ഉത്തർ പ്രദേശിൽ നിന്നുള്ള ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ എം എസ്‌സി ബയോടെക്‌നോളജി (ഒന്നാം വർഷ) വിദ്യാർത്ഥിയായിരുന്നു നജീബ് അഹമ്മദ്. എബിവിപി പ്രവര്‍ത്തകരായ ചില വിദ്യാര്‍ഥികളുമായുള്ള വഴക്കിനെത്തുടർന്ന് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ നിന്ന് കാണാതാകുമ്പോൾ നജീബ് അഹമ്മദിന് 27 വയസ്സായിരുന്നു. കൃത്യമായി പറഞ്ഞാൽ, ഒൻപത് വർഷം മുമ്പ് 2016 ഒക്ടോബർ 15 ന് ആണ് നജീബിനെ കാണാതാകുന്നത്. നിലവിൽ, നജീബ് അഹമ്മദിനെ തേടിയുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് (സിബിഐ) അനുമതി നല്‍കിയിരിക്കുകയാണ് ഡല്‍ഹി കോടതി. ഏജൻസിയുടെ ക്ലോഷർ റിപ്പോർട്ട് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജ്യോതി മഹേശ്വരി അംഗീകരിച്ചു.
കേസിൽ എന്തെങ്കിലും തെളിവുകൾ ലഭിച്ചാൽ വീണ്ടും തുറക്കാനും കോടതി അനുമതി നൽകിയിട്ടുണ്ട്. നജീബിനെ കണ്ടെത്താനുള്ള ഏജൻസിയുടെ ശ്രമങ്ങൾ ഫലം കാണാത്തതിനെ തുടർന്ന് 2018 ൽ സിബിഐ കേസിൽ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. രാഷ്ട്രീയ താത്പര്യങ്ങളെ തുടർന്ന് ഒമ്പത് പ്രതികളുടെ പങ്കിനെക്കുറിച്ച് സിബിഐ ശരിയായ അന്വേഷണം നടത്തിയിട്ടില്ലെന്ന് ആരോപിച്ച് അഹമ്മദിന്റെ അമ്മ ഫാത്തിമ നഫീസ് കോടതിയിൽ പ്രതിഷേധ ഹർജി നൽകിയിരുന്നു. എന്നാൽ പ്രതികളുടെ കോൾ ഡീറ്റെയിൽസ് രേഖകൾ പരിശോധിച്ചെങ്കിലും നജീബിന്റെ തിരോധാനവുമായി യാതൊരു ബന്ധവും കണ്ടെത്തിയില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു.
‘2016 മുതൽ കാണാതായ മകനെക്കുറിച്ച് അന്വേഷിക്കുന്ന ഉത്കണ്ഠാകുലയായ ഒരു അമ്മയുടെ ദുരവസ്ഥ ഈ കോടതിക്ക് അറിയാം, എന്നാൽ ഇപ്പോഴത്തെ കേസിലെ അന്വേഷണ ഏജൻസിയെ, അതായത് സിബിഐയെ, അന്വേഷണത്തിന്റെ പേരിൽ കുറ്റപ്പെടുത്താൻ കഴിയില്ല. സത്യത്തിനായുള്ള അന്വേഷണമാണ് എല്ലാ ക്രിമിനൽ അന്വേഷണത്തിന്റെയും അടിസ്ഥാനം, എന്നിരുന്നാലും എത്ര ശ്രമിച്ചിട്ടും നടത്തിയ അന്വേഷണത്തിന് യുക്തിസഹമായ ഒരു പരിസമാപ്തിയിലെത്താൻ കഴിയാത്ത സാഹചര്യങ്ങളുണ്ട്. 2016.10.14 ന് രാത്രിയിൽ നജീബ് അഹമ്മദിനെതിരെ നടന്ന ശാരീരിക ആക്രമണവും വാക്കാലുള്ള ഭീഷണിയും സംബന്ധിച്ച ആരോപണങ്ങൾ സാക്ഷി മൊഴികളിൽ നിന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ആ സംഭവങ്ങളും 2016.10.15 ന് നടന്ന അദ്ദേഹത്തിന്റെ തിരോധാനവും തമ്മിലുള്ള ബന്ധം നേരിട്ടുള്ളതോ സാഹചര്യത്തെളിവുകളോ രേഖപ്പെടുത്താതെ തെളിയിക്കപ്പെട്ടിട്ടില്ല,’ കോടതി ഉത്തരവിൽ പറഞ്ഞു.
എബിവിപി വിദ്യാർത്ഥികളുമായി വാക് തർക്കം ഉണ്ടായതിന് തൊട്ടടുത്ത ദിവസമാണ് ജെഎൻയുവിലെ മഹി-മാൻധ്വി ഹോസ്റ്റലിൽ നിന്ന് അഹമ്മദിനെ കാണാതായത്. കേസ് ആദ്യം ഡൽഹി അന്വേഷിച്ചെങ്കിലും വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് സിബിഐക്ക് കൈമാറി.
This post was last modified on July 1, 2025 4:02 pm
Leave a Comment