ ഒരു രാഗം പാടി നിറുത്തുമ്പോള്‍ അടുത്ത രാഗം ഗായകന്‍ തുടങ്ങുമ്പോള്‍ അനുബന്ധമായി സംഗീതം. അതിന് ശേഷം അതേ രാഗത്തിലുള്ള ഗായകന്റെ ആലാപനത്തില്‍ വരികള്‍ അത് കഴിയുമ്പോള്‍ അടുത്ത രാഗം. ഇതിയിരുന്ന എം.ബി.എസ് സ്വീകരിച്ച രീതി. യേശുദാസിന്റെ ‘ നാദബ്രഹ്‌മത്തിന്‍ സാഗരം നീന്തി വരും’ എന്ന ഗാനത്തില്‍ ദേവരാജന്‍ മാസ്റ്റര്‍ ഇതേ ശൈലി സ്വീകരിച്ചിട്ടുണ്ട്. ‘ ബന്ധനത്തില്‍ കച്ചേരിയില്‍ അവതരിപ്പിച്ച ഗാനമാണ് ഇത്. ഈ ഗാനരംഗത്ത് പാടുന്നതായി അഭിനയിച്ചത്. മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ മലയാളം വകുപ്പ് മേധാവിയും എഴുത്തുകാരനും പണ്ഡിതനുമായ ഡോക്ടര്‍ എസ്.കെ. നായരാണ്. എം.ബി. എസ്സിന്റെ പ്രവചനം സത്യമായി. 1978 ലെ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌ക്കാരം രണ്ടാം തവണ ജയചന്ദ്രന് ലഭിച്ചു.

‘ വിട പറയും ദിനവധുവിന്‍ കവിളില്‍
വിടരും കുങ്കുമരാഗം മലയമാരുത രാഗം’
ഗാനം പാടിയവസാനിച്ചപ്പോള്‍ സ്വരങ്ങള്‍ ആത്മാവിന്‍ നിന്ന് പൊഴിയുന്ന പോലെ എനിക്കനുഭവപ്പെട്ടു. ജയചന്ദ്രന്‍ പിന്നിട് അനുസ്മരിച്ചു.
അടുത്ത വര്‍ഷം ‘ഉള്‍ക്കടല്‍’ (1979) എന്ന ചിത്രത്തില്‍ ജയചന്ദ്രന് എം.ബി.എസ് നല്‍കിയ ഗാനം മലയാളത്തിലെ ഏറ്റവും മികച്ച യുഗ്മഗാനങ്ങളിലൊന്നായി മാറി. കൂടെ പാടിയത് സെല്‍മ ജോര്‍ജ്ജ് ആയിരുന്നു. വ്യത്യസ്ത ഗായികയെന് സെല്‍മാ ജോര്‍ജിനെ ഈ ഗാനം അടയാളപ്പെടുത്തി. .

‘ ശരദിന്ദു മലദീപനാളം നീട്ടി
സുരഭിലയാമങ്ങള്‍ ശ്രുതി മീട്ടി.
ഇതുവരെ കാണാത്ത കടലിലേക്കോ
ഇനിയൊരു ജന്മത്തില്‍ കരയിലേക്കോ
മധുരമായ് പാടി വിളിക്കുന്ന
ആ രോ മധുരമായി പാടി വിളിക്കുന്നു.’

ഇന്നും റിയാലിറ്റി ഷോകളിലും ഗാനമേളകളിലും എറെ ആലപിക്കപ്പെടുന്ന ഒരു അനശ്വര ഗാനമായി ഇത് മാറി കഴിഞ്ഞു.

