ബുദ്ധിയില്ലാത്തവളെന്ന് വിളിച്ച് അധിക്ഷേപിച്ചു; വിശ്വസുന്ദരി പട്ടത്തിലൂടെ മറുപടി

മിസ് യൂണിവേഴ്സ് കിരീടം മെക്സിക്കോയുടെ ഫാത്തിമ ബോഷിന്

74-ാമത് മിസ് യൂണിവേഴ്സ് കിരീടം മെക്സിക്കോയുടെ ഫാത്തിമ ബോഷ് സ്വന്തമാക്കി. ബാങ്കോക്കിൽ നടന്ന വർണാഭമായ ചടങ്ങിൽ, 100ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പിന്തള്ളിയാണ് 25കാരിയായ ഫാത്തിമ ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ വർഷത്തെ മിസ് യൂണിവേഴ്സ്, ഡെൻമാർക്കിന്റെ വിക്ടോറിയ ക്ജർ തീൽവിഗ് വിജയിയെ കിരീടം അണിയിച്ചു.

ഇന്ത്യയെ പ്രതിനിധീകരിച്ച മണിക വിശ്വകർമ്മ) ടോപ് 30ൽ ഇടംനേടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചെങ്കിലും, ടോപ് 12 റൗണ്ടിലേക്ക് കടക്കാനായില്ല. ടോപ് 30ൽ മത്സരിച്ച ആദ്യത്തെയാൾ മണികയായിരുന്നു. സാമൂഹിക പ്രതിബദ്ധത, മാനസികാരോഗ്യം, കലാപരമായ ആവിഷ്കാര സ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ച മണിക, തന്റെ ആത്മവിശ്വാസം നിറഞ്ഞ പ്രകടനത്തിലൂടെ കയ്യടി നേടി. ഈ വർഷത്തെ ജഡ്ജിങ് പാനലിൽ, ഇന്ത്യയുടെ ബാഡ്മിന്റൺ ഇതിഹാസം സൈന നെഹ്‌വാൾ അംഗമായിരുന്നു എന്നതും ശ്രദ്ധേയമാണ്.

തായ്‌ലൻഡിന്റെ പ്രവീണാർ സിംഗ് രണ്ടാം സ്ഥാനം നേടി, വെനസ്വേലയുടെ സ്റ്റെഫാനി അബസാലിയാണ് മൂന്നാം സ്ഥാനത്തേക്ക് എത്തിയത്.
ഫിലിപ്പീൻസിന്റെ അഹ്തിസ മനലോ നാലാം സ്ഥാനവും ഐവറി കോസ്റ്റിനെ പ്രതിനിധീകരിച്ച ഒലിവിയ യാസേ അഞ്ചാം സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു.

ഫാത്തിമ ബോഷിന്റെ വിജയത്തോടെ, അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മിസ് യൂണിവേഴ്സ് കിരീടം മെക്സിക്കോയിലേക്ക് എത്തി. ഫാഷൻ ഡിസൈനർ കൂടിയായ ഫാത്തിമ, മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഒരു തായ് പേജന്റ് ഡയറക്ടറുമായി പരസ്യമായി വാക്കേറ്റമുണ്ടാക്കിയതിനെ തുടർന്ന് ശ്രദ്ധ നേടിയിരുന്നു. ഈ വെല്ലുവിളികളെ അതിജീവിച്ചാണ് ഫാത്തിമ കിരീടം ചൂടിയത്.

മെക്സിക്കോയിലെ സാൻ്റിയാഗോ ഡി ടീപ്പ, ടബാസ്കോ സ്വദേശിയായ മോഡലും ഫാഷൻ ഡിസൈനറുമാണ് ഫാത്തിമ ബോഷ് ഫെർണാണ്ടസ്. ഫാഷൻ ആൻഡ് അപ്പാരൽ ഡിസൈനിൽ ബിരുദധാരിയായ ഫാത്തിമ, സുസ്ഥിര ഫാഷൻ രംഗത്ത് പ്രവർത്തിക്കുകയും മാലിന്യം കുറയ്ക്കുന്ന തരത്തിലുള്ള ഡിസൈനുകൾക്ക് പ്രാധാന്യം നൽകുകയും ചെയ്യുന്നു. ചെറുപ്പത്തിൽ തന്നെ ഫാത്തിമ ബോഷിൽ ഡിസ്‌ലെക്സിയ, എഡിഎച്ച്ഡി എന്നിവ കണ്ടെത്തിയിരുന്നു. ഇക്കാലത്ത് തനിക്ക് നേരിട്ടിരുന്ന അധിക്ഷേപങ്ങളെ കുട്ടികളെയും സ്ത്രീകളെയും ശാക്തീകരിക്കുന്നതിനുള്ള ഒരു പ്രചോദനമായി ഉപയോഗിക്കുന്നു. 14 വയസ്സു മുതൽ അവർ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാണ്.

മിസ് യൂണിവേഴ്സ് മത്സരത്തിന് മുന്നോടിയായി, തായ്ലൻഡിൽ നടന്ന ഒരു പരിപാടിയിൽ വെച്ച്, തായ് പേജൻ്റ് ഡയറക്ടർ നവാത് ഇത്സരാഗ്രിസിൽ പരസ്യമായി ഫാത്തിമയെ അപമാനിക്കുകയും ‘ബുദ്ധിയില്ലാത്തവൾ’ എന്ന് വിളിക്കുകയും ചെയ്തതോടെയാണ് അവർ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. തൻ്റെ രാജ്യത്തിൻ്റെ ഡയറക്ടറുടെ നിർദ്ദേശങ്ങൾ പാലിച്ചതിനാണ് അപമാനിക്കപ്പെട്ടതെന്ന് ആരോപിച്ച ഫാത്തിമ, വേദിയിൽ നിന്ന് ഇറങ്ങിപ്പോയി പ്രതിഷേധിച്ചു. നിലവിലെ മിസ് യൂണിവേഴ്സ് ഉൾപ്പെടെ മറ്റ് നിരവധി മത്സരാർത്ഥികളും ഫാത്തിമക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടെ ഇറങ്ങിപ്പോയത് വലിയ ലോകശ്രദ്ധ നേടി. ഈ സംഭവങ്ങൾ ഫാത്തിമയെ, അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന ശക്തയായ സ്ത്രീയുടെ പ്രതീകമായി മാറി. “നിങ്ങളുടെ സ്വപ്നങ്ങൾക്ക് പ്രാധാന്യമുണ്ട്, നിങ്ങളുടെ ആധികാരികതയിൽ വിശ്വസിക്കുക” എന്ന ഫൈനൽ ഉത്തരത്തിലൂടെയാണ് അവർ മിസ് യൂണിവേഴ്സ് കിരീടം നേടിയത്.

content summary: After being called stupid and insulted, she responded by winning the Miss Universe title. The crown went to Mexico’s Fátima Bosch

This post was last modified on November 21, 2025 11:12 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment