April 19, 2025 |

മറഡോണയുടെ മരണം; ഡോക്ടർമാരെ വിചാരണ ചെയ്യും, മരണത്തിലേക്ക് മനപൂർവ്വം തള്ളിവിട്ടുവെന്ന് ആരോപണം

മറഡോണ തലച്ചോറിൽ രക്തം കട്ടപിടിച്ചതിന് ശസ്ത്രക്രിയ നടത്തിയതിന് ശേഷമാണ് മരണപ്പെടുന്നത്

ഫുട്ബോൾ ഇതിഹാസം ഡീ​യാഗോ മറഡോണയുടെ മരണം, ചികിത്സിച്ച ഡോക്ടർമാരെ വിചാരണ ചെയ്യും. മറഡോണയെ അവസാന നാളുകളിൽ പരിചരിച്ച ഏഴ് ഡോക്ടർമാരാണ് കുറ്റകരമായ നരഹത്യയ്ക്ക് വിചാരണ നേരിടുക. വർഷങ്ങളായി കൊക്കെയ്നും മദ്യത്തിനും അടിമയായിരുന്ന മറഡോണ തലച്ചോറിൽ രക്തം കട്ടപിടിച്ചതിന് ശസ്ത്രക്രിയ നടത്തിയതിന് ശേഷമാണ് മരണപ്പെടുന്നത്. മറഡോണയുടെ മരണം മനപൂർവ്വമായ നരഹത്യയാണെന്ന് തെളി‍ഞ്ഞാൽ ഓരോരുത്തർക്കും 8 മുതൽ 25 വർഷം വരെ തടവ് അനുഭവിക്കേണ്ടി വന്നേക്കാം. കൊവിഡ് കാലത്തായിരുന്നു മറഡോണയുടെ മരണം. പതിനായിരകണക്കിന് ആളുകളായിരുന്നു മറഡോണയ്ക്ക് വിട നൽകാൻ അന്ന് എത്തിയത്. മറഡോണയുടെ കുടുംബാം​ഗങ്ങളും ഡോക്ടർമാരും ഉൾപ്പെടെ നൂറോളം ആളുകളെ കേസിൽ ചോദ്യം ചെയ്തേക്കും. ഹിയറിം​ഗുകൾ ജൂലൈ വരെ നീണ്ട് നിൽക്കുമെന്നാണ് പ്രതീക്ഷ. ശസ്ത്രക്രിയയ്ക്ക് രണ്ടാഴ്ചയ്ക്ക് ശേഷം ബ്യൂണിസ് ഐറിസിലെ ഒരു വാടകവീട്ടിൽ താമസിക്കുമ്പോഴാണ് മറഡോണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് കണ്ടെത്തിയിരുന്നു. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നെന്നും എന്നാൽ മറഡോണയെ ഉണർത്തരുതെന്ന് തനിക്ക് നിർദ്ദേശങ്ങൾ ലഭിച്ചിരുന്നുവെന്ന് പരിചരിച്ച നഴ്സ് വ്യക്തമാക്കിയിരുന്നു.

