June 06, 2026 |

‘അമ്മയെ ജീവനോടെ കാണാൻ പറ്റുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല, ശരീരത്തിൽ 26 ശതമാനം പൊള്ളലേറ്റിട്ടുണ്ട്’ ; മിനി മലേഷ്യയിലെത്തിയത് മനുഷ്യക്കടത്തിന്റെ ഇരയായി

മലേഷ്യയിലെത്തി ഗാർഹിക തൊഴിലിനിടയിൽ പൊള്ളലേറ്റ മിനിയെ 23നാണ് കളമശേരി മെഡിക്കൽ കോളേജിലെത്തിക്കുന്നത്

പുറത്ത് മഴക്കാറ് കനക്കുന്നുണ്ട്. നിശബ്ദത തളംകെട്ടി നിൽക്കുകയാണ്, കളമശേരി മെഡിക്കൽ കോളേജിലെ ബേൺസ് ഐസിയുവിനെ മുന്നിലെ വെയ്റ്റിംഗ് ഏരിയയിൽ. രോഗിയുടെ കൂട്ടിരുപ്പ്കാർക്ക് വേണ്ടി ഐസിയുവിന് മുൻവശത്തായി രണ്ട് മൂന്ന് കസേരകൾ നിരത്തിയിട്ടുണ്ട്. കസേരകളിൽ ഒന്നിൽ മുപ്പതിനടുത്ത് പ്രായം തോന്നിക്കുന്ന ഒരു മനുഷ്യൻ ഇരിക്കുന്നു, ആശങ്കയും നിരാശയുമെല്ലാം ഇടകലർന്ന മുഖഭാവമായിരുന്നു അയാൾക്ക്. ആവശ്യമറിയിച്ചപ്പോൾ മിനി ഭാർഗവന്റെ മകനാണെന്ന് സ്വയം പരിചയപ്പെടുത്തി തൊട്ടടുത്ത കസേരയിലേക്ക് കൈചൂണ്ടി ഇരിക്കാൻ ആവശ്യപ്പെട്ടു. മനുഷ്യക്കടത്തിന് ഇരയായി മലേഷ്യയിലെത്തി ഗാർഹിക തൊഴിലിനിടയിൽ പൊള്ളലേറ്റ മിനിയെ 23നാണ് കളമശേരി മെഡിക്കൽ കോളേജിലെത്തിക്കുന്നത്.

“മാർച്ച് നാലിനാണ് അമ്മ മലേഷ്യയിലേക്ക് പോകുന്നത്. അഞ്ചാം തിയതിയോടെ അവിടെ എത്തി. എട്ടാം തിയതിയാണ് ഏജന്റ് എന്നെ വിളിച്ചിട്ട് അമ്മയ്ക്ക് ഒരു ആക്സിഡന്റ് ആയെന്നും കെറ്റിൽ പൊട്ടിത്തെറിച്ചതാണെന്നും പറയുന്നത്. കൈയിലും കാലിലുമൊക്കെയായി നിസാരണ പൊള്ളലാണ് വീട്ടുകാരെ തത്കാലം അറിയിക്കണ്ടെന്നും ഏജന്റ് തന്നോട് പറഞ്ഞു” മിനിയുടെ മകൻ രതീഷ് അഴിമുഖത്തോട് പറഞ്ഞു

