റിലീസിനെത്തി ആദ്യ ദിവസത്തിൽ തന്നെ ബോക്സ് ഓഫീസിൽ വൻ കുതിപ്പുമായി മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’. അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം 35 കോടി നേടിയ സിനിമയുടെ ആദ്യ ദിന വേൾഡ് വൈഡ് കലക്‌ഷൻ 43.37 കോടിയാണെന്ന് ട്രാക്കിങ് സൈറ്റ് ആയ സാക്നിൽക് റിപ്പോർട്ട് ചെയ്തു. ദൃശ്യം ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമായ ചിത്രം നടൻ മോഹൻലാലിന്റെ ജന്മദിനമായ ഇന്നലെയാണ് പ്രദർശനത്തിനെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്.
പ്രമുഖ ഇൻഡസ്ട്രി ട്രാക്കർമാരായ സാക്നിൽക്കിന്റെ കണക്ക് പ്രകാരം ചിത്രം ആദ്യ ദിനം ഇന്ത്യയിൽ നിന്ന് നേടിയ ഗ്രോസ് 18.37 കോടിയും നെറ്റ് കളക്ഷൻ 15.85 കോടിയുമാണ്. വിദേശമാർക്കറ്റുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 30 കോടിക്കടുത്ത് കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം ചിത്രം 48.37 കോടി നേടിയതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സിനിമയ്ക്ക് 50 കോടി കളക്ഷൻ ലഭിക്കാനാണ് സാധ്യത എന്നും റിപ്പോർട്ടുകളുണ്ട്. ആദ്യ ദിനം വൈകിട്ട് 4 മണിയൊക്കെ ആയപ്പോഴേക്കും ചിത്രത്തിന്‍റെ തിയറ്റര്‍ ഒക്കുപ്പന്‍സി 90 ശതമാനത്തിന് മുകളിലേക്ക് എത്തിയിരുന്നു. കേരളത്തില്‍ അഞ്ഞൂറില്‍ അധികം ലേറ്റ് നൈറ്റ് ഷോകള്‍ ഇന്നലെ നടന്നു എന്നാണ് കണക്ക്. സിനിമയ്ക്ക് പ്രതീക്ഷിച്ചതിലും മുകളിൽ നേട്ടം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് ട്രാക്കർമാർ പറയുന്നത്. ഇതോടെ മോഹൻലാലിന്റെ അടുത്ത ബ്ലോക്ക് ബസ്റ്റർ ആകും ദൃശ്യം 3 എന്നാണ് വിലയിരുത്തൽ.
പ്രേക്ഷകരെ ഞെട്ടിക്കുന്ന സസ്പെൻസുകൾ കൊണ്ട് സമ്പന്നമാണ് ദൃശ്യം 3 എന്നാണ് അഭിപ്രായം. മോഹൻലാലിന്റെ പ്രകടനം തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റുകളിൽ ഒന്ന്. സിനിമ മേക്കിങ്ങിനും കഥയ്ക്കും കയ്യടി ലഭിക്കുന്നുണ്ട്. 2013 ലായിരുന്നു ദൃശ്യത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്തത്. ഇൻഡസ്ട്രി ഹിറ്റും അതുപോലെ മലയാളത്തിലെ ആദ്യ 50 കോടി ക്ലബ് ചിത്രവുമായിരുന്നു അത്. പിന്നാലെ 2021ൽ സിനിമയുടെ രണ്ടാം ഭാഗവും വന്നു. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉള്‍പ്പടെ നിരവധി ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. നാലുവർഷങ്ങൾക്കിപ്പുറമാണ് സിനിമയുടെ മൂന്നാം ഭാഗം തിയറ്ററിൽ എത്തിയിരിക്കുന്നത്. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശ ശരത്, ശിവ ഹരിഹരൻ, വീണ നന്ദകുമാർ, ലിഷോയ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
This post was last modified on May 22, 2026 12:58 pm
Leave a Comment