June 04, 2026 |
Share on

ഒളിക്യാമറയില്‍ പകര്‍ത്തി അവര്‍ റോയിയെ ചതിക്കുകയായിരുന്നു; വെബ്സൈറ്റിനെതിരെ സഹോദരന്‍

റോയി അവസാനമായി ഭാര്യയുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ താന്‍ അവിടെ നേരിടുന്ന സാഹചര്യങ്ങളെക്കുറിച്ചു പറഞ്ഞിരുന്നു.

നാസിക്കിലെ പട്ടാള ബാരക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജവാന്‍ റോയി മാത്യുവിന്റെ സഹോദരന്‍ മാധ്യമങ്ങള്‍ക്കെതിരെ. റോയിയെ അവര്‍ ചതിക്കുക്കയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ ജോണ്‍ ആരോപിച്ചു. വീഡിയോ പുറത്തുവന്നതിനു ശേഷം റോയി ആകെ ടെന്‍ഷനിലായിരുന്നുവെന്നും തന്നെ ഉന്നതോദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞ് ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് റോയിയെക്കുറിച്ച് ഒരു വിവരവും കിട്ടിയിട്ടില്ലെന്ന് ജോണ്‍ പറഞ്ഞു.

‘സൈനികനോ അതോ ജോലിക്കാരനോ’ എന്ന പേരില്‍ ഫെബ്രുവരി 23-നാണ് ന്യൂസ് വെബ്‌സൈറ്റ് ആയ ക്യുന്റ്റ് ഒളികാമാറയില്‍ ചിത്രീകരിച്ച വാര്‍ത്ത പുറത്തു വിടുന്നത്. സൈന്യത്തിലെ സഹായക് സമ്പ്രദായം സംബന്ധിച്ചായിരുന്നു ഇത്. എന്നാല്‍ സംഭവം വിവാദമായതോടെ ക്യുന്റ്റ് ഇത് വെബ്സൈറ്റില്‍ നിന്ന് പിന്‍വലിച്ചു. ഫെബ്രുവരി 25-നാണ് റോയി ഇത് സംബന്ധിച്ച് ഭാര്യ ബിന്നിയോട് സംസാരിക്കുന്നത്. പിന്നെ റോയിയെക്കുറിച്ചുള്ള യാതൊരു വിവരവും ഇല്ല. ഇദ്ദേഹത്തെ കാണാനില്ലെന്ന് മനസിലായ ബന്ധുക്കള്‍ മുഖ്യമന്ത്രിയുടെയും കൊടിക്കുന്നില്‍ സുരേഷ് എംപി വഴിയും ആര്‍മിയുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഒടുവില്‍മരണവാര്‍ത്തയാണ് കുടുംബത്തെ തേടിയെത്തിയത്.

റോയി അവസാനമായി ഭാര്യയുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ താന്‍ അവിടെ നേരിടുന്ന സാഹചര്യങ്ങളെക്കുറിച്ചു പറഞ്ഞിരുന്നു. സംസാരത്തിനിടയില്‍ ഫോണ്‍ പെട്ടെന്നു കട്ട് ചെയ്യുകയായിരുന്നു. റോയി തന്നെ ഫോണ്‍ കട്ട് ചെയ്തതാണെന്നു ഞങ്ങള്‍ കരുതുന്നില്ല. അഥവ ഫോണ്‍ പെട്ടെന്നു കട്ട് ചെയ്തിട്ട്  റോയി നേരെ പോയി ആത്മഹത്യ ചെയ്തിരിക്കാമെന്നും വിശ്വാസിക്കാന്‍ കഴിയില്ല. ഒരുപക്ഷേ കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തുമെന്നു ഭയന്ന ആര്‍മിയിലെ ആരെങ്കിലുമാകാം റോയിയുടെ ഫോണ്‍ സംഭാഷണം പെട്ടെന്ന് അവസാനിപ്പിച്ചത്. റോയിയുടെ സ്വഭാവം അറിയുന്നതുകൊണ്ടു തന്നെ അവന്‍ ആത്മഹത്യ ചെയ്യാന്‍ മാത്രം ഭീരുവല്ല. തെറ്റായ എന്തിനോടും പ്രതികരിക്കാന്‍ റോയി എന്നും ധൈര്യപ്പെട്ടിരുന്നു. സാധാരണ പട്ടാളക്കാര്‍ മദ്യപിക്കാറുണ്ട്, എന്നാല്‍ റോയി മദ്യപിക്കാറുപോലമില്ലായിരുന്നു. അതുകൊണ്ടു തന്നെ റോയിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നതില്‍ സംശയമില്ല, അതൊരിക്കലും ആത്മഹത്യയാകാന്‍ വഴിയില്ല. സത്യം പുറത്തുവരണം; റോയി മാത്യുവിന്റെ ബന്ധുവായ ഷാജി പറയുന്നു.

ഫെബ്രുവരി 25 മുതല്‍ റോയി ജോലിക്ക് ഹാജരായിരുന്നില്ല എന്നാണു സൈന്യം പറയുന്നത്. അവധിക്കുള്ള അപേക്ഷയും നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഇക്കാര്യം പോലീസിനെ അറിയിച്ചിരുന്നു. മേലുദ്യോഗസ്ഥര്‍ക്കെതിരെ പറഞ്ഞതിന്റെ കുറ്റബോധം മൂലമായിരിക്കാം റോയി ആത്മഹത്യ ചെയ്തത് എന്നാണ് കരുതുന്നതെന്നും ആര്‍മി പറയുന്നു. വീഡിയോയില്‍ ആരുടേയും മുഖം കാണാന്‍ സാധിക്കില്ലെന്നും അതിനാല്‍ റോയിയെ ചോദ്യം ചെയ്യുക എന്ന സാഹചര്യം ഉദിക്കുന്നില്ലെന്നും സൈന്യം പറയുന്നു.

എന്നാല്‍ സഹോദരന്‍ പറയുന്നത്, മുഖം കാണിച്ചില്ലെങ്കില്‍ കൂടി ആരാണെന്ന് തിരിച്ചറിയാന്‍ കഴിയും. ആ വാര്‍ത്ത‍ വന്നതു മുതല്‍ റോയി കടുത്ത ആശങ്കയിലായിരുന്നു. താന്‍ പറയുന്ന കാര്യങ്ങള്‍ അവര്‍ ചിത്രീകരിക്കുന്നുണ്ടെന്നു റോയി അറിഞ്ഞിരുന്നില്ല. അവര്‍ അദ്ദേഹത്തെ വഞ്ചിക്കുകയായിരുന്നു- ജോണ്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

×