April 20, 2025 |

വംശഹത്യ നടത്തിയവര്‍ നാടു ഭരിക്കുകയാണ് എന്ന് ഓര്‍മ്മിപ്പിക്കുന്ന മുഖ്യധാര സിനിമ

ബോക്സോഫീസ് കണക്കുകള്‍ക്കപ്പുറത്ത് എംപുരാന്‍ ചരിത്രമാണ്

മോഹല്‍ലാല്‍ ആരാധകര്‍ക്ക് രോമാഞ്ചത്തിന്റെ മൂന്ന് മണിക്കൂറുകള്‍ ഉണ്ടായോ, സ്റ്റീഫന്‍ നെടുമ്പള്ളിയാണോ ഖുറേഷി-അബ്രാമാണോ കൂടുതല്‍ കിടിലം, ലൂസിഫറല്ല, എമ്പുരാനാണ് നാഴിക്കല്ല് എന്ന് നിശ്ചയിക്കപ്പെടുമോ, മമ്മൂട്ടിയും ആമിര്‍ഖാനുമുണ്ടോ, ബാഹുബലിയുടെയും ആര്‍.ആര്‍.ആറിന്റേയും കെ.ജി.എഫിന്റേയും റിക്കോര്‍ഡുകള്‍ തകരുമോ എന്നിങ്ങനെ 48 മണിക്കൂറുകള്‍ക്ക് മുമ്പുണ്ടായിരുന്ന ചര്‍ച്ചകളൊന്നുമല്ല കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനപ്പുറമായി കേരളത്തിലെ സൈബര്‍/സിനിമ സര്‍ക്കിളുകളില്‍ ഉയരുന്നത്. 23 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2002 ഫെബ്രുവരി 28 മാര്‍ച്ച് ഒന്ന്, രണ്ട്, മൂന്ന് ദിവസങ്ങളില്‍ ഗുജറാത്തില്‍ അരങ്ങേറിയ വംശഹത്യയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഇന്ന് ഇന്ത്യ രാജ്യം ഭരിക്കുന്നവരാണ് എന്ന് ഉറക്കെ വിളിച്ച് പറയാന്‍ മുഖ്യധാരയിലെ ഒരു സിനിമ തയ്യാറായി എന്നുള്ളതാണ് ഇപ്പോഴുള്ള ചര്‍ച്ച. ബോക്സോഫീസില്‍ എമ്പുരാന്‍ ചരിത്രമാകുമോ, സിനിമ ആരാധകര്‍ക്ക് പൂര്‍ണ സംതൃപ്തി നല്‍കിയോ തുടങ്ങിയവ പ്രസക്തമല്ലാത്ത തരത്തില്‍ ഈ സിനിമ ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞു.

സിനിമയില്‍ കാണിക്കുന്നതില്‍ എത്രയോ ക്രൂരവും നീചവുമായാണ് ഗുജറാത്ത് വംശഹത്യ അരങ്ങേറിയത് എന്ന് നമ്മളോര്‍ക്കണം. സിനിമയിലേത് പോലെ നന്മ നിറഞ്ഞ ഹിന്ദുഗൃഹങ്ങളൊന്നും ആ ദിവസങ്ങളില്‍ തങ്ങളുടെ വീടിന്റെ സുരക്ഷിതത്വത്തില്‍ മുസ്ലീം കുടുംബങ്ങളെ സംരക്ഷിച്ചിട്ടില്ല. കൊല്ലാന്‍ നിയോഗിക്കപ്പെട്ട ബജ്രംഗിമാര്‍ക്കൊന്നും ഒരു അധികാരവും അവര്‍ നല്‍കിയിട്ടുമില്ല. കൊലപാതകങ്ങളില്‍ നിര്‍ദ്ദേശം നല്‍കി, സഹായം ചെയ്ത്, അതിന് വഴിയൊരുക്കി, ഇരകളെ ചൂണ്ടിക്കാണിച്ച്, പോലീസിനെ തടഞ്ഞ്, വേട്ടപ്പട്ടികളെ നിയന്ത്രിക്കുന്ന യജമാന്മാരുടെ റോളിലായിരുന്നു രാഷ്ട്രീയ അധികാരികള്‍. അതിലൊരാള്‍ സ്വയമേവ അധികാരിയായി മാറുന്നതും അയാള്‍ക്ക് വഴി കാണിച്ചും സഹായിച്ചും രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി വരെ നിലകൊള്ളുന്നതും സിനിമയിലുണ്ട്. കേന്ദ്ര എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും മറ്റ് അന്വേഷണ സംഘടനകളും കേന്ദ്രസര്‍ക്കാരിനും ഗുജറാത്ത് വംശഹത്യയുടെ നടത്തിപ്പുകാര്‍ക്കും വേണ്ടി പണിയെടുക്കുന്നതും സിനിമയിലുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമെന്നാല്‍ കേന്ദ്രത്തിലെ ക്രിമിനല്‍ നേതാക്കളുടെ അടിമപ്പണിക്കാര്‍ എന്നേ അര്‍ത്ഥമുള്ളൂ എന്നും. അത് മതി സംഘപരിവാര്‍ സംഘടനകളേയും അവരുടെ ആരാധകരേയും പ്രകോപിപ്പിക്കാന്‍.