ആകെയുള്ള പത്ത് സെന്റിലെ വീട് പണയത്തിലാണ്, കടബാധ്യതയുമുണ്ട്. ഇതെല്ലാം തീർക്കണം ഒത്തിരി പ്രതീക്ഷയോടെയാണ് മാർച്ച് നാലിന് ഇടുക്കി കട്ടപ്പന സ്വദേശിയായ 53കാരി മിനി ഭാർ​ഗവൻ ​മലേഷ്യയിലേക്ക് യാത്ര തിരിക്കുന്നത്. സൗദിയിലെ ഒരു ആശുപത്രിയിലായിരുന്നു കഴിഞ്ഞ രണ്ട് വർഷക്കാലം മിനി ജോലി ചെയ്തിരുന്നത് അവിടെ നിന്ന് വന്നിട്ട് 15 ദിവസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. ഉണ്ടായിരുന്ന ജോലി പെട്ടെന്ന് പോയത് മിനിയെ സമ്മർദ്ദത്തിലാക്കി ഉടനെ മറ്റെവിടെയെങ്കിലും ജോലി കണ്ടെത്തണം ഇതു മാത്രമായി ലക്ഷ്യം. വീടിനടുത്തുള്ള ഒരു സുഹൃത്ത്, ഏജന്റ് വഴി മലേഷ്യയിലേക്ക് ഹോം നഴ്സായി ജോലിയ്ക്ക് പോയിരുന്നു. അവരുടെ കൈയിൽ നിന്ന് നമ്പർ സംഘടിപ്പിച്ച് മിനിയും ഏജന്റിനെ ബന്ധപ്പെട്ടു.

പ്രായമായ ദമ്പതികളെ നോക്കാനും വീട്ടുജോലികൾ ചെയ്യാനും ഒരു സഹായി എന്ന കരാറിലായിരുന്നു മിനിയുടെ യാത്ര. കയ്യിലും കഴുത്തിലും കിടന്ന പൊന്ന് വിറ്റുപെറുക്കി 40,000 രൂപയോളം സ്വരൂപിച്ചു. അങ്ങനെ സ്വരൂക്കൂട്ടിയ പണം ശ്രീലങ്കൻ ഏജന്റിനെ ഏൽപ്പിച്ചു. ആദ്യം വിസിറ്റിം​ഗ് വിസയിൽ മലേഷ്യയിലേക്ക് പിന്നീട് തൊഴിൽ വിസ ഇങ്ങനെയാണ് ഏജന്റ് മിനിയേയും കുടുംബത്തേയും ധരിപ്പിച്ചിരുന്നത്. എന്നാൽ മലേഷ്യയിലെത്തി 2,3 ദിവസങ്ങൾക്കുള്ളിൽ തന്നെ മിനിയ്ക്ക് താൻ അപകടത്തിലാണെന്ന് സൂചന ലഭിച്ചിരുന്നു അത് ചെറുതായി ഭ‌ർത്താവ് രാധാകൃഷ്ണനെ അറിയിക്കുകയും ചെയ്തു. ഇവിടെ നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല, നല്ല ബുദ്ധിമുട്ടാണ് ഇങ്ങനെ മാത്രം പറഞ്ഞു. അതിൽ പിന്നെ മിനിയോട് സംസാരിക്കാൻ വീട്ടുകാർക്ക് സാധിച്ചിരുന്നില്ല. അമ്മയ്ക്ക് ചെറിയ ഒരു അപകടം സംഭവിച്ചുവെന്ന് സൂചിപ്പിച്ച് കൊണ്ട് മാർച്ച് 7നാണ് മിനിയുടെ മകൻ രതീഷിന്റെ ഫോണിലേക്ക് കോൾ വരുന്നത്. ​ഗുരുതരമായ പരുക്കളൊന്നും ഇല്ലെന്നാണ് ഏജന്റ് ആദ്യം സൂചിപ്പിച്ചത്. അവിടെ നിന്നാണ് എല്ലാം ആരംഭിക്കുന്നത്.

