നിറമുള്ള നിഴലുകള്‍; വിലാസിനിയുടെ ഓര്‍മദിവസം

'അവകാശികള്‍' എഴുതിത്തീര്‍ന്നപ്പോള്‍ ജീവിതം ശൂന്യമായിത്തോന്നി എന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്

Vilasini-Novelist

കൗമാരവായനകളെ ഹരം പിടിപ്പിച്ച ഗംഭീര എഴുത്തായിരുന്നു വിലാസിനിയുടേത്. എം.ടിയ്ക്കും വിജയനും ശേഷം, അല്ലെങ്കില്‍ അവരോടൊപ്പം തന്നെ ആരാധനയോടെ നോക്കി നിന്ന പ്രിയപ്പെട്ട എന്റെ എഴുത്തുകാരന്‍. തൃശൂര്‍ വടക്കാഞ്ചേരി കരുമത്ര ഗ്രാമത്തില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കുകയും മലേഷ്യയുടേയും സിംഗപ്പൂരിന്റേയും ഭൂമികയിലിരുന്ന് നാടിന്റെ മിടിപ്പുകളെ ആവാഹിച്ചെഴുതുകയും മേളപ്പദം നിറഞ്ഞ ഗ്രാമങ്ങളുടെ ആത്മാവുകളിലൂടെ സര്‍ഗസഞ്ചാരം നടത്തുകയും ചെയ്ത മൂര്‍ക്കനാട്ട് കൃഷ്ണന്‍കുട്ടി മേനോന്‍ (എം.കെ. മേനോന്‍) എന്ന വിലാസിനിയുടെ ഓര്‍മദിവസമാണിന്ന്.

