(101 വയസ് കഴിഞ്ഞ മുതിര്‍ന്ന നാടകാചാര്യനും, മാധ്യമ പ്രവര്‍ത്തകനുമായ ഓംചേരി എന്‍ എന്‍ പിള്ളയും കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥും തമ്മില്‍ പലപ്പോഴായി നടത്തിയ സംഭാഷണങ്ങളിലെ അനുഭവ സാക്ഷ്യമാണ് പരമ്പരമായി എല്ലാ ഞായറാഴ്ച്ചയും അഴിമുഖം രേഖപ്പെടുത്തുന്നത് )
നൂറ്റൊന്ന് വയസ് പൂര്‍ത്തിയാക്കിയെങ്കിലും ഓംചേരിയുടെ ഓര്‍മ്മകള്‍ക്ക് ഒരു മങ്ങലും ഏറ്റിട്ടില്ല. ദിവസവും പത്രം വായിക്കും, ടിവിയില്‍ വാര്‍ത്തകള്‍ കാണും. വര്‍ത്തമാനകാല വിവരങ്ങള്‍ എല്ലാം അദ്ദേഹത്തിന് അറിയാം. വായിക്കുവാനും പറയുന്നത് കേള്‍ക്കുവാനും സാങ്കേതിക വിദ്യയുടെ സഹായം ഇല്ലാതെ സാധിക്കുന്നു എന്നുള്ളത് ഭാഗ്യം തന്നെയാണെന്ന് അദ്ദേഹം തന്നെ പറയുന്നു. ഇപ്പോഴും പുസ്തകം വായിക്കുന്ന തിരക്കിലാണ് അദ്ദേഹം. അതിന് പറയുന്ന മറുപടിയും രസകരം തന്നെ. മരിച്ചു മുകളിലെത്തുമ്പോള്‍ ദൈവം ചോദിക്കും ഇത്ര വയസ്സ് വരെയൊക്കെ നിന്നെ ഞാന്‍ ഭൂമിയില്‍ നിര്‍ത്തിയിട്ട് നീ ഇന്ന പുസ്തകം വായിച്ചോ എന്ന് ചോദിച്ചാല്‍, വായിച്ചില്ല എന്ന് പറഞ്ഞാല്‍ മോശമാകില്ലേ…? അതുകൊണ്ട് മരിക്കുവോളം വായിക്കും. വായിച്ച് വായിച്ച് അറിവുകള്‍ സമ്പാദിക്കുക എന്നുള്ളത് ഒരു യജ്ഞമായി തന്നെ എടുത്തിരിക്കുകയാണ്. കുഞ്ഞുന്നാളില്‍ തുടങ്ങിയ ശീലമാണ് വായന. സ്വന്തം പുസ്തകവും കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ കൃതികളും ഭാസന്റെ നാടകങ്ങളും എന്നു വേണ്ട പഴയതും പുതിയതുമായ രചനകള്‍ ഒക്കെ അദ്ദേഹം ദിവസവും വായിക്കുന്നുണ്ട്. വായിച്ചാലും വായിച്ചാലും മതിവരില്ല എന്നാണ് ഓംചേരി പറയുന്നത്.
ഓര്‍മ്മകളെ കുറിച്ച് ചോദിച്ചപ്പോള്‍ അഞ്ച് വയസ് മുതലുള്ള എല്ലാ കാര്യങ്ങളും തനിക്ക് കൃത്യമായി ഓര്‍ക്കുവാന്‍ സാധിക്കുന്നു എന്നാണ് ഓംചേരി പറഞ്ഞത്. അഞ്ചാം വയസ്സില്‍ വീട്ടില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരെയുള്ള മോഴിക്കോട് ഗവണ്‍മെന്റ് പ്രൈമറി സ്‌കൂളില്‍ ചേര്‍ന്നത് എന്നത് വളരെ വ്യക്തമായി ഓര്‍ക്കുന്നതായി അദ്ദേഹം പറയുന്നു. ഒന്നു മുതല്‍ നാലു വരെ ക്ലാസ്സുകളുള്ള ചെറിയ സ്‌കൂള്‍ ആയിരുന്നു അത്. ക്ലാസുകള്‍ക്കിടയില്‍ ചുമരുകള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നും ഓംചേരി ഓര്‍ത്തെടുക്കുന്നു. വീട്ടില്‍ എപ്പോഴും വന്നിരുന്ന കഞ്ഞന്‍പിള്ള സാറായിരുന്നു ഹെഡ്മാഷ്. അദ്ദേഹത്തിന്റെ കാലില്‍ മന്തുള്ളതുകൊണ്ട് മന്തന്‍ കുഞ്ഞന്‍പിള്ള എന്നാണ് അക്കാലത്ത് അറിയപ്പെട്ടിരുന്നത്. രഹസ്യമായി കുട്ടികളും അങ്ങിനെ വിളിച്ചിരുന്നു. ഓംചേരി ഓര്‍മ്മകളുടെ കെട്ടഴിച്ചപ്പോള്‍ കുട്ടിക്കാലത്ത് തന്നെ പഠിപ്പിച്ച കവിത എഴുതുകയും ചൊല്ലുകയും ചെയ്യുന്ന പണിക്കര്‍ സാറിനെയും കൂടെ പഠിച്ചവരേയും കുറിച്ച് ഓര്‍ത്തെടുത്തു.