Mohanlal-empuraan

ഇറാഖിലെ ഉപേക്ഷിക്കപ്പെട്ട ഒരു നഗരത്തിലെ ബോംബ് സ്്ഫോടനത്തില്‍ ആരംഭിച്ചത്, വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഗുജറാത്തിന്റെ ഫ്ളാഷ് ബാക്കിലേയ്ക്ക് പോയി, അവിടെ നിന്ന് കോണ്‍ഗ്രസ് മാതൃകയിലുള്ള പാര്‍ട്ടി ഭരിക്കുന്ന കേരളത്തില്‍ എത്തി, അവിടന്ന് ആഫ്രിക്കയിലേയ്ക്കും ബ്രിട്ടണിലേയ്ക്കുമെല്ലാം പോയി സിനിമ ഹാഫ്റ്റൈമില്‍ ഇറാഖില്‍ തിരിച്ചെത്തും. പിന്നീട് കേരളത്തിലേയ്ക്കെത്തും. പിന്നെ പാകിസ്താനിലേയ്ക്കും അഫ്ഗാന്‍ അതിര്‍ത്തിയിലേയ്ക്കും പോയി ഗുജറാത്തില്‍ തിരിച്ചെത്തും. ഹെലികോപ്ടറുകളും കോംപ്റ്റ് ചോപ്പറുകളും എക്സോട്ടിക് ലൊക്കേഷനുകളും ആഫ്രോ അമേരിക്കന്‍, യൂറോപ്യന്‍ എക്സ്ട്രാ ആര്‍ട്ടിസ്റ്റുകളും കണക്കില്ലാത്ത കൊലപാതകങ്ങളുമെല്ലാമായി എമ്പുരാന്‍ മൂന്ന് മണിക്കൂര്‍ കാണികളില്‍ അഡ്രിനാലിന്‍ പ്രവാഹം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സ്പോയ്ലറുകളില്ലാതെ പറഞ്ഞാല്‍ അപ്രതീക്ഷിതമായി മരിച്ച് പോയ കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായ രാംദാസിന്റെ ഇളയമകന്‍ ജിതിന്‍ രാംദാസിനെ മുഖ്യമന്ത്രി കസേരയില്‍ കുടിയിരുത്തി സ്റ്റീഫന്‍ നെടുമ്പള്ളി തന്റെ പൂര്‍വവേഷമായ ഖുറേഷി അബ്രാമിലേയ്ക്ക്, സന്തതസഹചാരിയായ സയീദ് മസൂദിനൊപ്പം തിരിച്ച് പോയ ശേഷം ഈ നാട്ടില്‍ എന്ത് സംഭവിച്ചു? എന്തിന് സ്റ്റീഫന്‍ നെടുമ്പള്ളി തിരിച്ച് വരണം?