നിശബ്ദതയെ സംഗീതമാക്കി മാറ്റിയ എം.ബി.എസിന്റെ മറ്റൊരു സംഘാടക പാടവമായിരുന്നു. മദ്രാസിലെ സിനിമാ ചലച്ചിത്ര പ്രവര്‍ത്തകരുടെ യൂണിയന്‍ മദ്രാസ് മ്യൂസിക് അസോസിയേഷന്‍ എന്ന സംഘടന സ്ഥാപിച്ചത്. ഈ പ്രസ്ഥാനം വഴി കലാകാരന്മാരുടെ അവകാശങ്ങള്‍ നേടിയെടുത്തു. ചൂഷണത്തില്‍ നിന്ന് അവരെ സംരക്ഷിച്ച് അവരുടെ തൊഴിലിന് മാന്യതയും ജീവിത സുരക്ഷിത്വവും അര്‍ഹിക്കുന്ന വേതനവും അദ്ദേഹം സ്ഥാപിച്ച യൂണിയന്‍ വഴി കലാകാരമാര്‍ക്ക് ലഭിച്ചു. റെക്കോഡിംഗ് സ്റ്റുഡിയോകളില്‍ നിന്ന് കിട്ടുന്ന വേതനം മദ്യഷാപ്പുകളിലേക്ക് ഒഴുക്കി സ്വയം നശിക്കുന്ന വാദ്യകലാകാരമാരുടെ ജീവിതം മാറ്റി മറിച്ചത് ഈ യൂണിയനാണ്.

സാധാരണ യൂണിയന്‍ പ്രവര്‍ത്തനം പോലെയായിരുന്നില്ല. എം.ബി എസ് തന്റെ സംഘടനാ പ്രവര്‍ത്തനത്തെ കണ്ടിരുന്നത്. കലാകാരന്മാര്‍ക്ക് അവകാശങ്ങള്‍ നേടിക്കൊടുക്കുന്നതിനോടൊപ്പം ചലചിത്ര നിര്‍മ്മാതാക്കള്‍ക്ക് പ്രശ്‌നം സൃഷ്ടിക്കുന്ന കലാകാരന്മാരെ വേണ്ട രീതിയാല്‍ നിയന്ത്രിക്കാനും എം.ബി.എസ് ശ്രദ്ധാലുവായിരുന്നു.
റെക്കോഡിംഗ് വേളയില്‍ ഫൈനല്‍ റിഹേഴ്‌സല്‍ കഴിഞ്ഞ് ടേക്കിന് തയാറാകുമ്പോള്‍ അലസത കാണിക്കുന്ന വാദ്യകലാകാരന്‍മാരെ എം.ബി.എസ് ശക്തമായി താക്കീത് ചെയ്തിരുന്നു. റെക്കോര്‍ഡിംഗ് നടക്കുമ്പോള്‍ സമയം നഷ്ടപ്പെടുന്നുന്ന പ്രവണതക്കെതിരെ’ യൂണിയന്‍ സംഘാടകന്‍ എന്ന നിലയില്‍ അദ്ദേഹം ശക്തമായി പ്രതികരിച്ചു.

‘യൂണിയന്‍ നിങ്ങള്‍ക്ക് പ്രതിഫലം കൂട്ടാന്‍ സമരം ചെയ്യുന്നുണ്ട്. പക്ഷേ, നിര്‍മാതാക്കള്‍ക്ക് നല്ല സഹകരണം കിട്ടണം. അതിന് മനസില്ലാത്തവര്‍ റെക്കോഡിംഗിന് ഇനി ഒരിക്കലും പങ്കെടുക്കില്ല.’ ആ അജ്ഞാശക്തിയില്‍ അച്ചടക്കം സ്റ്റുഡിയോവില്‍ താനെ വന്നു. അരനൂറ്റാണ്ടു പിന്നിട്ട , എം.ബി എസ് രൂപം നല്‍കിയ മദ്രാസ് സിനി മ്യൂസിഷ്യന്‍സ് സംഘടന പിന്നീട് ചലചിത്ര രംഗത്തെ ഏറ്റവും സാമ്പത്തിക വളര്‍ച്ചയുള്ള ശക്തമായ പ്രസ്ഥാനമായിമായി മാറി.

മദ്രാസ് സിനി മ്യൂസിഷ്യന്‍സ് യൂണിയന്‍ കൂടാതെ തെന്നിന്ത്യയില്‍ വിവിധ മേഖലയിലെ സിനി ടെക്‌നീഷ്യന്‍സ് യൂണിയനുകളും അദ്ദേഹം സ്ഥാപിച്ചു. സംഗീതജ്ഞര്‍ക്ക് കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്ന് (സ്‌പോട്ട് പേയ്മെന്റ്) അദ്ദേഹം ഉറപ്പുവരുത്തി, കലാകാരന്മാരുടെ വൈദഗ്ധ്യവും അനുഭവപരിചയവും അടിസ്ഥാനമാക്കിയാണ് വേതനം നിശ്ചയിച്ചത്. അവരുടെ ജോലി സമയം ക്രമീകരിക്കുന്നതിലും അദ്ദേഹം സംവിധാനം ഉണ്ടാക്കി.