നേരില്‍ കാണണമെന്നും സംസാരിക്കണമെന്നും ഞാനേറെ ആഗ്രഹിച്ച എഴുത്തുകാരനാണ് വിലാസിനി. അദ്ദേഹത്തിന്റെ ബന്ധുവും എഴുത്തുകാരനുമായ സേതുമാധവന്‍ മച്ചാടും ഞാനും കൂടി ഒരു വടക്കാഞ്ചേരി യാത്രയ്ക്ക് പ്ലാനിടുകയും ചെയ്തതായിരുന്നു. അതിനിടെ 1993 മേയ് 13 ന് തിരുവനന്തപുരത്ത് നിന്ന് ഞങ്ങളിരുവരും തൃശൂര്‍ വഴിയുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ നാട്ടിലേക്ക് മടങ്ങാന്‍ നില്‍ക്കുമ്പോഴാണ് തമ്പാനൂര്‍ ബസ് സ്റ്റാന്റില്‍ കണ്ടുമുട്ടിയ കള്ളിക്കാട് രാമചന്ദ്രന്‍ (കലാകൗമുദി) വിലാസിനിയുടെ മരണവാര്‍ത്ത ഞങ്ങളെ അറിയിച്ചത്. ബസിലിരുന്ന് വിങ്ങിപ്പൊട്ടിയ സേതു. അന്നേരം വിലാസിനിയുടെ കഥാലോകത്തിലൂടെ യാത്ര ചെയ്യുകയായിരുന്നു ഞാന്‍. ആയിടയ്ക്ക് സമയമെടുത്ത് വായിച്ചുതീര്‍ത്ത, ഇന്ത്യന്‍ ഭാഷകളിലിറങ്ങിയ ഏറ്റവും ബൃഹത്തായ നോവല്‍ – അവകാശികള്‍ – എന്റെ മനസ്സിലേക്ക് കയറിവന്നു. ജിംഹോഫ്മാന്‍, വേലുണ്ണിക്കുറുപ്പ്, രാജേശ്വരി, സുഭദ്ര… ( പുലാവ്നൂറി എന്ന ക്വാലാലംപൂരിനടുത്ത സങ്കല്‍പനഗരം. മിന്നുന്ന മലേഷ്യന്‍ റോഡിലൂടെ രാജേശ്വരി കാറോടിച്ചു. മുയല്‍ക്കുട്ടിയെപ്പോലെ അവളുടെ ചുവന്ന കാര്‍ തുള്ളിച്ചാടിപ്പോയി…). ഊഞ്ഞാല്‍ (വിനോദിനി- അതോ ഉമയോ – വിലാസിനിയുടെ കാമുകിയായിരുന്നുവെന്ന് സേതു പറയുന്നു. ബോധധാരാ സങ്കേതത്തില്‍ ആദ്യമായി മലയാളത്തില്‍ വന്ന നോവലാകണം ഊഞ്ഞാല്‍. ഉവ്വ്, മലയാളത്തിന്റെ ജെയിംസ് ജോയ്സ്. ഓരോ ശ്വാസത്തിലുമുള്ള ആ വിളി: വിനു, വിനു, എന്റെ വിനു…രാജന്‍, ഉമ എന്നീ കഥാപാത്രങ്ങളെയും മലയാളികള്‍ക്ക് മറക്കാനാവില്ല. ഏജന്‍സ് ഫ്രാന്‍സ് പ്രസ് (എ.എഫ്.പി) തെക്കുകിഴക്കനേഷ്യന്‍ ഡയരക്ടറായി ജോലി ചെയ്യുന്നതിനിടെയാണ് സിംഗപ്പൂരിലിരുന്ന് വിലാസിനിയെന്ന എം.കെ മേനോന്‍ മലയാളത്തില്‍ പ്രശസ്തമായ നോവലുകളുമെഴുതിയത്. കൗമാരത്തിന്റെ മതിഭ്രമങ്ങളുടെ ആവിഷ്‌കാരമാണ് ചുണ്ടെലി എന്ന കൃതി. ചുണ്ടെലിയിലെ ശശിയുടെ മാനസികവിഭ്രാന്തി ബോധാബോധങ്ങളുടെ ഊഞ്ഞാലാട്ടത്തിലൂടെ വിലാസിനി അവതരിപ്പിച്ചു.
ഒന്നും ഓര്‍മയില്‍ സൂക്ഷിക്കാനില്ലാത്ത ഒരു കുട്ടിക്കാലത്തെക്കുറിച്ച് വിലാസിനി, ഇപ്പോള്‍ നമ്മോടൊപ്പമില്ലാത്ത എഴുത്തുകാരന്‍ ടി.വി കൊച്ചുബാവയോട് ഹൃദയം തുറന്നിരുന്നതോര്‍ക്കുന്നു. ശൈശവത്തിന്റെ കയ്പ് നിറഞ്ഞ നാളുകള്‍. ദുരന്തങ്ങളുടെ തോരാമഴ പെയ്ത കുട്ടിക്കാലം. ഏതോ നനഞ്ഞ പുലരിയില്‍ അച്ഛന്റെ മരണം. ലോകത്തിന്റെ വിശാലമായ കാഴ്ചപ്പുറങ്ങളിലേക്ക് അച്ഛന്റെ കാവിരലില്‍ തൂങ്ങിയുള്ള നടത്തത്തിന്റെ ഓര്‍മയില്‍ തകര്‍ന്നുപോയ മകന് മുമ്പില്‍ ശൂന്യത. പട്ടിണിയിലേക്കും ദു:ഖത്തിലേക്കും വഴുതിവീണ കുടുംബം. അമ്മയുടെ കണ്ണുനീര്‍. അമ്മ പക്ഷേ ധീരയായിരുന്നു. തളരാതെ മക്കളേയും കൊണ്ട് അവര്‍ എറണാകുളത്തെത്തി. അച്ഛന്റെ ഗ്രാറ്റ്വിറ്റി തുക കൊണ്ട് ഏറെ കഷ്ടപ്പെട്ട് മക്കളെ പഠിപ്പിച്ചു. അവര്‍ വളര്‍ന്ന് വലുതായി. എം.കെ മേനോന്‍ അധ്യാപകനായി, പത്രപ്രവര്‍ത്തകനായി, വിദേശത്ത് പോയി. പിന്നീട് വിലാസിനി എന്ന പേരില്‍ പ്രസിദ്ധ നോവലിസ്റ്റായി. എം.പി മേനോന്‍ ജഡ്ജിയായി. മക്കള്‍ നല്ല നിലയിലായത് കണ്ടാണ് ആ അമ്മ കണ്ണടച്ചത്.

