ഹൈറുന്നീസ.പി
അടിവയര്‍ വലിഞ്ഞു മുറുകുന്ന വേദനയാണ് മിക്ക ആര്‍ത്തവ ഓര്‍മ്മകളും. അതിനേക്കാള്‍ വലിച്ചു കെട്ടിയ മറ്റൊരു വേദനയായിരുന്നു ആര്‍ത്തവത്തോടൊപ്പം എന്നിലേക്ക് കടന്നു വന്ന പലവക പേടികള്‍. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഏറിയും കുറഞ്ഞും എന്നെ ഭരിച്ചുകൊണ്ടിരുന്ന പേടികള്‍. പിന്നീട് ജീവിതത്തിന്റെ ലക്ഷ്യവും മാനവുമായി മാറിയ സ്വാതന്ത്ര്യം എന്ന വലിയ ആശയത്തിലേക്ക് എന്നെ കൊണ്ടു വന്നു നിര്‍ത്തിയതും ഇതേ പേടികളായിരുന്നു.
ഞാന്‍ ആദ്യമായി ആര്‍ത്തവപ്പെടുന്നത് ഒമ്പതാംക്ലാസിലെ കാല്‍ക്കൊല്ല പരീക്ഷയുടെ ഇടയ്ക്കുള്ള അവധി ദിവസത്തിലാണ്. മഞ്ഞളും എണ്ണയും തേച്ച് കുളിച്ച് തുടയിടുക്കില്‍ അസ്വസ്ഥയുടെ ‘എക്‌സ്ട്രാ ഫിറ്റിങു’മായി പഠിക്കാന്‍ ബാക്കിയുണ്ടായിരുന്ന പാഠങ്ങള്‍ ഞാന്‍ പഠിച്ചു തീര്‍ത്തു. കാല്‍ വണ്ണയിലോ കൈവെള്ളയിലോ പറ്റിപ്പിടിച്ചു കിടക്കുന്ന മഞ്ഞ നിറം ക്ലാസിലെ ആണ്‍കുട്ടികള്‍ കണ്ടെടുക്കുമോ എന്നതായിരുന്നു അന്നത്തെ പേടി. കൂടാതെ വരമ്പത്തു നിന്ന് മെയിന്‍ റോഡിലേക്കുള്ള കയലാംകുറ്റി* മുറിച്ചു കടക്കുമ്പോള്‍ നീളത്തില്‍ വലിച്ചു മുറുക്കിയുടുത്ത തുണിക്കഷണം അഴിഞ്ഞെങ്ങാന്‍ പോരുമോ എന്ന പേടി വേറെയും. എത്രയും പെട്ടെന്ന് ഈ വക പേടികള്‍ മാറി ഞാന്‍ സ്വൈര്യ ജീവിതത്തിലേക്ക് മടങ്ങി വരുന്നതും സ്വപ്‌നം കണ്ടായിരുന്നു ആ രാത്രികള്‍ ഒടുങ്ങിയിരുന്നത്.
ആര്‍ത്തവം ശീലങ്ങളിലേക്ക് കുടിയേറിപാര്‍ക്കാന്‍ തുടങ്ങിയ സമയത്താണ് ഒരു ദിവസം ചോര പടര്‍ന്ന യൂണിഫോമുമായി സ്‌കൂള്‍ ഗ്രൗണ്ടിലൂടെ നടന്നു പോയതിന് ആണ്‍കുട്ടികള്‍ ഒരു പെണ്‍കുട്ടിയെ കൂവുന്നത് കണ്ടത്. ക്രിക്കറ്റ് കളിയും നിര്‍ത്തി ആണ്‍കുട്ടികളില്‍ പലരും കൂവുകയും പലരും ചിരിക്കുകയും ചെയ്തപ്പോള്‍ ആ പെണ്‍കുട്ടി കരഞ്ഞുകൊണ്ട് ഗ്രൗണ്ടിലൂടെ ഓടി. തിയ്യതി അല്ലെന്നറിയാമായിരുന്നിട്ടും ഞാന്‍ എന്റെ ചുരിദാര്‍ മുന്നിലേക്ക് വലിച്ചു വലിച്ച് നോക്കി. വല്ല കറയും പറ്റിയിട്ടുണ്ടോ?
പിന്നെയോരോ തവണയും പേടിയാണ്. പി.ടി പിരീഡ് ആവുമ്പോള്‍, നീണ്ട ക്ലാസിനു ശേഷം ബെഞ്ചില്‍ നിന്നെഴുന്നേല്‍ക്കുമ്പോള്‍, നടക്കുമ്പോള്‍, ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ അങ്ങനെയങ്ങനെ. ചുരിദാറിനു പിന്നില്‍ ചോര പടര്‍ന്നാല്‍ ആത്മഹത്യ ചെയ്തു കളയേണ്ടി വരുമെന്ന അവസ്ഥ. ഒരുതരം അടിയന്തരാവസ്ഥ തന്നെയാണ് അതും. കര്‍ഫ്യൂ പ്രഖ്യാപിക്കപ്പെട്ട നിരത്തിലൂടെ രേഖകളില്ലാതെ നടന്നു പോകുന്ന നിയമലംഘകയെ പോലെ.