മോഹന്‍ലാലിനോ പൃഥ്വിരാജിനോ ടോവിനോയ്ക്കോ മഞ്ജുവാര്യര്‍ക്കോ സ്്ക്രീന്‍മിനുട്സ് വച്ച് നോക്കിയാല്‍ നിറഞ്ഞ് നില്‍ക്കുന്ന റോളുകളില്ല എന്ന് പറയാമെങ്കിലും കഥയില്‍ ഉടനീളം ഇവരുടെ കഥാപാത്രങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. കഥയുടെ കാതല്‍ കുടിയിരിക്കുന്നത് കേരളത്തിനകത്ത് തന്നെയാണ്. കേരളത്തിലേയ്ക്ക് സ്റ്റീഫന്‍ നെടുമ്പള്ളിയായി തിരികെ വരാന്‍ ഖുറേഷി അബ്രാമിനെ നിര്‍ബന്ധിതനാക്കുന്ന സാഹചര്യങ്ങളുടെ മുകളിലാണ് സ്‌ക്രിപ്റ്റിന്റെ വര്‍ക്ക്. പക്ഷേ ലൂസിഫറിലെ കഥാപാത്രങ്ങള്‍ തമ്മിലുള്ള വൈകാരികമായ ബന്ധവും അതിന്റെ ജൈവികമായ വളര്‍ച്ചയും എംപുരാനില്‍ എത്തുമ്പോള്‍ കുറഞ്ഞ് പോകുന്നത് സ്റ്റീഫന്‍/ഖുറേഷി യൂണിവേഴ്സിന്റെ ആരാധകര്‍ക്ക് ചെറിയ വിഷമങ്ങളുണ്ടാക്കാം. സ്‌നൈപ്പറുകളും ബോംബുകളും ചോപ്പറും വെടിവയ്പും ലൊക്കേഷന്‍സും എല്ലാം നല്‍കുന്ന ത്രില്ലിനൊപ്പം മുണ്ടും മടക്കി കുത്തിയുള്ള സ്റ്റീഫന്‍ നെടുമ്പള്ളിയുടെ അഴിഞ്ഞാട്ടവും കൂടി പ്രതീക്ഷിച്ചാകും മോഹല്‍ ലാല്‍ ഫാന്‍സ് തീയേറ്ററില്‍ എത്തുക. വിവിധ ലോകങ്ങളിലെ രാഷ്ട്രീയവും മയക്ക് മരുന്നും ആയുധ കച്ചവടവും എം.ഐ.ഫൈവ് അന്വേഷണങ്ങളും കൂട്ടിയോജിപ്പിച്ചപ്പോള്‍ വൈകാരിതയുടെ ആഴത്തിലുള്ള ഒരു സ്‌ക്രിപ്റ്റില്‍ എവിടെയോ നഷ്ടപ്പെട്ടിട്ടുണ്ട്.

Mohanlal-prithviraj-empuraan

എങ്കിലും ഖുറേഷി അബ്രാമും സയീദ് മസൂദുമായുള്ള ആത്മബന്ധത്തിന്റെ വൈകാരിക തലം എമ്പുരാനില്‍ ആഴത്തിലുറപ്പിച്ചിട്ടുണ്ട്. നിന്റെ സഹോദരന്‍ എന്ന് പറയുമ്പോള്‍ അബ്രാമിന്റെ തല സയീദിന്റെ നേരെ ഉത്കണ്ഠയോടെ തിരിയുന്ന നിമിഷാര്‍ദ്ധങ്ങള്‍ മാത്രമുള്ള ഷോട്ടില്‍ കാണിയെന്ന നിലയില്‍ കോരിത്തരിച്ചു. ടെക്നോളജിയിലും ഫിലിം മേക്കിങ്ങിന്റെ പുതുവഴികളിലുമെല്ലാം തെന്നിന്ത്യന്‍ സിനിമ നേരത്തേ തന്നെ പല ചുവടുകള്‍ മുന്നോട്ട് വച്ചതാണ്. അതിന്റെ മുന്‍ നിരയില്‍ ഇനിയെന്നും എമ്പുരാനും ഉണ്ടാകും. ആദ്യത്തെ സ്റ്റഡിക്യാം മൂവ്മെന്റ് മുതല്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത് ഒരു സാധാരണ മലയാളം സിനിമയല്ല എന്ന് പ്രഖ്യാപിക്കുന്നതാണ് എമ്പുരാനിലെ ഒരോ സീനുകളും സീക്വന്‍സുകളും. ദൈവം, ചെകുത്താന്‍, മലാഖ തുടങ്ങിയ ഉപമകളും താരതമ്യങ്ങളും ഇല്ലാതെ തന്നെ, വിശദീകരണങ്ങളില്ലാതെ ദൃശ്യപരമായി കഥ സന്നിവേശിപ്പിക്കാന്‍ പറ്റുന്ന വിധത്തില്‍ ഷോട്ടുകള്‍ ഉണ്ടെങ്കിലും മലയാള സിനിമയില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത അധിക വിശദീകരണങ്ങളും നമുക്ക് ഇതില്‍ കാണാം.