‘എഴുത്തിന്റെ മതം സ്വീകരിക്കുമ്പോള്‍ നാം സ്വകാര്യമായ ഒരു ലോകം നിര്‍മിക്കുകയാണ്. അവിടെ വീടില്ല, ബന്ധുക്കളില്ല, കൂട്ടുകാരോ ബാഹ്യജീവിതം തന്നെയോ നാമറിയാതെ അപ്രസക്തമാകുന്നു. ഒരാളുടെ ജീവിതം വീണ്ടും ജീവിക്കേണ്ടി വരുന്ന അവസ്ഥ വേദനാജനകമാണ്. പക്ഷെ മാറ്റു മാര്‍ഗമില്ല. എഴുത്തിന്റെ ലോകത്ത് വിട്ടുവീഴ്ചകള്‍ അരുത്. സമൂഹം നമ്മെ ഒറ്റപ്പെടുത്തും. പരിഹസിക്കും. കുടുംബ ജീവിതത്തില്‍ അസ്വാരസ്യം ഉണ്ടായെന്നു വരും. എഴുത്തിന്റെ ലോകം അസാധാരണമാം വിധം വിചിത്രമാണ്. ഒ.വി. വിജയന്‍ കാലങ്ങളോളം തന്റെ തോള്‍സഞ്ചിയില്‍ അസ്ഥി സഞ്ചയം പോലെ ‘ഖസാക്ക്’ കൊണ്ട് നടന്നു. വിലാസിനി ഏഴു വര്‍ഷം കൊണ്ടാണ് ‘അവകാശികള്‍’ പൂര്‍ത്തിയാക്കുന്നത്.

‘അവകാശികള്‍’ എഴുതിത്തീര്‍ന്നപ്പോള്‍ ജീവിതം ശൂന്യമായിത്തോന്നി എന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഒരു ജന്മത്തില്‍ ഇരുജന്മം ജീവിക്കേണ്ടി വന്നവരെക്കുറിച്ച് കേട്ടിട്ടില്ലേ? ഒരു ജന്മത്തില്‍ ഒരു നൂറു ജന്മം ജീവിക്കാന്‍ വിധിക്കപ്പെട്ടവനാണ് നോവലിസ്റ്റ്. മുന്നോട്ടു നോക്കിയാല്‍ അറ്റമില്ലാത്ത ശൂന്യത മാത്രം കാണുന്ന, കഥയും കഥാപാത്രങ്ങളും മരവിച്ചു നില്‍ക്കുന്ന, നടത്തത്തിനിടയില്‍ അദൃശ്യമായ ഏതോ കറുത്ത കണ്ണാടിച്ചില്ലില്‍ ചെന്ന് തടഞ്ഞത് പോലെ അനുഭവപ്പെടുന്ന ആ സന്ദര്‍ഭങ്ങളില്‍ എല്ലാം വലിച്ചെറിഞ്ഞു കടന്നുപോകാനാണ് തോന്നുക. അതൊരനുഭവമായിരുന്നു. മാത്രമല്ല. ഒരു കണ്ടെത്തലും. പരസ്പരവിരുദ്ധമായ അനന്തവിവിധമായ വ്യക്തിത്വങ്ങളുള്ള ഇത്രയേറെ മനുഷ്യര്‍ എന്നിലുണ്ടെന്നത്, അവകാശികള്‍ എഴുതിത്തീര്‍ന്നപ്പോള്‍ മാത്രമാണ് ഞാനറിഞ്ഞത്. അസഹ്യമായ ഹൃദയവേദന അനുഭവിക്കുന്ന രാജേശ്വരിയായി വര്‍ഷങ്ങളോളം ഞാന്‍ ജീവിച്ചതാണ്. കൃഷ്ണനുണ്ണിയുടെ ധര്‍മസങ്കടം എന്നെ ശ്വാസം മുട്ടിച്ചിട്ടുണ്ട്. ‘തുടക്കത്തില്‍’ ബിന്ദുവായും ‘ചുണ്ടെലി’ യില്‍ ശശിയായും ‘ ഇണങ്ങാത്ത കണ്ണികളില്‍’ ഉമയും രാജനും പണിക്കരുമായി അങ്ങനെ ഞാന്‍ ജീവിച്ചു. അവരുടെ ശരീരത്തിലും മനസ്സിലും അവരായി ഞാന്‍ നിറഞ്ഞു.