എന്നാൽ പിറ്റേന്ന് തന്നെ എന്നെ വിളിച്ചിട്ട് കുറച്ച് ദിവസങ്ങൾ ഹോസ്പിറ്റലിൽ കിടക്കേണ്ടി വരും സുഖമായതിന് ശേഷം അമ്മയ്ക്ക് ഓക്കെയാണെങ്കിൽ അവിടെ തന്നെ ജോലി തുടരാമെന്നും ഏജന്റ് പറഞ്ഞു. 15 ദിവസങ്ങൾ കഴിഞ്ഞപ്പോൾ അമ്മയ്ക്ക് ഒരു ഓപ്പറേഷൻ വേണമെന്ന് എന്നെ അറിയിച്ചതോടെയാണ് എനിക്ക് സംശയം തോന്നുന്നത്. എത്ര ശതമാനം പൊള്ളലേറ്റു എന്തൊക്കെ സംഭവിച്ചു എന്നുള്ള വിവരങ്ങളൊന്നും ‍ഞങ്ങളോട് അപ്പോഴും പറഞ്ഞിരുന്നില്ല. അമ്മ ജോലിയ്ക്ക് പോയ വീട്ടുകാരുമായി ഞങ്ങൾക്ക് കോൺടാക്ട് ഉണ്ടായിരുന്നില്ല. വിളിക്കുന്നതും വിവരങ്ങൾ അറിയിക്കുന്നതുമെല്ലാം ഏജന്റ് ആയിരുന്നുവെന്ന് രതീഷ് പറഞ്ഞു. ഓപ്പറേഷൻ കഴിഞ്ഞപ്പോൾ അമ്മയ്ക്ക് ന്യൂമോണിയ ബാധിച്ചതായി എന്നെ വിളിച്ച് പറഞ്ഞു ഇതോടെ കാര്യങ്ങൾ എനിക്കത്ര പന്തിയായി തോന്നിയില്ല. ഞാൻ വീട്ടുകാരോട് അമ്മയുടെ അവസ്ഥയെക്കുറിച്ച് അറിയിച്ചു. ആശുപത്രി ചിലവും അമ്മയെ തിരികെ നാട്ടിലെത്തിക്കാനുള്ള ചിലവും അവർ തന്നെ വഹിച്ച് കൊള്ളാമെന്ന് ഏജന്റ് ഞങ്ങൾക്ക് ഉറപ്പ് തന്നു. അപ്പോഴൊക്കെ അമ്മയുടെ അവസ്ഥ ക്രിട്ടിക്കലാണ് അത് ഞങ്ങളറിയുന്നില്ലായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ അമ്മയെ തിരികെ നാട്ടിലേക്ക് എത്തിക്കാമെന്ന് അറിയിച്ചിരുന്ന ഏജന്റ് ഹോസ്പിറ്റൽ ഒരു വലിയ തുക ചിലവായതിനാൽ അമ്മയെ കയറ്റി വിടാനുള്ള തുക ഞങ്ങളോട് തന്നെ കണ്ടത്താൻ ആവശ്യപ്പെട്ടു. 13 ലക്ഷം രൂപയാണ് അവർ പറഞ്ഞ തുക. ഞങ്ങളെക്കൊണ്ട് കൂട്ടിയാൽ കൂടുന്ന തുകയല്ല ഇത്. ഇവിടെ ഹോസ്പിറ്റൽ ആവശ്യത്തിന് വേണ്ടി കൈയിൽ കരുതിയിരുന്ന തുക പോലും ഇപ്പോൾ ചിലവായി തീർന്നു. ആ ഞങ്ങളെങ്ങനെയാണ് 13 ലക്ഷം കണ്ടെത്തുക. അമ്മയുടെ ചികിത്സയുടെ മുന്നോട്ടുള്ള കാര്യങ്ങളെക്കുറിച്ച് എനിക്കറിയില്ലെന്ന് ഒരു നെടുവീർപ്പോടെ രതീഷ് കൂട്ടിച്ചേർത്തു.

26 ശതമാനത്തോളം പൊള്ളലാണ് മിനിയുടെ ദേഹത്തേറ്റിരുന്നത്. കൈയിലും കാലിലും മുഖത്തുമായാണ് പൊള്ളൽ. 23ാം തിയതി വെളുപ്പിന് രണ്ട് മണിക്കാണ് എയർ ആംബുലൻസിൽ മിനിയെ കളമശേരി മെഡിക്കൽ കോളേജിലേക്ക് എത്തിക്കുന്നത്. ഏകദേശം രണ്ട് മാസക്കാലത്തെ വേദനകൾക്കും ആശങ്കൾക്കും വിരാമമിട്ടാണ് മിനി ജന്മനാട്ടിലേക്കെത്തിയത്. ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് മിനിയുടെ ജീവൻ നിലനില്ക്കുന്നത്.