ദക്ഷിണാഫ്രിക്കയില്‍ നടന്ന ഒരു സംഗീത കണ്‍വെന്‍ഷനില്‍ പങ്കെടുത്ത എം.ബി. എസ് അവിടെ നടന്ന പകര്‍പ്പവകാശചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. ഹോട്ടലുകളിലും പൊതു സ്ഥലങ്ങളിലും പാട്ടുകള്‍ ഉപയോഗിക്കുന്നതിന് സംഗീത സംവിധായകര്‍ക്കും രചയിത ക്കള്‍ക്കും ചെറിയ പ്രതിഫലം പകര്‍ച്ചവകാശ ഫീസായി കൊടുക്കണമെന്ന് സുപ്രധാന തീരുമാനം വന്നത് ആ കണ്‍വെന്‍ഷനിലായിരുന്നു.

ഇന്ത്യയില്‍ മടങ്ങിയെത്തിയ എം.ബി.എസ് അത് സിനിമാ മേഖലയില്‍ നടപ്പിലാക്കാന്‍ ശ്രമം തുടങ്ങി. 1960 ഓഗസ്റ്റ് 20ന് Indian Performing Rights Society എന്ന സംഘടന നിലവില്‍ വന്നു. ഓര്‍ക്കസ് ട്രക്കാര്‍ക്കുള്ള തല്‍സമയ വേതനം (Spot Fee) , ഗാനരചയിതാക്കളുടേയും സംഗീത സംവിധായകര്‍ക്കും ബൗദ്ധികാവകാശം IPRS ഇന്ന് ഉറപ്പ് വരുന്നുന്നു. അത് കാരണം അവരുടെ ഗാനം ഉപയോഗിക്കുമ്പോള്‍ അവര്‍ക്ക് റോയല്‍റ്റി കൃത്യമായി ലഭിക്കുന്നു. കജഞട ന്റെ ആദ്യത്തെ ചെയര്‍ മാന്‍ കൂടിയായിരുന്നു എം.ബി. എസ്.

എം.ടി കഴിഞ്ഞാല്‍ എം.ബി.എസ് ആത്മ ബന്ധം പുലര്‍ത്തിയ രണ്ടു മലയാളി ചലചിത്ര സംവിധായകരായിരുന്നു. കെ.ജി. ജോര്‍ജും ലെനിന്‍ രാജേന്ദ്രനും. 80 കളിലെ സമാന്തര സിനിമയിലുടെ മലയാളത്തില്‍ വ്യത്യസ്ത സിനിമകളുമായി സഞ്ചരിച്ചവരായിരുന്നു ഈ രണ്ടു പേരും. ഒരു പാട് ഹിറ്റ് ഗാനങ്ങളൊരുക്കിയ മലയാളത്തിലെ പ്രശസ്തമായ ഓ. എന്‍. വി. എം.ബി.എസ് കൂട്ടു കെട്ടിന്റെ ഒരു പിടി ഹിറ്റ് ഗാനങ്ങള്‍ പിറന്നത് കെ. ജി. ജോര്‍ജ്ജ് സംവിധാനം ചെയ്ത 80 കളിലെ ചിത്രങ്ങളായിരുന്നു.