ഏഴുദിവസത്തെ നിരോധനം തീരുമ്പോള്‍ വൈകുന്നേരക്കളികളില്‍ പിന്നെയും പങ്കു കൊള്ളാമെന്നും മാവിന്റെ മോളില്‍ കയറി ബഷീറിന്റെ പുസ്തകങ്ങള്‍ വായിച്ചിരിക്കാമെന്നുമൊക്കെയായിരുന്നു എന്റെ ധാരണ. എന്നാല്‍ ഇനി ഒന്നും പാടില്ല, വീട്ടില്‍ തന്നെ കാണണം എപ്പോഴുമെന്ന താക്കീത് വഴി തെറ്റി വന്ന ഒരുല്‍ക്ക തലയില്‍ വന്നു വീണതു പോലെയായിരുന്നു. എക്കാലത്തേക്കുമായിട്ടാണ് ആ റിട്ടയര്‍മെന്റ് എന്ന യാഥാര്‍ത്ഥ്യം ഓര്‍മ്മപ്പെടുമ്പോഴൊക്കെ ഉല്‍ക്കകള്‍ വന്നു വീണു കൊണ്ടേയിരുന്നു..

പുറത്തിറങ്ങാതെ ഉച്ചവെയിലു കൊള്ളാതെ മുഖം വെളുത്തപ്പോള്‍ ആ വെളുപ്പിനെ പോലും ഞാന്‍ പേടിച്ചിരുന്നു. അങ്ങനെ അടഞ്ഞു കൂടി വീട്ടില്‍ തന്നെയിരിക്കുമ്പോഴാണ് ഏതെങ്കിലും വിരുന്നുകാരില്‍ നിന്നു ഇഷ്ടപ്പെടാത്ത മോഡലിലുള്ള കൂട്ടിപ്പിടുത്തങ്ങളും സ്‌നേഹ പ്രകടനങ്ങളുമുണ്ടാവുകയെന്ന കൂട്ടുകാരികളുടെ മുന്നറിയിപ്പുകളും പേടിയുണ്ടാക്കിക്കൊണ്ടിരുന്നു. അങ്ങനെ ആകെ മൊത്തം പേടിയുടെ ഉത്പാദന-വിതരണ ശാലയായി ഞാന്‍ മാറി. എന്റെ മുഖം എന്നെത്തന്നെ എപ്പോഴും ‘ബിവെയര്‍ ഓഫ് ഡോഗ്‌സ്’ എന്ന ബോര്‍ഡിനെ ഓര്‍മ്മിപ്പിച്ചു.
എങ്ങനെയാണ് വിരുന്നുകാരില്‍ ചിലര്‍ പെണ്‍കുട്ടികള്‍ ആര്‍ത്തവപ്പെട്ടു എന്നു മനസിലാക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചു. ഓ,, അത് അങ്ങനെയാവുമ്പൊഴേ ‘വേണ്ടപ്പെട്ടവരേയെല്ലാം’ വിളിച്ചറിയിക്കുമല്ലോ, അല്ലേ! വേണ്ടവര്‍ക്ക് വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ദേ ഇവള്‍ പാകമായിരിക്കുന്നു എന്ന പ്രഖ്യാപനം എനിക്ക് വിചിത്രമായി തോന്നി. ആര്‍ത്തവത്തോടെ അന്നു വരെ പരിഗണിക്കാതിരുന്ന പലരും പരിഗണിച്ചു കണ്ടുതുടങ്ങി. സ്‌നേഹത്തോടെ അവര്‍ അടുത്തേക്ക് വിളിക്കുമ്പോള്‍ തന്നെ ഞാനെന്റെ കേന്ദ്ര പ്രതിരോധ മന്ത്രിയാവും. കണ്ണുകള്‍ കൊണ്ടും കൈ വിരലുകള്‍ കൊണ്ടും ഞാന്‍ പ്രതിരോധത്തിന്റെ സൂചനകള്‍ നല്‍കി. ഭാഗ്യം! കൂട്ടുകാരികളെ പോലെ എനിക്ക് ഉറക്കം കളഞ്ഞ് എനിക്കു വേണ്ടി തന്നെ കാവലിരിക്കേണ്ടി വരികയോ, കുളുമുറിയിലോ കക്കൂസിലോ പോയി കരയുകയോ ചെയ്യേണ്ടി വന്നില്ല.
എങ്കിലും ആര്‍ത്തവ പ്രശ്‌നത്തെ ചൊല്ലി കരച്ചില്‍ തുടങ്ങാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല. വലിയ തോതിലുള്ള ചോരപ്പോക്കും (ബ്ലീഡിങ്) അസഹനീയമായ വേദനയും വളരെ പെട്ടെന്നു തന്നെ ഷെയ്ക്ഹാന്‍ഡ് തന്ന് രംഗത്തെത്തി. ചോര വാര്‍ന്ന്, ചിലപ്പോള്‍ ഛര്‍ദിച്ച് തളര്‍ന്ന് ഞാന്‍ വെള്ളം കോരി. സഹിക്കാതാവുമ്പോള്‍ ഉറക്കെയെങ്ങാന്‍ ഒന്നു കരഞ്ഞാല്‍ പിന്നെ, വീട്ടിലുള്ള സ്ത്രീകളുടെ വക ഉപദേശവും ശാസനയുമാണ്. മിണ്ടാന്‍ പാടില്ല. ആരും അറിയാന്‍ പാടില്ല എന്നൊക്കെ. ആണുങ്ങളാവട്ടെ, ഞങ്ങള്‍ അന്യഗ്രഹ ജീവികളാണെന്ന മട്ടില്‍ ഒന്നും അറിയാത്ത മട്ടില്‍ അങ്ങനെയിരിക്കും.