ചൊവ്വാഴ്ച ആരംഭിക്കുന്ന കേസിൽ മറഡോണയെ പരിചരിച്ചിരുന്ന ന്യൂറോ സർജൻ, സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, മെഡിക്കൽ കോർഡിനേറ്റർ, നഴ്‌സിംഗ് കോർഡിനേറ്റർ, ഡോക്ടർ, നഴ്‌സ് എന്നിവരാണ് പ്രതികൾ. മറഡോണയെ മരിച്ച നിലയിൽ കണ്ടെത്തിയ നഴ്സിനെ ‌ പ്രത്യേകം വിചാരണ ചെയ്യണമെന്ന ആവശ്യങ്ങളും ഉയരുന്നുണ്ട്. മറഡോണയ്ക്ക് ആശുപത്രിയിൽ നിന്ന് മനപ്പൂർവ്വം ഡിസ്ചാർജ് നൽകുകയും ഹോം കെയർ നൽകാൻ നിർദ്ദേശിച്ചതും പ്രത്യേക താത്പര്യത്തിന്റെ പുറത്താണെന്ന വാദങ്ങളും ഉയരുന്നു. മറഡോണയെ മരണത്തിലേക്ക് മനപൂർവ്വം തള്ളി വിടുകയായിരുന്നുവെന്നാണ് ആരോപണം. മറഡോണയ്ക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിരുന്നെങ്കിൽ അതിജീവിക്കാനുള്ള സാധ്യത വർദ്ധിച്ചേനെയെന്ന് 2021ൽ വിളിച്ചു ചേർത്ത 20 ഡോക്ടർമാരുടെ പാനൽ ചർച്ചകൾക്ക് ശേഷം വ്യക്തമാക്കി. മറഡോണയെ താമസിപ്പിച്ചിരുന്ന വീട്ടിൽ ഡിഫ്രിബിലേറ്റർ ഇല്ലായിരുന്നുവെന്നത് ശ്രദ്ധേയമാണ്. മറഡോണയുടെ ആരോഗ്യ അപകടത്തിലാണെന്ന് സൂചിപ്പിക്കുന്ന ഓഡിയോ, ടെക്സ്റ്റ് സന്ദേശങ്ങൾ മുമ്പ് ലഭിച്ചിരുന്നുവെന്ന് മറഡോണയുടെ കുടുംബം അവകാശപ്പെടുന്നുവെന്ന് മറഡോണയുടെ മകൻ ഡീഗ്യൂട്ടോയുടെ അഭിഭാഷകൻ മാരിയോ ബൗഡ്രി പറഞ്ഞു.മറഡോണയുടെ പെൺമക്കൾ ഇടപെടരുതെന്ന് ഉറപ്പുവരുത്താനായിരുന്നു മെഡിക്കൽ സംഘത്തിന്റെ ശ്രമമെന്ന് സന്ദേശങ്ങൾ ‌വ്യക്തമാക്കിയിരുന്നു. എന്നാൽ മരത്തിൽ തങ്ങൾക്കെതിരെയുള്ള ആരോപണങ്ങളെല്ലാം പ്രതികളെല്ലാം നിഷേധിക്കുന്നുമുണ്ട്.

തന്റെ കക്ഷി മറഡോണയുടെ ശാരീരിക ആരോഗ്യമല്ല, മാനസികാരോഗ്യമാണ് കൈകാര്യം ചെയ്യുന്നതെന്നും കുറ്റവിമുക്തനാക്കപ്പെടുന്നതിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും മനോരോഗ വിദഗ്ദ്ധയായ അഗസ്റ്റിന കൊസാച്ചോവിന്റെ അഭിഭാഷകൻ വാഡിം മിഷാൻചുക്ക് പറഞ്ഞു 1970കളിൽ അർജന്റീനോസ് ജൂനിയേഴ്‌സിന്റെ കളിക്കാരനെന്ന നിലയിൽ ഫുട്ബോൾ ആരാധകരുടെ ഹൃദയം കീഴടക്കിയ മറഡോണയ്ക്ക് നീതി ലഭിക്കണമെന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് നിരവധി ആളുകളാണ് രം​ഗത്ത് വന്നിരിക്കുന്നത്. “ഡീഗോയ്ക്ക് നീതി!” എന്ന് ആലേഖനം ചെയ്ത് ഗ്രാഫിറ്റികൾ കൊണ്ട് തെരുവിലെ ചുമരുകൾ നിറഞ്ഞിരിക്കയാണ്. 2020ൽ മറഡോണയുടെ മരണത്തിന് പിന്നാലെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. 12 മണിക്കൂര്‍ നേരം ആരും പരിശോധിച്ചില്ല, ആംബുലന്‍സ് എത്താന്‍ അരമണിക്കൂര്‍ വൈകി എന്നിവയാണ് പ്രധാന ആരോപണങ്ങൾ. പ്രതിസ്ഥാനത്ത് മറഡോണയുടെ സ്വന്തം ഡോക്ടർ ലിയോപോൾഡോ ലൂക്ക് ആയിരുന്നു. എന്നാൽ ആശുപത്രി വിടണമെന്ന് ആവശ്യപ്പെട്ടത് മറഡോണ ആണെന്ന് ആയിരുന്നു ഡോക്ടറുടെ വാദം. ആരോപണങ്ങളെ തുടർന്ന് ശാസ്ത്രീയ അന്വേഷണങ്ങൾ ആരംഭിച്ചിരുന്നു. ആന്തരികാവയങ്ങളും അന്ന് പരിശോധിച്ചിരുന്നു. ചികിത്സയിൽ പിഴവുണ്ടെന്ന ആരോപണത്തിലാണ് അന്നും ഇന്നും കുടുംബം ഉറച്ചു നിൽക്കുന്നത്

content summary: Medics involved in Diego Maradona’s care are set to stand trial, facing charges of criminal negligence.

Leave a Reply

Your email address will not be published. Required fields are marked *

×