‘ അപ്ലെയ്ഡ് മ്യൂസിക്ക് എന്ന ആശയത്തോട് നൂറു ശതമാനം യോജിപ്പാണ് എം. ബി. എസ്സി നുണ്ടായിരുന്നത്. സിനിമയില്‍ സംഗീതത്തിന് സ്വതന്ത്രമായ നിലനില്‍പ്പില്ലെന്നും അത് സിനിമയിലെ സന്ദര്‍ഭത്തിനനുസരിച്ച് പ്രയോഗിക്കുന്ന കലമാത്രമാണെന്നും എം.ബി.എസ്. പറയുമായിരുന്നു. ഏതെങ്കിലും പ്രത്യേക ഈണം ഉപയോഗിക്കുന്നതിനേക്കാള്‍ ആ സിനിമയിലെ സന്ദര്‍ഭത്തിനും മൊത്തത്തിലുള്ള ഭാവത്തിനും ഇണങ്ങുന്ന സംഗീതം രചിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി.ട്രാക്ക് സിസ്റ്റം ആദ്യമായി മലയാളത്തില്‍ ഉപയോഗിച്ചതും എം.ബി.എസ്സാണ്.
എന്റെ കാഴ്ചപ്പാടുമായി ഏറ്റവും യോജിച്ച അഭിപ്രായമായിരുന്നു അത്. സിനിമയില്‍ ഒന്നും ആവര്‍ത്തിക്കരുതെന്ന അഭിപ്രായക്കാരനായ എനിക്ക് വ്യത്യസ്തമായ സംഗീതം ഓരോ ചിത്രത്തിലൂടെയും അദ്ദേഹം നല്‍കി. അത് കൊണ്ടു തന്നെ പലതും ആവര്‍ത്തിക്കാതിരിക്കാന്‍ എം. ബി. എസ്സിന്റെ സംഗീതം ആവര്‍ത്തിക്കേണ്ടി വന്നു. തന്റെ മികച്ച ചിത്രങ്ങള്‍ക്ക് ഈണം പകര്‍ന്ന എം.ബി. ശ്രീനിവാസനുമായുള്ള ആത്മബന്ധത്തെക്കുറിച്ച് അന്തരിച്ചു സംവിധായകന്‍ കെ.ജി . ജോര്‍ജ് ഒരിക്കല്‍ പറഞ്ഞു.
‘ഹൃദയം കൊണ്ട് ഇടപെട്ട സുഹൃത്ത്, വഴി കാട്ടി, ഗുരു ഒക്കെയായിരുന്നു. എനിക്ക് എം.ബി.എസ്സ്. കെ.ജി. ജോര്‍ജ് ഒരഭിമുഖത്തില്‍ പറഞ്ഞു.

ഉള്‍ക്കടലിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ വന്നപ്പോള്‍ ട്രെയിനില്‍ വെച്ച് എം.ബി.എസ്സ് ടി.ടി.ആര്‍ മായി ഉടക്കി. തീവണ്ടിയിലെ കോച്ചിലെ ഒരു ചാക്കിനെ കുറിച്ച് തുടങ്ങിയ വഴക്ക് ഒടുവില്‍ അദ്ദേഹത്തെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. വിവരമറിഞ്ഞ് എം.ടി യൊക്കെ ഇടപെട്ട് അന്നത്തെ മുഖ്യ മന്ത്രി പി.കെ. വാസുദേവന്‍ നായരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചു. ട്രെയിനില്‍ കണ്ട ചാക്കില്‍ കഞ്ചാവ് ആയിരുന്നു. ആയിടെ എം.ബി.എസ്സിന്റെ മകന്‍ കബീര്‍ മയക്കു മരുന്നിനടിമയായി ചികിത്സയിലായത് എം.ബി. എസ്സിനെ മാസസികമായി തകര്‍ത്തിരുന്നു. അതിന്റെ പ്രതികരണമായിരുന്നു ട്രെയിനില്‍ നടന്ന സംഭവം. എം.ബി. എസ്സിനെ സംഭവം നടന്നപ്പോള്‍ ആരും തിരിച്ചറിഞ്ഞില്ല എന്നതും കുഴപ്പമായി. പോലീസ് കസ്റ്റഡിയില്‍ നിന്ന് പുറത്ത് വന്ന എം.ബി.എസ്സ് ഷോക്കിലാന്നെങ്കിലും അതൊന്നു പുറത്ത് കാണിക്കാനെ അദ്ദേഹം ഗാനങ്ങള്‍ കമ്പോസ് ചെയ്യാന്‍ ഇരുന്നു. അദേഹം ഓ.എന്‍.വി യോട് പറഞ്ഞു. ‘ നമുക്ക് നമ്മുടെ പണി തുടങ്ങാം ഇതൊന്നും നമ്മുടെ
ക്രിയേറ്റി വിറ്റിയെ ബാധിക്കരുത്. ‘
തുടര്‍ന്ന് മൂന്ന് മനോഹര ഗാനങ്ങള്‍ എം.ബി. എസ്സ് ചിട്ടപ്പെടുത്തി.
കൃഷ്ണത്തുളസി കതിരുകള്‍ ചൂടിയ രശ്രു കുടീരം ഞാന്‍ ‘, നഷ്ടവസന്തത്തില്‍ തപ്ത നിശ്വാസമേ, ശരദിന്ദു മലദീപ നാളം നീട്ടി. യേശുദാസിന് സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്തത് ഇതിലെ ഗാനങ്ങളാണ്.