മുതിര്‍ന്നവരും കുട്ടികളുമായി 13 അംഗങ്ങളുണ്ടായിരുന്ന ഞങ്ങളുടെ കല്‍ക്കട്ട പാലസില്‍ ആകെയുണ്ടായിരുന്നത് ഒരു കുളിമുറിയായിരുന്നു. അവിടത്തെ വിശ്വവിഖ്യാതമായ ക്യൂ കഴിയുന്ന പാതിരാ നേരത്ത് കക്കാന്‍ ചെല്ലുന്നതു പോലെ ശബ്ദമില്ലാതെ വെള്ളം കോരി കുളിക്കേണ്ടി വരുന്ന അവസ്ഥയിലായിരുന്നു കരച്ചില്‍ ബ്രേക്കില്ലാതെ വന്നിരുന്നത്.
ചെമ്പോ പാത്രമോ തട്ടി ശബ്ദമുണ്ടാക്കിയാല്‍ കാരണോത്തിയുടെ (ഗൃഹനാഥ) വായില്‍ നിന്നും ദുഷിച്ചത് കേള്‍ക്കുമെന്ന പേടിയില്‍ ഒരു കുക്കുളി പാസാക്കും. പിന്നെ കുളിമുറിയില്‍ ചോരമണം അവശേഷിക്കുന്നുണ്ടോ, അവിടെ നിന്നുള്ള ചാലില്‍ ചോരപ്പൊട്ടുകള്‍ തങ്ങിക്കിടക്കുന്നുണ്ടോ എന്നങ്ങനെയുള്ള സി.ഐ.ഡി തല അന്വേഷണമാണ്. ഇതിലേതെങ്കിലും ഒന്ന് സംഭവിച്ചാല്‍ അന്ന് വിവരമറിയും. പകലാണെങ്കില്‍ അലക്കി വൃത്തിയാക്കി കൊണ്ടു വരുന്ന അടിത്തുണി മനുഷ്യര്‍ കാണാത്ത കോണുകളില്‍ വിരിക്കണം. തൊഴുത്തിന്റെ പിന്നിലുള്ള അയയിലോ, അനാവശ്യ സാധനങ്ങള്‍ ഡമ്പ് ചെയ്തിരിക്കുന്ന മുകളിലെ മുറിയിലെ തറ്റത്തെ അയയിലോ വിരിക്കാം. എന്തായാലും മനുഷ്യര്‍ കാണരുത്.
അങ്ങനെ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആത്മാക്കളെ കാണിക്കാതെ കുളുമുറി-അടുക്കള- ഡൈനിങ് റൂം എന്നീ ചെക്കപോസ്റ്റുകള്‍ വഴി അടിത്തുണി കടത്താന്‍ ഞങ്ങള്‍ മൂന്ന് പെണ്‍കുട്ടികളും സമര്‍ത്ഥരായിരുന്നു. സ്മഗ്ലിങ് അഥവാ കള്ളക്കടത്ത് തന്നെ!
അടുക്കളയില്‍ പെരുമാറുമ്പോള്‍ അതിലും വലിയ തൊട്ടുകൂടായ്മയായിരുന്നു. കറിവേപ്പിലയോ തുളസിയോ പൊട്ടിക്കാന്‍ മുറ്റത്തു പോകുമ്പോള്‍ ‘മാനിഷാദാ’ എന്ന ഭാവത്തില്‍ ഉമ്മ നോക്കും. ‘പാടില്ലാതിരിക്കുമ്പോള്‍ തൊട്ടാല്‍ കറിവേപ്പും തുളസിയും ഉണങ്ങു’മെന്നായിരുന്നു പ്രമാണം. ഞാനായിട്ട് ഉണക്കുന്നതെന്തിന്! ഞാന്‍ തൊട്ടുകൂടായ്മയുടെ കൂട്ടില്‍ അസംതൃപ്തയെങ്കിലും ഒരു സ്ഥിര അന്തേവാസിയായി.
ഇതെല്ലാം ഒരു കണക്കിന് സഹനീയമായിരുന്നു. ഏറ്റവും അസഹനീയമായ പേടിയും വേദനയും ഇതൊന്നുമായിരുന്നില്ല. സ്‌കൂളില്‍ പോകുമ്പോള്‍ ഇടക്കിടെ മാറ്റിയുടുക്കാന്‍ കഴിയാത്തതു കൊണ്ട് വലിയ തുണികളുടുത്താണ് പോവുക. അവ ഇരുന്ന് വിയര്‍ത്തും ഉരഞ്ഞും രണ്ടു വശത്തേയും തുടകള്‍ പൊട്ടും. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടക്കാന്‍ വയ്യാത്ത അവസ്ഥയാവും. ഓരോ അടി വെക്കുമ്പോഴും തേങ്ങല്‍ വരും. ഇനിയൊരടി വെക്കാന്‍ വയ്യെന്ന് തോന്നും. എങ്കിലും കാലുകള്‍ അകറ്റി വച്ച് നടക്കാന്‍ വയ്യല്ലോ! കുലീനകള്‍ക്ക് അത് സഭ്യമല്ലായിരുന്നു. ആരും കാണാത്ത ഇടവഴികളില്‍ വെച്ച് പേടിച്ച് പേടിച്ച് കാലുകള്‍ അകറ്റി, വലിച്ച് നടക്കും. വല്ലവരും വരുന്നതു കണ്ടാല്‍ വീണ്ടും കുലീനയാവും.
