പി വി അന്‍വറിനെ കാണാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പോയത് തെറ്റായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ശനിയാഴ്ച്ച രാത്രിയിലാണ് രാഹുല്‍ അന്‍വറിന്റെ വീട്ടിലെത്തിയത്. ഇത് വലിയ വിവാദമായതിനു പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ സതീശന്‍ രാഹുലിനെ തള്ളിപ്പറഞ്ഞത്. രാഹുല്‍ പോയത് ശരിയായില്ലെന്നും എന്നാല്‍ ഇതിന്റെ പേരില്‍ സംഘടനപരമായി രാഹുലിനെതിരേ നടപടിയെടുക്കുകയോ വിശദീകരണം ചോദിക്കുകയോ ചെയ്യില്ലെന്നും എന്നാല്‍ വ്യക്തിപരമായി രാഹുലിനെ ശാസിക്കുമെന്നുമാണ് സതീശന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
അന്‍വറിന്റെ അധ്യായം യുഡിഎഫ് അടച്ചു എന്നാണ് സതീശന്‍ വീണ്ടും വ്യക്തമാക്കിയത്. അന്‍വറുമായി ചര്‍ച്ച നടത്താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും, രാഹുലിന്റെ സന്ദര്‍ശനം പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂനിയര്‍ ആയിട്ടുള്ള ഒരു എംഎല്‍എയെ ആണോ ചുമതലപ്പെടുത്തുന്നതെന്നായിരുന്നു, രാഹുല്‍ അന്‍വറെ കണ്ടത് മുന്നണിയുടെയോ പാര്‍ട്ടിയുടെയോ നിര്‍ദേശപ്രകാരം അല്ലായിരുന്നുവെന്ന് വ്യക്തമാക്കാനായി സതീശന്‍ മുന്നോട്ടു വച്ച് മറുചോദ്യം.
രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നത്താന്‍ പോയത്. അദ്ദേഹം പോയത് തെറ്റാണ്. പോകാന്‍ പാടില്ലായിരുന്നു. യുഡിഎഫ് നേതൃത്വം ഒരു തീരുമാനം എടുത്ത്, ചര്‍ച്ചയുടെ വാതില്‍ അടച്ചപ്പോള്‍ അദ്ദേഹം പോയത് തെറ്റാണ്. ഞാന്‍ വിശദീകരണമൊന്നും ചോദിക്കില്ല. വ്യക്തിപരമായി അദ്ദേഹം എനിക്കെന്റെ സ്വന്തം അനിയനെപോലെയാണ്. നേരിട്ട കാണുമ്പോള്‍ ശാസിക്കും. സംഘടനപരമായിട്ടില്ല, വ്യക്തിപരമായി. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് ഇന്ന് രാവിലെ തന്നെ അദ്ദേഹത്തോട് പറഞ്ഞതാണ്” സതീശന്റെ വാക്കുകള്‍.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവര്‍ത്തിയില്‍ അമര്‍ഷമുണ്ടെങ്കിലും അദ്ദേഹത്തിനെതിരേ നടപടിയൊന്നും ഉണ്ടാകില്ലെന്നാണ് സതീശന്‍ ആവര്‍ത്തിക്കുന്നത്. അയാള്‍ തന്നത്താന്‍ പോയതിന് ഞങ്ങള്‍ എന്തു ചെയ്യാന്‍ പറ്റും എന്നാണ് സതീശന്‍ തിരിച്ചു ചോദിക്കുന്നത്. അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ അടച്ചു കഴിഞ്ഞതാണെന്നാണ് സതീശന്‍ ഉറപ്പിച്ചു പറയുന്നത്. യുഡിഎഫ് നേതാക്കളോ കോണ്‍ഗ്രസ് നേതാക്കളോ ഇനി അന്‍വറുമായി ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്നാണ് തീരുമാനമെന്നും സതീശന്‍ പറയുന്നു. അന്‍വറുമായുള്ള ചര്‍ച്ചയുടെ വാതില്‍ അടയ്ക്കാന്‍ യുഡിഎഫ് യോഗമാണ് തന്നെ ചുമതലപ്പെടുത്തിയതെന്നാണ് സതീശന്‍ പറയുന്നത്. അന്‍വറിന്റെ കാര്യത്തില്‍ എടുത്ത നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ തീരുമാനമെടുത്തതും യുഡിഎഫ് ആണ്. ആ തീരുമാനം യുഡിഎഫ് കണ്‍വീനര്‍ അന്‍വറിനെ അറിയിക്കുക, എന്നിട്ടും അന്‍വറിന്റെ ഭാഗത്ത് നിന്നും നെഗറ്റീവ് ആയാണ് പ്രതികരണണെങ്കില്‍ ആ വാതില്‍ അടച്ചേക്കുക, എന്നെയാണ് അതിന് ചുമതലപ്പെടുത്തിയത്. ആ വാതില്‍ ഇന്നലെ ഞാന്‍ അടച്ചു. ഇനി ചര്‍ച്ചയില്ല. ഇനി ചര്‍ച്ച ചെയ്യാന്‍ പോകുന്നതൊക്കെ വേറെ വല്ല കാര്യങ്ങളും സംസാരിക്കാന്‍ വേണ്ടിയായിരിക്കുമെന്നു കൂടി രാഹുലിന്റെ പ്രവര്‍ത്തിയെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് സതീശന്‍ തന്റെ അതൃപ്തി വ്യക്തമാക്കുന്നുണ്ട്.
രാത്രിയില്‍ അന്‍വറിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയത് പുറത്തറിഞ്ഞതോടെ സ്വയം പ്രതിരോധത്തിനാണ് രാഹുലും ശ്രമിച്ചത്. പാര്‍ട്ടിയോ മുന്നണിയോ പറഞ്ഞിട്ടില്ല കൂടിക്കാഴ്ച്ച നടത്തിയതെന്നാണ് രാഹുല്‍ നല്‍കുന്ന വിശദീകരണം. പിണറായിസത്തിന്റെ ഇരയാണ് താനും അന്‍വറുമെന്നും അതുകൊണ്ടാണ് കൂടിക്കാഴ്ച്ചയ്ക്ക് പോയതെന്നാണ് രാഹുല്‍ പറയുന്നത്. പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ അന്‍വറിന്റെ ലക്ഷ്യം മാറരുതെന്ന് അദ്ദേഹത്തെ ഉപദേശിക്കുക കൂടി കൂടിക്കാഴ്ച്ചയിലെ തന്റെ ആവശ്യമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. Meeting with PV Anwar, VD Satheesan criticizes Rahul Mamkootathil
Content Summary; Meeting with PV Anwar, VD Satheesan criticizes Rahul Mamkootathil
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.