മലയാള സിനിമയില്‍ നവ്യാനുഭവങ്ങള്‍ സൃഷ്ടിച്ച കെ.ജി. ജോര്‍ജിന്റെ ‘ ‘യവനിക’ യിലെ എം.ബി. എസ്സ് ഈണമിട്ട ഓ.എന്‍.വി എഴുതിയ മൂന്നു ഗാനങ്ങളും ആ ചലചിത്രത്തെ മഹത്വരമാക്കുന്നതില്‍ നല്ല പങ്കു വഹിചിരുന്നു. സമ്പന്നമായ നാടക കാലത്ത് ആസ്വാദകരെ കൂട്ടിക്കൊണ്ടു പോകുന്ന ‘ നാടകാ അവതര ഗാനമായ ‘ ഭരത മുനിയൊരു കളം വരച്ചു’ തുടങ്ങുമ്പോള്‍ തന്നെ ചിത്രത്തെ നാടകം കാണുന്നതിലേക്ക് എത്തിക്കുന്നതാണ്. ഒരു കാലത്ത് കെ. പി. എ. സിയുമായി സഹകരിച്ച എം.ബി.എസ്സ് ആ നാടകാനുഭവം ഗാനങ്ങളില്‍ മനോഹരമായി സന്നിവേശിപ്പിച്ചു. ചെമ്പക പുഷ്പ സുവാസിത യാമം, മിഴികളില്‍ നിറകതിരായി, ഈ രണ്ടു പാടുകളും കെ.ജി. ജോര്‍ജ് ചിത്രങ്ങളില്‍ ഏറ്റവും ഔചിത്യ പൂര്‍വ്വം ചിത്രീകരിച്ച രണ്ട് മനോഹര ഗാനങ്ങളായി മാറി.

സംഗീതത്തിന്റെ സ്ഥിതിയും സ്ഥാനവുമറിയുന്ന അപൂര്‍വ പ്രതിഭാധനമാരില്‍ ഒരാളാണ് എം.ബി.എസ്സ്. ഒരിക്കല്‍ ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു. ലെനിന്റെ ആദ്യത്തെ 5 പടങ്ങളില്‍ സംഗീതം ചെയ്ത എം.ബി എസിന്റെ ഗാനങ്ങള്‍ 80 കളുടെ ആദ്യം കേരളത്തിലെ കാമ്പസുകള്‍ എറ്റെടുത്തവയാണ്. ചില്ലിലെ ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍’ മലയാള ചലചിത്ര ഗാനങ്ങളിലെ ഗൃഹാതുരത്വത്തിന്റെ മാസ്റ്റര്‍ പീസായി കണക്കാക്കുന്നു. അതിലെ ചൈത്രം ചായം ചാലിച്ചു. എന്ന ഗാനവും മലയാളികള്‍ മനസില്‍ ചില്ലിട്ട് സൂക്ഷിക്കുന്ന ഗാനമായി മാറി.

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത സ്വാതിതിരുനാള്‍ (1987) ലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ വന്ന എം.ബി.എസ് മൂന്ന് കാര്യങ്ങളാണ് ആവശ്യപ്പെട്ടതെന്ന് എം.ബി. എസ്സിന്റെ ജീവിത ചരിത്രമെഴുതിയ
എം.ഡി. മനോജ് എഴുതുന്നു.