ഹാഹ്! അങ്ങനെയെത്ര കുലീനമരണങ്ങള്‍ സംഭവിച്ചുവെന്നോര്‍മ്മയില്ല. വീട്ടിലെത്തി നോക്കുമ്പോള്‍ തുടയില്‍ വിളര്‍ത്ത പിങ്കു നിറത്തില്‍ വലിയ മുറിവുകള്‍ കാണാം. അതു കാണുമ്പഴേ വേദനയും കരച്ചിലും പൂര്‍ണ്ണമാവുകയുള്ളൂ. വെളിച്ചെണ്ണ തേച്ച് രാത്രി മുഴുവന്‍ കിടന്ന് പിറ്റേന്ന് വീണ്ടും അതേ ചക്കില്‍ കറങ്ങി തിരിച്ചു വരും, ഇളം പിങ്ക് മുറിവുകളുമായി.
കൃത്യമായ പ്രാര്‍ത്ഥനയോ ഓത്തോ, നോമ്പോ ആര്‍ത്തവപ്പെട്ട പെണ്ണുങ്ങള്‍ക്കാവശ്യമുണ്ടായിരുന്നില്ല. ഒരു പ്രായം വരെ പാപങ്ങളെ ചെറുക്കുന്നതിനുള്ള നന്മകളില്‍ നിന്നും, പ്രായശ്ചിത്തങ്ങളില്‍ നിന്നും വിലക്കപ്പെടുമ്പോള്‍ എനിക്ക് പേടി തോന്നിയിരുന്നു. എന്റെ തുലാസ് തിന്മയുടെ വശത്തേക്ക് തൂങ്ങിയാലോ! ആ പേടി പിന്നീട് ക്രമേണ മാറി.
വളര്‍ന്നു വന്നതിനനുസരിച്ച് ചുറ്റുപാടുകളും മാറി. അതോടൊപ്പം ഞാനും മാറി. ആര്‍ത്തവപ്പേടികളില്‍ നിന്നാണ് ഞാന്‍ ഞാനായത്. എങ്കിലും ബെഞ്ചില്‍ നിന്നെഴുന്നേല്‍ക്കുമ്പോഴോ, നടക്കുമ്പോഴോ പേടിക്കുന്ന, ആര്‍ത്തവമതിയായതിനെ തുടര്‍ന്ന് വിരുന്നു രാത്രികളില്‍ സ്വയം കാവലിരിക്കുന്ന, വേദനപ്പെടുമ്പോഴും നിശബ്ദത തുപ്പുന്ന, സാനിറ്ററി പാഡുകള്‍ (അടിത്തുണിക്ക് പകരം) ഒളിച്ചു കടത്തുന്ന, തൊട്ടുകൂടായ്മയില്‍ കുടിയിരിക്കുന്ന പെണ്‍കുട്ടികള്‍ എന്റെ പരിചയത്തില്‍ ഇപ്പോഴുമുണ്ട്.
ഒന്നോ രണ്ടോ മൂന്നോ പത്തോ തലമുറക്കു പിന്നിലുണ്ടായിരുന്ന അതേ മാമൂലുകള്‍ തന്നെയാണ് ആര്‍ത്തവത്തെ സംബന്ധിച്ചും സ്ത്രീയുമായി ബന്ധപ്പെടുന്ന വിവിധ വിഷയങ്ങളെ സംബന്ധിച്ചും സമൂഹം ഇന്നും വച്ചു പുലര്‍ത്തുന്നത്. അതില്‍ മാറ്റമുണ്ടാവും വരെ രൂപീ കൗറുമാരുടെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക തന്നെ ചെയ്യേണ്ടി വരും. ‘എസ് വി ആര്‍ ബ്ലീഡിങ്, സോ വാട്ട്’ എന്ന് പുതുതലമുറയിലെ പെണ്‍കുട്ടികള്‍ ചോദിക്കട്ടെ. അവര്‍ സ്വതന്ത്രരാവട്ടെ.
*കയലാംകുറ്റി എന്നു പറഞ്ഞാല്‍ വഴികളെ, അതിരുകളെ ഒക്കെ ബന്ധിപ്പിക്കുന്നിടത്ത് മുളകള്‍ വച്ച് ഉണ്ടാക്കിയിടുന്ന കാല്‍മുട്ടിനേക്കാള്‍ ഇത്തിരി കൂടി ഉയരത്തിലുള്ള ചെറിയ ഗെയ്റ്റ്. അത് ചിലപ്പോ ചാടിക്കടക്കുന്നതായിരിക്കും. ചിലത് തുറക്കാവുന്നതുമാണ്.
അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച ഹൈറുന്നീസയുടെ ലേഖനം
ഉടലില്‍ നിന്ന്‍ നമ്മുടെ സ്ത്രീകള്‍ ഇറങ്ങി നടക്കേണ്ടതുണ്ട്
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
Good post.
ആർത്തവത്തെക്കുറിച്ച് അടുത്തകാലത്ത് ഒരു പ്രമുഖആഴ്ചപതിപ്പ് ഒരു ഫീച്ചർ പ്രസിദ്ധീകരിക്കാൻ ധൈര്യം കാണിച്ചു.കാലം മാറുകയാണ്. മാറ്റം അനിവാര്യവുമാണ്. അഭിനന്ദനങ്ങൾ .
higly impressed .. kamala surayya marichittillaaaa….. she is still aliv einside her
എന്‍റെ ആദ്യ ആര്‍ത്തവ ദിനം ഒരു ഞായര്‍ ആഴ്ച ആയിരുന്നു .അന്നൊരു വലിയ തുണി കയ്യില്‍ തന്നു ഉമ്മ ചോര വരുന്നിടത്ത് വെക്കാന്‍ പറഞ്ഞു .അത് നിറയുമ്പോള്‍ മാറ്റണം എന്നും .എന്താണ് ഇതെന്നോ എന്നൊന്നും അറിയില്ലായിരുന്നു .ഞാന്‍ അന്ന് വിചാരിച്ചത് എനിക്കെന്തോ വലിയ രോഗം ഉണ്ടെന്നാണ് .എന്നേക്കാള്‍ 2 വയസ്സ് താഴേയുള്ള അനിയത്തിയോട് ഇത് പറയരുത് എന്നും പറഞ്ഞു .ഞാന്‍ പറഞ്ഞില്ല.
പിന്നീടു ആര്‍ത്തവത്തെ ക്കുറിച്ച് പറഞ്ഞു തന്നത് സുഹൃത്തുക്കള്‍ ആണ് .ആര്‍ത്തവ ദിനങ്ങള്‍ ല്‍ പേടി യായിരുന്നു ..പതുക്കെയേ നടക്കൂ .ഇടയ്ക്കു കൂട്ടുകാരിയോട് പിറകില്‍ എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന് ചോദിക്കും .അങ്ങിനെ അങ്ങിനെ
പാഡിനെ ക്കുറിച്ച് ഒന്നും കേട്ടിട്ട് പോലും ഉണ്ടായിരുന്നില്ല .ഒരിക്കല്‍ സ്കൂള്‍ ല്‍ nss ക്യാമ്പ് നടന്നു കൊണ്ടിരിക്കെ അവിടെ പോകേണ്ടി വന്നു .അന്ന് അവിടെ കുട്ടികള്‍ അലക്കിയ വസ്ത്രങ്ങള്‍ക്കിടയില്‍ എന്താ ഒരു തുണി പോലും ഇല്ലാത്തതു എന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട് .അന്ന് ആലോചിച്ചു ഈ പെണ്‍കുട്ടികള്‍ ക്ക് ഇതൊന്നും ഇല്ലേ എന്ന് .
(ഇപ്പൊ ഇതൊക്കെ ഓര്‍ക്കുമ്പോ ചിരിയാണ് വരുന്നത് )
പിന്നെ ഒരു കൂട്ടുകാരിയുടെ വായില്‍ നിന്നാണ് പാഡ് എന്നാ വാക്ക് ആദ്യമായി കേട്ടത് .
അത് വരെ പഠിച്ചതു girls only യില്‍ ആയിരുന്നു ..കോളേജില്‍ എത്തിയപ്പോഴാണ് പല കോഡ് ഭാഷകളും പഠിച്ചത് .period ആണോ അല്ലെയോ എന്നറിയാന്‍ out ആണോ എന്നാ ചോദ്യം ..പാഡ് ഉണ്ടോന്നു ചോദിക്കാന്‍ സാധനം കയ്യില്‍ ഉണ്ടോ എന്ന്
അങ്ങനെ ..
ഇനിയും ഒരു തലമുറ ഇങ്ങനെ പുതപ്പിനടിയില്‍ ജീവിച്ചു കൂടാ .സ്വാതന്ത്രം വേണം .എനിക്ക് period ആണ് എന്ന് പറയാന്‍ ചങ്കൂറ്റം വേണം
നന്ദിയുണ്ട് ഈ എഴുത്തിനു ..താങ്കളെ പോലുള്ളവര്‍ ഇങ്ങനെ എഴുതുമ്പോള്‍ മറ്റുള്ളവര്‍ക്ക് പ്രജോദനം ആകുന്നു 🙂
ആർത്തവ സമരക്കാർ വായിക്കാൻ –
”’എന്റെ അഭിപ്രായത്തില്‍ മൂന്നു തരം മനുഷ്യരാണുള്ളത്. പഠിപ്പില്ലാത്തവര്‍, കുറച്ച് പഠിപ്പുള്ളവര്‍, ആവശ്യത്തിലധികം പഠിപ്പുള്ളവര്‍. കുറച്ച് പഠിപ്പുള്ള ഒരാളാണ് സമൂഹത്തിന് വേണ്ടി ഇത് ചെയ്തത്. ആവശ്യത്തിലധികം പഠിപ്പുള്ള നിങ്ങള്‍ സമൂഹത്തിന് വേണ്ടി എന്ത് ചെയ്യും?”