തുടക്കം, ചുണ്ടെലി, ഇണങ്ങാത്ത കണ്ണികള്‍, യാത്രാമുഖം, നിറമുള്ള നിഴലുകള്‍.. വിലാസിനിയുടെ മാസ്റ്റര്‍ പീസുകള്‍. ‘അവകാശികളാ’ കട്ടെ, വിലാസിനിയെന്ന എഴുത്തുകാരനെ ഇന്ത്യന്‍ സാഹിത്യത്തിന്റെ ഉത്തുംഗപദങ്ങളിലെത്തിച്ചു. സാദിഖ് ഹിദായത്തിന്റെ പേര്‍ഷ്യന്‍ നോവല്‍ – ബൂഫ് എ കൂര്‍ – ‘കുരുടന്‍ മൂങ്ങ ‘ എന്ന പേരില്‍ വിലാസിനി പരിഭാഷപ്പെടുത്തി. ജുവാന്‍ റൂള്‍ഫോയുടെ പെഡ്രോ പരാമോ എന്ന കൃതിയും ജാപ്പനീസ് സാഹിത്യത്തിലെ മികച്ച കൃതിയായ ഹൗസ് ഓഫ് സ്ലീപിംഗ് ബ്യൂട്ടീസ് – യസുനാരി കവാബത – സഹശയനം എന്ന നോവലും മലയാളത്തിലേക്ക് തര്‍ജമ ചെയ്തത് വിലാസിനിയാണ്. സഹശയനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട രചനയാണ്. മലയാളത്തിലെ ജേണലിസം വിദ്യാര്‍ഥികളെ ഉദ്ദേശിച്ച്, അന്താരാഷ്ട്രരംഗത്ത് പ്രശസ്തി കൈവരിച്ച പ്രമുഖ പത്രപത്രപ്രവര്‍ത്തകന്‍ കൂടിയായ വിലാസിനിയെഴുതിയ പഠനാര്‍ഹമായ ഗ്രന്ഥമാണ് ‘സ്വ.ലേ’. കൈത്തിരി (കവിതാസമാഹാരം), ഉതിര്‍മണികള്‍, നോവലിലേക്കൊരു കിളിവാതില്‍, പ്രത്യക്ഷവല്‍ക്കരണം നോവലില്‍ തുടങ്ങിയ ഗ്രന്ഥങ്ങളും വിലാസിനിയുടെ ക്രെഡിറ്റിലുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടേയും കേരള സാഹിത്യ അക്കാദമിയുടേയും അവാര്‍ഡുകള്‍ ലഭിച്ച വിലാസിനിയ്ക്ക് വയലാര്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു.