1. സ്വാതിതിരുനാള്‍ സംഗീതം നന്നായി അറിയാവുന്ന ഒരു ശാസ്ത്രീയ സംഗീതജ്ഞനെ പരിചയപ്പെടുത്തുക.
2. തിരക്കില്ലാത്ത ഒരു സ്ഥലം വിശ്രമത്തിനായി പ്രശാന്തസുന്ദരമായ ഒരു പ്രകൃതി സങ്കേതം കണ്ടു പിടിക്കുക.
3. വിദേശ മദ്യത്തിന് പകരം മധുരക്കള്ള് തരപ്പെടുത്തുക.

എല്ലാം നടന്നു. അതുല്യ ഗായകന്‍ നെയ്യാറ്റിന്‍ കര വാസുദേവന്‍ എം.ബി. എസിനെ കാണാന്‍ എത്തി. വിശ്രമിക്കാന്‍ ശ്രീ നാരായണ ഗുരു ധ്യാനിച്ച കുന്നും പാറ കാണിച്ചു കൊടുത്തു. മധുരക്കള്ള് തരമാക്കാന്‍ സ്ഥലത്തെ ഒരു പ്രധാനിയെ ഏല്‍പിച്ചു. സ്വാതിതിരുനാള്‍, ഇരയിമ്മന്‍ തമ്പി, ത്യാഗരാജ സ്വാമികള്‍ എന്നിവരുടെ കൃതികള്‍ 12 ഗാനങ്ങളായി എം.ബി.എസ്സ് പടത്തിന് വേണ്ടി ചിട്ടപ്പെടുത്തി.

മൂന്ന് പ്രതിഭകള്‍ – ബാലമുരളി കൃഷ്ണയും , നെയ്യാറ്റിന്‍ കര വാസുദേവനും സാക്ഷാല്‍ യേശുദാസും ചേര്‍ന്ന് പാടിയ സ്വാതിതിരുന്നാള്‍ കൃതി
‘പന്നഗേന്ദ്ര ശയനാ പന്മനാഭ’ എന്ന ഗാനം അതിലെ ഏറ്റവും ശ്രദ്ധേയമായി.
157 ഓളം മലയാള ചലച്ചിത്ര ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ അദ്ദേഹത്തിന് നാലു് തവണ കേരള സര്‍ക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള ബഹുമതി ലഭിച്ചു.

MBS

എം.ബി.എസ്

ആകാശവാണിക്ക് വേണ്ടി 25 വിദ്യാര്‍ത്ഥികളുടെ സംഘത്തെ സുബ്രഹ്‌മണ്യ ഭാരതിയുടെ കവിതകള്‍ പാടിപ്പിച്ചാണ് 1970 ല്‍ മദ്രാസ് യൂത്ത് ക്വയര്‍ എം.ബി.എസ്സ് ആരംഭിച്ചത്. നിരവധി ഭാഷകളിലെ ഗാനങ്ങള്‍ അവര്‍ അവതരിപ്പിച്ചു. മത, ജാതി, വര്‍ണ ദേശ, ഭാഷ, രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ ഒന്നിപ്പിക്കുകയായിരുന്നു എം.ബി. എസ്സിന്റെ ലക്ഷ്യം.

ഗ്രീക്ക് നാടകങ്ങളില്‍ നിന്നാരംഭിച്ച കോറല്‍ സംഗീതം ഇന്ത്യയില്‍ പ്രചരിച്ചതില്‍ എം.ബി.എസ്സ് വലിയ പങ്കു വഹിച്ചു.(ഒരു ഗായകസംഘം അല്ലെങ്കില്‍ വലിയൊരു കൂട്ടം ഗായകര്‍ അവതരിപ്പിക്കുന്നതിനായി എഴുതിയ സംഗീതമാണ് കോറല്‍ സംഗീതം, ഓരോ ഭാഗത്തിനും ഒന്നിലധികം ശബ്ദങ്ങള്‍ നിയോഗിക്കപ്പെടുന്നു.) വിശാലമായൊരു ലോകത്തെ പടുത്തുയര്‍ത്താന്‍ കോറല്‍ സംഗീതത്തിന് സാധിക്കുമെന്ന് എം.ബി.എസ്സ് വിശ്വസിച്ചു.
‘1973 ല്‍ ചിത്രീകരണം ആരംഭിച്ച ജോണ്‍ എബ്രഹാമിന്റെ അഗ്രഹാരത്തിലെ കഴുതെ എന്ന ചിത്രത്തില്‍ നായകനായ
നാരായണ സ്വാമിയായി വേഷമിട്ടത് എം.ബി. ശ്രീനിവാസനായിരുന്നു.

