പ്രശസ്ത തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനായ ‘കണ്ണപ്പ’ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് സാമൂഹ്യമാധ്യമങ്ങള്‍ ചര്‍ച്ചയാകുന്നത്. മോഹന്‍ലാലിന്റെ രൂപത്തെ ട്രോള്‍ കൊണ്ട് പൊങ്കാലയിടുകയാണ് മലയാളികള്‍. ചിത്രത്തില്‍ കിരാത എന്ന കഥാപാത്രമായി അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. പാശുപതാസ്ത്രത്തിന്റെ അധിപനായ പുരാണത്തിലെ കിരാതന്‍ എന്ന കഥാപാത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ഈ പുതിയ വേഷം. എന്നാല്‍ മലയാളികള്‍ക്ക് ഊറിച്ചിരിക്കാന്‍ അവസരം നല്‍കിയത് പോലെ കമന്റുകളും കളിയാക്കലും ഇതിനോടകം പ്രചരിച്ചുകഴിഞ്ഞു. കങ്കുവയെ പ്രതിപാദിച്ചുകൊണ്ടാണ് പലരും നെഗറ്റീവ് കമന്റുകള്‍ നല്‍കിയിരിക്കുന്നത്.
എംപുരാന്‍ പോലെയുള്ള സിനിമകള്‍ ചെയ്ത് പോയാല്‍ പോരെയെന്നാണ് പലരുടെയും പരിഹാസത്തോടെയുള്ള കമന്റുകള്‍. അതുല്യനായ നടന്‍ കോമഡി റോളുകളിലെത്തുന്നത് എന്താണ് എന്നുള്ള നിരാശയോടെയുള്ള ചോദ്യങ്ങളും ഇന്ത്യന്‍സിനിമയുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നെല്ലാം കമന്റുകളിലുള്‍പ്പെടുന്നു.
പാശുപതാസ്ത്രത്തിന്റെ പ്രവീണന്‍, വിജയികള്‍ക്കും വിജയന്‍, വനത്തിലെ കിരാത പ്രതിഭ എന്നാണ് പോസ്റ്ററിലെ വാചകങ്ങള്‍. മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത ചിത്രം 2025 ഏപ്രില്‍ 25 ന് ആഗോള റിലീസായെത്തും. മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എവിഎ എന്റര്‍ടൈന്‍മെന്റ്‌സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്.
1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് നിലയിലാണ് ചിത്രം ഒരുങ്ങുന്നത്.യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന.അതിഥി താരങ്ങളായി പ്രഭാസ്, അക്ഷയ് കുമാര്‍ എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്. തെലുങ്ക്,തമിഴ്,മലയാളം,കന്നഡ,ഹിന്ദി,ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളില്‍ ചിത്രം ആഗോള റിലീസായെത്തും. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചെയ്തിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍.
ബ്രഹ്‌മാണ്ഡചിത്രങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന പ്രേക്ഷകര്‍ക്ക് കങ്കുവ ഒരു വലിയ അടിയായിരുന്നു. ഏറെ പ്രതീക്ഷയോടെ കാണാനെത്തിയ സിനിമ നിരാശ നല്‍കി എന്ന് പറഞ്ഞവരാണ് കൂടുതലും. ചരിത്രകാലഘട്ടത്തിലെ കഥകളെ ആസ്പദമാക്കിയ കണ്ണപ്പ കങ്കുവയ്ക്ക് സമാനമാണോ എന്നുള്ള ചോദ്യങ്ങളുയരാന്‍ കാരണം മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ രൂപസാദൃശ്യങ്ങളാണ്. സോഷ്യല്‍ മീഡിയ വാഴ്ത്തുന്ന ഒരുപക്ഷേ, വീഴ്ത്തുന്ന സിനിമകള്‍ ഇന്ന് സുലഭമാണ്. പ്രൊമോഷനുകളിലൂടെ വലിയ രീതിയിലുള്ള ഹൈപ്പുകള്‍ നല്‍കുന്നത് കൊണ്ട് സിനിമ വിജയമായിക്കൊള്ളണമെന്നില്ല. പ്രൊമോഷനില്ലാതെ, യാതൊരു ഹൈപ്പുമില്ലാതെ എത്ര സിനിമകള്‍ ഹിറ്റാകുന്നുണ്ട്.
