മലയാളത്തിന്റെ പ്രിയ നടൻ സലിം കുമാറിന് അന്ത്യോപചാരം അർപ്പിക്കാൻ പരവൂരിലെ ലാഫിങ് വില്ലയിലേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിന് ആളുകളാണ്. തന്റെ സ്വതസിദ്ധമായ നർമ്മ ബോധത്തിലൂടെ മലയാളിയെ നിർത്താതെ ചിരിപ്പിച്ച സലിം കുമാറിന്റെ അപ്രതീക്ഷിത വിയോഗം ചെറുതായൊന്നുമല്ല മലയാളിയെ ഞെട്ടിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന സംസ്കാര ചടങ്ങിൽ പങ്കെടുത്ത ഓൺലൈൻ മാധ്യമങ്ങളുടെ ഉന്തും തള്ളും കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. ഇതിൽ രൂക്ഷ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുൻ മാധ്യമപ്രവർത്തകയും നിർമാതാവുമായ സുപ്രിയ മേനോൻ.
‘വീണ്ടും ഒരു കുടുംബം തങ്ങളുടെ പ്രിയപ്പെട്ടവരോട് വിടപറയാന്‍ ശ്രമിക്കുന്നു, ഹൃദയഭേദകമായ ദുഃഖവും വേദനയും നിറഞ്ഞ ഒരു നിമിഷം. എന്നാല്‍ ഇവിടെ വീണ്ടും ക്യാമറകളുടെയും മൈക്കുകളുടെയും ഒരു കൂട്ടം, ഈ അവസാന വിടവാങ്ങല്‍ ക്ലോസപ്പില്‍ പകര്‍ത്താന്‍ ഇരയെ ലക്ഷ്യമാക്കി കൂടുതല്‍ അടുത്തെത്തുന്ന കഴുകന്മാരെപ്പോലെ തിരക്കുകൂട്ടുന്നു. കുറച്ച് സ്ഥലം തരൂവെന്നും പിന്നോട്ട് മാറൂവെന്നും സമാധാനത്തോടെ കരയണമെന്നും ആവശ്യപ്പെട്ട് മകന്‍ നിലവിളിക്കുന്നു. നാം എന്തായിത്തീര്‍ന്നിരിക്കുന്നു? തത്സമയം എല്ലാം അറിയാനുള്ള ഈ ആര്‍ത്തി, എല്ലാ മര്യാദയും അച്ചടക്കവും ലംഘിച്ചിരിക്കുന്നു. ആളുകളെ സമാധാനത്തോടെ ദുഃഖിക്കാന്‍ അനുവദിക്കുക, അവര്‍ക്ക് ഇതിനകം തന്നെ ധാരാളം വേദനയുണ്ട്. സ്വയം നിയന്ത്രണവും ദിശാബോധവും ഉണ്ടാകണം. ഇത് പത്രപ്രവര്‍ത്തനമല്ല, പ്രദര്‍ശനപരതയാണ്! ഇത് തികച്ചും അനാവശ്യവുമാണ്, സുപ്രിയ പറഞ്ഞു. മുമ്പ് നടന്‍ ശ്രീനിവാസൻറെ മരണ സമയത്തും സമാന സംഭവങ്ങള്‍ അരങ്ങേറിയപ്പോഴും സുപ്രിയ മേനോന്‍ പ്രതികരിച്ചിരുന്നു.
സലിം കുമാറിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാനെത്തിയ പൊലീസുകാര്‍ക്ക് പോലും ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നു മാധ്യമങ്ങളുടെ തിരക്ക്. ഇതോടെയാണ് ചന്തു സലിം കുമാര്‍ പ്രതികരിച്ചത്. സലിം കുമാറിന് അന്ത്യം ചുംബനം നല്‍കാന്‍ പോലും ബുദ്ധിമുട്ടേണ്ടി വന്നതോടെയാണ് ചന്തു മാധ്യമപ്രവര്‍ത്തകരോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടത്. നിങ്ങള്‍ക്ക് എന്താണ് വേണ്ടത്, മാറി നില്‍ക്കെടാ എന്ന് കരഞ്ഞുകൊണ്ട് ചന്തു പൊട്ടിത്തെറിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. സ്വന്തം അച്ഛന്‍ മരിച്ചു കിടക്കുമ്പോള്‍ പോലും യാതൊരു മര്യാദയുമില്ലാതെ മുഖത്തേക്ക് കാമറ നീട്ടുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് സൈബറിടങ്ങളിൽ ഉയരുന്നത്.