കഥ നേരിട്ട് പറയുന്നില്ലെങ്കില്‍ പോലും കോണ്‍ഗ്രസ് ഭരിക്കുന്ന, ഇടതുപക്ഷം പ്രതിപക്ഷത്തുള്ള, രണ്ട് കൂട്ടരും കോമഡിയും ജനപിന്തുണ കുറഞ്ഞവരും ഗുണമില്ലാത്തവരുമായ, ഈ നാട്ടില്‍ വലിയ വേരുകളില്ലാത്ത ബി.ജെ.പി ദേശീയ ഭരണത്തിന്റെ ബലത്തില്‍ നടത്തുന്ന ശ്രമങ്ങളും അതിലേയ്ക്ക് എത്തിച്ചേരുന്ന ഒരു ദേശീയ ക്രിമിനലും ഇതിലെല്ലാം ഇടപെടുന്ന അന്തരാഷ്ട്ര അധോലോകക്കാരനുമാണ് ഇതിന്റെ പശ്ചാത്തലം. ഇത് ലൂസിഫര്‍ പരിചയമുള്ള എല്ലാവര്‍ക്കും അറിയാവുന്ന കഥയാകും. ഈ ചട്ടക്കൂടില്‍ ടോവിനോയുടെ ജിതിന്‍ രാംദാസും മഞ്ജുവാര്യരുടെ പ്രിയദര്‍ശിനിയും ഇണക്കത്തോടെ ചേര്‍ന്നിരിക്കുന്നു. സുരാജ് വെഞ്ഞാറമൂടിന്റെ സുജനചന്ദ്രന്‍ മാത്രമാണ് പുതിയ പ്രധാനമായും ഈ രാഷ്ട്രീയഭൂമികയിലുള്ളത്. ഇന്ദ്രജിത്തും സായികുമാറും നന്ദുവും ബൈജുവും ശിവജി ഗുരുവായൂരുമെല്ലാം പഴയ റോളുകളില്‍ തന്നെ എമ്പുരാനിലുമുണ്ട്.

Manju Warrier-Empuraan

ലൂസിഫറില്‍ ഉള്ളത് പോലെ സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന മോഹന്‍ലാലിനെ കാണാന്‍ പറ്റുന്നില്ല എന്നതാകും ആരാധകരുടെ പ്രധാന സങ്കടം. പക്ഷേ തന്റെ സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ട് എന്നത്തേയും പോലെ മോഹന്‍ലാല്‍ കാണികളെ കോരിത്തരിപ്പിക്കും. മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയുടെ മാറ്റുരയ്ക്കുന്ന കഥാസന്ദര്‍ഭങ്ങളൊന്നുമില്ലെങ്കിലും കാണികള്‍ക്ക് തീയേറ്ററില്‍ ആഘോഷങ്ങള്‍ക്കുള്ള വകയെല്ലാം മോഹന്‍ലാല്‍ ഫാന്‍ ക്ലബ്ബിലെ ഒരു പക്ഷേ ഏറ്റവും വലിയ ആരാധകനായ പൃഥ്വിരാജ് ഒരുക്കിയിട്ടുണ്ട്. അനായാസതയോടെ കൈകാര്യം ചെയ്യുന്ന സംഘട്ടന രംഗങ്ങളും ഡയലോഗ് ഡെലിവറിയും തന്നെ കാണികള്‍ക്ക് ഉത്സവമാണ്.

