പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന കാർട്ടൂണിന്റെ പേരിൽ തമിഴ് മാധ്യമമായ വികടന്റെ വെബ്സൈറ്റ് വിലക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷത്തുനിന്നും പത്രപ്രവർത്തക ഗ്രൂപ്പുകളിൽ നിന്നും രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. യാതൊരു വിധ മുന്നറിയിപ്പുമില്ലാതെയാണ് 100 വർഷത്തെ ചരിത്രമുള്ള ഒരു പ്രസിദ്ധീകരണ ഗ്രൂപ്പിന്റെ വെബ്സൈറ്റിനെ വിലക്കിയത്.Vikadan website
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അരികിൽ നരേന്ദ്ര മോദി കൈയ്യിൽ ചങ്ങലയുമായി ഇരിക്കുന്ന ചിത്രമാണ് ഫെബ്രുവരി 10 ന് വികടൻ പ്ലസ് ഡിജിറ്റൽ മാസികയിൽ പ്രസിദ്ധീകരിച്ചത്. പ്രധാനമന്ത്രിയെ വിമർശിക്കുന്ന കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയും മറ്റ് ബി.ജെ.പി പ്രവർത്തകരും ഇതിനെ എതിർത്ത് രംഗത്തെത്തുകയായിരുന്നു. വികടനിൽ പ്രത്യക്ഷപ്പെട്ട അഞ്ച് കാർട്ടൂണുകൾ ചൂണ്ടിക്കാട്ടി കെ. അണ്ണാമലൈ, പാർലമെന്ററി കാര്യ സഹമന്ത്രി എൽ. മുരുകൻ എന്നിവർ
പരാതി നൽകി ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് വെബ്സൈറ്റിന്റെ പ്രവർത്തനം മുടക്കിയത്.
വികടൻ വെബ്സൈറ്റിനെ വിലക്കിയ നടപടിയെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അപലപിച്ചിരുന്നു. വികടൻ മീഡിയ ഗ്രൂപ്പിനെതിരായ നടപടി പത്രസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും നേരെയുള്ള ആക്രമണമാണെന്നും ഇത്തരത്തിലുള്ള സെൻസർഷിപ്പിന് ഒരു ജനാധിപത്യ സമൂഹത്തിൽ സ്ഥാനമില്ലെന്നും സ്റ്റാലിൻ പറഞ്ഞു.
പത്രപ്രവർത്തകനും ദി ഹിന്ദു പത്രത്തിന്റെ ഡയറക്ടറുമായ എൻ. റാം കേന്ദ്ര സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ചു. ഇത് നിയമവിരുദ്ധവും ആശങ്കാജനകവുമാണ്. ജനപ്രിയ പ്രസിദ്ധീകരണമായ വികടന്റെ വെബ്സൈറ്റ് ആക്സസ് ചെയ്യാൻ കഴിയാത്തതിൽ നിരവധി വായനക്കാർ പരാതിപ്പെട്ടു. ഈ തടസത്തിന് കാരണം കേന്ദ്ര സർക്കാരാണ്. വികടന്റെ ഡിജിറ്റൽ മാസികയായ വികടൻ പ്ലസിൽ പ്രസിദ്ധീകരിച്ച ഒരു കാർട്ടൂണിനെ ചൊല്ലിയായിരുന്നു വിലക്കേർപ്പെടുത്തിയത്. ഒരു ആക്ഷേപഹാസ്യമെന്ന നിലയിൽ കാർട്ടൂൺ നിയമാനുസൃതമായ പത്രപ്രവർത്തന രീതിയാണെന്ന് എൻ. റാം പറഞ്ഞു.
സംഭവത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കി വികടൻ രംഗത്തെത്തി. ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി ശക്തമായി നിലകൊള്ളുമെന്ന് വികടൻ ഗ്രൂപ്പ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കും എന്ന തത്വമനുസരിച്ചാണ് എപ്പോഴും പ്രവർത്തിച്ചിട്ടുള്ളതെന്നും അത് തുടരുമെന്നും വികടൻ പ്രഖ്യാപിച്ചു. വെബ്സൈറ്റിന്റെ പ്രവർത്തനം മുടക്കിയതിനെ കുറിച്ച് സർക്കാർ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും വികടൻ ഗ്രൂപ്പ് വ്യക്തമാക്കി. വികടൻ വെബ്സൈറ്റ് ബ്ലോക്ക് ചെയ്തതിലെ സർക്കാർ നടപടിയുടെ നിയമസാധുതയെയും സുതാര്യതയെയും കുറിച്ച് വിടുതലൈ ചിരുതൈഗൽ കച്ചി എംപി ഡി. രവികുമാർ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് അയച്ച കത്തിൽ, ഏതെങ്കിലും തരത്തിലുള്ള നിയമലംഘനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്നും തടയൽ ഉത്തരവിന്റെ പകർപ്പ് നൽകിയിട്ടില്ലെന്നും രവികുമാർ ചൂണ്ടിക്കാട്ടി. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും വെബ്സൈറ്റ് പുനസ്ഥാപിക്കണമെന്നും ഡി. രവികുമാർ കൂട്ടിച്ചേർത്തു. സംഭവത്തിൽ തമിഴക വെട്രി കഴകം നേതാവ് വിജയ്, എം.ഡി.എം.കെ. നേതാവ് വൈകോ തുടങ്ങിയ നേതാക്കൾ കേന്ദ്രത്തിന്റെ നടപടിക്കെതിരേ രംഗത്തുവന്നിരുന്നു. Vikadan website
Content Summary:‘Modi with handcuffs in front of Trump’;’Vikadan’ banned after controversial cartoon;The protest is strong
Vikadan website m. k stalin