ഒരു അരാജകവാദിയായിട്ടും ജോണ്‍ എബ്രഹാമിനോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് എം.ബി.എസ്സ് അഭിനയിച്ചത്. എന്നിട്ടും 5 വര്‍ഷം കഴിഞ്ഞാണ് പടം പൂര്‍ത്തിയായത്. പടം തമിഴ് ബ്രാഹ്‌മണരെ അപമാനിക്കുന്നതാണെന്ന വിവാദം തമിഴ് നാട്ടില്‍ പൊട്ടിപ്പുറപ്പെട്ടു. പ്രദര്‍ശിപ്പിക്കാന്‍ തിയേറ്റുകള്‍ നല്‍കരുതെന്ന് എം.ജി. ആര്‍ പ്രസ്താവനയിറക്കി.
ദൂരദര്‍ശനില്‍ പ്രക്ഷേപണം ചെയ്യാന്‍ നിശ്ചയിച്ച ദിവസം ആയിരത്തിലധികം ടെലാഗ്രാമുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി എന്നും ആര്‍. വെങ്കട്ടരാമന് ചെന്നു. അതോടെ ദൂരദര്‍ശന്‍ കഴുതയെ ടി വി യില്‍ കാണിക്കാതെ പുറത്താക്കി. പിന്നിട് ജോണ്‍ എബ്രഹാം വിഖ്യാതമായ ഇറ്റലിയിലെ പെസ്സാറോ ചലചിത്ര മേളയില്‍ തന്റെ കഴുതയുമായി പോയി രാഷ്ട്രാന്തര പ്രശസ്തനായി.

1988 ല്‍ ദേശീയ തലത്തില്‍ യൂത്ത് ക്വയറുകള്‍ സംഘടിപ്പിക്കുക എന്ന എം.ബി.എസ്സിന്റെ സംരംഭത്തിന് പ്രാഥമിക അംഗീകാരം കിട്ടിയ അവസരത്തില്‍ അദ്ദേഹം ലക്ഷദ്വീപിലായിരുന്നു. അവിടെ യുവാക്കളുടെ ഒരു ക്വയര്‍ പരിശീലിപ്പിക്കുമ്പോള്‍ ഹൃദയാഘാതം വന്ന് മാര്‍ച്ച് 9 ന് മരണമടയുകയായിരുന്നു. പിന്നീട് ഹെലികോപ്‌ററില്‍ ആദ്യം കൊച്ചിയിലും പിന്നീട് മദ്രാസിലേക്കും ഭൗതിക ശരീരം കൊണ്ടുപോയി.

മദ്രാസില്‍ പെരുമഴയായിരുന്നു. ശ്മശാനത്തില്‍ തങ്ങളെ ചേര്‍ത്ത് പിടിച്ച് സംഘടിപ്പിച്ച് , അവകാശങ്ങള്‍ നേടിയെടുത്ത തങ്ങളുടെ രക്ഷകനെ അവസാനമായി കാണാന്‍ കുറെ പഴയ വാദ്യ കലാകാരന്മാര്‍ ശ്മശാനത്തില്‍ എത്തിയിരുന്നു. ഭാരതീയാര്‍ മുതല്‍ ഭാസ്‌ക്കരന്‍ മാസ്റ്റര്‍ വരെയുള്ള കവികളുടെ രചനകള്‍ക്ക് ഈണം ചമച്ച് പാടിയ എം.ബി.എസ്സ് എന്ന് മൂന്നക്ഷരത്തില്‍ സിനിമാ ലോകം വിളിച്ചാദരിച്ച ആ സംഗീതജ്ഞന് അവസാനമായി ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍.

Content Summary: MBS: The composer who added color to songs with melodies

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×