കൊലപാതകക്കുറ്റം ചുമത്തിയ പ്രതിയെ വെറുതെ വിട്ടതിനെ ചോദ്യം ചെയ്ത് പ്രോസിക്യൂഷൻ സമർപ്പിച്ച അപ്പീൽ തള്ളി സുപ്രീം കോടതി. ഇരയുടെ രക്തഗ്രൂപ്പുമായി പൊരുത്തപ്പെടുന്ന രക്തക്കറ പുരണ്ട ആയുധം കണ്ടെടുത്തത് കൊണ്ടുമാത്രം കൊലപാതക കുറ്റം ചുമത്താൻ സാധിക്കില്ലെന്ന് കോടതി. 2007 മാർച്ചിൽ നടന്ന ചോട്ടു ലാൽ എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് വിധി. ഐപിസി സെക്ഷൻ 302 പ്രകാരം 2008 ഡിസംബർ 10-ന് വിചാരണ കോടതി പ്രതിക്ക് ജീവപര്യന്തം തടവും 100 രൂപ പിഴയും വിധിച്ചിരുന്നു. പ്രതിക്ക് വിചാരണ കോടതി വിധിച്ച ശിക്ഷ റദ്ദാക്കിയ 2015 മെയ് 15-ലെ ഹൈക്കോടതി വിധിയാണ് ഇപ്പോൾ ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് ശരിവെച്ചിരിക്കുന്നത്.
സംശയത്തിന്റെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു പ്രതിയിലേക്ക് പോലീസ് എത്തുന്നത്. മരിച്ചയാളുടെ ഭാര്യയിൽ പ്രതിക്ക് തെറ്റായ താല്പര്യമുണ്ടെന്നും, പ്രതിയിൽ നിന്ന് കണ്ടെത്തിയ ആയുധത്തിലെ രക്തക്കറ മരിച്ചയാളുടെ രക്തഗ്രൂപ്പുമായി (B+ve) പൊരുത്തപ്പെടുന്ന എഫ്‌എസ്‌എൽ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലായിരുന്നു പ്രോസിക്യൂഷന്റെ വാദം.
എന്നാൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം ഒരു കേസിൽ പ്രതിയെ ശിക്ഷിക്കാൻ കഴിയില്ലെന്നും, ശക്തമായ തെളിവുകൾ സമർപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി യാണ് ഹൈക്കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്. ഇതോടെയാണ് പ്രോസിക്യൂഷൻ സുപ്രീം കോടതിയെ സമീപിച്ചത്.
എന്നാൽ ഹൈക്കോടതി വിധിയോട് യോജിക്കുന്നതായിരുന്നു സുപ്രീം കോടതിയുടെ കണ്ടെത്തൽ. പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ച കുറ്റകരമായ സാഹചര്യങ്ങൾ, രക്തം പുരണ്ട ആയുധം എന്നിവയെല്ലാം ഒരുമിച്ച് എടുത്താൽ പോലും, അവയൊന്നും മതിയായ തെളിവായി സമർഥിക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എഫ്‌എസ്‌എൽ റിപ്പോർട്ട് ഹൈക്കോടതി അവഗണിച്ചിരിക്കാമെന്ന് കോടതി സമ്മതിച്ചു, എന്നാൽ ആയുധത്തിൽ മരിച്ചയാളുടെ രക്തഗ്രൂപ്പിന്റെ സാന്നിധ്യം റിപ്പോർട്ട് സ്ഥിരീകരിച്ചുവെന്നും അത് കുറ്റം സ്ഥാപിക്കുന്നില്ലെന്നും കോടതി വിധിച്ചു.
പ്രോസിക്യൂഷന്റെ തെളിവുകൾ അവ്യക്തമാണെന്നും കോടതി കണ്ടെത്തി. തെളിവുകൾ പ്രതിയുടെ കുറ്റം തെളിയിക്കുകയും നിരപരാധിത്വം തള്ളിക്കളയുകയും ചെയ്താൽ മാത്രമേ ഇടപെടാൻ കഴിയൂ എന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷൻ അത്തരം നിർണായക തെളിവുകൾ ഹാജരാക്കിയിട്ടില്ലെന്നും ഹൈക്കോടതിയുടെ വീക്ഷണം ശരിയാണെന്നും സുപ്രീം കോടതി കണ്ടെത്തി.
content summary: mere recovery of weapon with victim’s blood group not enough for murder conviction: supreme court