April 19, 2025 |
Share on

മൊണാലിസയെ മാറ്റുന്നു; പ്രത്യേക പ്രദർശനമൊരുക്കുമെന്ന് ഇമ്മാനുവൽ മാക്രോൺ

ലൂവ്രെ മ്യൂസിയം നവീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം

ലോകത്തിലെ ഏറ്റവും മികച്ച കലാസൃഷ്ടികളിലൊന്നാണ് ലിയാനോർഡോ ഡാവിഞ്ചിയുടെ മാസ്റ്റർപീസായ മൊണാലിസ. പാരിസിലെ പ്രശസ്തമായ ലൂവ്രെ മ്യൂസിയത്തിൽ ദശലക്ഷക്കണക്കിന് ജനങ്ങളെ ആകർഷിച്ച ചിത്രം പുതിയ പ്രദർശന സ്ഥലത്തേക്ക് മാറ്റുമെന്ന് അറിയിച്ചിരിക്കുകയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ലൂവ്രെ മ്യൂസിയം നവീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം.

ഓരോ വർഷവും ഒമ്പത് ദശലക്ഷം സന്ദർശകരാണ് ലൂവ്രെയിലെത്തുന്നത്. ഇതിൽ 80 ശതമാനവും ഡാവിഞ്ചിയുടെ മൊണാലിസ കാണാൻ വരുന്നവരാണ് എന്നാണ് റിപ്പോർട്ട്.

മൊണാലിസ കാണാനെത്തുന്ന സന്ദർശകർ ചിത്രത്തിന് മുന്നിൽ നിന്ന് സെൽഫിയെടുക്കാൻ കൂട്ടംകൂടി നിൽക്കാറുണ്ട്. ശാന്തമായ അന്തരീക്ഷത്തിൽ കല ആസ്വദിക്കാനും മനസിലാക്കാനുമായി എത്തുന്ന മറ്റ് സന്ദർശകർക്ക് ഇത് ബുദ്ധിമുട്ടായി മാറാം. അതുകൊണ്ടാണ് മൊണാലിസയെ ശുചിത്വപരമായി ഒറ്റപ്പെട്ട ഒരു പ്രത്യേക ഗാലറിയിലേക്ക് മാറ്റാനുള്ള തീരുമാനമെന്ന് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. പെയിൻ്റിംഗിനായി രൂപകൽപ്പന ചെയ്ത പുതിയ ഭൂഗർഭ അറ സന്ദർശകർക്ക് മികച്ച അനുഭവം സൃഷ്ടിക്കുമെന്നും മാക്രോൺ പറഞ്ഞു.

മൊണാലിസയുടെ സ്ഥാനം മാറ്റുന്നത് കുറച്ചുകാലമായി ചർച്ചയിലാണ്. നിലവിലെ പ്രദർശനം പൊതുജനങ്ങളെ നിരാശപ്പെടുത്തുന്നുവെന്ന് ലൂവ്രെ മ്യൂസിയം ഡയറക്ടർ ഡെസ് കാർസ് ജീവനക്കാരോട് പറഞ്ഞതായി കഴിഞ്ഞ ഏപ്രിലിൽ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തിരുന്നു.

വിഷയത്തെക്കുറിച്ച് ലൂവ്ര് ഡയറക്ടർ ലോറൻസ് ഡെസ് കാർസ് എഴുതിയ ഒരു മെമ്മോ, ലേ പരീസിയൻ എന്ന ദിനപത്രത്തിൽ വന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇമ്മാനുവൽ മാക്രോണിന്റെ പ്രഖ്യാപനമെന്നാണ് റിപ്പോർട്ട്. അതിൽ മ്യൂസിയത്തിൻ്റെ മോശമായ അവസ്ഥ, ആധുനിക സൗകര്യങ്ങളുടെ അഭാവം, 232 വർഷം പഴക്കമുള്ള കെട്ടിടത്തിൽ സ്ഥിരമായ തിരക്ക് കാരണം ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു തുടങ്ങിയ കാരണങ്ങൾ ഡെസ് കാർസ് അറിയിച്ചിരുന്നു.

ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിപ്രായത്തിൽ നിലവിലുള്ള മൊണാലിസയുടെ പ്രദർശന സ്ഥലത്തെ തീവ്രമായ പ്രക്ഷോഭ ​രം​ഗം എന്നാണ് ഡെസ് കാർസ് പറഞ്ഞത്.

ഇത്രയും സന്ദർശകരെ ഉൾക്കൊള്ളാൻ മ്യൂസിയം കെട്ടിടം കഷ്ടപ്പെടുകയാണ്. ഓരോ ദിവസവും ഈ മുറി തന്നെ തീവ്രമായ പ്രക്ഷോഭത്തിൻ്റെ വേദിയാണ്. നിരാശരും ക്ഷീണിതരുമായ വിനോദസഞ്ചാരികൾ പെയിൻ്റിംഗ് ഒരു നോക്ക് കാണാൻ തിരക്കുകൂട്ടുന്നു. ലൂവ്രെയുടെ അസാധാരണമായ സന്ദർശകരുടെ എണ്ണം ഒരു ശാപമല്ല, അഭിമാനമാണ്. എന്നാൽ ഞങ്ങളെത്തന്നെ പുനർനിർമ്മിക്കുന്നതിനും ഞങ്ങളുടെ പൊതു സേവന ദൗത്യത്തിൽ വിശ്വസ്തരായി നിലകൊള്ളുന്നതിനും ഇത് ഒരു വെല്ലുവിളിയാണ്, കഴിഞ്ഞ ദിവസം മാക്രോണിൻ്റെ പ്രസംഗത്തിന് മുമ്പ് ഡെസ് കാർസ് പറഞ്ഞു.

നവീകരണത്തിന് കൃത്യമായ വില പറഞ്ഞിട്ടില്ലെങ്കിലും കഴിഞ്ഞ വർഷം ലെ ഫിഗാരോ ഇത്തരമൊരു നവീകരണത്തിന് 500 മില്യൺ യൂറോ ചെലവ് വരുമെന്ന് കണക്കാക്കിയിരുന്നു . 2026 മുതൽ യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങൾക്കുള്ള ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് നവീകരണത്തിന് പണം കണ്ടെത്തുമെന്ന് മാക്രോൺ പറഞ്ഞു

അതേസമയം, മൊണാലിസയെ ലൂവ്രെയിൽ നിന്നും മാറ്റുന്നത് മ്യൂസിയത്തിന്റെ ആവാസവ്യവസ്ഥയെ നശിപ്പിച്ചേക്കാമെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.

Content summary: Mona Lisa to Get its own Exhibition Space at the Louvre
Mona Lisa painting Louvre museum emmanuel macron 

Leave a Reply

Your email address will not be published. Required fields are marked *

×