കുട്ടിക്കാലം മുതല്‍ വായനാശീലം ഉണ്ടായിരുന്നു എന്ന് ഓംചേരി ഓര്‍ക്കുന്നു. വീട്ടില്‍ ഒട്ടേറെ പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. അച്ഛനും, അമ്മയും, സഹോദരനും സഹോദരിയും വായിക്കും. അവരുടെ ശീലം എനിക്കും കിട്ടി. ആനുകാലികങ്ങളും വീട്ടില്‍ വരുമായിരുന്നത് വായിക്കും. അമ്മ കഥപറഞ്ഞു തരും. നന്നായി കഥപറയുന്ന അമ്മയില്‍ നിന്ന് കേട്ട കഥകളുടെ എണ്ണം വളരെ കൂടുതലാണ്. തന്നെ താനാക്കിയത് കുട്ടിക്കാലത്തെ വായനയും, പഠനവുമായിരുന്നു. വീട്ടില്‍നിന്ന് ഹൈസ്‌കൂളിലേക്കുള്ള ദൂരം ആറ് മൈലാണ്. ഈ ആറു മൈല്‍ ഓടിയായിരുന്നു പോയിരുന്നത്. മടക്കവും ഓടി തന്നെയായിരുന്നു. ഇപ്പോള്‍ അത് ആലോചിക്കുമ്പോള്‍ തന്റെ ആരോഗ്യത്തിന്റെ രഹസ്യം സ്‌കൂള്‍ പഠനകാലത്തുള്ള കായികമായ ദിനചര്യ തന്നെയാണെന്ന് വിശ്വസിക്കുന്നു ളന്നാണ് ഓംചേരി പറയുന്നത്.
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് വീട്ടില്‍നിന്ന് സ്‌കൂളിലേക്ക് പോകും വഴി ഇടതുവശത്ത് വക്കന്‍ മാപ്പിളയുടെ വീട്ടിലുള്ള ഉയരം കൂടിയ ചെടി ഓംചേരി ശ്രദ്ധിച്ചിരുന്നു. വീടിന്റെ മുന്‍വശത്തെ പറമ്പിലെ ചെടി കുലച്ചു നില്‍ക്കുന്നു. ഇത് മറ്റെവിടേയും കണ്ടിട്ടുള്ള ചെടിയല്ല. നാട്ടില്‍ കണ്ടിട്ടില്ലാത്ത ആ ചെടി തനിക്ക് അത്ഭുതമുണ്ടാക്കി എന്ന് ഓംചേരി പറഞ്ഞു. ഒരു ദിവസം സ്‌ക്കൂളിലേയ്ക്ക് ഓടി പോകുമ്പോള്‍ വീട്ടുമുറ്റത്ത് വക്കന്‍ മാപ്പിള നില്‍ക്കുന്നു. വക്കന്‍ മാപ്പിളയോട് തന്നെ ഓംചേരി നേരിട്ട് ചോദിച്ചു. എന്താണ് ഈ ചെടിയുടെ പേര്…? മാപ്പിള പറഞ്ഞു ഇത് ചോളമാണ്. തുടര്‍ന്ന് മാപ്പിളയോട് ഓംചേരി ഒട്ടേറെ ചോളവുമായി ബന്ധപ്പെട്ട ചോദിച്ചു. മറുപടിയെല്ലം ഗൗരവമായി കേട്ട ഓംചേരി താന്‍ കണ്ടതും ചോദിച്ചറിഞ്ഞതുമായ ചോളത്തിന്റെ അനുഭവം രസകരമായ കുറിപ്പായി എഴുതി.