അമ്മയെ ജീവനോടെ കാണാൻ സാധിക്കുമെന്ന് ഞങ്ങൾ കരുതിയതല്ല. നോർക്ക റൂട്ടിന്റെ കൃത്യമായ ഇടപെടൽ കൊണ്ടാണ് ‍ഞങ്ങൾക്ക് ഞങ്ങളുടെ അമ്മയെ തിരികെയെത്തിക്കാൻ കഴിഞ്ഞത്. നോർക്കയാണ് അമ്മയെ അഡ്മിറ്റ് ചെയ്തിരുന്ന ഹോസ്പിറ്റലുമായും എംബസിയുമായുമെല്ലാം ബന്ധപ്പെട്ടത്. കൊച്ചിയിലെ ബിജെപി നേതാവ് ബാബു കാര്യാട്ടിന്റെ ഇടപെടലും പറയാതിരിക്കാൻ സാധിക്കില്ല. അമ്മയുമായി ഞാൻ നാട്ടിലെത്തുന്നത് വരെ എന്നെ ഇവരെല്ലാം നിരന്തരം ബന്ധപ്പെട്ട് കൊണ്ടാണിരുന്നത്. കളമശേരിയിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്ത് തന്നത് ആരോ​ഗ്യ മന്ത്രി വീണ ജോർജ് ആണെന്ന് രതീഷ് പറഞ്ഞു.

അമ്മയെ നാട്ടിലേക്ക് എത്തിക്കാൻ വേണ്ടി ഞാനാണ് മലേഷ്യയിലേക്ക് പോയത്. എന്റെ നാടുവിട്ട് പുറത്തേക്കൊന്നും പോകാത്ത ഞാൻ അന്ന് അനുഭവിച്ച മാനസിക സംഘർഷം വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ സാധിക്കില്ല. തുടർന്നുള്ള കാര്യങ്ങളെക്കുറിച്ച് നല്ല ആശങ്കയുണ്ടായിരുന്നു അമ്മയെ ഏതുവിധേനയും നാട്ടിലെത്തിച്ചാൻ മതിയെന്ന് മാത്രമായിരുന്നു ചിന്ത. 5,6 മാസമെടുക്കും പഴയസ്ഥിതിയിലേക്കെത്താൻ. പൊള്ളലേറ്റതിന് ശേഷം തനിയെ ഓടിയെത്തി രക്ഷയ്ക്കായി സ്വയം വെള്ളമെടുത്തൊഴിച്ച എന്റെ അമ്മ ആണ് ഇപ്പോഴീ സ്ഥിതിയിലായത്. അതിന് ശേഷം പിന്നീട് ഇതുവരെ ഏജന്റ് എന്നെ ബന്ധപ്പെട്ടിട്ടില്ല. അമ്മയെ കൊണ്ട് പോയ ഏജന്റിനെക്കുറിച്ച് അത്ര നല്ല റിപ്പോർട്ട് അല്ല ലഭിച്ചിരിക്കുന്നത്. അമ്മ ഇപ്പോൾ ചെറുതായി സംസാരിച്ച് തുടങ്ങി അവ്യക്തമായാണ് സംസാരിക്കുന്നത്. എംബസി വഴി കേസ് നൽകിയിട്ടുണ്ടെങ്കിലും, അമ്മ സംസാരിച്ച് തുടങ്ങിയാൽ മാത്രമേ കേസിന് പുരോ​ഗതി ഉണ്ടാവൂ. പൊള്ളൽ ഉണങ്ങിയാലും ഫിസിയോതെറാപ്പി ചെയ്താലെ ശരീരം പൂർവ്വസ്ഥിതിയിലേക്കെത്തൂ. ​വിസിറ്റിം​ഗ് വിസയുടെ കാലാവധി കഴിഞ്ഞപ്പോൾ അമ്മയ്ക്ക് മെഡിക്കൽ വിസ ഏജന്റ് എടുത്ത് നൽകിയിട്ടുണ്ട് അതിന്റെ കാര്യത്തിലും സംശയമുള്ളതായി രതീഷ് പറഞ്ഞു നിർത്തി.

content summary: A woman from Kerala, who fell victim to human trafficking in Malaysia and suffered severe burns in an accident

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×