ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ ആദ്യമായി ഒരു ആർ.എസ്.എസ് നേതാവ് പ്രസംഗിക്കാനൊരുങ്ങുന്നു. ആർഎസ്എസ് മേധാവി മോഹൻ ഭഗവതാണ് ബുധനാഴ്ച സമ്മേളനത്തിൽ സംസാരിക്കും. കേരളത്തിൽ ബി.ജെ.പിയും ആർ.എസ്.എസുമായി ബന്ധപ്പെട്ട് പല വിവാദങ്ങൾ നടക്കുകയും സംസ്ഥാനത്ത് സംഘടന വളർത്താനുള്ള ശ്രമം തുടരുകയും ചെയ്യന്നതിനിടെ അടുപ്പിച്ചിത് രണ്ടാം തവണയാണ് മോഹൻ ഭഗവത് കേരളത്തിലെത്തുന്നത്. സംഘടനാ യോഗങ്ങൾക്കായി രണ്ടാഴ്ച മുമ്പ് അദ്ദേഹം കേരളത്തിലെത്തിയിരുന്നു.
1913ൽ ചട്ടമ്പി സ്വാമികളാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഹിന്ദു ആത്മീയ സമ്മേളനമായ ഹിന്ദുമത പരിഷത്ത് ആരംഭിച്ചത്. എല്ലാ വർഷവും ഫെബ്രുവരിയിൽ പമ്പാനദിയുടെ തീരത്താണ് ഇത് നടക്കുന്നത്. ഹിന്ദു സമൂഹത്തിൽ വളർന്നുവന്ന അന്ധവിശ്വാസങ്ങൾ, അനാചാരങ്ങൾ, ജാതി ചിന്തകൾ തുടങ്ങിയവക്ക് എതിരെയുള്ള പോരാട്ട വേദിയായാണ് അയിരൂർ മഹാജന യോഗത്തിന്റെ തുടക്കം. പിന്നീടുള്ള കാലത്ത് സംഘാടകയിൽ പലർക്കും ആർ.എസ്.എസും സംഘപരിവാറുമായി ബന്ധമുണ്ടായിട്ടുണ്ടെങ്കിലും ഇന്നേവരെ ആർ.എസ്.എസ് നേതാക്കളെ വേദിയിലേയ്ക്ക് ക്ഷണിച്ചിരുന്നില്ല. യു.എഡി.എഫ്, എൽ.ഡി.എഫ് നേതൃത്വമാകട്ടെ നടത്തിപ്പുകാരുടെ സംഘപരിവാർ ബന്ധം കാരണം തന്നെ ഇതിൽ പൊതുവേ പങ്കെടുക്കാറില്ല.
ആർ.എസ്.എസ് നൂറാം വാർഷികമാഘോഷിക്കുന്ന സാഹചര്യത്തിലാണ് മോഹൻഭാഗവതിന് സമ്മേളനത്തിലേയ്ക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ഈ വർഷം, ആർഎസ്എസിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നതിനായി സംഘാടകർ ഒരു ദിവസം മുഴുവൻ ആർഎസ്എസിനായി നീക്കിവച്ചിട്ടുണ്ട്. ഫെബ്രുവരി അഞ്ചിന് സമ്മേളനത്തിന്റെ നാലാം ദിവസം മോഹൻ ഭാഗവത് ‘ഹിന്ദു ഐക്യ സമ്മേളനം’ ഉദ്ഘാടനം ചെയ്യുകയും ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ഒരു പുസ്തകം പ്രകാശനം ചെയ്യുകയും ചെയ്യും. മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ യോഗത്തിൽ അധ്യക്ഷത വഹിക്കും.
ചൊവ്വാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മോഹൻ ഭാഗവത് വൈകുന്നേരം എറണാകുളം രാജേന്ദ്ര മൈതാനിയിൽ തപസ്യ കലാ സാഹിത്യ വേദിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.
Content Summary: Mohan Bhagwat at Ayroor Cherukolpuzha Hindumatha Parishad
Mohan Bhagwat Cherukolpuzha Hindumatha Parishad RSS