അരുണാചലം മുരുകനാഥം
[ദരിദ്ര ഇന്ത്യയുടെ പുറംപോക്കില്‍ കഴിയുന്ന സ്ത്രീകളുടെ’ആ ദിവസങ്ങളെ’ മാറ്റി മറിച്ച ഒരു സാധാരണക്കാരനാണ് അരുണാചലം മുരുകനാഥം]
അറിയുക ഇന്ത്യയിലെ ഗ്രാമങ്ങളില്‍ കഴിയുന്ന കോടിക്കണക്കിന് സ്ത്രീകള്‍ ആര്‍ത്തവ ദിവസങ്ങളില്‍ പഴംതുണിയും ചെളിയും തങ്ങളുടെ നിവൃത്തി കേടു കൊണ്ട് ഉപയോഗിക്കേണ്ടി വരുന്നു . അനാരോഗ്യകരമായ ഈ മാര്‍ഗ്ഗം തിരഞ്ഞെടുക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നതിനുള്ള പ്രധാന കാരണം സാനിട്ടറി നാപ്കിനുകള്‍ക്ക് പണം ചെലവഴിക്കാനുള്ള കഴിവില്ലായ്മയാണ്.മൂന്ന് നേരത്തെ ഭക്ഷണം പോലും ആർഭാടമായ ആ പാവങ്ങൾക്ക് സാനിട്ടറി നാപ്കിൻ എന്നൊക്കെ പറയുന്നത് ഒരു പക്ഷെ ചിന്തകൾക്കും അപ്പുറമാകാം .ഈ അരുണാചലം മുരുകനാഥത്തിന്റെ ഭാര്യയും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവരില്‍ ഒരാളായിരുന്നു
വിവാഹത്തിന്റെ ആദ്യനാളുകളില്‍ ഒരു ദിവസം തന്റെ ഭാര്യ പഴംതുണി കഷണം മറച്ചുപിടിച്ച് പോകുന്നത് മുരുകനാഥം കണ്ടു. ഈ തുണി എന്തിനാണെന്ന് അദ്ദേഹം ഭാര്യയോട് ചോദിച്ചു. ‘നിങ്ങള്‍ നിങ്ങളുടെജോലി നോക്ക്’ ഇതായിരുന്നു ഭാര്യയുടെ മറുപടി. എന്നിട്ടും മുരുകനാഥം ഭാര്യയുടെ പിറകേകൂടി. സാനിട്ടറി നാപ്കിന് പകരം ഉപയോഗിക്കാനാണ് തന്റെ ഭാര്യ തുണിയുമായി പോയതെന്ന് അദ്ദേഹം മനസ്സിലാക്കി.
നിനക്ക് നാപ്കിന്‍ ഉപയോഗിച്ചു കൂടേ?-മുരുകനാഥത്തിൻറെ ചോദ്യത്തിന് പരുഷമായിരുന്നു ഭാര്യയുടെ മറുപടി . അരി വാങ്ങാൻ കാശിനു വിഷമിക്കുമ്പോൾ ആണ് നാപ്കിൻ . അവിടെ നിന്നാണ് വെറും പത്താം ക്ലാസ്സ് വിദ്യാഭ്യാസമുള്ള മുരുക നാഥത്തിന്റെ ജീവിതം മാറുന്നത് . മുരുകനാഥം അതോടെ ഒരു ഗവേഷകനായി. ഏതാനും മാസത്തെ ഗവേഷണത്തിനൊടുവില്‍ അദ്ദേഹം നാപ്കിന്‍ ഉണ്ടാക്കി. അപ്പോള്‍ അടുത്ത പ്രശ്‌നം തലപൊക്കി. ഇതൊന്ന് പരീക്ഷിക്കണമല്ലോ? ആരില്‍ പരീക്ഷിക്കും? മുരുകനാഥത്തിന്റെ ഭാര്യ പോലും നാപ്കിന്‍ ഉപയോഗിക്കാന്‍ തയ്യാറായില്ല. തന്റെ നാപ്കിന്റെ കാര്യക്ഷമത പരീക്ഷിക്കാന്‍ ആളെ കണ്ടെത്താനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടപ്പോള്‍ അദ്ദേഹം സ്വയം ഇത് ഉപയോഗിക്കാന്‍ തീരുമാനിച്ചു. അദേഹത്തിന്റെ വാക്കുകളിൽ നാപ്കിൻ ധരിച്ച ആദ്യത്തെ പുരുഷൻ .