ഇന്ന് സിനിമാസ്വാദകര്‍ അപ്‌ഡേറ്റഡ് ആണ്. അവര്‍ക്ക് സിനിമയെ വിലയിരുത്താനുള്ള പ്രാവീണ്യം വര്‍ദ്ധിച്ചിട്ടുണ്ട്. പൈസ മുടക്കി സിനിമ കാണാനെത്തുന്നവര്‍ കഥയും ആവിഷ്‌കാരവും മികച്ചതാകണമെന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, ഒരു കലാസൃഷ്ടിയെ കീറിമുറിക്കാനോ ഒരു താരത്തെ മോശമായി ചിത്രീകരിക്കാനോ പ്രേക്ഷകര്‍ മുതിരുന്നത് ശരിയായ രീതിയല്ല. ആവിഷ്‌കാരസ്വാതന്ത്ര്യവും അഭിപ്രായസ്വതന്ത്ര്യവും നിലനില്‍ക്കുന്നുണ്ടെങ്കിലും നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ ഒരു ചിത്രത്തെ അല്ലെങ്കില്‍ ഒരു താരത്തെ മോശമാക്കാന്‍ ശ്രമിക്കരുത്. ഇന്ന് പല താരങ്ങളും സിനിമയുടെ റിലീസിന് ശേഷം, ഹേറ്റ് കമന്റ്‌സ് നേരിടുന്നവരാണ്. ഇങ്ങനെയല്ലാം സംഭവിക്കുന്നത് സിനിമാ നിരൂപകര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ എഴുതിവിടുന്ന അഭിപ്രായങ്ങളെ പിന്തുണക്കുന്നത് കൊണ്ടാണ്.
ഒരു പുതിയ ചിത്രത്തിന്റെ വാര്‍ത്തയെ മുന്‍ധാരണയോടെ കണ്ട് വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ല. അതുപോലെ തന്നെ, കാമ്പില്ലാത്ത സിനിമകളെ ഹൈപ്പ് നല്‍കി, തീയറ്ററില്‍ ആളെ കയറ്റി നിരാശരാക്കുന്നതും മണ്ടത്തരമാണ്. ഇന്ന് യുവത്വം ആണ് സിനിമയെ നയിക്കുന്നത്. അവരുടെ കഥകളും അവര്‍ക്ക് ബന്ധപ്പെടുത്താന്‍ കഴിയുന്നതുമായ ചിത്രങ്ങളെ അവര്‍ വലിയ മാനദണ്ഡങ്ങളൊന്നും നല്‍കാതെ സ്വീകരിക്കും. എന്നാല്‍ ബ്രഹ്‌മാണ്ഡ സിനിമകള്‍ എന്നും പ്രേക്ഷകര്‍ക്ക് നല്‍കുന്നത് വലിയ പ്രതീക്ഷകളാണ്. വിഷ്വല്‍ ക്വാളിറ്റി, എഡിറ്റിങ്, സൗണ്ട് ക്വാളിറ്റി, അഭിനയമികവ്, കഥ എല്ലാം പരിഗണിച്ച് കൊണ്ടാണ് ചിത്രം മുന്നേറേണ്ടത്.
സിനിമ മാത്രമല്ല, പ്രൊമോഷനുകളും പ്രേക്ഷകരെ മനസിലാക്കി ചെയ്യേണ്ട കാലത്തിലേക്ക് സിനിമാലോകം കടക്കുകയാണ്. ഒരു സിനിമയെ ഇല്ലാതാക്കാതിരിക്കാന്‍ പ്രേക്ഷകരും പ്രേക്ഷകരെ അറിഞ്ഞ്, സിനിമ നിര്‍മിക്കാന്‍ അണിയറ പ്രവര്‍ത്തകരും ഇന്ന് ചിന്തിക്കണം. പണ്ടത്തെ എവര്‍ ഗ്രീനുകളോ, ക്ലാസിക്കുകളോ ഇന്നില്ല, എല്ലാം വണ്‍ ടൈം വാച്ചാണ്. ബ്രഹ്‌മാണ്ഡ സിനിമകളെങ്കിലും കാലം അടയാളപ്പെടുത്തട്ടെ.