1970 ജനുവരി ഒന്നിനാണ് വിലാസിനി ‘അവകാശികള്‍’ എന്ന ഏറ്റവും വലിയ നോവലിന്റെ പണിപ്പുരയില്‍ പ്രവേശിക്കുന്നത്. ആദ്യവാചകം ഇങ്ങനെയായിരുന്നു: വസന്തം തിരുമിഴി തുറക്കുമ്പോള്‍ മഞ്ഞുരുകിയ കുന്നിന്‍ കവിളിലൂടെ ഒലിച്ചിറങ്ങുന്ന കൊച്ചരുവിയെയാണ് ഇവള്‍ ഓര്‍മിപ്പിക്കുന്നത്.

ഇടയ്ക്ക് നിര്‍ത്തിയും തുടര്‍ന്നും നോവലെഴുത്ത് പുരോഗമിച്ചു. ദിവസവും അഞ്ചാറ് പേജ് വച്ചെഴുതി. 1977 ആവുമ്പോഴേക്കും – അതായത് ഏഴുകൊല്ലം – മനസ്സില്‍ പലവട്ടം എഴുതിയും തിരുത്തിയും നോവല്‍ 6275 പേജിലെത്തി. അടുക്കിവെച്ചാല്‍ ഒന്നരയടി ഉയരം. അവകാശികള്‍ എന്ന നോവലിന്റെ ആ കൈയെഴുത്ത് പ്രതി നോക്കിയിരിക്കെ, വിലാസിനിയുടെ കണ്ണ് നിറഞ്ഞു. അവകാശികള്‍ക്ക് വേണ്ടി തയാറാക്കിയ ഇന്‍ഡെക്സുകള്‍, അത് നോവലിനെക്കാള്‍ വലിയ പുതുമയായിരുന്നു. ആ കാര്‍ഡുകള്‍ മേനോന്‍ മരണം വരെ സൂക്ഷിച്ചു. കഥാപാത്രങ്ങളുടെ പേരും വയസ്സും രേഖപ്പെടുത്തിയ ഇന്‍ഡെക്സ് കാര്‍ഡുകള്‍.

നോവല്‍ പുറത്തിറങ്ങി. വമ്പിച്ച പ്രതികരണങ്ങള്‍ – അനുകൂലമായും പ്രതികൂലമായും. സുഗതകുമാരി വിലാസിനിക്കെഴുതി: ‘അവകാശികള്‍’ വായിച്ചു. പല ദിവസത്തെ ഉറക്കത്തെ സൈ്വരമില്ലാതാക്കി. തികച്ചും ഏകാന്തവും ശോകസ്നേഹങ്ങള്‍ കൊണ്ട് ആര്‍ദ്രവുമായിരുന്നു നോവലിന്റെ വായനാനുഭവം.

ഔദ്യോഗികമായി സ്വന്തം പേര് വെച്ചെഴുതാന്‍ ചട്ടങ്ങള്‍ തടസ്സമായത് കൊണ്ടാണ് എം.കെ മേനോന്‍, തൂലികാനാമം ഉപയോഗിച്ചത്. സുഷമ, തുളസി, വിലാസിനി തുടങ്ങിയ സ്ത്രീനാമങ്ങള്‍ സ്വീകരിച്ച് എഴുതുകയും അവ ഈ പേരുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ മൂന്നു പേരുകളില്‍ വിലാസിനിയോടായിരുന്നു കൂടുതല്‍ ഇഷ്ടം. ആ ഇഷ്ടത്തില്‍ നിന്ന് പിന്നീട് ഈ പേര് സ്ഥിരമാക്കി.
അവിവാഹിതനായി ജീവിച്ച മേനോന്റെ ഏതോ തകര്‍ന്ന പഴയ പ്രണയകഥയിലെ നായികയാണ് വിലാസിനിയെന്നും കേട്ടിരുന്നു.

Content Summary : Memories of M.K. Menon, the renowned Malayalam writer famously known by his pen name Vilasini. Avakashikal Novel

മുസാഫിര്‍

സൗദി അറേബ്യയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

More Posts

This post was last modified on May 13, 2026 5:21 pm

മുസാഫിര്‍: സൗദി അറേബ്യയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍
Related Post
Leave a Comment