ഒരു ഫുട്ബാൾ ബ്ലാടെറിൽ ആടിന്റെ രക്തം നിറച്ചു ഇടുപ്പില്‍ കെട്ടിവച്ചു. ഇതില്‍ നിന്ന് ഒരു ട്യൂബ് തന്റെ അടിവസ്ത്രത്തിലേക്ക് ഇട്ടു. സൈക്കിള്‍ ചവിട്ടുമ്പോഴും നടക്കുമ്പോഴും മുരുകനാഥം ഈ ബഌഡറില്‍ അമര്‍ത്തും. അപ്പോള്‍ അതില്‍ നിന്ന് രക്തം അടിവസ്ത്രത്തിലെത്തും …………..ലേഡിസ് ഹൊസ്റ്റെലുകൾ ,ആശുപത്രികൾ എന്നിവയുടെ ഒക്കെ സമീപത്തു നിന്ന് ഉപയോഗിച്ച നാപ്കിൻ ശേഖരിച്ചു അതിന്റെ നിർമാണ രീതികൾ പഠിക്കാൻ ശ്രമിച്ചു – നാട്ടുകാരും വീട്ടുകാരും എന്തിനു സ്വന്തം ഭാര്യ വരെ ആ മനുഷ്യനെ ഉപേഷിച്ച് പോകുന്ന അവസ്ഥയിലായി . പക്ഷെ എന്നിട്ടും പിന്തിരിയാതെ പരീക്ഷണങ്ങൾ തുടർന്നു .അവസാനം ആ ശ്രമങ്ങൾ ലക്ഷ്യം കാണുക തന്നെ ചെയ്തു കോടികൾ വിലയുള്ള കുത്തക കമ്പനികളുടെ മെഷീനുകളുടെ സ്ഥാനത്തു വെറും 75000 / രൂപയിൽ നാപ്കിൻ നിർമാണ യന്ത്രം മുരുകനാഥം വികസിപ്പിച്ചു .മുരുകനാഥത്തിന്റെ കണ്ടുപിടുത്തം ഉപയോഗിച്ച് ആര്‍ക്കും സ്വന്തം വീട്ടില്‍ നല്ല ഗുണമേന്മയുള്ള സാനിട്ടറി നാപ്കിന്‍ നിര്‍മ്മിക്കാം.
കോടികൾ തന്റെ കീശയിലേക്ക് ഒഴുകിയെത്താൻ പോകുന്ന അവസരം ,പക്ഷെ അവിടെ വീണ്ടും അരുണാചലം മുരുകനാഥം ലോകത്തെ വിസ്മയിപ്പിച്ചു ,തന്റെ കണ്ടുപിടിത്തം രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലെ പട്ടിണി പാവങ്ങളായ സ്ത്രീകൾക്കായി അദേഹം സമർപ്പിച്ചു .അവർക്ക് മാത്രമേ തന്റെ സാങ്കേതിക വിദ്യയും മെഷീനും കൈമാറുകയുള്ളൂ എന്ന് ഉറപ്പിച്ചു .അങ്ങനെ വനിതാ സ്വയം സഹായ സംഘങ്ങൾ വഴി 23 സംസ്ഥാനങ്ങളിൽ ,6 രാജ്യങ്ങളിൽ ഒരു നാപ്കിൻ വിപ്ലവത്തിന് അദേഹം തിരി കൊളുത്തി .
12.50 രൂപ മുതല്‍ 15 രൂപ വരെയാണ് സ്വയം സഹായസംഘങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു പായ്ക്കറ്റ് നാപിക്കിന്റെ വില. ഒരു പായ്ക്കറ്റില്‍ എട്ട് നാപ്കിനുകള്‍ ഉണ്ടാകും. വിപണിയില്‍ ലഭിക്കുന്ന മറ്റു നാപ്കിനുകളുടെ വിലയുമായി താരതമ്യം ചെയ്താല്‍ മുരുകനാഥം ഈ മേഖലയില്‍ ഉണ്ടാക്കിയ വിപ്‌ളവം മനസ്സിലാകും. ഇതു മനസ്സിലാക്കിയാണ് 2009ല്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റവും മികച്ച കണ്ടുപിടുത്തത്തിനുള്ള ദേശീയ പുരസ്‌കാരം നല്‍കി മുരുകനാഥത്തിനെ അംഗീകരിച്ചത്.
ഇപ്പോള്‍മുരുകനാഥം കോയമ്പത്തൂരിലെ സോമയംപാളയത്ത് ജയശ്രീ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനം നടത്തുകയാണ്. ഈ സ്ഥാപനമാണ് നാപ്കിന്‍ ഉണ്ടാക്കുന്നതിനുള്ള യന്ത്രവും സാങ്കേതിക വിദ്യയും ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. 75000 രൂപയാണ് യന്ത്രത്തിന്റെ വില.
ഇവിടെയാണ് ലോകപ്രശസ്തമായ റ്റെഡ്‌ടോക്കിന്റെ വേദിയിൽ വച്ച് അദേഹം പറഞ്ഞ വാക്കുകൾ പ്രസക്തമാകുന്നത് .’എന്റെ അഭിപ്രായത്തില്‍ മൂന്നു തരം മനുഷ്യരാണുള്ളത്. പഠിപ്പില്ലാത്തവര്‍, കുറച്ച് പഠിപ്പുള്ളവര്‍, ആവശ്യത്തിലധികം പഠിപ്പുള്ളവര്‍. കുറച്ച് പഠിപ്പുള്ള ഒരാളാണ് സമൂഹത്തിന് വേണ്ടി ഇത് ചെയ്തത്. ആവശ്യത്തിലധികം പഠിപ്പുള്ള നിങ്ങള്‍ സമൂഹത്തിന് വേണ്ടി എന്ത് ചെയ്യും?’