1936ല്‍ ആണ് ഇത് നടക്കുന്നത്. ദീപിക പത്രം ആയിരുന്നു ആ കാലത്ത് ഓംചേരി താമസിക്കുന്ന പരിസരപ്രദേശങ്ങളില്‍ വരുത്തിയിരുന്നത്. ഓംചേരിയുടെ വീട്ടിലും ദീപിക പത്രം തന്നെയായിരുന്നു വരുത്തിയിരുന്നത.് എല്ലാ ദിവസവും വൈകിട്ട് 4 മണിക്കാണ് പത്രക്കെട്ടമായുള്ള ബസ് വൈക്കത്ത് എത്തുക. ദീപിക കെട്ടുമായി വരുന്ന ബസ്സില്‍ നിന്ന് ഏജന്റ് പത്രങ്ങള്‍ വായി വാങ്ങി വൈക്കം പ്രദേശങ്ങളില്‍ വിതരണം ചെയ്യും. അങ്ങനെ വിതരണം ചെയ്യുന്ന ഏജന്റിനെ കയ്യില്‍ ചോളത്തിന്റെ കുറിപ്പ് ഓംചേരി ഏല്‍പ്പിച്ചു. ഏജന്റ് ഓംചേരിയുടെ കുറിപ്പ് ദീപിക പത്രാധിപര്‍ക്ക് അയച്ചുകൊടുത്തു. നമ്മുടെ നാട്ടില്‍ ചോളവും വളരും എന്ന് തലക്കെട്ടില്‍ ഓംചേരി എഴുതിയ ലേഖനം പത്രത്തില്‍ അടിച്ചു വന്നു. ഒലേ വൈക്കം എന്നാണ് റിപ്പോര്‍ട്ടിനൊപ്പം പത്രത്തില്‍ വന്നത് എന്ന് ഓംചേരി ഓര്‍ക്കുന്നു. മാധ്യമ ലോകത്ത് സ്വന്തം ലേഖകന്‍ എന്നത് അക്കാലത്ത് ഇല്ലായിരുന്നു. പകരം ഒരു ലേഖകന്‍ അഥവാ ഒലേ എന്നാണ് പ്രയോഗിക്കാറുള്ളത്. ഓംചേരിയുടെ ആദ്യ ലേഖനം സ്‌ക്കൂളില്‍ പഠിക്കുന്ന കാലത്ത് ദീപികയില്‍ ഒലേ വൈക്കം എന്ന പേരില്‍ അച്ചടിച്ച് വന്നു.
ലേഖനം പ്രസിദ്ധീകരിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ദീപികയുടെ പത്രാധിപരായിരുന്ന ഫാദര്‍ ഹെന്‍ട്രിയുടെ ഒരു കത്ത് ഓംചേരിയെ തേടിയെത്തി. പ്രിയപ്പെട്ട നാരായണപിള്ള, നിങ്ങള്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. നിങ്ങള്‍ അയച്ച ചോള കൃഷിയെ കുറിച്ചുള്ള വാര്‍ത്ത നമ്മുടെ നാട്ടില്‍ പ്രത്യേകിച്ച് കൃഷിക്കാരുടെ ഇടയില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. അതുകൊണ്ട് ഞങ്ങള്‍ പ്രാധാന്യത്തോടെ കൂടി ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നു. ഇനിയും ഇതുപോലെയുള്ള എന്തെങ്കിലും വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് അയച്ചു തരണം. പൊതുവേ കൃഷിക്കാര്‍ക്കും മറ്റു സാധാരണക്കാര്‍ക്കും പ്രയോജനപ്പെടുത്തുന്ന എന്തെങ്കിലും കാര്യം ഉണ്ടെങ്കില്‍ അത് എഴുതിയാല്‍ സന്തോഷപൂര്‍വ്വം പ്രസിദ്ധീകരിക്കാം എന്നാണ് ദീപിക പത്രാധിപര്‍ ഫാദര്‍ ഹെന്‍ട്രി ഓംചേരിക്ക് എഴുതിയത്.
അക്കാലത്ത് ദിനപത്രം എന്നാല്‍ വൈക്കത്തുകാര്‍ക്ക് ദീപികയായിരുന്നു. ദീപികയുടെ പത്രാധിപന്‍ എഴുതിയ കത്ത് ഓംചേരി എല്ലാവരെയും കാണിച്ചു. അവര്‍ക്കെല്ലാം ദീപിക പത്രാധിപരുടെ കത്ത് കണ്ടപ്പോള്‍ അത്ഭുതമായി .ഇതിന്റെ ആവേശത്തില്‍ തുടര്‍ന്നും രണ്ടു മൂന്നും വാര്‍ത്തകള്‍ അയച്ചു. അതെല്ലാം ഒലേ വൈക്കം എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. ഇപ്പോള്‍ ഒലേ എന്ന പ്രയോഗം ഇല്ലെങ്കിലും, ദീപികയില്‍ നിന്നാണ് താന്‍ ജേണലിസം പഠിച്ചതെന്ന് ഓംചേരി അഭിമാനത്തോടുകൂടി ഓര്‍ക്കുന്നു.
ആശയ വിനിമയ രംഗത്ത് ഉണ്ടായ ഒട്ടുമിക്ക മാറ്റങ്ങളുടെ മുന്നിലും പിന്നിലും ഓംചേരി ഉണ്ടായിരുന്നു. ഇന്ത്യയിലെ പ്രശസ്ത മാധ്യമ പഠന സ്ഥാപനങ്ങളുടെ സാരഥിയായി. ആയിരക്കണക്കിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജേര്‍ണലിസത്തിന്റെ പാഠം പകര്‍ന്ന ഗുരുവായി തീര്‍ന്നു ഓംചേരി. ദീപിക പത്രത്തിലെ ഒലേയില്‍ നിന്ന് തുടങ്ങി ഓംചേരിയില്‍ എത്തി നില്‍ക്കുകയാണ് ഓംചേരി എന്‍ എന്‍ പിള്ള. Omchery NN Pillai journalist, playwright and novelist share his life story
Content Summary; Omchery NN Pillai journalist, playwright and novelist share his life story