ലൂസിഫറിന്റെ മൂന്നാം ഭാഗത്തിന്റെ കഥാസൂചനകള്‍ നല്‍കിയിട്ടാണ് സിനിമ അവസാനിക്കുന്നത്. മോഹന്‍ലാല്‍ ഫാന്‍സ് മൂന്നാം ഭാഗത്തില്‍ പ്രതീക്ഷിക്കുന്നത് കൂടുതല്‍ കെട്ടുറപ്പുള്ള തിരക്കഥയും വൈകാരിക മുഹൂര്‍ത്തങ്ങളും ഒപ്പം രണ്ടാംഭാഗത്ത് സാധ്യമാക്കിയ വലിയ സ്‌കെയ്ലുമാകും. സ്റ്റീഫന്‍ നെടുമ്പള്ളി അഥവാ ഖുറേഷി അബ്രാമിന്റെ ഭൂതകാലമെന്താണ്? എംഐ ഫൈവും ചൈനീസ് കാര്‍ട്ടലും ഒരുമിച്ച് വേട്ടയാടുമ്പോള്‍ തന്റെ തട്ടകമായ കേരളത്തില്‍ നിന്നും സ്റ്റീഫന് തിരിച്ചടിയുണ്ടാകുമോ?

ഈ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ആരാധകരോട് ഇന്ത്യന്‍ രാഷ്ട്രീയ കാലാവസ്ഥയില്‍ ജീവിക്കുന്ന, മുഖ്യധാര സിനിമകളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകന്‍ എന്ന നിലയില്‍ നന്ദി പറയാനുണ്ട്. നിങ്ങളുടെ ആത്മാര്‍ത്ഥമായ, പ്രതിജ്ഞാബദ്ധമായ പിന്തുണയാണ് എമ്പുരാന്‍ എന്ന പാന്‍ ഇന്ത്യന്‍ സിനിമയെടുക്കാന്‍ മോഹന്‍ലാല്‍-പൃഥ്വിരാജ്-മുരളി ഗോപി സംഘത്തെ പ്രേരിപ്പിച്ചത്. നുണക്കഥകളും വ്യാജപ്രചരണങ്ങളും മുസ്ലീം വെറുപ്പും ചരിത്രത്തെ വളച്ചൊടിക്കലും പോപുലര്‍ സിനിമയുടെ അജണ്ടയായി മാറിയ ഈ കാലത്ത് ഇങ്ങനെയൊരു പാന്‍ ഇന്ത്യയില്‍ ചില സത്യങ്ങള്‍ ഉറക്കെ പറയാന്‍ സാധിച്ചത് ഈ പിന്തുണ കൂടി കൊണ്ടാണ്. കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറീസും ഛാവയും അതേ പോലുള്ള സിനിമകളും സമൂഹത്തില്‍ വിതറിയ നുണകളുടെ, വംശീയ വിദ്വേഷത്തിന്റെ മറുഭാഗം ലോകത്തോട് വിളിച്ച് പറയാന്‍ ധൈര്യമുണ്ടാവുക എന്നത് ചില്ലറ കാര്യമല്ല. വംശഹത്യയുടെ നടത്തിപ്പുകാര്‍ ഭരിക്കുന്ന ഇന്ത്യയാണിത് എന്ന സൂചന കൊണ്ട് തന്നെ രാഷ്ട്രീയമായി ഈ കാലത്തെ അടയാളപ്പെടുത്തുന്ന മുഖ്യധാര സിനിമ എന്ന നിലയില്‍ ഈ ചിത്രം, എമ്പുരാന്‍, ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. അതിന് ലൂസിഫര്‍ യൂണിവേഴ്‌സ് ടീമിനും ലോകമെമ്പാടുമുള്ള മോഹന്‍ലാല്‍ ആരാധകര്‍ക്കും ആദരവും ആശ്ലേഷങ്ങളും..  Mohanlal’s Empuraan; A pan-Indian film that speaks about the Gujarat genocide

Content Summary; Mohanlal’s Empuraan; A pan-Indian film that speaks about the Gujarat genocide

 

ശ്രീജിത്ത് ദിവാകരന്‍

ശ്രീജിത്ത് ദിവാകരന്‍

അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×