അതിനുള്ള മറുപടി ആയിരിക്കാം എറണാകുളം മഹാരാജാസ് കോളേജിലും ,സോഷ്യൽ മീഡിയ കളിലും ഇപ്പോൾ മുഴങ്ങുന്നത് എന്ന് തോന്നുന്നു .അരാജകത്വ സിദ്ധാന്തങ്ങളുടെ പുറകെ പടിഞ്ഞാറിന്റെ വിഴുപ്പുകളെ ആഘോഷിക്കുന്നതാണല്ലോ ഇപ്പോഴത്തെ സമര രീതികൾ .ഒറ്റ നോട്ടത്തിൽ പുരൊഗമനകരവും വിപ്ലവകര വുമായ സമര രീതികൾ എന്ന് തോന്നുമെങ്കിലും ആധുനിക കുത്തകകളുടെ പുത്തൻ റിവേർസ് മാർക്കെറ്റിംഗ് ന്റെ ഭാഗമാണ് ഈ സമരങ്ങൾ എന്ന് സാമാന്യ ബുദ്ധിയാൽ മനസ്സിലാക്കാവുന്നതെയുള്ളൂ .ചുംബന സമരം അതിന്റെ വലിയ ഉദാഹരണമാണ് കോടികൾ മുടക്കി കെട്ടി പൊക്കുന്ന ഹോട്ടൽ വ്യവസായ ഭീമന്മാർക്ക് എട്ടു രൂപയുടെ ചായയും ,പൊറോട്ടയും വിറ്റിരുന്നാൽ ഗേറ്റിൽ കാവൽ നിൽക്കുന്ന കാവൽക്കാരന്റെ വേതനം പോലും മര്യാദയ്ക്കു കൊടുക്കാൻ കഴിയില്ല എന്ന് വ്യക്തമായി അറിയാം .നൂറും ,ഇരുന്നൂറും മുടക്കി ചായകുടിക്കാൻ മനുഷ്യനു മതിഭ്രമമില്ല എന്നും അവര്ക്ക് അറിയാം .അവിടെയാണ് ജിവിതം ആഘോഷിക്കുന്ന യുവ തലമുറയുടെ പ്രസക്തി . കള്ളും ,പെണ്ണും ,മയക്കു മരുന്നും ,പാർട്ടികളും -ആഘോഷ രാവുകളിലൂടെ ഹോട്ടൽ ഭീമന്മാർക്ക് വന്നു നിറയുന്നത് കോടികളാണ് .ഊണിലും ഉറക്കത്തിലും ആഗോള -കുത്തകകളെ തെറി പറഞ്ഞു കത്തിക്കാൻ നടക്കുന്ന പുരോഗമന -തീവ്ര ഇടതു പക്ഷ പ്രസ്ഥാനങ്ങളെ കൊണ്ട് തന്നെ ആ ജിവിത രീതിക്ക് പരസ്യം നടത്തി അവരതിന് പുത്തൻ ആശയ അടിത്തറ പാകി .പരസ്യം കിട്ടിയാൽ പെറ്റ മ്മയെ പോലും തള്ളിപറയുന്ന മാധ്യമങ്ങളും അതിനു അവരുടെതായ സംഭാവനകൾ നൽകി .
നീളുന്നില്ല ,സാധാരണ സ്ത്രീകളുടെ ആർത്തവ ദുരിതങ്ങൾക്ക് അരുണാചലം മുരുകനാഥം ഒരു വഴി കണ്ടെത്തിയിട്ടുണ്ട് .അതിനെ ഏറ്റെടുക്കുകയാണ് ,മുന്നോട്ടു കൊണ്ട് പോവുകയാണ് വിപ്ലവ പ്രസ്ഥാനങ്ങൾ ചെയ്യണ്ടത് .അല്ലാതെ ഇത്തരം സമരരീതികളിലൂടെ പുത്തൻ അരാജകത്വ ചിന്തകളുടെ കനം കൂട്ടുകയല്ല എന്ന് മനസ്സിലാക്കുന്നത് നല്ലതാണ് .നമ്മുടെ ഗ്രാമങ്ങളിലും നാപ്കിൻ വിപ്ലവം പടരട്ടെ ,ആർത്തവം അകറ്റി നിര്ത്ത പ്പെടെണ്ടാതല്ല എന്ന് അനുഭവത്തിലൂടെ അവര് തിരിച്ചറിയട്ടെ .ആർത്തവം പുതിയൊരു ജീവിത മാർഗത്തിന് വഴി തെളിയിക്കുന്നതിലും വലിയ വിപ്ലവമുണ്ടോ ? — https://www.facebook.com/403524173083052/photos/a.403527923082677.1073741826.403524173083052/609964049105729/?type=1
ഹൈറുന്നീസ.പി : ഈ ഫീച്ചര്‍ കൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിച്ചത്. ഒരു ആര്‍ത്തവകാരിയുടെ മാനസീകസംഘര്‍ഷവും, അവള്‍ നേരിടേണ്ടിവരുന്ന അവഗണനയും വിവരിച്ചതാണോ ?