ബാങ്കുകളും എയർലൈനുകളും ഉൾപ്പെടെ ലോകമെമ്പാടുമുള്ള മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം തകരാറിൽ. ജൂലൈ 19 വെള്ളിയാഴ്ച രാവിലെ, അമേരിക്കൻ, ഡെൽറ്റ, യുണൈറ്റഡ് തുടങ്ങിയ പ്രമുഖ യുഎസ് എയർലൈനുകൾ ആശയവിനിമയ പ്രശ്നങ്ങൾ മൂലം വിമാനങ്ങൾ നിർത്തിവച്ചു. അവരുടെ വിമാനങ്ങൾക്ക് അടിയന്തര ‘ഗ്ലോബൽ ഗ്രൗണ്ട് സ്റ്റോപ്പ്’ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ വിമാനങ്ങളൊന്നും യാത്ര തിരിക്കില്ല. Microsoft outage
ചില എയർലൈനുകളെ ബാധിച്ച ക്ലൗഡ് സേവനങ്ങളുടെ തടസ്സം മൈക്രോസോഫ്റ്റ് പരിഹരിച്ച് മണിക്കൂറിനുള്ളിലാണ് സംഭവം. തകരാറിൻ്റെ കാരണം, വിശദാംശങ്ങൾ, വ്യാപ്തി എന്നിവ ഇതുവരെ വ്യക്തമല്ല. നിലവിൽ, തകരാറുകൾ പരിഹരിച്ച വരികയാണെന്നും, സ്ഥിതിഗതികൾ മെച്ചപെട്ടുകൊണ്ടിരിക്കുകയാണെന്നും മൈക്രോസോഫ്റ്റ് എക്സിൽ കുറിച്ചു. ക്രൗഡ് സ്ട്രൈക്ക് അപ്ഡേറ്റാണ് ഈ പ്രശ്നത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ആഗോള തലത്തിൽ പ്രമുഖ കമ്പനികൾക്ക് സൈബർ സുരക്ഷാ സേവനങ്ങൾ നൽകുന്ന കമ്പനിയാണ് ക്രൗഡ് സ്ട്രൈക്ക്.
ഇൻ്റർനെറ്റ് തകരാറുകൾ ട്രാക്ക് ചെയ്യുന്ന ഡൌൺ ഡിറ്റക്ടർ എന്ന വെബ്സൈറ്റ്, വിസ, എഡിടി സെക്യൂരിറ്റി, ആമസോൺ, അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ തുടങ്ങിയ എയർലൈനുകളിൽ നിന്നുള്ള സേവനങ്ങളിൽ വർദ്ധിച്ചുവരുന്ന പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഓസ്ട്രേലിയയിൽ, കമ്പ്യൂട്ടർ സിസ്റ്റം പ്രശ്നങ്ങൾ കാരണം എയർലൈനുകൾ, ടെലികോം കമ്പനികൾ, ബാങ്കുകൾ, മാധ്യമങ്ങൾ എന്നിവ തടസ്സപ്പെട്ടതായി വാർത്താ ഏജൻസികൾ വ്യക്തമാക്കി. ന്യൂസിലൻഡിലെ ചില ബാങ്കുകളെയും, ന്യൂസിലൻഡ് പാർലമെന്റിനെയും തകരാർ ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്.
കൂടുതൽ വേഗത്തിൽ പ്രശ്നം പരിഹരിക്കുന്നതിനായി, ട്രാഫിക്കിനെ വ്യത്യസ്ത സിസ്റ്റങ്ങളിലേക്ക് വഴിതിരിച്ചുവിടാൻ തങ്ങൾ ശ്രമിക്കുന്നുണ്ടെന്നും മൈക്രോസോഫ്റ്റ് അതികൃതർ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വിൻഡോസ് കംപ്യൂട്ടറുകളുടെ പ്രവർത്തനം തടസപ്പെട്ടതിനാൽ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ പല ഭാഗങ്ങളിലും എമർജൻസി സേവനമായ 911 ഉം നോൺ-എമർജൻസി കോൾ സെൻ്ററുകളും തകരാറിനെത്തുടർന്ന് പ്രവർത്തനരഹിതമായി. കമ്പ്യൂട്ടറിൽ സാങ്കേതിക തകരാറുണ്ടെന്ന് കാണിക്കുന്ന ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് കാണിച്ചിരുന്നുവെന്ന് പറഞ്ഞ് ഉപയോക്താക്കളും പരാതിയുമായി രംഗത്തെത്തിയിരുന്നു.
മൈക്രോ സോഫ്റ്റ് തകരാറിലായതിനെത്തുടർന്ന് ലോകത്തെമ്പാടുമുള്ള ഐടി സേവനങ്ങളും സ്തംഭിച്ച അവസ്ഥയാണ്. ഇന്ത്യയിൽ ഫ്ലൈറ്റുകൾ കാലതാമസം നേരിട്ടിട്ടുണ്ട്. ഇൻഡിഗോ, ആകാശ എയർലൈൻസ്, സ്പൈസ് ജെറ്റ് എന്നിവയുൾപ്പെടെ നിരവധി എയർലൈനുകളുടെ ബുക്കിംഗും ചെക്ക്-ഇൻ സേവനങ്ങളും തടസ്സപ്പെട്ടിട്ടുണ്ട്.
content summary; Major IT outage hits airlines, companies worldwide